Saturday 8 June 2013

ഉമ

"ഉമ " -കേട്ടാൽ  ഒരു പെണ്‍കുട്ടിയുടെ പേര് പോലെ തോന്നുമെങ്കിലും ,ഇത് ഒരു പെണ്‍കുട്ടിയുടെ കഥയല്ല .പിന്നെയോ ....?  
              പറയാം ! അതിനു മുന്പ് നമുക്ക് ഇതൊന്നു ഇംഗ്ലീഷിൽ എഴുതി നോക്കാം !. "UMA"..ഇനി ഇതിനെ ഒന്ന് വിജ്രംഭിച്ചു എഴുതാം ..! 

U.M.A എന്നാൽ " യൂണിറ്റ് ടെസ്റ്റ്‌ മക്കൽ* അസോസിയേഷൻ "! 

ഈ അസോസിയേഷന്റെ പിതാവായി ഞങ്ങൾ ആദരിക്കുന്നത് എന്റെ സ്കൂളിലെ ഒന്നാം ബാച്ചിലെ ശ്രീജോ ചേട്ടനെയാണ് .അപ്പൊ കാർന്നോന്മാർക്ക് വീതം വച്ച് കൊണ്ട് ഇനി കഥയിലേക്ക് കടക്കാം ...കുറച്ചു പുറകിലോട്ടു പോകണം ...പുറകിലോട്ടു എന്ന് പറഞ്ഞാൽ ബ്ലാക്ക് ആൻഡ്‌ വൈറ്റ് അല്ല കേട്ടോ...കളർ ആണ് ...കൊടാക്ക് വിഷൻ !!!

1995 ലെ ഒരു സായാഹ്ന സമയം..! ഏഴാം ക്ലാസ് യൂണിറ്റ് ടെസ്റ്റ്‌ കഴിഞ്ഞു ഹോസ്റ്റലില്‍ പോകാതെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ദീപക് ..കൂടെ സാന്ത്വനിപ്പിക്കാന്‍ മണ്ണാർതൊടി ജയകൃഷ്ണനും ഉണ്ട് .പക്ഷെ ദീപക് കരച്ചില്‍ നിര്‍ത്തിയില്ല ..ആദ്യമായിട്ട് താന്‍ യൂണിറ്റ്ടെസ്റ്റില്‍ തോല്‍ക്കാൻ  പോകുന്നു ..അതും ജീവിതത്തില്‍ ആദ്യമായി ...എങ്ങനെ സഹിക്കും ?...അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് താന്‍ എങ്ങനെ നോക്കും ..?ദുഃഖം സഹിക്കാനാവാതെ ദീപക് പൊട്ടി പൊട്ടി കരഞ്ഞു .ജയകൃഷ്ണന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ദീപക് കരച്ചില്‍ നിര്‍ത്തിയില്ല ..ജയകൃഷ്ണന്‍ അവനെക്കാള്‍ മോശമായിട്ടാണ് പരീക്ഷ എഴുതിയത് എന്ന് പോലും പറഞ്ഞു നോക്കി ..ഒരു കുലുക്കവുമില്ല . .

അപ്പോളാണ് പന്ത്രണ്ടാം ക്ലാസ്സിലെ ശ്രീജോ ചേട്ടന്റെ വരവ് .

" എന്തൂട്ടാ നിന്റെ പ്രശ്നം ..? എന്തിനാ കരയുന്നെ ? " അദ്ദേഹം ചോദിച്ചു .

" ചേട്ടാ ..ഞാന്‍ ഇന്നത്തെ യൂണിറ്റ് ടെസ്റ്റില്‍ പൊട്ടും ..! ഒന്നും എഴുതിയിട്ടില്ല ..!" ദീപക് വിതുമ്പി .

" അത്രേയുള്ളൂ ..നിങ്ങള്‍ വാ...!"

ദീപകും ,ജയകൃഷ്ണനും അദ്ദേഹത്തെ അനുഗമിച്ചു .
നേരെ പോയത് സ്റ്റാഫ്‌ റൂമിലേക്ക് ..അന്നത്തെ സ്റ്റാഫ്‌ റൂം എന്ന് പറഞ്ഞാല്‍ പഴയ ലൈബ്രറി യുടെ സമീപം ഉള്ള ഒരു ക്ലാസ് ആണ് .അതായത് ഇന്നത്തെ രഘുസാറിന്റെ ക്വാര്‍ട്ടേഴ്സ് നില്‍ക്കുന്ന സ്ഥലം  !!അന്ന് സ്റ്റാഫ്‌ റൂമിന് വാതില്‍ ഒന്നും ഇല്ല ..പേരിനു ഒരു മതില്‍ മാത്രം ..!
പുറകില്‍ നില്‍ക്കുന്ന ദീപകിനോട് ശ്രീജോ ചേട്ടൻ പറഞ്ഞു 

" കേറി എടുത്തോ ...എല്ലാ ഉത്തര പുസ്തകങ്ങളും അവിടെ ഇരുപ്പുണ്ട് !"

അന്ന് യൂണിറ്റ് ടെസ്റ്റ്‌ എഴുതുന്നത് പുസ്തകത്തിലാണ്..

ദീപകിന്റെ മുട്ടുകാല്‍ വിറച്ചു ..എന്നാലും ധൈര്യം സംഭരിച്ച് ജയശ്രീ മാഡത്തിന്റെ സീറ്റില്‍ പോയി സയന്‍സ് യൂണിറ്റ് ടെസ്റ്റ്‌ ബുക്ക്‌ എടുത്തു .

" ഇനി പോയി ,പരീക്ഷ മര്യാദക്ക് എഴുതി തിരിച്ചു കൊണ്ട് വന്നു വച്ചോ ..!പക്ഷെ ഇത് റിപീറ്റ് ചെയ്യരുത് ..ചെയ്‌താല്‍ ഞാന്‍ സാറുമാരോട് പറഞ്ഞു കൊടുക്കും ..നീ കരയുന്നത് കണ്ടത് കൊണ്ട് മാത്രം സഹായിക്കുന്നതാ ..!"  ശ്രീജോ ചേട്ടന്‍ പറഞ്ഞു .

തിരിച്ചു ക്ലാസ്സില്‍ വന്നു ദീപക് വൃത്തിയായി പരീക്ഷ എഴുതി .
കണ്ടു നിന്ന ജയകൃഷ്ണന്റെ മനസ്സില്‍ സന്തോഷം അണ പൊട്ടി .
ആരും കാണാതെ അവനും തന്റെ യൂണിറ്റ് ടെസ്റ്റ്‌ ബുക്ക്‌ എടുത്തു കൊണ്ട് വന്നു ഉത്തരം മുഴുവന്‍ എഴുതി .രണ്ടു പേരും പതുങ്ങി പതുങ്ങി ചെന്ന്,  പുസ്തകങ്ങള്‍ തിരികെ ജയശ്രീ മാഡത്തിന്റെ മേശയില്‍ വച്ചു.

അങ്ങനെ പരീക്ഷ ഫലം വന്നു ..ദീപകിനുംജയകൃഷ്ണനും മാത്രം 25/25 മാര്‍ക്ക് ..അതോടെ അവർ ക്ലാസ്സിലെ പഠിപ്പിസ്റ്റുകളുടെ ലിസ്റ്റിൽ കയറി .

പതുക്കെ പതുക്കെ ഇത് കാതോടു കാതോരം പടർന്നു പിടിച്ചു ..എട്ടാം ക്ലാസ് ആവുമ്പോഴേക്കും ക്ലാസ്സിലെ ആണ്‍ കുട്ടികൾ മുഴുവൻ യൂണിറ്റ് ടെസ്റ്റ്‌ ഇങ്ങനെ എഴുതാൻ തുടങ്ങി .അങ്ങനെ ഒരു പുതിയ മാഫിയ ഉടലെടുത്തു . അവരതിന് ഇട്ട പേരാണ് "ഉമ" !! പിന്നീട് ഉമ എന്ന 'നാമം' ഒരു 'ക്രിയ 'ആയി . ഈ പരിപാടിക്ക് " ഉമ ചെയ്യുക " എന്നായി ഷോര്ട്ട് ഫോം !


കാലം  ചെല്ലുന്തോറും ഉമ ശക്തി പ്രാപിച്ചു വന്നു . ഇതിനിടയിൽ, സ്കൂൾ -പുതിയ കെട്ടിടത്തിലേക്ക് മാറ്റി . അതോടു കൂടി സ്റ്റാഫ്‌ റൂമിന് വാതിലും ഉണ്ടായി . ടീച്ചേഴ്സ് ഇല്ലാത്തപ്പോൾ വാതിൽ ഒരു പൂട്ടിട്ടു പൂട്ടും . പക്ഷെ ഇതിനകം പടര്ന്നു പന്തലിച്ച " ഉമ " ക്ക് ആ വാതിലിന്റെ കള്ള താക്കോൽ ഉണ്ടാക്കുക എന്നത് പൂ പറിക്കുന്ന പോലെ നിസ്സാരമായ കാര്യമായിരുന്നു .അങ്ങനെ പിന്നെയും ഈ പ്രസ്ഥാനം തുടർന്നു പോന്നു . 

 എന്ത് കള്ളത്തരം ചെയ്താലും പിടിക്കപെടുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു ഞങ്ങളുടെ ബാച്ചിൽ ..! അദ്ദേഹം ജനിച്ചത് " പൂയില്യം " നക്ഷത്രത്തിൽ  ആയതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .
പൂയം ,ആയില്യം എന്നീ നാളുകൾ കൂടി ചേരുന്ന ദിവസത്തിൽ ജനനം ! അത് കൊണ്ട് അദ്ദേഹത്തെ പൂയില്യം എന്നാണു വിളിച്ചു കൊണ്ടിരുന്നത് .

ഒരിക്കൽ നമ്മുടെ പൂയില്യം ചേട്ടൻ , സോഷ്യൽ സയൻസിൽ "ഉമ " ചെയ്യാം എന്ന് തീരുമാനിച്ചു . അതാകട്ടെ ബാബുരാജ് സാറുടെ സബ്ജക്റ്റ് ..സുരേഷ് ഗോപി സ്റ്റൈലിൽ കേസന്വേഷിക്കാൻ മിടുക്കനാണ് അദ്ദേഹം .! അത് കൊണ്ട് സാധാരണ ആരും ഈ സബ്ജക്റ്റിൽ "ഉമ" ചെയ്യാറില്ല . പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂയില്യം പിന്മാറിയില്ല . അദ്ദേഹം "ഉമ " ചെയ്തു !

 മൂല്യ നിര്ണയം കഴിഞ്ഞ യൂണിറ്റ് ടെസ്റ്റ്‌ പുസ്തകങ്ങൾ വിതരണം ചെയ്യാൻ വന്ന ബാബുരാജ്‌ സാർ പൂയില്യത്തെ  വിളിപ്പിച്ചു .

" രജിത്ത് ..ഇവിടെ വാ ..നീ ഉത്തരങ്ങൾ പിന്നീട് എഴുതി ചേർത്തത് അല്ലെ ?"
(പൂയില്യത്തിനെ സാർ വിളിച്ചു കൊണ്ടിരുന്നത് രജിത് എന്നാണ് ..അല്ലാതെ ശരിക്കുള്ള പേരല്ല !)

" അല്ല സർ !!" പൂയില്യം പറഞ്ഞു .

" ടാപ്പ് ! " മോന്തക്കിട്ട് ഒരെണ്ണം കിട്ടി .

" അതെ സാർ .. തല്ലല്ലേ ! "  വാക്ക് മാറി .


കണ്ടു  നിന്നവർ അമ്പരന്നു .
" ഹോ ..സാറിന്റെ ഒരു ബുദ്ധി !" ഗേൾസ്‌ ബാബുരാജൻ സാറിനെ പ്രകീര്ത്തിച്ചു .

"എന്നാലും സാർ അതെങ്ങനെ പിടിച്ചു? "സാർ പോയപ്പോൾ എല്ലാവരും രജിത്തിന്റെ ചുറ്റും കൂടി .

" അത് ..ഞാൻ പുതിയ ഉത്തരങ്ങൾ എഴുതുന്നതിനു മുന്പ് ;സാർ അത് പകുതി നോക്കി മാര്ക്ക് ഇട്ടു വച്ചിരുന്നു ..നോക്കി കഴിഞ്ഞിട്ടില്ലല്ലോ എന്ന് കരുതി ഞാൻ ബാക്കി ഉള്ള സ്ഥലത്ത് എഴുതി ചേർത്തു !"


" ആഹാ  അത്രേയുള്ളൂ  അല്ലെ .!.." 
എന്നും പറഞ്ഞു എല്ലാവരും കൂടെ പൂയില്യത്തിനെ കുനിച്ചു നിർത്തി ഇടി തുടങ്ങി .

 ഞാൻ പതിയെ അവന്റെ യൂണിറ്റ് ടെസ്റ്റ്‌ ബുക്ക്‌ വാങ്ങി നോക്കി .

"പിടിക്കപ്പെട്ടതിൽ യാതൊരു അദ്ഭുതവും ഇല്ല.....സാധാരണ പരീക്ഷ എഴുതിയിരിക്കുന്നത് നീല മഷിയിൽ ...രണ്ടാമതും പോയി എഴുതി ചേര്ത്തത് ആകട്ടെ കറുപ്പ് മഷിയിലും ,...!  പോരെ പൂരം !!  "

അങ്ങനെ ഒരു "പൂയില്യം" കാരണം "ഉമ " എന്നാ സാംസ്കാരിക സംഘടന പൂട്ടി പോയി  !!

ഈ സാങ്കേതിക വിദ്യ സ്കൂൾ മൊത്തം പാട്ടാവുകയും ചെയ്തു .
പ്രിൻസിപ്പൽ ഉടൻ തന്നെ യൂണിറ്റ് ടെസ്റ്റ്‌ ,നോട്ട് ബുക്കിൽ നിന്നും പേപ്പറിലേക്ക് ആക്കാൻ ഉത്തരവിട്ടു .അങ്ങനെയാണ് യൂണിറ്റ് ടെസ്റ്റുകൾ പേപ്പറുകളിൽ ആയത് !!!


-----------------------------------------------------------------------------------------------------------




*മക്കൽ = മോഷ്ടിക്കൽ




Thursday 30 May 2013

വെളുക്കാൻ തേച്ചത് ...!

മുഖകുരുക്കൾ പൊട്ടി മുളച്ചിരുന്ന ഒരു പ്രായം ...ആണ്‍ പെണ്‍ ഭേദമന്യേ സർവർക്കും കിട്ടിയിരുന്നു ഈ സമ്മാനം .പറഞ്ഞിട്ടെന്തിനാ ...? പ്രായം അതായിരുന്നില്ലേ  !
ബുദ്ധി ഉറക്കാത്ത പ്രായം എന്ന് തന്നെ വേണമെങ്കിൽ പറയാം  .എങ്കിലും ആ കാലത്ത് എന്റെയും കൂട്ടുകാരുടെയും വിചാരം ലോകത്തിലെ ഏറ്റവും ബുദ്ധി ജീവികൾ ഞങ്ങൾ ആണെന്ന് തന്നെയായിരുന്നു . അതിന്റെ അനന്തര ഫലം എന്നോണം കാണിച്ചു കൂട്ടിയ ഒരു മണ്ടത്തരം ആണിവിടെ പറയാൻ പോകുന്നത് . എന്റെ സുഹൃത്ത് -അരുണ്‍ സ്വതവേ പെണ്‍കുട്ടികളുടെ ഇടയിൽ വളരെ ഫേമസ് ആയ ഒരു മനുഷ്യനായിരുന്നു . സ്കൂളിലെ ഒന്നാം നമ്പർ  പാട്ടുകാരൻ ,എന്ന സ്ഥാനം അദ്ദേഹം ഉദ്ദേശം എഴാം ക്ലാസ് മുതൽ കരസ്ഥമാക്കിയതാണ് . അന്ന് മുതൽ അദ്ദേഹം അത് മറ്റാർക്കും വിട്ടു കൊടുക്കാതെ കാത്തു സൂക്ഷിച്ചു പോന്നു . മുഖക്കുരുവിന്റെ പണി അദ്ദേഹത്തിനും കിട്ടി . മൂക്കിനേക്കാൾ വലിപ്പത്തിൽ വളരും എന്നു ശഠിച്ചു നിന്നിരുന്ന അദ്ദേഹത്തിന്റെ വലിയ  രണ്ടു മുഖകുരുക്കൾ ഞങ്ങള്ക്ക് ഒരു അദ്ഭുതം തന്നെ ആയിരുന്നു . നാണക്കേട് സഹിക്ക വയ്യാതെ ഇദ്ദേഹം പല സാഹസങ്ങളും ചെയ്തു നോക്കി . ഒരു രക്ഷയുമില്ല . മഞ്ഞൾ ,രക്ത ചന്ദനം , ചന്ദനം ,നാരങ്ങ നീര്  മുതൽ സകല  നാട്ടു വൈദ്യങ്ങളും പരീക്ഷിച്ചു . നിരാശ മാത്രമായിരുന്നു ഫലം !.  
 
                  അങ്ങനെ ഇരിക്കയാണ് സുഹൃത്തായ ജോമോൻ ഒരു പുതിയ ഐഡിയ അദ്ദേഹത്തോട് പറഞ്ഞത് . ഡെറ്റോൾ തേച്ച് മുഖക്കുരു മൊത്തം തനിയെ ചികിത്സിച്ചു മാറ്റിയ തന്റെ അയൽക്കാരൻ ചേട്ടന്റെ കഥ ജോമോൻ പറയുന്നത് വളരെ ആകാംക്ഷയോടെ തന്നെ അദ്ദേഹം കേട്ടു  . പിറ്റെ ദിവസം  ആരോടും മിണ്ടാതെ ഒരു കുപ്പി ഡെറ്റോൾ വാങ്ങിച്ചു കൊണ്ട് വന്നു നമ്മുടെ കഥയിലെ നായകൻ !. കുളി മുറിയിൽ കയറി കതകടച്ചു . ഓറഞ്ച് നിറത്തിലുള്ള ഡെറ്റോൾ ,വെള്ളം ചേർത്ത് വെള്ള നിറമാക്കാൻ പക്ഷെ അവനു മനസ്സ് വന്നില്ല . " ചിലപ്പോൾ മരുന്നിന്റെ ഫലം കുറഞ്ഞു പോയാലോ ?"  അത് കൊണ്ട് കുറച്ചു പൊള്ളൽ ഉണ്ടായെങ്കിലും അതെല്ലാം സഹിച്ചു കൊണ്ട് അദ്ദേഹം തന്റെ കുരുക്കളുടെ മേൽ ഡെറ്റോൾ തേച്ചു പിടിപ്പിച്ചു . കണ്ണാടിയിൽ നോക്കി . "ഇല്ല ! പ്രത്യേകിച്ച് ഒരു മാറ്റവുമില്ല ". ജോമോനെ വിളിച്ച് കാര്യം പറഞ്ഞു . 

" അളിയാ നീ പറഞ്ഞത് വെറും കള്ളമാണ് ...ഇതിലൊന്നും വലിയ കാര്യമില്ല ..ദാ ഞാൻ തേച്ചു നോക്കി ..വല്ല മാറ്റവും കാണുന്നുണ്ടോ..? നോക്ക് ? !"

" എടാ ...ഇത് കുറച്ചു സമയം എടുക്കും ...ഉടനെ തന്നെ വ്യത്യാസം കാണില്ല ..നീ ക്ഷമിക്ക്! "

" ശരി ..നോക്കാം " ..അല്പം നീരസത്തോടെ അരുണ്‍ പറഞ്ഞു .

പിറ്റേന്ന് നേരം പുലർന്നത് ജോമോന്റെ കരച്ചിൽ  കേട്ടായിരുന്നു .

"അയ്യോ ..! അമ്മേ  ...! ഡാ... അടിക്കല്ലേ! "

ഉറക്കം മതിയാക്കി കണ്ണ് തിരുമ്മി എണീറ്റ ഞാൻ കണ്ട കാഴ്ച അതി ഭീകരമായിരുന്നു .
മുഖത്ത് മുഴുവൻ കറുത്ത നിറത്തിലുള്ള പൊറ്റയുമായി നില്ക്കുന്ന അരുണ്‍ !!.ഡെറ്റോൾ വാക്ക്  പാലിച്ചു . എല്ലാ കുരുക്കളെയും കരിച്ചു കളഞ്ഞു .
പക്ഷെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ മുഖത്തെയും !
കണ്ണാടിയിൽ തന്റെ പുതു രൂപം കണ്ട അരുണ്‍ ,,ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു ജോമോനെ കയ്യോടെ എടുത്തു പെരുമാറുന്നതിന്റെ പ്രസക്ത ഭാഗങ്ങളായിരുന്നു ഞാൻ അവിടെ കേട്ടത് !



Tuesday 28 May 2013

കൊതുക് നിവാരണം

  "അമ്മേ  !!"
 ഹോസ്റ്റലിൽ വച്ച് ,അര്‍ദ്ധ രാത്രിയില്‍ ഉള്ള എന്റെ കരച്ചില്‍ കേട്ട്, അപ്പുറത്ത് പഠിച്ചു കൊണ്ടിരുന്ന പ്രശാന്ത്‌ സി വി വന്നു ലൈറ്റ് ഇട്ടു .
നല്ല ഒരു ഉറക്കം നഷ്ടപ്പെട്ട് എണീറ്റ ദേഷ്യത്തില്‍ ആയിരുന്നു ഞാന്‍ !
പ്രശാന്ത് സി വി ആകട്ടെ ,ഒരു യൂണിറ്റ് ടെസ്റ്റ്‌ പോലും അടുത്ത കാലത്തൊന്നും ഇല്ലെങ്കിലും, രാത്രി ഒരു മണി വരെയുള്ള പഠിത്തം മുടക്കാറില്ല . എന്റെ ഉറക്കത്തില്‍ ഉള്ള കരച്ചില്‍ അവനെ ശല്യപെടുത്തി എന്ന് തോന്നുന്നു .
 
തൊട്ടടുത്ത കട്ടിലില്‍ സുജിത് കിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്നു .
ഉറക്കത്തില്‍ അവനെ ആരെങ്കിലും എടുത്തു കൊണ്ട് പോയി പുറത്തിട്ടാല്‍ പോലും അറിയില്ല.. പഹയന്‍ !
എന്റെ ഉറക്കത്തിലെ നിലവിളി അവനെ ഒട്ടും ശല്യം ചെയ്തിട്ടില്ല .

" എന്തൂട്ടാ ചെക്കാ ??"  പ്രശാന്ത് ചോദിച്ചു .

" പോടാ മൈ ഗുണാപ്പാ ....!!!" ഞാന്‍ ഉറക്ക പിച്ചോടെ മറുപടി പറഞ്ഞു തുടങ്ങി.
" മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ..കുറെ കൂതറ പഠിപ്പിസ്റ്റുകള്‍ ! "

"ഡാ തെണ്ടി ..ഞാന്‍ നിന്റെ കരച്ചില്‍ കേട്ട് വന്നതാ !"
 

"കരയെ.. ആര് ?"

" നീ തന്നെ അല്ലാണ്ടാര ?"

" അതൊ..? അത് പിന്നെ ഒരുകൊതുക് കടിച്ചതാ ?

" കൊതുക് കടിച്ചിട്ട്‌ കരയേ?"

" കണ്ണിന്റെ  പോളയില്‍ വന്നു കടിച്ചാല്‍ ജീവന്‍ പോകും !..അല്ല പിന്നെ "

"കെടന്നു ഉറങ്ങിക്കോ ചെക്കാ ...മനുഷ്യനെ മിനക്കെടുത്താന്‍ !!"  സി വി പോയി .


പകുതി വച്ച് തീര്‍ന്നു പോയ ഉറക്കം പുനരാരംഭിക്കാനുള്ള ശ്രമം തുടങ്ങി ഞാന്‍ !.
ജനാലകള്‍ തുറന്നിട്ടു. മെല്ലെ ഒഴുകുന്ന കാറ്റ് എന്റെ ദേഹത്തെ തഴുകി കൊണ്ടിരുന്നു .
ഇപ്പോള്‍ ഉജ്ജയിനി ഹോസ്റ്റലില്‍ നിന്ന് നോക്കിയാൽ , അകലെ ഉള്ള അനില്‍ സാറിന്റെ ക്വാർട്ടെഴ്സ് വരെ കാണാം .
അടുത്തുള്ള അക്കേഷ്യ പൂക്കളുടെ രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു .
ഇത് ശ്വസിച്ചാല്‍  കാന്‍സര്‍ വരും എന്നാണു വിശ്വാസം !
അത് സത്യമാണോ എന്നെനിക്കറിയില്ല .പക്ഷെ എനിക്കാ സുഗന്ധം ഒരു പാട് ഇഷ്ടമാണ് .
എത്രയോ ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്ക് കൂട്ടായിട്ടുണ്ട്, ആ അക്കേഷ്യ മരം .!

രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറങ്ങി പോയി .
ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു .കുറെ കൊതുകുകള്‍ ചേര്‍ന്നു എന്നെ പുറത്തേക്ക്‌ എടുത്തു കൊണ്ട് പോകുന്നു .
ഞാന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു . പക്ഷെ ലക്ഷക്കണക്കിന്‌ വരുന്ന കൊതുകുകള്‍ എന്റെ ശരീരത്തില്‍ അങ്ങിങ്ങായി കടിച്ചു പിടിച്ചിരിക്കുന്നു .
എനിക്ക് കൈ കൊണ്ട് അടിച്ചു തെറിപ്പിക്കണം എന്നുണ്ട് ..പക്ഷെ കഴിയുന്നില്ല .!
അവസാനം സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ മുഴുത്ത ഒരു കൊതുകിനെ ഒരടി വച്ച് കൊടുത്തു .
ടാപ്പ്‌ ! ഉറക്കത്തില്‍ കിട്ടിയ അടിയുടെ ശക്തിയില്‍ ഞാന്‍ വീണ്ടും എഴുന്നേറ്റു .
കയ്യില്‍ ഒരു ചത്ത കൊതുക് !! അതിനു ചുറ്റും എന്റെ ചുവന്ന ചോര ! 
അതെ ..! ഞാന്‍ കണ്ടത് സ്വപ്നം മാത്രമല്ല ..ശരിക്കും കുറെ കൊതുകുകള്‍ എന്റെ ശരീരം ആകെ കടിച്ചു നോവിച്ചിരിക്കുന്നു .
 

                                                        Courtesy: Google Images
 

ഞാന്‍  വാച്ചില്‍ സമയം നോക്കി  ...അഞ്ചര !
ഗ്രൗണ്ടില്‍ നിന്നും ,പി ടി സര്‍ എമെഴ്സന്റെ വിസില്‍ അടി കേള്‍ക്കാം ..!
" ഇയാള്‍ക്ക് ഭ്രാന്താണ് ..! കുറച്ചു നേരം കൂടി കിടന്നുറങ്ങാം ..!"
ഞാന്‍ പുതപ്പ് മൂടി വീണ്ടും നിദ്രയിലേക്ക് ലയിച്ചു ..
പിന്നീട് എഴുന്നേറ്റപ്പോള്‍ നേരം ആറെമുക്കാല്‍ കഴിഞ്ഞു .

" പെട്ടെന്ന് കുളിച്ചു റെഡി ആകണം ...ഏഴു മണിക്കാണ് അസ്സെംബ്ലി "
ഞാന്‍ മനസ്സില്‍ ഓര്‍ത്തു .
ഞൊടിയിടയില്‍ തോര്‍ത്ത്‌ മുണ്ടും, ബ്രഷും എടുത്തു കുളിമുറി ലക്ഷ്യമാക്കി നടന്നു 
"പേസ്റ്റും സോപ്പും ഇല്ല ! അത് സാരമില്ല ആരുടെയെങ്കിലും കയ്യില്‍ നിന്നും ഞണ്ണണം !" 
പോകുന്ന വഴി സിതാറിന്റെ ബാഗില്‍ നിന്നും പെപ്സോടെന്റ്റ് പേസ്റ്റ് കിട്ടി .
നേരെ കുളി മുറിയില്‍ ചെന്നു . ഗോപികൃഷ്ണന്‍ കുളി കഴിഞ്ഞു പുറത്ത് വരുന്നു .

" ഡാ സോപ്പ് തന്നേ ഗഡീ ..."

" ഡാ തീര്‍ക്കരുത് ..!"

" ഏയ്... നീ തായോ " 

പുതിയ "കേമേ" സോപ്പ് അദ്ദേഹം വീട്ടില്‍ നിന്നും കൊണ്ട് വന്നതാണ്.
നല്ല വാസന ! ഉഷാര്‍ ആയി ഒരു കുളി പാസാക്കി തിരിച്ചു കട്ടിലിനടുത്തേക്ക് വന്നു !
അപ്പിയിട്ടില്ല ...എന്തിനാ വെറുതെ സമയം കളയുന്നെ ? വൈകുന്നേരം പോകാം !"
വരുമ്പോള്‍ കണ്ട കാഴ്ച ഭയങ്കരം തന്നെ .
പുതച്ചു മൂടി കിടന്നുറങ്ങുന്നു സുജിത്, അപ്പോളും!.

ഞാന്‍ ഒരു ചവിട്ടു വച്ച് കൊടുത്തു .
" ഡാ  നീ ഇപ്പളും കെടന്നു പോത്ത് അടിക്ക്യ* ..? സമയം ആയി ...പോയി കുളിക്ക്‌ ..!"

ധൃതിയില്‍ യൂനിഫോറം ധരിച്ച്  ..ബാറ്റ ക്യാന്‍വാസ് തിരുകി കയറ്റി ഞാന്‍ അസ്സെംബ്ളി  ഗ്രൌണ്ട് ലക്ഷ്യമാക്കി ഓടി .
കൃത്യം അസ്സെംബ്ളി തുടങ്ങുന്നതിനു മുന്പ് ലൈനില്‍ ചെന്ന് നിന്നു .
 
 

"ഭാഗ്യം ..നേരം വൈകിയില്ല ..!"
 
നേരം വൈകിയാൽ അസ്സംബ്ലിക്ക് പുറത്തു വേറെ ഒരു വരിയിൽ  നില്ക്കണം .ചിലപ്പോൾ  കഠിന ശിക്ഷയും കിട്ടും .
അസ്സെംബ്ളി തുടങ്ങി . കുട്ടികള്‍ പ്രാർത്ഥന പാടി .

"ഓം ഹസതോമ  സദ്ഗമയ! 
തമസോമ ജ്യോതിര്‍ഗമയ !
മൃത്യോമാ അമൃതം ഗമയ !"

അസ്സെംബ്ളി പരിപാടികള്‍ തുടര്‍ന്ന് കൊണ്ടിരുന്നു .
അന്ന് കമ്മ്യൂണിറ്റി സോന്ഗ് " വി ഷാല്‍ ഓവര്‍ കം " ആയിരുന്നു .
സോന്ഗ് പകുതി ആയപ്പോള്‍ അസ്സമ്ബ്ളിക്ക് ലേറ്റ് ആയി വന്നവരുടെ വരിയിൽ സുജിത് കൂടി വന്നു ചേര്‍ന്നു .
 
 "കോപ്പൻ ..! ഇപ്പോഴാണ് വരുന്നത് !" ഞാൻ മനസ്സിൽ  അവനെ പഴിച്ചു .
 
അടുത്തത് പ്രിന്‍സിയുടെ പ്രസംഗം ..അദ്ദേഹം പറഞ്ഞു .

" നമ്മുടെ സ്കൂളിലെ കൊതുക് പ്രശ്നം പരിഹരിക്കാന്‍ പങ്കജാക്ഷന്‍ സര്‍ ഒരു പുതിയ ഐഡിയ കണ്ടു പിടിച്ചിട്ടുണ്ട്!.ഇന്ന് ക്ലാസ്സില്ല... പകരം നമ്മള്‍ കൊതുക് നിവാരണ യജ്ഞം നടത്താന്‍ പോകുന്നു .
ഹി വില്‍ പെഴ്സനല്ലി കം ആന്‍ഡ്‌ എക്സ്പ്ലയിൻ യു ദി  മെത്തേഡ് ! "

അന്ന് പ്രിൻസിപ്പൽ അധികം സംസാരിച്ചില്ല .ജനഗണമനയും ജയ്‌ ഹിന്ദും കഴിഞ്ഞു കുട്ടികൾ ക്ലാസ്സിലേക്ക് പിരിഞ്ഞു .
അങ്ങനെ ഫസ്റ്റ് പീരീഡ്‌ തന്നെ പങ്കജാക്ഷന്‍ സര്‍ വന്നു .

അദ്ദേഹം പറഞ്ഞു 
 
"നമ്മള്‍ കൊതുകിനെയല്ല .കൊതുകിന്റെ ഉറവിടത്തെ ആണ് നശിപ്പിക്കാന്‍ പോകുന്നത് !അപ്പോള്‍ സ്വാഭാവികമായും വംശ നാശം വന്നു കൊതുകുകള്‍ ചത്ത്‌ പോകും .
വെള്ളം കെട്ടി കിടക്കുന്നിടത്തെല്ലാം  നമ്മള്‍ ഡീസൽ ഒഴിച്ച് കത്തിക്കും .
ഡീസല്‍ പെട്ടെന്ന് കത്തില്ല ...അത് കൊണ്ട് കുറച്ചു പെട്രോള്‍ മിക്സ്‌ ചെയ്തു വേണം കത്തിക്കാന്‍!! !
കൃഷ്ണേട്ടനും ,ജോര്‍ജേട്ടനും ഡീസൽ വാങ്ങാൻ പോയിട്ടുണ്ട് ...അവര്‍ വന്നാല്‍ പരിപാടി തുടങ്ങാം .
ഈ പരിപാടി വിജയിച്ചാല്‍ ,ഒരു പക്ഷെ നമ്മുടെ സ്കൂളിനു ഒരു നോബല്‍ സമ്മാനം തന്നെ ലഭിക്കാനുള്ള വകുപ്പ് ഉണ്ട് ! "

അങ്ങനെ സ്കൂള്‍ പരിസരം മൊത്തം ക്ലീന്‍ ചെയ്തു .
കെട്ടിക്കിടന്നിരുന്ന വെള്ളത്തില്‍ എല്ലാം ഡീസല്‍ ഒഴിച്ച് കത്തിച്ചു .
ഞങ്ങളുടെ മെസ്സ്‌ ഹാളിന്റെ പുറകില്‍ വേസ്റ്റ്‌ ഇടുന്ന ഒരു സെപ്റ്റിക്‌ ടാങ്ക്‌ ഉണ്ടായിരുന്നു.അതാണ്‌ കൊതുകിന്റെ ഉറവിടം എന്നായിരുന്നു സാറിന്റെ നിഗമനം.
അങ്ങിനെ സെപ്റ്റിക്‌ ടാങ്കിലേക്ക്‌ അഴുക്കു വെള്ളം ഒഴുകുന്ന കനാലിലൂടെ ഒരു ക്യാന്‍ ഡീസലും പെട്രോളും മിക്സ്‌ ചെയ്ത്‌ ഒഴിച്ചു.
കെമിസ്റ്റ്രി സാറായ പങ്കജാക്ഷന്‍ പ്രിന്‍സിപ്പല്‍ ബാലസുബ്രമണ്യത്തിനോടു പറഞ്ഞു-

"സര്‍ ഒരു പക്ഷേ ഇതിനകത്തുള്ള മീഥൈന്‍ പോലുള്ള ഗ്യാസ്സ്‌ കൊണ്ട്‌ ഇവിടെ ഒരു എക്സ്‌പ്ലോഷന്‍ തന്നെ സംഭവിച്ചേക്കാം "

.ഇതു കേട്ട ബാലന്‍ സര്‍ പറഞ്ഞു-"ദാറ്റ്‌ വി വില്‍ സീ".

സ്കൂള്‍ ലീഡറായ സുവീഷിനോടായി പിന്നെ സാറിന്റെ ഓര്‍ഡര്‍
 
"യു ഫയര്‍ ഇറ്റ്‌ മാന്‍"!".
 
സുവീഷ്  തീ കൊടുത്തതും "ബൂം ബൂം "എന്നൊരൊച്ചയായിരുന്നു.
ഫ്രണ്ടില്‍ നില്‍ക്കുകയായിരുന്ന പ്രിന്‍സിപ്പല്‍ ഒരൊറ്റ ഓട്ടം.-"ഓടിക്കോ മക്കളേ " എന്നും പറഞ്ഞ്‌.!! !!!!!!...
പക്ഷെ പിള്ളെരല്ലാം അവിടെ തന്നെ നിന്നു.
സംഭവം പൊട്ടിത്തെറി ഒന്നും അല്ലായിരുന്നു ... ഡീസല്‍ കത്തിയപ്പോള്‍ ടാങ്കിനകത്തുണ്ടായിരുന്ന കൊതുകുകള്‍ മുഴുവന്‍ പുറത്തു ചാടിയ ശബ്ദമായിരുന്നു അപ്പോള്‍ കേട്ടത് !
എന്തായാലും ഈ യജ്ഞത്തിനു ശേഷം ടാങ്കിനകത്തുള്ള കൊതുകുകള്‍ കൂടി പുറത്തിറങ്ങി ആക്രമണം തുടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ....!!
 
             Courtesy : Google Images


--------------------------------------------------------------------------------------------------------------------------
 
 
*പോത്ത് അടിക്കുക = പോത്ത് പോലെ കിടന്നുറങ്ങുക 











.




Tuesday 21 May 2013

മാമ്പഴക്കാലം

 
തെക്കേ തൊടിയിലെ മൂവാണ്ടൻ  മാവ് കഴിഞ്ഞ കൊല്ലം മുറിച്ചു .
മാവിന്റെ ഒരു വേര് നീണ്ടു നീണ്ടു വീടിന്റെ തറ വരെ എത്തിയതായിരുന്നു കാരണം .
എന്തൊരു തണൽ ആയിരുന്നു ആ  മാവിനെന്ന് അത് മുറിച്ചപ്പോൾ ആണ് എല്ലാവര്ക്കും മനസ്സിലായത് .
ഈ മാവ് മുറിച്ചതിനു ശേഷം ആണ് എന്റെ വീട്ടിലെ തെക്കേ മുറിയിൽ എ സി ഘടിപ്പിക്കേണ്ടി വന്നതും .
പണ്ട് വേനലവധിക്ക് സ്കൂളിൽ നിന്നും നാട്ടിൽ  വരുമ്പോൾ ഇതിലെ  മാമ്പഴങ്ങൾ പഴുക്കാൻ തുടങ്ങിയിരിക്കും . 
അന്നൊക്കെ വേനല്‍മഴ എന്ന ഒരു സാധനം ഉണ്ടായിരുന്നു . ഇന്ന് നമുക്ക് അന്യമായ ഒന്ന് !
നല്ല കാറ്റ് വീശി പെയ്യുന്ന ആ മഴയിൽ "ബധോം ...ബുധോം " എന്ന ശബ്ധത്തിൽ പഴുത്ത  മാങ്ങകൾ നിലത്തു വീഴും .അന്തരീക്ഷത്തിലെങ്ങും പുതു മണ്ണിന്റെയും മാമ്പഴത്തിന്റെയും മാസ്മരിക  ഗന്ധം പരക്കും .
മഴ മാറിയാൽ മാവിന്റെ ചുവട്ടിലേക്ക് ഒരു പോക്കുണ്ട് .നിലത്തു വീണു കിടക്കുന്ന മാമ്പഴങ്ങൾ പെറുക്കാൻ !
മണ്ണ് പറ്റി കിടക്കുന്ന മാങ്ങകൾ എടുത്തു കഴുകി കത്തി കൊണ്ട് പൂളി തിന്നും .

 
അണ്ടിയോടാടുക്കുമ്പോൾ പുളി വരും . എങ്കിലും വിടാറില്ല.. നന്നായി ചപ്പി നീര് മൊത്തം കുടിച്ചിട്ടേ അണ്ടി കളയൂ..!
ആ മാവിന്റെ ചില്ലയില്‍ ഊഞ്ഞാല്‍ കെട്ടി എത്ര ആടിയിരിക്കുന്നു..ഒരിക്കല്‍ ആടി കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കയറു പൊട്ടി നിലത്തു വീണു .
മുട്ടിന്റെ പെയിന്റ് പോയി .അന്ന് കമ്മ്യുണിസ്റ്റ് പച്ചയുടെ നീര് പിഴിഞ്ഞെടുത്ത് എന്റെ കൂട്ടുകാരന്‍ മുട്ടില്‍ ഒഴിച്ച് തന്നപ്പോള്‍ ഉണ്ടായ നീറ്റല്‍ ഇന്നും മനസ്സിലുണ്ട്.

എന്റെ സ്കൂളിലുള്ള മാവുകള്‍ ഒന്നും അന്ന് കായ്ക്കാന്‍ പ്രായമായിട്ടില്ലായിരുന്നു .
മാവിനേക്കാള്‍ കൂടുതല്‍ പറങ്കി മാവുകള്‍ ആ ക്യാംപസില്‍ ഉണ്ടായിരുന്നു .
പലതും വിദ്യാര്‍ഥികള്‍ തന്നെ നട്ടവ. എനിക്കും ഉണ്ടായിരുന്നു ഒരു പറങ്കി മാവ് സ്കൂളില്‍ !.
പ്രസന്ന മേഡം എന്റെ പേരില്‍ എഴുതി തന്ന ഒരു കശുമാവ് .പേരെഴുതി തരുക എന്ന് പറഞ്ഞാല്‍ മാവിന്‍ തൈയുടെ ചുവട്ടില്‍ സ്വന്തം പേരെഴുതി വക്കണം .
മാവ് ഉണങ്ങി പോവുകയാണെങ്കില്‍ അതിനര്‍ത്ഥം ,അതിന്റെ ഉടമ S.U.P.W എന്ന സബ്ജെകറ്റില്‍ തോറ്റു എന്നാണ് .
എന്തായാലും എന്റെ മാവ് ഉണങ്ങിയില്ല . അത് പടര്‍ന്നു പന്തലിച്ചു . ഈ അടുത്ത കാലത്ത് സ്കൂളില്‍ പോയപ്പോള്‍ കണ്‍ കുളിര്‍ക്കെ കണ്ടു- എന്റെ ആ കശുമാവിനെ!
നല്ല ചുവന്നു തുടുത്ത് ആപ്പിള്‍ പോലെയുള്ള കശുമാങ്ങകള്‍ ശിഖരങ്ങളില്‍ നിറയെ ഉണ്ട് .
പണ്ട് പ്രിന്‍സിപ്പല്‍ ബാലന്‍ സര്‍ ഇടയ്ക്കിടയ്ക്ക് അസ്സെംബ്ലിയില്‍ ഈ പറങ്കിമാവുകളില്‍ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങളെ പറ്റി പ്രസംഗിക്കുമായിരുന്നു
സാറിന് , മണ്ണുത്തി അഗ്രികള്‍ച്ചര്‍ യൂനിവേര്സിറ്റിയില്‍ നിന്നും കൊടുത്തവ ആയിരുന്നു ഈ സ്പെഷ്യല്‍ കശുമാവിന്‍ തൈകള്‍ .
അന്ന് അതൊരു വെറും വാക്കായെ തോന്നിയുള്ളൂ ...പക്ഷെ കാലം സത്യം തെളിയിച്ചു .
ഇന്ന് , ചുവന്നു തുടുത്ത ആ കശുമാങ്ങകള്‍ കണ്ടാല്‍ ആര്‍ക്കായാലും ഒന്ന് കടിച്ചു നോക്കാന്‍ തോന്നും .


അതവിടെ നില്‍ക്കട്ടെ ,അപ്പോള്‍ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നത് മാമ്പഴങ്ങളെ പറ്റി ആയിരുന്നു ..
സ്കൂളില്‍ നിന്നും മാങ്ങാ തിന്നാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാര്‍ഗ്ഗം സീരിയല്‍ നടി മായയുടെ വീടായിരുന്നു .
മായയുടെ അച്ഛന്‍ ഷാരടി സാറിനു രണ്ടു, മൂന്നു വലിയ മാവുകള്‍ ഉണ്ടായിരുന്നു .
മെസ്സ് ഹാളിന് തൊട്ടു പുറകില്‍ നിന്നിരുന്ന ,ഈ മാവിലെ മാങ്ങകള്‍ വീണു കൊണ്ടിരുന്നത് നേരിട്ട്സ്കൂള്‍ പിള്ളാരുടെ വയറ്റിലേക്ക് തന്നെ ..!
ആദ്യം പഴുത്തവ മാത്രമായിരിക്കും ലക്ഷ്യമെങ്കിലും ,പയ്യെ പയ്യെ അത് പച്ച മാങ്ങയിലെക്കും വഴി മാറും .
മെസ്സില്‍ നിന്നും അടിച്ചു മാറ്റിയ ഉപ്പും ,മുളകും പിന്നെ മായയുടെ മാങ്ങയും ചേര്‍ന്നാലുണ്ടല്ലോ...
"ന്റെ സാറെ!  പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല !"
അവസാനം പച്ച മാങ്ങയും തീര്‍ന്നു കഴിയുമ്പോള്‍ കണ്ണി മാങ്ങയിലെക്ക് തിരിയുന്ന ഒരു സമയമുണ്ട് .
അങ്ങനെ ഉള്ള സമയത്താണ് ഒരിക്കൽ  പണി പാളിയത് . മാവില്‍ കല്ലെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍
"ആരാടാ അത് ?" എന്ന് ചോദിച്ചു കൊണ്ട് മായയുടെ അച്ഛന്‍ രംഗ പ്രവേശം ചെയ്തു .
നിര്‍ഭാഗ്യം കൊണ്ട് അടുത്ത കല്ല് വീണത്‌ അദ്ദേഹത്തിന്റെ ദേഹത്ത് തന്നെ .
ക്ഷുഭിതനായ അദ്ദേഹം പ്രിന്‍സിപ്പലിനോട്‌ കംപ്ലൈന്റ്റ്‌ ചെയ്തു .
ഇതിനു ശേഷം  പ്രിന്‍സിപ്പല്‍ ചെക്കിംഗ് തുടങ്ങി .മാങ്ങാ പറിക്കുന്നവരെ പിടി കൂടുക ആയിരുന്നു ലക്‌ഷ്യം .
പച്ച നിറമുള്ള തന്റെ പഴയ ലാമ്പി സ്കൂട്ടറില്‍  (വണ്ടി നമ്പര്‍ :KCE 336),അദ്ദേഹം നാട്ടിലെ മാവിന്‍ തോപ്പുകളിലെല്ലാം പട്രോളിംഗ് തുടങ്ങി .
ഒരിക്കല്‍ ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്ന് കുറച്ചു അച്ചാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു .ഇതിനായി കുറച്ചു  മാങ്ങ അടിച്ചു മാറ്റെണ്ടതായി വന്നു .
ഷാരടി യുടെ വീട്ടിലെ മാങ്ങാ തീര്‍ന്നു പോയത് കൊണ്ട് സ്കൂളിനു പുറകിലുള്ള മാന്തോപ്പില്‍ നിന്നും മാങ്ങാ പറിക്കാന്‍  ലക്‌ഷ്യമിട്ടു.
പുറകിലെ കമ്പി വേലി ചാടി കടന്നു ഞങ്ങള്‍ തോട്ടത്തില്‍ പ്രവേശിച്ചു .
മാങ്ങാ പറി തുടങ്ങി .
അങ്ങനെ കുറെ നേരം മാങ്ങ പറിയും ചെളിക്കുത്തുമായി കഴിഞ്ഞു .
കൈ നിറയെ പച്ച മാങ്ങയുമായി ഞങ്ങള്‍ തിരിച്ചു നടക്കുമ്പോള്‍ പൊടുന്നനെ ഒരു സ്കൂട്ടര്‍ വന്നു നിന്നു .
എന്റെ സുഹൃത്ത് പെട്ടെന്ന് മാങ്ങാ മുഴുവന്‍ അടുത്ത് കണ്ട ചെടികൾക്കിടയില്‍ ഒളിപ്പിച്ചു .
ചിരിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ സര്‍ പറഞ്ഞു .

" നിങ്ങള്‍ ഇവിടെ തന്നെ കാണും എന്ന് എനിക്കറിയാം ..അതാണ്  ഞാന്‍ ഇവിടെ കുറച്ചു ദിവസമായി ചുറ്റി അടിക്കുന്നത്..!  എത്ര മാങ്ങ കിട്ടി ..?"

" ഒന്നും കിട്ടിയില്ല സര്‍ ..!ഒന്നും പഴുത്തിട്ടില്ല ..അത് കൊണ്ട് പൊട്ടിച്ചില്ല "

"ഓക്കേ ഗുഡ് ..നെവെര്‍ ഡു  ദാറ്റ്‌  ..പൊയ്ക്കൊളൂ! "

തിരിച്ചു വരുമ്പോള്‍ ഒരു സസ്പെന്‍ഷന്‍ ഒഴിവായതിന്റെ ആശ്വാസം ആയിരുന്നു ഞങ്ങള്‍ക്ക് .
പ്രിന്‍സിപ്പല്‍ തിരിച്ചു പോയപ്പോള്‍ ഒളിപ്പിച്ച്  വച്ച മാങ്ങകൾ എടുത്തു കൊണ്ട് വന്നു  ഒരുഗ്രൻ അച്ചാർ ഉണ്ടാക്കി .  അതിനു ഒരു ഒന്നൊന്നര ടേസ്റ്റ് ആയിരുന്നു .ഏകദേശം ഒരു ആഴ്ചയോളം വിക്രമശില ഹോസ്റ്റലിൽ ഒരു ഹോർലിക്ക്സ് കുപ്പിയിൽ അത് സ്ഥാനം പിടിച്ചു .


പിറ്റേ ദിവസം അസ്സംബ്ലിയില്‍ പ്രിന്‍സിപ്പല്‍ പ്രസംഗിച്ചത് ഞാന്‍ ഇന്നുമോർക്കുന്നു .


" ഒരു മാങ്ങാ നില്‍ക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അത് എറിഞ്ഞിരിക്കും ..ഈ പ്രായത്തില്‍ നിങ്ങള്‍ അത് ചെയ്തിട്ടില്ലെങ്കില്‍ അതിനർത്ഥം നിങ്ങള്ക്കെന്തോ പ്രശ്നം ഉണ്ടെന്നതാണ് .!
പക്ഷെ ഒരു കൈ കൊണ്ട് നിങ്ങള്‍ക്ക് എറിയാന്‍ തോന്നുന്നുവെങ്കില്‍ മറു കൈ കൊണ്ട് അത് തടഞ്ഞു നിര്‍ത്താനും സാധിക്കണം ..അതാണ് കഴിവും .സഹന ശക്തിയും ! "

ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി യിൽ ഉണ്ടായിരുന്ന ഒരു ഉന്തുവണ്ടിക്കാരന്റെ കയ്യിൽ  നിന്നും ഒരു കിലോ പഴുത്ത അൽഫോൻസ മാമ്പഴം വാങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി നടക്കുമ്പോൾ എന്റെ കാതിൽ പ്രിൻസിപ്പൽ ബാലൻ സാറിന്റെ ആ പഴയ വാക്കുകൾ  അപ്പോഴും മുഴങ്ങുന്നത് പോലെ തോന്നി !!
 















 
 
 
 
 
 
 

Friday 17 May 2013

അനിയത്തി പ്രാവ്

 

അനിയത്തി പ്രാവ് എന്ന ചിത്രം ഇറങ്ങിയ കാലഘട്ടം ...!
ക്ലാസ്സിലെ ഒരു മഹാന്  കുഞ്ചാക്കോ ബോബന്റെ പ്രേതം കയറി .
അദ്ദേഹം തന്റെ ലുക്കിൽ ആകെ മൊത്തം ഒരു മാറ്റം വരുത്താൻ തീരുമാനിച്ചു .
വെക്കേഷന് വീട്ടിൽ പോയി വന്നപ്പോൾ ഫുൾ കൈ ഉള്ള കുറെ ഷർട്ടുകൾ കൊണ്ട് വന്നു .വെള്ളയും ,വൈലറ്റും ,നീലയും പച്ചയും എല്ലാം ഇതിൽ പെടും .ചെക്കും ,ലൈനും ഡിസൈൻ ഉള്ളവ വേറെയും .
അടുത്ത ദിവസം മുതൽ ഇത് ധരിച്ചായി മൂപ്പരുടെ നടത്തം .
സ്കൂളിൽ നിന്നും ലഭിക്കുന്ന യൂണിഫോറം ആയ ഹാഫ് കൈ ഷർട്ടിനോട് അദ്ദേഹത്തിന് പുച്ഛമായിരുന്നു .
അതിന്റെ സ്ഥാനത്ത് വീട്ടിൽ നിന്നും  കൊണ്ട് വന്ന ഫുൾ കൈ ഷർട്ട്‌ ധരിക്കാൻ കക്ഷി തീരുമാനിച്ചു .
കയ്യിലെ രണ്ടു ബട്ടണും ഇടാൻ മറന്നില്ല . അങ്ങനെ നമ്മുടെ കുഞ്ചാക്കൊ ഒരു ദിവസം കാലത്ത് അസംബ്ലിക്ക്  എത്തി .
പക്ഷെ പുറകിൽ  നില്ക്കുന്നുണ്ടായിരുന്ന ഒരു ടീച്ചർ  ഇത് കയ്യോടെ പിടി കൂടി .
 
"വൈ ആർ യൂ വെയറിന്ഗ് ഫുൾ സ്ലീവ്സ് ..? ദിസ് ഈസ് നോട്ട് സ്കൂൾ യൂണിഫോം...ഗോ ആൻഡ്‌ ചേഞ്ച് ദി ഷർട്ട് ..!"
 
കുഞ്ചാക്കൊയുടെ നെഞ്ച് പഞ്ചറായി .  അസ്സെംബ്ലിക്ക് വരിയിൽ മുന്നിൽ തന്നെ നില്ക്കാറുള്ള "വലിയ പൊട്ടു" തൊട്ട  ശാലിനി ഇത് കേട്ടോ ആവോ..?കേട്ടാൽ പണി പാളി ..!
എങ്ങനെയെങ്കിലും അവളെ വളക്കാൻ വേണ്ടിയാണു ഈ പെടാപാട് പെടുന്നത് ...!

"അവൾ കേൾക്കരുതെ ദൈവമേ ! "

മനസ്സില് പ്രാർഥിച്ചു  കൊണ്ട് അദ്ദേഹം ഹോസ്റ്റലിൽ പോയി പഴയ ഹാഫ് കൈ ഷർട്ടും ഇട്ടു തിരിച്ചു ക്ലാസ്സിൽ വന്നു .
 
പതുക്കെ തന്റെ ആത്മാർത്ഥ സുഹൃത്തായ ഹരിശ്രീ അശോകന്റെ അടുത്ത് വന്നിരുന്നു .
 
"ശാലിനിയെ വളക്കാൻ വല്ല വിദ്യയും ഉണ്ടോ  അളിയാ..? "
 
"ഒരു വിദ്യ ഉണ്ട്..നീ ക്ലാസ്സിൽ വളരെ ഫേമസ് ആവണം ..!"
 
" അതിപ്പോൾ എങ്ങനെയാ ?പുലികൾ കുറെ ശാലിനിയുടെ പുറകെ ഉള്ളപ്പോൾ ..?"
 
" അതൊന്നും ഒരു വിഷയമല്ല ...നീ നിന്ന് തന്നാൽ മതി.എല്ലാം ഞാൻ ചെയ്യാം "
 
" ശരി "
 
ഒരാഴ്ച കഴിഞ്ഞു .ഉച്ചക്കുള്ള സ്റ്റഡി  ടൈമിൽ ആണ് അത് സംഭവിച്ചത് .
ക്ലാസ്സിലേക്കുള്ള ഒരു കൂട്ടം കത്തുകളുമായി ഒരു ടീച്ചർ  വന്നു .കത്തുകളുടെ കൂട്ടം മേശക്കു മുകളിൽ  വച്ചിട്ട് അദ്ദേഹം പോയി .
 
കാക്കകൂട്ടത്തിൽ കല്ലിട്ട പോലെ കുട്ടികൾ മേശ വളഞ്ഞു .
തങ്ങള്ക്കായി  കത്തുകൾ വല്ലതും ഉണ്ടോ എന്ന് അവർ ആകാംക്ഷയോടെ പരതി  നോക്കി . കത്ത് ലഭിച്ചവരുടെ മുഖത്ത് സന്തോഷം ലഭിക്കാത്തവരുടെ മുഖത്താകട്ടെ നിരാശയും .!
ഈ തിരക്കിൽ പോയി തിരയാൻ പക്ഷെ കുഞ്ചാക്കോ ബോബന് താത്പര്യമില്ലായിരുന്നു . തന്റെ പ്രാണസഖി ശാലിനിയെ നോക്കി അയവിറക്കി അദ്ദേഹം ബാക്ക് ബെഞ്ചിന്റെ മൂലയിൽ ഒതുങ്ങി കൂടി .


 മേശക്കു ചുറ്റും കൂടി നിന്നവരിൽ ഒരാൾ  വിളിച്ചു പറഞ്ഞതു കേട്ടാണ് ബോബൻ  അങ്ങോട്ട്‌   ചെന്നത് .


" ഡാ നിനക്ക് എഴുത്തുണ്ട് "

"ആരാ ..?"  ആകാംക്ഷയോടെ കുഞ്ചാക്കോ തിരക്കി .

നല്ല ഭംഗിയുള്ള ആ കവർ മറിച്ച് നോക്കി അവൻ പറഞ്ഞു 

"പുറകിൽ  ഒപ്പ് മാത്രമേ ഉള്ളു "

"ഇങ്ങു താ ..." കുഞ്ചാക്കോ കവർ പിടിച്ചു വാങ്ങി . കവർ തുറന്നതും അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി .

" ഡാ എനിക്ക് മറുപടി വന്നു ...കുഞ്ചാക്കോ ബോബന്റെ മറുപടി വന്നു! ."

അവൻ കത്തെടുത്തു പിള്ളേരെ കാണിച്ചു . സ്വന്തം കൈപ്പടയിൽ ഒറിജിനൽ കുഞ്ചാക്കോ ഒരു ഫോട്ടോ അയച്ചു കൊടുത്തിരിക്കുന്നു .

"നോക്കട്ടെ "  പെണ്‍കുട്ടികൾ അവന്റെ കയിൽ നിന്നും ഫോട്ടോ വാങ്ങി നോക്കാൻ തുടങ്ങി .
പക്ഷെ ശാലിനി മാത്രം നോക്കിയില്ല .

അവസാനം തിരക്കൊഴിഞ്ഞപ്പോൾ അവൾ അവന്റെ അടുത്ത് വന്നു 

"എനിക്കും കാണിച്ചു തരുമോ ആ ഫോട്ടോ ?"

അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ." ഒരു രാജമല്ലി വിടരുന്ന പോലെ " എന്നാ ഗാനം ബാക്ക്ഗ്രൌണ്ടിൽ ആരോ പ്ലേ ചെയ്യുന്നത് പോലെ അവനു തോന്നി .

"ഇതാ ..വേണെങ്കിൽ എടുത്തോളൂ..?"

"വേണ്ട ...കണ്ടാൽ മതി ..നീ തന്നെ വച്ചോ..."

ഫോട്ടോ നോക്കിയിട്ട് ശാലിനി അവളുടെ പാട്ടിനു പോയി .

ശാലിനിയുടെ മുൻപിൽ ഫേമസ് ആകാൻ കഴിഞ്ഞത്തിൽ അവൻ വികാരഭരിതനായി .

പെട്ടെന്നാണ് പുറകിൽ നിന്നും ഹരിശ്രീ അശോകാൻ രംഗ പ്രവേശം ചെയ്തത് 

"എങ്ങനെ ഉണ്ട് എന്റെ ഐഡിയ ? ചിറങ്കര സ്റ്റുഡിയോ യിൽ നിന്നും ആ ഫോട്ടോ കിട്ടാൻ ഞാൻ കുറച്ചു പാട് പെട്ടു !"         അശോകൻ പറഞ്ഞു .

"വാട്ട്‌ ആൻ ഐഡിയ സർ ജീ? "-അവൻ സന്തോഷത്തോടെ അശോകനെ കെട്ടി പിടിച്ചു ...


ഒരു സിനിമാതാരത്തിന്റെ എഴുത്ത് വന്നത് സ്കൂൾ മൊത്തം പാട്ടായി .
തൊട്ടപ്പുറത്തെ ക്ലാസ്സിലെ ചില കോപ്പന്മാര്ക്ക് ഇത് കേട്ട കലി  കയറി .ഇതിൽ പ്രമുഖനായിരുന്നു മിസ്റ്റർ പെരേര !

"അവന്മാർ വെറുതെ പറ്റിക്കുന്നതാ .." മിസ്റ്റർ പെരേര പറഞ്ഞു .
 
" നമുക്കും ഇത് പോലെ ഒന്ന് എല്ലാരേം പറ്റിക്കണം .അവൻ നടന്മാരുടെ ഫോട്ടോ വരുത്തിയെങ്കിൽ നമ്മൾ നടിമാരുടെ ഫോട്ടോ വരുത്തും " കൂട്ടുകാരൻ റോബർട്ട്‌ ,പെരേരയെ പിൻ താങ്ങി .
 
" നമുക്ക് മഞ്ജു വാര്യർക്ക് കത്തെഴുതി നോക്കാം ..ചിലപ്പോൾ  ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ?"
 
" ശരി അങ്ങനെ തന്നെ ചെയ്യാം "

അങ്ങനെ പെരേരയും റോബർട്ടും  കൂടെ 75 പൈസയുടെ ഇൻലന്റിൽ മഞ്ജൂ വാര്യർക്ക് കത്ത് എഴുതി .


"
 പ്രിയപ്പെട്ട ചേച്ചിക്ക് ,

ഞാൻ ചേച്ചിയുടെ ഒരു വലിയ ആരാധകൻ ആണ്  .
ചേച്ചിയുടെ എല്ലാ പടവും ഞാൻ മുടങ്ങാതെ കാണാറുണ്ട് .
ചേച്ചിയുടെ അഭിനയം ഗംഭീരം .
ഇനിയും ഒരു പാട് നല്ല റോളുകൾ ചെയ്യാൻ കഴിയട്ടെ എന്ന്  ആശംസിക്കുന്നു .
പറ്റുമെങ്കിൽ ചേച്ചിയുടെ കയ്യൊപ്പോടു കൂടിയ ഒരു ഫോട്ടോ എനിക്ക് അയച്ചു തരണം (പറ്റുമെങ്കിൽ മാത്രം !)


വിനീതപുർവ്വം ,

മിസ്റ്റർ പെരേര (ഒപ്പ്)
ക്ലാസ്സ്‌ 10 എ 
ജവഹർ നവോദയ വിദ്യാലയം, 
മായന്നൂർ പി ഒ ,
തൃശൂർ ജില്ല 
പിൻ  679105


"

റോബർട്ടിന് തന്റെ പേര് വക്കുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല . അത് കൊണ്ടാണ് പെരേര സ്വന്തം പേര് വച്ചത്.
എന്തായാലും കത്ത് പോസ്റ്റ്‌ ചെയ്യേണ്ട ചുമതല റോബര്ട്ടിനായിരുന്നു .
അദ്ദേഹം അത് ഭംഗിയായി നിർവഹിച്ചു .

ആഴ്ചകൾ കടന്നു പോയി . ഒരു വെള്ളിയാഴ്ച ദിവസം, ഉച്ചയ്ക്ക്  ,ചാക്കോ സർ ഇംഗ്ലീഷ് ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു .
"ക്ലാസ് 10 എ" - ഒരു പാട് മഹാന്മാര് പഠിച്ചിരുന്ന ഈ ക്ളാസ്സിനോട് സാറിന് ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു .അത് കൊണ്ട് തന്നെ എഴാം ക്ലാസ് മുതൽ ഇന്ന് വരെ ഇതേ ബാച്ചിന്റെ ക്ലാസ് ടീച്ചർ  ആയി അദ്ദേഹം തുടർന്നു പോന്നു  . ക്ലാസ് എടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം കുട്ടികളോട് ബുക്ക്‌ വായിച്ചു ഇരുന്നോളാൻ ആവശ്യപ്പെട്ടു  .
എന്നിട്ട് ഏതോ ഉത്തരക്കടലാസ് നോക്കാൻ ആരംഭിച്ചു .
ഈ സമയത്താണ് പ്യുണ്‍ സാജുവേട്ടന്റെ വരവ് !.കയ്യിൽ  കുറച്ചു കത്തുകളുമായി വന്ന സാജുവേട്ടൻ അത് ചാക്കോ സാറിനു നല്കി.
കുട്ടികൾക്കുള്ള എഴുത്തുകൾ ആണ് .
ചാക്കോ സർ അത് മേശയുടെ മേൽ എടുത്തു വച്ച് , ചെയത്  കൊണ്ടിരുന്ന ജോലി തുടർന്നു .
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഉത്തരക്കടലാസ് മൂല്യ നിർണയം സമാപിച്ചു .
മിസ്റ്റർ പെരേരയും സംഘവും ആകട്ടെ, ക്ലാസ്സിൽ ബുക്ക്‌ വായനയുടെ തിരക്കിൽ ആണ് .
ഇരുന്നു ബോർ അടിച്ച ചാക്കോ സർ കത്തുകൾ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി.

പെട്ടെന്നാണ് ഒരു വെള്ള കടലാസ്സ്‌ മുകളിൽ  ഒട്ടിച്ച നീല ഇൻലന്റ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത് .
മിസ്റ്റർ പെരേരയുടെ അഡ്രസ്‌ ആയിരുന്നു അതിൽ ഉണ്ടായിരുന്നത് .
വെള്ളകടലാസിൽ ഒരു സീൽ കൂടെ ഉണ്ടായിരുന്നു " പോസ്റ്റ്‌ മാസ്റ്റർ ജനറൽ ,തിരുവനന്തപുരം ."

ആകാംക്ഷയോടെ അദ്ദേഹം ഇൻലന്റ് തിരിച്ചു നോക്കി .
ഫ്രം അഡ്രസിന്റെ സ്ഥാനത്ത്  " റെഫ്യൂസ്ട് " എന്നെഴുതിയിരിക്കുന്നു .
അദ്ദേഹം ഇൻലന്റ് തുറന്നു വായിച്ചു .നോക്കുമ്പോൾ പെരേരയുടെ എഴുത്താണ് ! .

ഉടൻ അദ്ദേഹം പെരേരയെ അടുത്ത് വിളിച്ചു എന്നിട്ട്‌ കത്ത് മുഴുവൻ വായിച്ചു കേള്പ്പിച്ചതിന് ശേഷം ചോദിച്ചു . 

" ശെ ..എന്താടോ...എന്താ കുട്ടി  ഇങ്ങനെ ഒക്കെ ചെയ്യുന്നത് ?"
 
പെരേര ഒന്ന് ചമ്മി . സന്ദർഭം വിശദീകരിച്ചു കൊടുത്തെങ്കിലും അദ്ദേഹം വിശ്വസിക്കുന്നില്ല.

" എന്താടോ ഇങ്ങനെ ഒക്കെ ..മോശം അല്ലെ?
അവരാണെങ്കിൽ കത്ത് റെഫ്യൂസും ചെയ്തു ..!" 


എന്തായാലും ആ സംഭവം അദ്ദേഹം സ്കൂൾ മുഴുവൻ പാട്ടാക്കി .
അങ്ങനെ പെരേരക്ക് എട്ടിന്റെ പണി തന്നെ കിട്ടി .

സത്യത്തിൽ അന്ന് കുറ്റം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആയിരുന്നു .
പെരേര കത്ത് അയച്ചു ഒരാഴ്ചക്കുള്ളിൽ ഇന്ലന്റിന്റെ വില 75 പൈസയിൽ നിന്നും ഒരു രൂപയായി അവർ ഉയർത്തി .
കത്ത് മഞ്ജു വാര്യർക്ക് കിട്ടുന്നതിനു മുന്പ് അതിന്റെ വില ഒരു രൂപയായി എന്ന് സാരം .
പരിചയമില്ലാത്ത ഒരാൾ കൂലിക്കത്ത് അയച്ചാൽ ആരെങ്കിലും സ്വീകരിക്കുമോ ?
അങ്ങനെ മഞ്ജു ,പെരേരയുടെ കത്ത് തഴഞ്ഞു .മനസ്സില്ലാ മനസ്സോടെ..!
ഫ്രം അഡ്രസ്‌ എഴുതാത്തത് കൊണ്ട് കത്ത് നേരെ പോസ്റ്റ്‌ മാസ്റ്റർ ജനറൽ സാറിനു പോയി .
അദ്ദേഹം കത്ത് പൊട്ടിച്ചു  വായിച്ചു നോക്കി. അതിനകത്ത് എഴുതിയ മേൽ വിലാസത്തിലേക്ക് തിരിച്ചയച്ചു .
കത്തിന്റെ കൂലി സ്കൂൾ ഓഫീസിൽ നിന്നും കൊടുത്തു കാണണം.എന്തായാലും അത് പെരേരക്ക്  കൊടുക്കേണ്ടി വന്നില്ല !




പതിനഞ്ചു വർഷങ്ങൾ കടന്നു പോയി .....!

റോബർട്ട്‌ ഇന്ന് ജീവിച്ചിരിപ്പില്ല .വിധി അദ്ദേഹത്തെ നേരത്തെ വിളിച്ചു .
ശാലിനി ഏതോ അജിത്തിനെ കല്യാണം കഴിച്ചു .
മിസ്റ്റർ പെരേരയും വിവാഹിതനാണ് .ഒരു കുഞ്ഞിന്റെ അച്ഛനുമാണ് .
ഹരിശ്രീ അശോകൻ പുതിയ വീട് പണിയുടെ തിരക്കിലാണ് !ബിസിനസ്സും ,ഫോണ്‍  വിളിയും ,ഫേസ്ബുക്കും ഒരുമിച്ചു കൊണ്ട് പോകാൻ പാട് പെടുന്നു അയാൾ !
+2 കഴിയുന്നത്‌ വരെ നിശബ്ദ പ്രണയം കാത്തു സൂക്ഷിച്ച കുഞ്ചാക്കോ ബോബന് ഇന്ന് പേര് ജയകൃഷ്ണൻ എന്നാണ് ! "മണ്ണാർതൊടിയിലെ ജയകൃഷ്ണൻ !"
പുതിയ ഒരു പ്രണയ കഥയിലെ നായകനായി അദ്ദേഹം കടലിന്നക്കരെ ജീവിക്കുന്നു .

പത്താം ക്ലാസ്സിൽ " എ ലെറ്റർ റ്റു ഗോഡ് " എന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ ഇപ്പോളും ചാക്കോ സർ പെരേരയുടെ കഥ പറയാറുണ്ട് എന്നാണ് കേട്ടത്.
അത് സത്യമാണോ എന്നറിയില്ല, എങ്കിലും  കഴിഞ്ഞ ആഴ്ച, പഴയ സ്കൂൾ സന്ദര്ശിക്കാൻ പോയ പെരെരയോടു ചാക്കോ സർ ചോദിച്ചത്രേ!...

" എന്താടോ ..ഇപ്പോളും മഞ്ജു വാര്യർക്ക്  കത്ത് എഴുതാറുണ്ടോ..?"

പഴയ ഒരു ചമ്മലോടെ വീണ്ടും ചിരിച്ചു നമ്മുടെ സ്വന്തം പെരേര !





----------------------------------------------------------------------------------------------------------------------------------------------------------------------------



നോട്ട്: ഈ ബ്ലോഗിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം മാത്രമാണ് .
നിത്യജീവിതത്തിലെ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് വെറും തോന്നൽ മാത്രമാണ് ..!
എന്തായാലും അഭിപ്രായങ്ങൾ ലൈക്കിൽ ഒതുക്കാതെ അറിയിക്കുക !














 



 
 

Thursday 9 May 2013

ഹിസ്റ്ററി




ഞാൻ മുരുകേശൻ സാറെ ആദ്യം കാണുന്നത് ഒമ്പതാം ക്ലാസ്സിൽ ഒരു  സ്റ്റഡി ടൈമിലാണ് .
അദ്ദേഹം അന്ന് ജോയിൻ ചെയ്തതെ ഉള്ളു . അന്നത്തെ കാലത്ത് സ്റ്റഡി ടൈം എന്ന് പറഞ്ഞാൽ ഭയങ്കര സംഭവം ആണ് . പാട്ടും കൂത്തും ബഹളവും ഒത്തിണങ്ങിയ സമയം.ഇനി ഇതൊന്നുമില്ലെങ്കിൽ എല്ലാവരും കൂടി ചേർന്നിരുന്നുള്ള സിനിമാ കഥ പറയലോ ,നാട്ടു കാര്യം പറച്ചിലോ ഒക്കെ ആവും. ആകെ പഠിപ്പിനു വേണ്ടി ചിലവഴിക്കുന്നത് വളരെ കുറച്ചു നേരം മാത്രം .  അതും, നോട്ട് എഴുതലാണ് മുഖ്യം . ഇതിനും  പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിരുന്നു . ആരെങ്കിലും നോട്ട് എഴുതുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ പേര് കൂടി അത് കാർബണ്‍  പേപ്പർ വച്ച് പകർത്തി എടുക്കും. അങ്ങിനെ വർഷാവസാനം നോട്ട് ബുക്ക്‌ എടുത്തു നോക്കിയാൽ നല്ല അവിയൽ പരുവത്തിൽ പലതരം കയ്യക്ഷരങ്ങൾ കാണാം. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ ആണ് മുരുകേശൻ സര്‍ ട്രാൻസ്ഫർ ആയി നമ്മുടെ സ്കൂളിൽ വരുന്നത് . ആദ്യം തന്നെ അദ്ദേഹത്തിന് ലഭിച്ചത് സ്റ്റഡി ഡ്യുട്ടിയും . അന്ന് സ്റ്റഡി ടൈമിൽ മുരുകേശൻ സര്‍ കടന്നു വന്നപ്പോൾ നല്ല ഒരു ഗാനമേള നടന്നു കൊണ്ടിരിക്കയായിരുന്നു . ഡെസ്കിൽ മുട്ടിയും ഗ്ലാസ്സിലും പ്ലേറ്റിലും തട്ടിയും നല്ല ബേസും  ട്രെബിളും ചേർത്ത് ഉഗ്രൻ ഗാനമേള . അപ്രതീക്ഷിതമായ സാറിന്റെ രംഗ പ്രവേശം ക്ലാസ്സിൽ നിശബ്ദത പടർത്തി . കുറെ കാലം എറണാകുളം ജില്ലയിലെ  നേര്യമംഗലം നവോദയയിൽ ജോലി ചെയ്ത അദ്ദേഹത്തിന് തൃശൂർ  നവോദയ ശരിക്കും ഒരു അദ്ഭുതം തന്നെയായി മാറി . തമിഴ് കലര്ന്ന മലയാളത്തിൽ അദ്ദേഹം പറഞ്ഞു
 "ഇതാണ്ട ണീന്കടെ സ്റ്റഡി ടൈം ?എറണാകുളം നവോദയയിൽ പോയി ണോക്കട ണീങ്കൾ ! ഒരൊറ്റ കുട്ടി നോട്ട് എഴുതുക പോലും ഇല്ല സ്റ്റഡി ടൈമിൽ !എല്ലാവരും പഠിക്കും ! നീങ്കൾ ഇങ്കെ ഗാനമേളയ പണ്ണ്‍രത്..!"?
 അങ്ങിനെ സ്റ്റഡി ഡ്യൂട്ടി കഴിഞ്ഞു അദ്ദേഹം പോയി ."ഇതേതാ പുതിയ അവതാരം? " എന്ന മട്ടിൽ കുട്ടികളും നീങ്ങി.
അടുത്ത ദിവസം ഹിസ്റ്ററി പീരീയഡില്‍ ക്ലാസ് എടുക്കാന്‍ വന്നപ്പോഴാണ്  ഇദ്ദേഹം തങ്ങളെ പഠിപ്പിക്കുന്നുണ്ട് എന്ന കാര്യം പലർക്കും മനസ്സിലാകുന്നത് . വെളുത്ത ഷർട്ടും വയറിനു താഴെ  നീല പാന്റും ധരിച്ച് ,ഷർട്ട്‌ ടക് ചെയ്ത് 45 ഡിഗ്രിയിൽ തല ചെരിച്ചു പിടിച്ചു അദ്ദേഹം കയറി വന്നത് ഞാൻ ഇന്നും ഓർക്കുന്നു . ആദ്യത്തെ ക്ലാസ്സ്‌ തന്നെ അദ്ദേഹം തകർത്തു . പോയിന്റ്സ് പറഞ്ഞു ക്ലാസ്സ്‌ എടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത് . പരീക്ഷയിൽ മാർക്ക്‌ കിട്ടാൻ കഴിയുന്ന ഒരു പാടു വിദ്യകൾ അദ്ദേഹം പഠിപ്പിച്ചു . പോയിന്റ്‌ എഴുതി വേറെ നിറത്തിലുള്ള പേന കൊണ്ടോ പെൻസിൽ കൊണ്ടോ അടിവര ഇട്ടു അതിനു താഴെ ആ പോയിന്റ്‌ വിശദീകരിച്ച്  എഴുതുന്ന രീതി പഠിപ്പിച്ചത് അദ്ദേഹമാണ് . മാർക്ക്‌ കിട്ടാൻ നന്നായി  സഹായിച്ചിട്ടുണ്ട് ഈ രീതി ...അന്നും... ഇന്നും !.
              പക്ഷെ ഈ പണി  അദ്ദേഹത്തിന് തിരിച്ചു  കിട്ടിയത് സിനിമാ കഥയുടെ രൂപത്തിലാണ് . പോയിന്റിനു താഴെ സിനിമ കഥ എഴുതാൻ തുടങ്ങി ചില വിരുതന്മാർ . എന്നിട്ടും മാര്‍ക്കിന് കുറവ് വന്നിട്ടില്ല. ചിലതൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു എന്ന് പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഞങ്ങള്ക്ക് മനസ്സിലായത് .ഒരിക്കൽ ഒരു കള്ള ചിരിയോടെ അദ്ദേഹം പറഞ്ഞു -"നീങ്കൾ പൊയന്റുക്ക് കീഴെ എന്നാ എഴുത്ത് എന്ന് എനക്ക് തെരിയും ..പക്ഷെ പരീക്ഷയിൽ എല്ലാവരും ഇത്രയേ നോക്കാറുള്ളൂ ..! "CBSE പരീക്ഷയിൽ പോലും ഈ അടവ് വിജയിച്ചപ്പോളാണ് അദ്ദേഹം പറഞ്ഞതിന്റെ അർഥം എല്ലാവര്ക്കും മനസ്സിലായത് .
              വെക്കേഷൻ തുടങ്ങുന്നതിനു മുന്പ് അസ്സൈന്‍മെന്റ്  തരുന്ന ഒരു പരിപാടി ഉണ്ട്. ഒരിക്കൽ മുരുകേശൻ സർ  അസ്സൈന്മെന്റ് ആയി ഞങ്ങളോട് ആവശ്യപ്പെട്ടത്‌ കുറച്ചു മാപ്പ്  കൊണ്ട് വരാൻ ആയിരുന്നു . വാങ്ങാൻ കിട്ടുന്ന മാപ്പ് വേണ്ട പകരം സ്വന്തം കൈ കൊണ്ട് വരച്ചത് തന്നെ വേണം . രണ്ടു മാസം സമയം ഉണ്ട് അതിനുള്ളിൽ വരച്ചാൽ മതി .പത്ത്  ഇന്ത്യ മാപ്പ് ,പത്ത് വേൾഡ് മാപ്പ് എന്നിവ വരച്ചു കൊണ്ട് വരണം . സാധാരണ ചെയ്യുന്ന പോലെ തന്നെ വെക്കേഷൻ കഴിഞ്ഞു വന്നപ്പോൾ എല്ലാവരും കൈ വീശി വന്നു . "മാപ്പുമില്ല   ...   കോപ്പുമില്ല! " .
പിറ്റേ ദിവസം ക്ലാസ്സിൽ വന്ന മുരുകേശൻ സർ  അപ്രതീക്ഷിതമായി ചൂടായി . ഒരു ചൂരൽ  വടി കൊണ്ട് അദ്ദേഹം പിള്ളേരെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി .

 " ഡേയ്...ഇരുപത്തി നാൾ മണിക്കൂർ ടൈം തരുവേൻ ..!അതുക്കുളെ മാപ്പ് കൊണ്ട് വന്നില്ലേൽ ...!"
എല്ലാവരും ഭയന്ന് വിറച്ചു അന്ന് രാത്രി സ്റ്റഡി ടൈമിൽ കഷ്ടപ്പെട്ട് ഇരുന്നു മാപ്പ് വരച്ചു . ഇന്ത്യക്ക് ഇത്രയും വൃത്തി കേട്ട ഷേപ്പ് ആണെന്ന് അന്നാണ് ഞാൻ അറിഞ്ഞത് ..!മാപ്പ് പിറ്റേ ദിവസം കാണിക്കാൻ കൊണ്ട് ചെന്നപ്പോൾ സാർ പറഞ്ഞു -
" മാപ്പ് എനക്ക് വേണ്ട .. നീങ്കളെ വച്ച് കോൾ !" .
 മാപ്പ് കൊണ്ട് വരാൻ പറഞ്ഞതിന് പിന്നിലെ കാര്യം അദ്ദേഹം പറഞ്ഞു തന്നു . സത്യത്തിൽ പത്താം ക്ലാസ്സിൽ മാപ്പ് വര്ക്കിനു 10 മാർക്ക്‌ ഉണ്ടെന്നും അതിനു വേണ്ടി ഇപ്പോഴേ പരിശീലിപ്പിക്കാനാണ് മാപ്പ് കൊണ്ട് വരാൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു .  അദ്ദേഹം ഇടക്ക് ഇടക്ക് മാപ്പ് വര്ക്ക് തരുമായിരുന്നു . ആദ്യോക്കെ രസം ആയിരുന്നു പിന്നെ പിന്നെ സംഗതി മുറുകി മുറുകി വന്നു .
          മാപ്പ് വര്ക്ക് മൂര്‍ദധന്യാവസ്ഥയില്‍ എത്തിയത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് .
എല്ലാ ഹിസ്റ്ററി പിരിഡിലും ഓരോ മാപ്പ് തൂക്കി വരാൻ തുടങ്ങി അദ്ദേഹം . എന്നിട്ട് ഓരോരുത്തരെ വിളിച്ചു ഓരോരോ സ്ഥലങ്ങൾ  ലൊക്കെറ്റ്   ചെയ്യാൻ പറയും . കിട്ടിയില്ലെങ്കിൽ പൊരിഞ്ഞ ഇടി കിട്ടും .അതും  കുനിച്ചു നിര്ത്തിയിട്ട് . ! .
ഒരിക്കൽ സർ  ക്ലാസ്സിലെ താരം ആയിരുന്ന സതീഷിനെ വിളിച്ചു
         
              " സതീഷ്‌ ഇങ്ക വാ മോനെ...! നീ ഡെന്മാര്ക്ക് ലൊക്കേറ്റ് പണ്ണ് ..!"
സകല ദൈവങ്ങളെയും മനസ്സില് ധ്യാനിച്ച് വായുവിൽ കൈ ഒന്ന് കറക്കി സതീഷ്‌ മാപ്പിൽ ഒരു കുത്ത് കുത്തി ,
പക്ഷെ ദൈവം കനിഞ്ഞില്ല കുത്ത് കടലില്‍ ആയി പോയി . പിന്നെ ഞങ്ങൾ കേട്ടത്  കുറച്ചു ശബ്ദങ്ങൾ  മാത്രമാണ് .
"ഠം  ധിം  ടും ..പ്ടോം " ദാ കിടക്കുന്നു സതീഷ്‌ ഒരു പടം പോലെ മണ്ണിൽ  !

പിന്നെയും മാപ്പ് പരിപാടി തുടര്‍ന്ന് കൊണ്ടിരുന്നു . കുറെ നേരം പിള്ളേരെ തല്ലി കഴിഞ്ഞപ്പോള്‍ മടുത്തു തുടങ്ങിയ അദ്ദേഹം സതീഷിനെ വിളിപ്പിച്ചു മെസ്സ് ഹാളില്‍ നിന്നും കുടിക്കാന്‍ കുറച്ചു വെള്ളം കൊണ്ട് വരാന്‍ ആവശ്യപെട്ടു . സതീഷ്‌ പെട്ടെന്ന് തന്നെ പോയി വെള്ളം കൊണ്ട് വന്നു . അപ്പോള്‍ അദ്ദേഹം ചോദിച്ചു 

" സതീഷേ മോനെ..നല്ല വെള്ളം ആണോ..അതോ നീ തുപ്പിയിരുക്ക ?" 
" ഇല്ല സര്‍ നല്ല വെള്ളം ആണ് "  ഒരു ചമ്മിയ ചിരിയോടെ സതീഷ്‌ പറഞ്ഞു

അക്കാലത്ത് നില നിന്നിരുന്ന ഒരു സ്ഥിരം പരിപാടി ആയിരുന്നു തുപ്പി വെള്ളം കൊടുക്കല്‍ !
പിള്ളേരെ കൊണ്ട് വെള്ളം കൊണ്ട് വരുത്തുന്ന രീതി പണ്ട് സീനിയെര്സിനു ഉണ്ടായിരുന്നു . ഇതിനു പ്രതികാരം എന്നോണം വെള്ളം കൊണ്ട് കൊടുക്കുന്നതിനു മുമ്പ് ചില വിരുതന്മാര്‍ അതില്‍ തുപ്പി ഇടും . എന്തായാലും ഈ പരിപാടി നേരത്തെ മനസ്സിലാക്കിയിരുന്നു മുരുകേശന്‍ സര്‍ ...! 

അദ്ദേഹം നല്ല നര്‍മ ബോധമുള്ള ഒരു മനുഷ്യന്‍ കൂടി ആയിരുന്നു . അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരു പാട് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ !
ഒരിക്കല്‍ സ്കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു . വിശിഷ്ടാതിഥി മായന്നൂര്‍ പള്ളി വികാരി . നല്ലൊരു ക്രിസ്മസ് ആയിരുന്നു അത് . എല്ലാം കഴിഞ്ഞു കുട്ടികള്‍ക്ക് കുമ്പസരിക്കാനും അവസരം ലഭിച്ചു . പള്ളി വികാരി കേക്ക് മുറിച്ചു കൊണ്ടാണ് പരിപാടി ഉദ്ഘാടിച്ചത്..! . അടുത്ത ഐറ്റം ക്രിസ്മസ് കാരോള്‍ ഡാന്‍സ് . 
 "ക്രിസ്മസ് രാവുദിച്ച നാളില്‍ പുല്‍ക്കൂട്ടില്‍ ഭൂജാതനായി " എന്ന ഗാനത്തിന് ചുവടു വച്ച് നളന്ദ ഗേള്‍സ്‌ അരങ്ങേറ്റം കുറിച്ചു. പക്ഷെ അടുത്ത ഹൌസ് വന്നപ്പോളേക്കും  മുക്കാല മുക്കാബലയുടെ പാരഡി ആയ . " യേശുവേ...ഈശോയെ...സ്തോത്രം .." എന്ന പാട്ട് വച്ച് വര്‍ണ്ണ ശബളമായ മിഡിയും ടോപും ധരിച്ചുള്ള ബ്രേക്ക്‌ ഡാന്‍സ് ആയി മാറി . പിന്നാലെ വന്ന ബാക്കി ടീമുകളും ഒട്ടും കുറച്ചില്ല . പുതിയ ഹിന്ദി തമിഴ് ഗാനങ്ങളുടെ പാരഡി വച്ച് തന്നെ കളിച്ചു .   ഗാനങ്ങള്‍ കേട്ട് പള്ളി വികാരി ഞെട്ടി കുരിശു വരച്ചു എന്ന് തോന്നുന്നു  !

അടുത്ത ദിവസം ക്ലാസ്സില്‍ വന്ന മുരുകേശന്‍ സര്‍ പറഞ്ഞു .

"നീങ്കള്‍ ഡാന്‍സ് എല്ലാം സൂപ്പര്‍ .. ആനാല്‍ കീഴെ ഒരു ഫാനിന്റെ കുറവ് ഉണ്ടായിരുന്നു ."എന്ത ചെയ്യണേ നിങ്ങള്‍ ..? രംഭാക്കും നഗ്മാക്കും പഠിക്കാണോ ?
അയ്യയ്യേ വളരെ മോശം ...ദയവു ചെയ്ത് ഇന്ത മാതിരി ബ്രേക്ക്‌ ഡാന്‍സ് ഇനി കളിക്കരുത് !"   ഈ കമന്റ് ക്ലാസ്സില്‍ കൂട്ട ചിരി ഉയര്‍ത്തി . 

എന്തായാലും ആ ഒരു സംഭവത്തിന്‌ ശേഷം സെന്‍സര്‍ ബോര്‍ഡ് നിലവില്‍ വന്നു . എല്ലാ ഡാന്‍സും ടീച്ചേര്‍സ് സെന്‍സര്‍ ചെയ്തെ കളിയ്ക്കാന്‍ സമ്മതിക്കു ..ബ്രേക്ക്‌ ഡാന്‍സ് പറ്റില്ല..! പിള്ളേരുടെ ആ കഷ്ട കാലം  പക്ഷെ രണ്ടു കൊല്ലം മാത്രമേ നില നിന്നുള്ളൂ ..അതിനു ശേഷം അത് ഞങ്ങൾ പൊളിച്ചടുക്കി ..!


ഇങ്ങനെ ഒത്തിരി ഒത്തിരി തമാശകള്‍ ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ ...പലതും എനിക്കോര്‍മയില്ല ..എഴുതിയ ഓര്‍മകളില്‍ പലതിലും ചെറിയ ചെറിയ തെറ്റുകളും ഉണ്ട് . !
എങ്കിലും മികച്ച ഒരു അധ്യാപകനെ നിങ്ങളുടെ മനസ്സിലേക്ക് കൊണ്ട് വരാന്‍ ഒരു എളിയ ശ്രമം നടത്താന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു .!







Tuesday 16 April 2013

ഭരതിണ്ട


ഭരത് ലാൽ  മീണ എന്നൊരു സഹപാഠി ഉണ്ടായിരുന്നു ഒരു കാലത്ത് . ജന്മദേശം രാജസ്ഥാൻ . രൂപം വർണ്ണിക്കുകയാണെങ്കിൽ - പൂച്ചയുടെ പോലുള്ള  കണ്ണുകൾ, ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നതെങ്കിലും പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിയെക്കാൾ വലിയ ശരീര ഘടന , മുഖത്തും കയ്യിലുമെല്ലാം  അങ്ങിങ്ങായി കറുത്ത കുത്തുകൾ ,   ചെമ്പ് നിറത്തിലുള്ള കോലൻ മുടികൾ കടുകെണ്ണതേച്ച് ഇടതു ഭാഗത്തേക്ക്‌ ചീകി ഒതുക്കി വച്ചിരിക്കുന്നു . മുഷിഞ്ഞു നാറിയ വെളുത്ത യൂണിഫോമിന്റെ നിറം മാറി ബ്രൌണ്‍ കളർ  ആകാൻ തുടങ്ങിയിരിക്കുന്നു എങ്കിലും ദേഹത്ത് നിന്നും അഴിച്ചു മാറ്റിയിട്ടില്ല.  എന്നാൽ ഇദ്ദേഹത്തിന്റെ സ്വഭാവം മാത്രം ഇങ്ങനെ ആയിരുന്നില്ല . പകരം വളരെ വളരെ മോശമായിരുന്നു
 
 
              ഇങ്ങനെയുള്ള ഈ മനുഷ്യന് മലയാളി പെണ്‍കുട്ടികളെ കാണുന്നതും  വളരെ ഇക്കിളി പെടുത്തുന്ന ഒരു കാര്യമായിരുന്നു. ഒരു പെണ്ണിനെ പോലും കമന്റ് അടിക്കാതെ  ഇദ്ദേഹം വിടാറില്ല . കളി കൂടി കൂടി ക്ലാസ്സിൽ വരുന്ന ലേഡി ടീച്ചേഴ്സിനെ കൂടി കമന്റ് അടി തുടങ്ങി മഹാൻ  . ടീച്ചർമാർ ക്ലാസ് എടുക്കുമ്പോൾ "ഒയ് ചോരി .. ഒയ് ചോരി " എന്നീ  വഷളൻ കമന്റുകൾ ഇവനും കൂട്ടുകാരും കൂടി പാസ്സാക്കും . ഒരു ദിവസം ഇവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ഒരു ടീച്ചർ "ഓൾ രാജസ്ഥാനി സ്റ്യൂടന്റ്സ് ഗെറ്റ് ഔട്ട്‌ ഫ്രം ദ  ക്ലാസ്സ്‌ " എന്ന് പറഞ്ഞു . ഇത് കേട്ടതും ഇവരുടെ വർഗ സ്നേഹം പുറത്തു ചാടി . കൂട്ടത്തിൽ ഉള്ള വിഷ്ണു എന്ന് പേരുള്ള ഒരു പയ്യന് അടുത്ത് ചെന്ന് ടീച്ചറിനോട് ചൂടായി 
 " ക്യോം മേഡം ക്യോം ...? സിർഫ് രാജസ്ഥാനിയോം കോ ക്യോം നികാല്തി  ഹോ ആപ്..? ഹം  നഹിം ജായേന്ഗെ..!" 
 
"നിങ്ങൾ പോയില്ലെങ്കിൽ ഞാൻ പോകും !"
 
 എന്ന് പറഞ്ഞു ടീച്ചർ  ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി  . നഷ്ടം ഞങ്ങള്ക്ക് ...ഈ പൊട്ടന്മാർ ഒമ്പതാം ക്ലാസ്സിൽ ഒരു വര്ഷത്തെ പഠനത്തിനു മാത്രം വന്നതാണ്‌ . അത് കഴിഞ്ഞാൽ  അവർ അവരുടെ നാട്ടിലേക്ക്  തിരിച്ചു പോകും .
ദിവസങ്ങൾ കഴിയുന്തോറും ഇവരുടെ ശല്യം  കൂടി കൂടി വന്നു . ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറകിൽ  നിന്നും വന്നു ഞോണ്ടി അടി ഉണ്ടാക്കാൻ വരെ തുടങ്ങി ഇവന്മാർ. വലുപ്പം കൊണ്ട് അന്നത്തെ കാലത്ത് ഞങ്ങളുടെ ഇരട്ടിയുണ്ട് ഓരോ രാജസ്ഥാനികളും .അത് കൊണ്ട് നേരിട്ട് തിരിച്ച് അടിക്കാൻ പേടി ആണ് . ആകെ രക്ഷ "പഴശ്ശിയുടെ യുദ്ധം" മാത്രം . ഇതിൽ കേമൻ എന്റെ സുഹൃത്ത് ജിനോയ് ആയിരുന്നു . ഒരിക്കൽ ദേഷ്യം വന്നപ്പോൾ ഭരതിന്റെ ഷർട്ട്‌ എടുത്തു കൊണ്ട് പോയി കക്കൂസിന്റെ ക്ലോസേറ്റ് ക്ലീൻ ചെയ്തു അവൻ . എന്നിട്ട് അത് തിരികെ ഭരതിന്റെ ബാഗിൽ കൊണ്ട് വന്നിട്ടു  .
പിറ്റേന്ന് ആ കാഴ്ച കണ്ടു ഞങ്ങൾ ഞെട്ടി . അതെ.. ആ  ഷർട്ടും ധരിച്ച് ഭരത് അതാ നടക്കുന്നു ...!
 
 
                    അങ്ങിനെ ആ കൊല്ലത്തെ ഓണം വന്നെത്തി . സാധാരണ ഓണത്തിന് കിട്ടുന്നത് ആകെ മൂന്നു ദിവസത്തെ അവധി മാത്രമാണ് . എന്നാൽ ഇതിനും പ്രിൻസിപ്പൽ ബാലൻ സാർ  ഒരു വ്യവസ്ഥ വച്ചിരുന്നു . ഒമ്പതാം ക്ലാസ്സിലെ രാജസ്ഥാനികളെ മുഴുവൻ അവരുടെ ക്ലാസ്സിലെ മലയാളി കുട്ടികൾ അതിഥികളായി വീട്ടില് കൊണ്ട് പോകണം . ഇല്ലെങ്കിൽ ഓണത്തിന് അവധി തരില്ല . ഓണത്തിനുള്ള മൂന്നു ദിവസത്തെ അവധി കളയണ്ട എന്ന് കരുതി ടീച്ചർമാർ തന്നെ മുന്നോട്ടു വന്നു ഓരോരുത്തര്ക്ക് ഓരോ രാജസ്ഥാനികളെ വീതം ഏല്പിക്കും . അങ്ങിനെ ക്ലാസ് ടീച്ചർ ചാക്കോ സർ വന്നു ഒരു ലിസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി .അപ്പോൾ ഭരതിന്റെ  അടുത്ത് ഇരുന്ന ജോമോൻ  അവനോടു പറഞ്ഞു . 
 
"തുംകോ കോയീ നഹി ലേ  ജായേഗ ! " 
 
ഭരതിന്  വിഷമം ആയെന്നു തോന്നുന്നു . അവൻ ഒന്നും മിണ്ടിയില്ല .
നല്ലവരായ രാജസ്ഥാനികളെ  എല്ലാം വളരെ പെട്ടെന്ന് ഓരോരുത്തർ എടുത്തു .  നമ്മുടെ ഭരതിനെ മാത്രം ആരും എടുത്തില്ല  . അപ്പോൾ ചാക്കോ സാർ ഭരതിനോട് ചോദിച്ചു
 
" കിസ്ക സാഥ്  ജാനാ  ഹേ  തെരെ കോ ?"
 
" സർ  മേം ഇസ്ക സാഥ് ജായേഗ "-അടുത്ത്  ഇരുന്ന ജോമോനെ ചൂണ്ടി ഭരത് പറഞ്ഞു .
 
പാവം ജോമോൻ ! അപ്രതീക്ഷിതമായ ആ ഉത്തരം കേട്ട് ഞെട്ടി . പക്ഷെ ചാക്കോ സർ തീരുമാനിച്ചു കഴിഞ്ഞു . സർ പറഞ്ഞു.
 
 "ജോമോൻ..  നീ അവനെ കൊണ്ട് പോയെ തീരൂ ... അവന്റെ ആഗ്രഹം ആണ് !"
 
മറ്റു പോം വഴി ഒന്നുമില്ലാതെ ജോമോൻ  സമ്മതിച്ചു .
 
                                                            അങ്ങനെ മൂന്നു ദിവസം ജോമോന്റെ വീട്ടിൽ പോയി ഭരത് തിരിച്ചു വന്നു. വീട്ടില് വച്ച് ഒരു പാവം ആയി അവൻ അഭിനയിച്ചുവെങ്കിലും തിരിച്ചു വന്നപ്പോൾ അവന്റെ മട്ട്  മാറി . ജോമോന്റെ വീടിനെ കുറിച്ചും നാടിനെ കുറിച്ചുമെല്ലാം കളിയാക്കാൻ തുടങ്ങി മൂപ്പർ !
ഇതോടു കൂടി ഇവൻ ഞങ്ങളുടെ ഒരു നോട്ടപുള്ളി ആയി മാറി . ഭരതിനെ ഞങ്ങളുടെ ജൂനിയേർസ്‌ വിളിച്ചിരുന്നത്‌ "ഭരതെണ്ടി" (ഭരത് + തെണ്ടി )എന്നായിരുന്നു .മലയാളം അറിയില്ലെങ്കിലും എന്തോ ഒരു ചീത്ത വാക്കാണ്‌ തന്നെ കുട്ടികൾ വിളിക്കുന്നത് എന്നവനു മനസ്സിലായി. പലരോടും ഇതിന്റെ അർഥം ചോദിച്ചു നോക്കിയെങ്കിലും ആരും പറഞ്ഞു കൊടുത്തില്ല . വീണ്ടും നമ്മുടെ നായകൻ  പഴയ ഫോമിൽ തിരിച്ചു വന്നു . ഇത്തവണ പക്ഷെ നേരിട്ട് പിള്ളേരുമായി അടി ഉണ്ടാക്കിയിട്ടായിരുന്നു വരവ് . അങ്ങനെ സഹി കെട്ടപ്പോൾ ഞങ്ങൾ തിരിച്ചു തല്ലാൻ തീരുമാനിച്ചു .
 
 
                                                           അന്നൊരു ഞായർ  ആഴ്ച ആയിരുന്നു . ഉച്ചക്ക് അസ്സെംബ്ലി ഹാളിൽ ആണ് ഭക്ഷണം . ഭക്ഷണത്തിനു ലൈനിൽ നിൽക്കാത്തതിന്റെ   പേരില്  അന്നത്തെ ഫുഡ് സെർവിംഗ്  ടീമുമായി ഭരത് ചെറിയ ഒരു കശ പിശ  ഉണ്ടാക്കി . ഒരു കാരണം കാത്ത് നില്ക്കുകയായിരുന്ന ഞങ്ങൾ എല്ലാവരും കൂടെ അവനെ എടുത്തു നല്ല ചാമ്പ് ചാമ്പി . അടി തടുക്കാൻ ഓടി വന്ന ബാക്കി രാജസ്ഥാനികൾക്കും കിട്ടി നല്ല ഇടി . അതോടെ ഞങ്ങളുടെ ഇരട്ടി വലിപ്പം ഉള്ള അവന്മാര് എല്ലാം കൂടെ വന്നു ഞങ്ങളെ തല്ലാൻ തുടങ്ങി . ആൾ ബലം കൂടുതൽ ഉള്ളത് കൊണ്ട് ഞങ്ങൾ പിടിച്ചു തിന്നു . കൂട്ടത്തിൽ  ഉള്ള രാജേന്ദർ എന്നവനെ ഞങ്ങൾ സാംബാർ ബക്കറ്റിൽ മുക്കി എടുത്തു . കുറെ എണ്ണത്തിനെ ചോറ് വച്ചിരുന്ന ചെമ്പിലും  പൂഴ്ത്തി . ഭക്ഷണ സാധനങ്ങൾ നാലു ദിശയിലും പറന്നു . അടി സഹിക്കാതായപ്പോൾ അവർ എല്ലാവരും കൂടെ പുറത്ത് ഇറങ്ങി ഓടി . അപ്പോഴാണ് പ്രിൻസിപ്പൽ അങ്ങോട്ട്‌ വന്നത്  . പൊടുന്നനെ എല്ലാവരും മുങ്ങി !. അദ്ദേഹം നോക്കുമ്പോൾ ഭക്ഷണം മുഴുവനും തറയിൽ കിടക്കുന്നു . സർ  പറഞ്ഞു -" കാൾ ദ  ഫോട്ടോഗ്രാഫർ !" . പഴയ അനലോഗ് ക്യാമറയുമായി ചിറങ്കര  സ്റ്റുഡിയോവിലെ വെളുത്ത മെലിഞ്ഞ ഫോട്ടോഗ്രാഫർ ചേട്ടൻ ഉടൻ ഹാജർ !. സംഭവ സ്ഥലത്തിന്റെ പല ആംഗിളുകളിൽ ഉള്ള ഫോട്ടോ എടുത്തു .  ഭാഗ്യത്തിന് ഡമ്മി  ഇട്ടു നോക്കിയില്ല . ഒരു അന്വേഷണത്തിന് പ്രിൻസിപ്പൽ  ഉത്തരവിട്ടു .ശിവദാസൻ സാറുടെ നേതൃത്വത്തിൽ എന്ക്വയറി കമ്മിറ്റിയും രൂപീകരിച്ചു . അവർ പഠിച്ചു റിപ്പോർട്ട്‌ സമര്പിച്ചു  .
 
ദാ പോകുന്നു അഞ്ച് ആറു കുട്ടികൾ സസ്പെൻഷനിൽ !...
 
ദേശീയ ഐക്യം തകരുന്നത് കണ്ട പ്രിൻസിപ്പൽ സർവ കക്ഷി യോഗം വിളിച്ചു . യോഗത്തിൽ ഞങ്ങളും രാജസ്ഥാനികളും പരസ്പരം പഴി ചാരാൻ തുടങ്ങി . ഇതിനിടയിൽ ആണ് ഭരതിന്റെ കമ്പ്ലയിന്റ് .! 
 
" സർ  ...യെ ചോട്ടെ ബച്ചേ ഹേ  ന ... "ഭരതിണ്ട " ബുലാതെ  ഹേ  മുഝെ ! " -എന്തോ ഒരു തെറി ആണ് താൻ പറഞ്ഞു കൊടുത്തത് എന്നാ ഭാവത്തിൽ ഭരത് നിന്നു .
 
" ഭരതിണ്ട ?.. ഓ അത് ഭരതേട്ടാ എന്ന് നീട്ടി വിളിച്ചതായിരിക്കും ...! ഭരത് + ഏട്ടാ =ഭരതേട്ടാ .... !
ദാറ്റ് മീൻസ് ഭരത് ഭൈയ്യ !"  "  പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് ഞങ്ങൾ ചിരി അടക്കി .
 
അദ്ദേഹത്തിന് അറിയില്ലല്ലോ സംഗതി "ഭരതിണ്ട"  അല്ല "ഭരതെണ്ടി" ആണെന്നത് !
 
 
 
 
 ഭരത് സൃഷ്ടിച്ച കഥ ഇവിടെ പൂർണമാകുന്നു .  അദ്ദേഹം ഇന്ന് ഇവിടെയുണ്ട് എന്ന് ഞങ്ങള്ക്കറിയില്ല പക്ഷെ എല്ലാവരും മാറിയത് പോലെ കാലം അദ്ദേഹത്തിനേയും മാറ്റി കാണുമെന്നു പ്രതീക്ഷിക്കുന്നു .
തെറ്റുകൾ ഞങ്ങള്ക്കും പറ്റിയിട്ടുണ്ട് . എത്രയോ പട്ടിണി പാവങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ അത്രയും ഭക്ഷണം നശിപ്പിച്ചു കളഞ്ഞതിന് ഞങ്ങൾ തീര്ച്ചയായും ശിക്ഷ അർഹിക്കുന്നു . എല്ലാം പ്രായത്തിന്റെ വികൃതികൾ മാത്രം  !
 
 

Thursday 4 April 2013

ഒരു കപ്പ പുഴുങ്ങിയ കഥ

വിളവെടുക്കാൻ തയ്യാറായി കിടക്കുന്ന ഒരു മരച്ചീനി തോട്ടം ഉണ്ടായിരുന്നു പണ്ട് സ്കൂളിൽ . വളർന്നു വളർന്നു  ഏകദേശം ആറടിക്ക് മുകളിലായിരുന്നു ഇതിന്റെ ഓരോ തണ്ടിന്റെയും ഉയരം. ഇതിനടുത്ത് തന്നെയാണ് ഞങ്ങളുടെ കിണറും മോട്ടോർ  പുരയും . ഹോസ്റ്റലിൽ വെള്ളം വരാത്ത ദിവസങ്ങളിൽ ഇതിനടുത്തുള്ള ചെറിയ ഒരു ടാങ്കിൽ നിന്നും വെള്ളം ബക്കറ്റിൽ കോരി എടുത്താണ്  കുട്ടികളുടെ കുളി . കുളി എന്ന് പറഞ്ഞാൽ തുറസ്സായ സ്ഥലത്ത് ജട്ടി ധരിച്ചുള്ള  കുളി . ഈ ടാങ്ക് കൂടാതെ ഒരു വാട്ടർ ടാപ്പ്‌  കൂടി ഉണ്ട് ഇവിടെ.  ഇതിനു ചുവട്ടിൽ  ഇരുന്നും കുളിക്കാം .ആകെയുള്ള പ്രശ്നം ഇതെല്ലം റോഡ്‌ സൈഡിൽ ആണ് എന്നുള്ളതാണ് . പെണ്‍കുട്ടികളും ടീച്ചർമാരും  യാത്ര ചെയ്യുന്ന വഴിയാണ്   . പക്ഷെ ആ ഒരു വിചാരം ഒന്നും ആര്ക്കും ഉണ്ടായിരുന്നില്ല .                                                                                                               
                                                                                               ഒരു ദിവസം പ്രിൻസിപ്പൽ ബാലസുബ്രമണ്യൻ സർ  ആ കാഴ്ച കാണാൻ ഇടയായി  . അദ്ദേഹം അപ്പോൾ ഒന്നും മിണ്ടിയില്ല . പക്ഷെ പിറ്റേ ദിവസം അസംബ്ലിയിൽ അദ്ദേഹം പെണ്‍കുട്ടികളോട് ചെവി പൊത്താൻ ആവശ്യപ്പെട്ടു . എന്നിട്ട് പറഞ്ഞു "പ്രായമായ ആണ്‍ കുട്ടികള് പെണ്‍കുട്ട്യോള്  നടക്കുന്ന വഴിയിൽ  ജെട്ടി ഇട്ടു കുളിക്യേ ! ദിസ്‌ ഈസ് നോട്ട് അലവ്ട് ഇൻ ദ ക്യാമ്പസ് ...! ഇനി ഇങ്ങിനെ കണ്ടാൽ നല്ല ചുട്ട പെട കൊള്ളും ..!" .ചെവി നന്നായി പൊത്തി  പിടിച്ചതു  കൊണ്ടാകണം എല്ലാ പെണ്‍കുട്ടികളും ഇത് കേട്ട് പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു  .  എന്തായാലും ആ സംഭവത്തിന്‌  ശേഷം ജട്ടി ധരിച്ചു കുളിക്കുന്നവരുടെ എണ്ണത്തിൽ  ഗണ്യമായ കുറവ് സംഭവിച്ചു . എങ്കിലും കിണറ്റിൻ കരയിലെ കുളി മുടങ്ങിയില്ല . തോർത്ത്‌ മുണ്ട് എടുത്തു കുളിക്കുന്ന പുതിയ ഫാഷൻ നിലവിൽ  വന്നു . അങ്ങിനെയുള്ള ഒരു സമയത്ത്  കുളിച്ച്  കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ  കുറച്ചു പേർ.  കുളിക്കുന്ന വെള്ളമെല്ലാം ഒഴുകി പോയി കൊണ്ടിരുന്ന മരച്ചീനികൾക്കിടയിലേക്ക് എന്റെ സുഹൃത്തിന്റെ ശ്രദ്ധ തിരിഞ്ഞു . അവൻ പറഞ്ഞു " നല്ല വളം ആണ് കൊള്ളിക്കു (കപ്പ) കിട്ടി കൊണ്ടിരിക്കുന്നത് . ഒരു ഒന്നൊന്നര വലിപ്പം ആയിരിക്കും കൊള്ളിക്ക് .. പുഴുങ്ങി അടിച്ചാലോ " . കേട്ട് കൊണ്ടിരിക്കുന്ന ബാക്കി ഉള്ളവര്ക്ക് അതോടു കൂടി മനസ്സില് ആശ  കേറി . സാധാരണ ഈ കപ്പ പറിച്ചു കഴിഞ്ഞാൽ  സ്കൂളിൽ ചായയുടെ കൂടെ സ്നാക്ക്സ് ആയിട്ട് കപ്പ പുഴുക്ക് ഉണ്ടാക്കി തരാറുണ്ട്  . നല്ല മഞ്ഞ നിറത്തിൽ  വെളിച്ചെണ്ണയിൽ കടുകും ചേർത്ത് കാച്ചിയെടുത്ത പുഴുങ്ങിയ  കപ്പ . അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ ഉള്ളതിനാൽ ഒരു പാട് കപ്പ നന്നാക്കി എടുക്കേണ്ടി വരും . മെസ്സിലെ ഉണ്ണിയേട്ടനും , ശശിയേട്ടനും , മനോഹരേട്ടനും എല്ലാം അന്ന് ഒടുക്കത്തെ പണി ആയിരിക്കും . ചില ദിവസങ്ങളിൽ ഞങ്ങളും സഹായിക്കാൻ കൂടാറുണ്ട് . അങ്ങിനെ ഈ വിഭവം ഒരുക്കി കഴിയുമ്പോളേക്കും സമയം ഒരു പാടാകും . അപ്പോൾ വൈകീട്ടത്തെ ടീ  ടൈം നാലു മണിയിൽ നിന്നും ആറ് മണിയാകും . കളിയെല്ലാം കഴിഞ്ഞു വിശന്നു പണ്ടാരമടങ്ങി ആ കപ്പ തിന്നാൻ നല്ല രുചി ആണ് . കപ്പയുടെ രുചി ആലോചിച്ചപ്പോഴേക്കും വായിൽ  വെള്ളമൂറി  . അങ്ങിനെ ഞങ്ങൾ കപ്പ ആരും കാണാതെ പറിച്ചു പുഴുങ്ങാൻ ഒരു പ്ലാനിട്ടു . പിടിക്കപ്പെട്ടാൽ കാര്യം പോക്കാണ് . പണ്ട് മൂന്നാം ബാച്ചിലെ ചേട്ടന്മാർ കപ്പ പുഴുങ്ങി ഫോട്ടോ എല്ലാം എടുത്തിട്ടുണ്ട്  . പക്ഷെ ആ ഫോട്ടോ സാറുമാർ പിടിച്ചു . ആരോ ഒറ്റി കൊടുത്തതാണ് കാരണം . ഞങ്ങളുടെ ബാച്ചിലും ഈ വക യൂദാസുകൾ ഉള്ളത് കൊണ്ട് സംഗതി വൻ രഹസ്യം ആക്കണം . അത് കൊണ്ട് വിശ്വസ്തരെ മാത്രമേ അന്ന് ടീമിൽ എടുത്തുള്ളൂ .. 




                                                                         കപ്പ പുഴുങ്ങാൻ വേണ്ടി ഉപയോഗിച്ചത് ഒരു ഗ്യാസ് ലൈറ്റ് ആയിരുന്നു .ഈ സാങ്കേതിക വിദ്യ കൂടി ഞാൻ പങ്കു വെക്കാം .മുകളിലെ  ചിത്രം ശ്രദ്ധിക്കുക . എന്നാലേ  ഈ ബ്ലോഗ്‌ പൂർണമാകൂ . ഗ്യാസ് ലൈറ്റിന്റെ മാന്റിൽ പൊട്ടിച്ചു കളയുക . എന്നിട്ട് ഗ്യാസ് വരുന്നതിനു  നേരെ താഴെ ഒരു സ്റ്റീൽ ഗ്ലാസ്‌ വക്കുക . ഇപ്പോൾ ഗ്യാസ് ലൈറ്റ് ഓണ്‍ ചെയ്താൽ കത്തുന്ന തീ ഗ്ലാസ്സിൽ  തട്ടി പ്രതിഫലിക്കും . ഇനി സംഗതി എളുപ്പമാണ് . മാന്റിലിന്  ചുറ്റുമുള്ള ചില്ല് കൂടിന്റെ കമ്പിക്കു മുകളിൽ പാചകം ചെയ്യേണ്ട പാത്രം  വയ്ക്കാവുന്നതാണ് . ഇതിൽ കപ്പ അല്ല ചോറ് വരെ വേവിക്കാം . അങ്ങിനെ കപ്പ പുഴുങ്ങാനുള്ള ഗ്യാസ് ലൈറ്റ് അന്ന്  മെസ്സ് ഹാളിൽ  നിന്നും അടിച്ചു മാറ്റി കൊണ്ട് വന്നു . ഒരാൾ പുറത്തു ചാടി കടയിൽ  പോയി കുറെ മുട്ടയും  ഉപ്പും മുളകും എല്ലാം വാങ്ങി വന്നു .കപ്പയും മുട്ടയും ആണ് അന്ന് ഉണ്ടാക്കാൻ ഉദ്ദേശിച്ച വിഭവം .  ഇനി ആകെ വേണ്ടത്  കപ്പ മാത്രം .  രാത്രി കറന്റ് പോയ സമയത്ത് ഞങ്ങൾ മരച്ചീനി തോട്ടത്തിൽ എത്തി . കപ്പ പറിച്ചു അതിന്റെ തണ്ട് മാത്രം പഴയത് പോലെ കുഴിച്ചിട്ടു . ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാകില്ല തണ്ട്  മാത്രമേ ഉള്ളൂ എന്ന് . ഇനി ശ്രദ്ധിച്ചാൽ തന്നെ അവർ കരുതിക്കോളും രാത്രി കാട്ടു പന്നി വന്നു കുത്തി മറിച്ച്‌ പോയതാണെന്ന് . അക്കാലത്ത് തൊട്ടടുത്ത മലയിൽ നിന്നും ഒരു പാട് കാട്ടു  പന്നികൾ വേസ്റ്റ് തിന്നാനായി സ്കൂളിൽ വരാറുണ്ട് അത് കൊണ്ട് ഇതൊരു സാധാരണ സംഭവം ആയെ തോന്നൂ . 

                                                                                  അങ്ങിനെ രാത്രി എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ ഞങ്ങൾ കുറച്ചു പേര് എഴുന്നേറ്റു . പുഴുങ്ങാൻ ഉദ്ദേശിച്ച സ്ഥലം ഹോസ്റെലിന്റെ വർക്ക്‌ ഏരിയ തന്നെ. അങ്ങനെ സാമഗ്രികളുമായി ഞങ്ങൾ വർക്ക്‌ ഏരിയ യിൽ കയറി കതകടച്ചു പരിപാടി തുടങ്ങി . ജിനീഷ് ആയിരുന്നു കുക്ക് . ആദ്യം ബിന്റോ യുടെ അലൂമിനിയം ബക്കറ്റ് ഗ്യാസ് ലൈറ്റിനു മുകളിൽ  വച്ച് വെള്ളമൊഴിച്ചു  . വെള്ളം തിളച്ചു തുടങ്ങി . "ഡാ ബക്കറ്റ് കേടാവുമോ ..?ബിന്റൊയോടു പറഞ്ഞിട്ടില്ല "-അനീഷ്‌ ജോണി ചോദിച്ചു ."ആറ്  വർഷമായി അവൻ ഉപയോഗിക്കുന്ന ബക്കറ്റ് ആണ് ..!കേടാവുന്നെങ്കിൽ ആകട്ടെ ... അങ്ങനെയെങ്കിലും അവൻ ബക്കറ്റ് മാറ്റുമല്ലോ " -തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് കപ്പ ഇട്ടു കൊണ്ട് കൂട്ടത്തിൽ  ഉണ്ടായിരുന്നഅരുണ്‍ പറഞ്ഞ അഭിപ്രായം എല്ലാവരും ചിരിച്ചു കൊണ്ട്  ശരി  വച്ചു . അങ്ങിനെ കപ്പ പുഴുങ്ങി വന്നപ്പോൾ എടുത്തു മാറ്റി വച്ചു . ഇനി മുട്ട പോരിക്കണം . തേച്ചു കുളിക്കാനുള്ള വെളിച്ചെണ്ണ ഇരിപ്പുണ്ട് ഹോസ്റ്റലിൽ . അത് എടുത്തു  കൊണ്ട് വന്നു ചൂടായ പാത്രത്തിലേക്ക് ഒഴിച്ചു . തിളച്ചു വന്നപ്പോൾ മുട്ട കലക്കി ഒഴിച്ച് കുത്തി പൊരിക്കാൻ തുടങ്ങി . അനീഷ്‌ ജോണി പറഞ്ഞു "ഞാൻ പൊരിക്കാം . മുട്ടയിൽ നന്നായി ഉപ്പ് ചേർക്കണം ഇല്ലെങ്കിൽ ടേസ്റ്റ് ഉണ്ടാകില്ല" . ഞങ്ങൾ എതിർത്ത് നോക്കിയിട്ടും അവൻ വഴങ്ങിയില്ല . അവൻ പറഞ്ഞു " ഞാൻ സ്ഥിരം വീട്ടിൽ  ഉണ്ടാക്കുന്ന സാധനമാണ് ..  . എനിക്കറിയാം .ആരും പഠിപ്പിക്കണ്ട .!" .എന്നിട്ട് നാലഞ്ച് സ്പൂണ്‍ ഉപ്പ് എടുത്തു മുട്ടയിൽ ചേർത്തു... രണ്ടു മൂന്നു സ്പൂണ്‍ മുളക് പൊടിയും! .  പണി പാളി എന്ന് എന്റെ മനസ്സ് പറഞ്ഞു . പക്ഷെ അവൻ സ്ഥിരം  ഉണ്ടാക്കാറുണ്ട് എന്ന് പറഞ്ഞത് കൊണ്ട് എല്ലാം ശരിയാകും  എന്ന് തന്നെ കരുതി  .അങ്ങനെ ഒരു വിധത്തിൽ  അവൻ കുത്തി പൊരി ഉണ്ടാക്കി  . അപ്പോൾ  ഇനി തീറ്റ തുടങ്ങാം . ആദ്യം കുറച്ചു മുട്ട പൊരിച്ചത് തന്നെ എടുത്തു എല്ലാവരും വായിൽ  വച്ചു  . നല്ല ഉപ്പും മുളകും ചേര്ന്ന ചവർപ്പ്  രസം . വിഴുങ്ങാനും വയ്യ എന്നാൽ  കഷ്ടപ്പെട്ടതെല്ലാം വെറുതെയാകുമല്ലോ എന്നോർത്ത് തുപ്പാനും വയ്യ . അനീഷ്‌ ജോണിയെ തല്ലി  കൊല്ലാനുള്ള ദേഷ്യം തോന്നി എല്ലാവർക്കും . പക്ഷെ അവിടെയും ഭാഗ്യം തുണച്ചു . ഞങ്ങൾ കപ്പയിൽ ഉപ്പു ചേർത്തിരുന്നില്ലഅത് കൊണ്ട് രണ്ടും കൂടി മിക്സ്‌ ചെയ്തു തിന്നു .  അപ്പോൾ നല്ല രുചി തോന്നി . 
പെട്ടെന്ന് വർക്ക്‌ ഏരിയ യുടെ കതകിൽ ആരോ മുട്ടുന്ന ശബ്ദം . "ദൈവമേ ശബ്ദം കേട്ട് സാറുമാർ ആരെങ്കിലും വന്നതാണോ "മെല്ലെ ഞങ്ങൾ കതക് പകുതി തുറന്നു നോക്കി . ഭാഗ്യം ! 
മറ്റാരുമല്ല ക്ലാസ്സിലെ വേറൊരു പയ്യനായ ഇജാസ് അലി . കക്ഷി ഉറക്കത്തിൽ നിന്നും മൂത്രം ഒഴിക്കാൻ എഴുന്നെറ്റതാണ് . വർക്ക്‌ ഏരിയ കടന്നു വേണം ബാത്ത് റൂമിൽ പോകാൻ . ഞങ്ങൾ വാതിൽ  അടച്ചിരുന്നത് കൊണ്ട് അവനു അകത്തു കയറാൻ പറ്റാതെ തട്ടിയതാണ് . അങ്ങിനെ അവൻ വാതിൽ തുറന്നു ബാത്ത് റൂമിലേക്ക് നടന്നു . ഉറക്ക പിച്ച് കാരണം അവിടെ ഇരിക്കുന്ന ഗ്യാസ് ലൈറ്റ് ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല. മൂത്രം ഒഴിച്ച് കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി കിടന്നു ഉറങ്ങി . 

                                                       പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ ഗ്യാസ് ലൈറ്റ് മെസ്സ് ഹാളിൽ തിരിച്ചു കൊണ്ട് വച്ചു . ഒന്നുമറിയാത്ത പോലെ ക്ലാസ്സിൽ പോവുകയും ചെയ്തു . ഏകദേശം ഉച്ച സമയത്താണ് ഇജാസ് അലി ക്ക് ബോധോദയം ഉണ്ടായത്  . അവൻ എന്നോട് വന്നു രഹസ്യമായി ചോദിച്ചു . "സംതിങ്ങ് അണ്‍ യൂഷ്വൽ ഹാപ്പന്റ് യെസ്റ്റെർഡേ ... എന്തായിരുന്നു നിങ്ങൾ രാത്രി വർക്ക്‌ ഏരിയയിൽ ..?" ട്യൂബ് ലൈറ്റ്" എന്ന് വിളിക്കുന്ന പ്രതിഭാസം എന്താണെന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞ നിർവൃതിയോടെ ഞാൻ ചിരിച്ചു . 



Wednesday 27 March 2013

ഷാരൂഖ്‌ ഖാന് വേണ്ടി

ഇന്ന് ഇന്ത്യക്കാരിൽ ഭൂരി ഭാഗം പേരും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരാണ്‌ . പക്ഷെ" നാനാത്വത്തിൽ ഏകത്വം "ഇന്ത്യയിൽ ഉള്ളത് കൊണ്ട് ഓരോ സംസ്ഥാനക്കാരും ഇംഗ്ലീഷ് സംസാരിക്കുന്നത് അവരവരുടെ ഭാഷയിൽ ആണെന്ന് മാത്രം . ഉദാഹരണത്തിന് ഹിന്ദിക്കാർ ഇംഗ്ലീഷ് സംസാരിക്കുന്നത് ഹിന്ദിയിൽ  ആയിരിക്കും ,തമിഴൻ  ആകട്ടെ തമിഴിലും, മലയാളി മലയാളത്തിലും ,തെലുങ്കൻ  തെലുങ്കിലും... അങ്ങനെ അങ്ങനെ പോകുന്നു .. ഇതിൽ ദുഖമുള്ള ഒരു കാര്യം എന്താണെന്നു വച്ചാൽ ഓരോരുത്തരുടെയും വിചാരം അവർ സംസാരിക്കുന്നതാണ് ശരിയായ ഇംഗ്ലീഷ് എന്നാണ് .  
ഞാൻ ഉദ്ദേശിച്ചത് വേറൊന്നുമല്ല ഉച്ചാരണ രീതി തന്നെയാണ് . 
ഓരോ വ്യക്തിയുടെയും നാക്ക് അവന്റെ സ്ഥിരം ഉച്ചാരണ രീതിയുമായി വഴങ്ങി പോകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് . ഇത് മനസ്സിലാക്കാതെ എന്നോണം ആണ് ചില ഹിന്ദി സിനിമകളുടെ പോക്ക് ... ഞാൻ പേരെടുത്ത് പറയുക ആണെങ്കിൽ ഷാരൂഖ്‌ ഖാൻ എന്ന നടന്റെ ചില സിനിമകൾ എടുത്തു കണ്ടു നോക്കുക . തെന്നിന്ത്യൻ  ഇംഗ്ലീഷ് ഉച്ചാരണത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കളിയാക്കിയിരിക്കുന്നത് കാണാം . (ആരാധകർ ക്ഷമിക്കുക ഒരു ഉദാഹരണം പറഞ്ഞെന്നെ ഉള്ളൂ ). സത്യം പറഞ്ഞാൽ നമ്മുടെ അക്ഷരങ്ങളായ ള , ഴ,റ ,റ്റ  ഒന്നും ഉത്തരേന്ത്യ ക്കാര്ക്ക് വഴങ്ങാറില്ല  ഇംഗ്ലീഷിൽ ഏറ്റവും അതികം ഉച്ചരിക്കേണ്ടി വരുന്ന രണ്ട അക്ഷരങ്ങളാണ് റ്റ  യും ഴ യും. ഇത് പോലും വഴങ്ങാത്ത ഈ വ്യക്തി തന്നെ  തെന്നിന്ത്യ ക്കാരെ കളിയാക്കണം ! അത് കൊണ്ട് തന്നെ ഈ ബ്ലോഗ്‌ ഞാൻ ഷാരൂഖ്‌ ഖാന് സമർപ്പിക്കുന്നു . 
 
ഒമ്പതാം ക്ലാസ്സിലെ പരീക്ഷയുടെ ഫലം വന്ന ദിവസം . എല്ലാവരും കിട്ടിയ മാർക്കിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് ചികഞ്ഞു പരിശോധിച്ച് കൊണ്ടിരിക്കുന്നു . ക്ലാസ്സിലുള്ള രാജസ്ഥാനികൾക്ക് പരീക്ഷ ഹിന്ദിയിലാണ് . ഞങ്ങൾക്കാണെങ്കിൽ ഇംഗ്ലീഷ് മീഡിയവും . പലരും തോറ്റിരിക്കുന്നു . ഇതിനിടയിൽ ആനന്ദി ലാൽ എന്ന രാജസ്ഥാനി പയ്യൻ  മറ്റൊരുത്ത നോട് രാജസ്ഥാനി ഭാഷയിൽ  ചോദിച്ചു 
 
"കത്ര നമ്പര്  ആ ര്യോ ച്ച്  താരോ  കോ?"
 
"പിപ്ട്ടി ഫൈപ് ..! ഓർ താരോ കോ?"- അവൻ മറുപടിയായി പറഞ്ഞു . 
 
"മാരോ കോ ?.. ജെബന്ടി ഫൈപ് ! "
 
ഇത് കേട്ട് കൊണ്ടിരുന്ന ഞങ്ങൾ സത്യം പറഞ്ഞാൽ പൊട്ടി ചിരിച്ചു പോയി .
 
 
P.S:മുകളിലെ സംഭാഷണത്തിന്റെ മലയാള പരിഭാഷ ചുവടെ ചേര്ക്കുന്നു :-
 
"നിനക്ക് എത്ര  മാർക്കാ ?"
"അമ്പത്തി  അഞ്ച് ! നിനക്കോ?"
 
"എനിക്കൊ... എഴുപത്തി അഞ്ച് "
 
 
 
അത് കൊണ്ട് തന്നെ ഉച്ചാരണത്തിന്റെ കാര്യത്തിൽ നമ്മൾ മലയാളികൾ ഉത്തരേന്ത്യക്കാരെക്കാൾ ഭേദം ആണെന്ന് ഷാരൂഖ്‌ ഖാനെ അറിയിച്ചു കൊണ്ട് നിർത്തുന്നു ....:)
 
 
 
 
 

Monday 28 January 2013

സിനിമാ വിശേഷങ്ങള്‍


"നിനക്ക് നാണമില്ലേ ചെക്കാ...പതിനൊന്നാം ക്ലാസ്സില്‍ ആയിട്ട് പോലും ഒരൊറ്റ സിനിമക്ക് പോലും സ്കൂളില്‍ നിന്നും ചാടി പോയിട്ടില്ല എന്ന് പറയാന്‍..?...നിന്റെ ഒക്കെ ജീവിതം കൊണ്ട് എന്ത് കാര്യം..."-ഒരു ഞായര്‍ ആഴ്ച രാവിലെ പതിവ് പോലെ സ്റ്റഡി ടൈമിന്  ക്ലാസ്സില്‍ എത്തിയ എന്നെ എതിരേറ്റ വാക്കുകളാണ് ഇവ...ഞാന്‍ ആ വാക്ക് വന്ന വായിലേക്ക് നോക്കി.മറ്റാരുമല്ല ക്ലാസ്സിലെ "അയ്യോ പാവം " പയ്യന്മാരില്‍ ഒരാളായ "ഇജാസ് അലി" ആണ്..."ഇവനോ..?ഇവന്റെ വായില്‍ നിന്ന് തന്നെ ഇത് കേള്‍ക്കേണ്ടി വന്നല്ലോ "എന്നോര്‍ത്ത് എനിക്ക് വിഷമം തോന്നി..!അപ്പോഴാണ്‌ എന്റെ ക്ലാസ്സിലെ മറ്റു സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ ഒരു കാര്യം അറിഞ്ഞത്...തലേ ദിവസം രാത്രി, സെക്കന്റ്‌ ഷോ കാണാന്‍ വേണ്ടി ഒറ്റപ്പാലം "ലക്ഷ്മി " തീയെറ്റെര്‍ വരെ അവന്‍ ചാടി പോയത്രേ..!കൂട്ടിനു ഈ പരിപാടിയില്‍ സമര്‍ത്ഥരായ മറ്റു ചിലരും..എന്റെ തലയില്‍ വാശിയുടെ ലഡ്ഡു പൊട്ടി..."ഇന്ന് രാത്രി സെക്കന്റ്‌ ഷോ കണ്ടിട്ട് തന്നെ ബാക്കി കാര്യം..!"ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.സ്കൂളില്‍ നിന്ന്  ചാടി പോയി സിനിമ കാണുന്നതില്‍ ഏറ്റവും സമര്‍ത്ഥനായ സുരേഷിനെ സമീപിച്ചു കാര്യം പറഞ്ഞു..അന്ന് ലക്ഷ്മി യില്‍ കളിച്ചു കൊണ്ടിരുന്നത് "ദേവദാസി" എന്ന സിനിമ ആയിരുന്നു.ഇതിലെ നായികയുടെ കുറെ കിടിലന്‍ രംഗങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ ഇടയില്‍ ഹിറ്റ്‌ ആയിരുന്നത് കൊണ്ട്  അവനു  രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല..അങ്ങിനെ ഞങ്ങള്‍ സെക്കന്റ്‌ ഷോക്ക് പോകാന്‍ ഒരു പ്ലാന്‍ തയ്യാറാക്കി...4 പേര്‍ അടങ്ങുന്ന ഒരു ടീം ..ഞങ്ങളെ  കൂടാതെ  ജിജോ,ജിനീഷ് എന്ന  മറ്റു രണ്ടു പേരും .

                                                  ലക്ഷ്മി യില്‍ സെക്കന്റ്‌ ഷോ തുടങ്ങുന്നത് 9.30 നു ആണ് .ഏകദേശം ഈ സമയത്താണ് ഞങ്ങളുടെ "റോള് കോള്‍ ".അത്താഴം കഴിഞ്ഞതിനു ശേഷം ഹൌസ് മാസ്റ്റര്‍ വന്നു ഹാജര്‍ എടുക്കുന്നതിനെയാണ് റോള് കോള്‍ എന്ന് പറയുന്നത്.ഇത് കഴിഞ്ഞാല്‍ പിന്നെ സാധാരണ എല്ലാവരും ഉറങ്ങാന്‍ കിടക്കുകയാണ് പതിവ്.സ്കൂളില്‍ നിന്നും തിയറ്റരിലെക്ക് ഒരു അര മണിക്കൂര്‍ യാത്ര ഉണ്ട്..വഴി മദ്ധ്യേ ഒരു പുഴയും.അത് കൊണ്ട് തന്നെ റോള് കോള്‍  എത്രയും പെട്ടെന്ന് തീരുന്നുവോ അത്രയും നല്ലത് .പതിവ് പോലെ അത്താഴം കഴിക്കാന്‍ പോയ എനിക്ക് അന്ന്  കഴിച്ചിട്ട് അങ്ങോട്ട്‌ ഇറങ്ങുന്നില്ല..ചങ്കില്‍ എന്തോ പിടുത്തം പോലെ."ഇനി രാത്രി സിനിമക്ക് പോയതിനു ശേഷം ആരെങ്കിലും വന്നു രണ്ടാമതും ഹാജര്‍ എടുക്കുമോ ദൈവമേ..!പിടിച്ചാല്‍ സസ്പെന്‍ഷന്‍  ഉറപ്പ് ."എന്റെ മനസ്സില്‍ പല തരം ചിന്തകള്‍ വന്നു പോയി കൊണ്ടിരുന്നു.എങ്കിലും ഇജാസ് അലി വരെ സുഖമായി  ചാടി പുറത്തു പോയിട്ടുണ്ടല്ലോ  എന്ന് കരുതി മനസ്സിന് ധൈര്യം കൊടുത്തു.അന്ന് ഹൌസ് മാസ്റ്റര്‍ സാക്ഷാല്‍ പങ്കജാക്ഷന്‍ സര്‍ ആണ്.കുരുട്ടു ബുദ്ധിയുടെ ആശാന്‍.1....... ...!  ..!കുട്ടികള്‍ മനസ്സില്‍ കാണുന്നത് അദ്ദേഹം മാനത്ത്  കാണും.അത് കൊണ്ട് അദ്ദേഹത്തിന് സംശയം തോന്നാത്ത രീതിയില്‍ വേണം കാര്യങ്ങള്‍ നീക്കാന്‍ ...സിനിമക്ക് പോകാന്‍ പ്ലാന്‍ ചെയ്തത് കൊണ്ട് നേരത്തെ തന്നെ റോള് കാള്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി തന്ത്രപൂര്‍വ്വം പങ്കജാക്ഷന്‍ സാറെ വിളിച്ചു വരുത്തി.റോള് കാള്‍ ആരംഭിച്ചു.പതിവിന്‌  വിപരീതമായി അന്ന് മുന്‍ നിരയില്‍ തന്നെ ചെന്ന് നിന്ന് അദ്ദേഹത്തോടു സംസാരിക്കുക കൂടി ചെയ്തു.ഞങ്ങള്‍ എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് എന്ന് ബോധ്യപെടുതലായിരുന്നു ലക്‌ഷ്യം..അതില്‍ വിജയിക്കുകയും ചെയ്തു.അങ്ങിനെ റോള് കാള്‍ കഴിഞ്ഞു പങ്കജാക്ഷന്‍ സര്‍ പോയി എന്നുറപ്പാക്കിയ ശേഷം ഞങ്ങള്‍ യാത്ര പുറപ്പെട്ടു .
                                 
                                             ഞാന്‍ വാച്ചില്‍ സമയം നോക്കി.9.20 PM. "സിനിമ തുടങ്ങാറായി കാണും..വേഗം പോകാം "-സുരേഷ് പറഞ്ഞു.ഉജ്ജൈനി ഹോസ്റെലിന്റെ മുന്നില്‍ ക്കൂടെ ഞങ്ങള്‍ ഗ്രൌണ്ട് ക്രോസ് ചെയ്തു നടന്നു.ഗ്രൌണ്ടിന്റെ അവസാനം ഒരു കമ്പി വേലിയാണ്.ഇത് ചാടി വേണം പുറത്തു കടക്കാന്‍.... ..ഗ്രൌണ്ടിന്റെ രണ്ടു വശങ്ങളിലും സ്റ്റാഫ്‌ ക്വാര്‍ ട്ടെര്സ്  ആണ്.അത് കൊണ്ട് അധികം കാലോച്ചയിലാതെ നടക്കണം.ശബ്ദം കേട്ട് ആരെങ്കിലും വന്നു നോക്കിയാലോ..?കമ്പി വേലിയുടെ അടുതെതിയപ്പോള്‍ സുരേഷ് പറഞ്ഞു-"ഞാന്‍ ആദ്യം കടക്കാം...അത് പോലെ കടന്നാല്‍ മതി.."എന്നിട്ട് കമ്പികള്‍ക്കിടയിലൂടെ അവന്‍ നൂഴ്ന്നു കടന്നു.
പുറകെ ഞാനും ജിനീഷും ജിജോയും.കൂര്‍ത്ത കമ്പി ഒരെണ്ണം എന്റെ കാലില്‍ കോറി ..നല്ല വേദന ഉണ്ടായെങ്കിലും പടം കാണാനുള്ള ആകാംക്ഷയില്‍  അതെല്ലാം അങ്ങ് സഹിച്ചു.കമ്പി വേലിക്ക് അപ്പുറത്തുള്ള റോഡിലൂടെ  ഞങ്ങള്‍ നടന്നു.ദൂരെ ഉള്ള മഞ്ഞ സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചം ചെറിയ തോതില്‍ അകാശത്തെ പ്രകാശിപ്പിച്ചിരുന്നു ....റോഡിന്‍റെ വലതു ഭാഗത്തുള്ള റബ്ബര്‍ എസ്റ്റെറ്റില്‌ ചീവീടുകള്‍ മത്സരിച്ചു കരയുന്നത് കേള്‍ക്കാം .ഞാന്‍ കൂടെയുള്ളവരെ ശ്രദ്ധിച്ചു എല്ലാവരുടെയും മുഖത്ത് അപ്പോള്‍ ഏകദേശം ഒരേ ഭാവം ..മുന്നില്‍ വഴി കാട്ടിയായി സുരേഷ്.ജന്മം കൊണ്ട് ആന്ധ്ര സ്വദേശി ആണെങ്കിലും വളര്‍ന്നത്‌ കേരളത്തില്‍ .മലയാളം , പക്ഷെ ഞങ്ങളെക്കാള്‍ നന്നായി അറിയും.ഒരു ശരാശരി മനുഷ്യന്റെ ഉയരം.മായന്നൂര്‍ ഗ്രാമത്തിലെ സകല നാട്ടു വഴികളും ഇവന് മനപാഠം.എസ്റ്റേറ്റ്‌ കഴിഞ്ഞാല്‍ പിന്നെ ഒരു വിജനമായ സ്ഥലമാണ് .ഇതിന്റെ വലത്തേ അറ്റത്തായി ഒരു ഏഴിലം പാല ഉണ്ട്  .അതിന്റെ ചുവട്ടില്‍ ആരോ കത്തിച്ചു വച്ച ചിരട്ട വിളക്ക് അപ്പോഴുംജ്വലിച്ചു കൊണ്ടിരുന്നു.ഈ പാലയെ കുറിച്ച് പല കഥകളും കുട്ടികള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട് .ചിലതൊക്കെ ഭയപ്പെടുത്തിയിട്ടുമുണ്ട്.രാത്രികളില്‍ വിക്രമശില ഹോസ്റ്റലിന്റെ ജനലിലൂടെ നോക്കിയാല്‍  ഈ പാലയെ ഒരു സുന്ദരിയെ പോലെ തോന്നാറുണ്ട്.ഇന്നാണ് അതിനു തൊട്ടടുത്ത്‌ കൂടെ പോകുന്നത്.പാലപൂവിന്റെ മാസ്മരിക ഗന്ധം അവിടെ നിറഞ്ഞു നില്‍ക്കുന്നു.അതിന്റെ പുറകില്‍  കുറച്ചു കൂടി അകലേക്ക് നോക്കിയാല്‍ "അനങ്ങാമല"  കാണാം.അവിടെ ആരോ കത്തിച്ച കാട്ടുതീ, ഓറഞ്ച് നിറമുള്ള തെലുങ്ക് അക്ഷരങ്ങളായി രൂപം പ്രാപിച്ചിരിക്കുന്നു.പാലച്ചുവടും കഴിഞ്ഞു പിന്നെ ചെറിയ ഒരു ഇടവഴി തുടങ്ങുകയായി..അധികം ആള്‍ സഞ്ചാരം ഇല്ലാത്ത സ്ഥലം.നിലത്തു മുഴുവന്‍ കൂര്‍ത്ത കല്ലുകള്‍ .ചെരുപ്പ് ധരിച്ചിട്ടു പോലും കാല്‍  വയ്ക്കുമ്പോള്‍ വേദന ഉണ്ട്.കയില്‍ കരുതിയ ടോര്ച്ച് കത്തിച്ചു കൊണ്ട് സുരേഷ് പറഞ്ഞു."നോക്കി നടക്കണം .നല്ല മൂര്‍ച്ച ഉള്ള കല്ലുകളാണ്"പെട്ടെന്ന് പുറകില്‍ നിന്നും ആരോ വിളിച്ചത് പോലെ തോന്നി ഞാന്‍ തിരിഞ്ഞു നോക്കി.ആരെയും കണ്ടില്ല..ഞങ്ങള്‍  നടത്തം തുടര്‍ന്നു .

                                  "ആരാ അത്?"-ഒരു കനത്ത ശബ്ദം കേട്ട് ഞങ്ങള്‍ എല്ലാവരും നിന്നു .ശബ്ദം കേട്ട ദിക്കിലേക്ക് സുരേഷ് ടോര്‍ച്ച് അടിച്ചു.ഇടവഴിയില്‍ നിന്നും പറമ്പിലേക്ക് ചേര്‍ത്ത് ഒരു ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നു.ധൈര്യം സംഭരിച്ച്  ഞങ്ങള്‍ അതിനടുത്തേക്ക്‌ നടന്നു."എന്താ ങ്ങള്‍ക്ക് ഈ നേരത്ത് ഇവിടെ കാര്യം..?"-ജീപ്പിന് മുന്‍ സീറ്റില്‍ തന്നെ ഇരുന്നിരുന്ന ഒരു തടിയന്‍ ചോദിച്ചു.ഞാന്‍ ജീപ്പിനകത്തേക്ക് നോക്കി .നാലോ അഞ്ചോ പേര്‍ കാണും അതിനകത്ത് !.മദ്യപാനം ആണ് നടന്നു കൊണ്ടിരിക്കുന്നത്.അടുത്തെത്തിയ ഞങ്ങളെ അവര്‍ പെട്ടെന്ന് തന്നെ മനസ്സിലാക്കി -"ഓ ...ങ്ങള്‍ നവോദയേലെ പിള്ളേരാണ് ല്ലേ..?എവിടക്യാ ..?സിനിമയ്ക്കാ..?  "മുന്നിലിരുന്ന തടിയന്‍ ചോദിച്ചു."സിനിമക്ക് തന്നെയാ...ചേട്ടാ ദേ ..ദയവു ചെയ്ത് പ്രിന്സിപാളിന്റെ അടുത്ത് കൊണ്ട് പോയി പെടുത്തരുത് ട്ടാ..!"-സുരേഷ് പറഞ്ഞു.അപ്പോള്‍ തടിയന്‍ പറഞ്ഞു "അങ്ങനെ മ്മള് ചെയ്യോ...ങ്ങള് .ധൈര്യായി പൊയ്ക്കോളീ ട്ടോ..!ദാ  ബിയര്‍  വേണോ..?" "വേണ്ട ഞങ്ങള്‍ പോവാ.."-ജിനീഷ് പറഞ്ഞു.അങ്ങിനെ അവിടെ നിന്നും യാത്ര തുടര്‍ന്നു ..ഇരുട്ടിന്റെ കട്ടി കൂടി കൂടി വന്നു..റോഡിന്‍റെ രണ്ടു വശത്തും ഒരൊറ്റ വീട് പോലും ഇല്ല.കുറച്ചു കൂടെ നടന്നപ്പോള്‍ മണ്ണ് കൊണ്ടുള്ള റോഡ്‌ ആരംഭിച്ചു..രണ്ടു വശങ്ങളിലും മുളയുടെ മുള്ള് കൊണ്ടുള്ള വേലി ."ഭാഗ്യം..ആള്‍ താമസം ഉള്ള സ്ഥലം തന്നെ" ഞാന്‍ മനസ്സില്‍ സമാധാനിച്ചു.കുറച്ചു കൂടി നടന്നപ്പോള്‍ വലതു ഭാഗത്തായി കുറച്ചു വീടുകള്‍ കണ്ടു തുടങ്ങി.ഓടു മേഞ്ഞതും ,ഓല മേഞ്ഞതുമായ വീടുകള്‍ .കൊയ്ത്തു കാലമായതു കൊണ്ടാവാം..ഓല മേഞ്ഞ ഒരു വീടിന്റെ മുറ്റത്ത് ചാണകം മെഴുകിയ കളം ഒരുക്കിയിരിക്കുന്നു.വീടിന്റെ വരാന്തയില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഇരുന്നു പഠിക്കുന്ന കുട്ടികള്‍ ."കഠിന പ്രയത്നം തന്നെ ...രാത്രി ഒമ്പതരക്ക് പഠിക്കുന്നു പിള്ളേര്‍  "-ജിജോ പറഞ്ഞു..
കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോള്‍ മണ്ണിട്ട റോഡ്‌ സമാപിച്ചു."ഇനി കുറച്ചു ദൂരം പാടം ആണ് .ചെളി കാണും ..ചെരിപ്പ് അഴിച്ചോളൂ.."സ്വന്തം ചെരുപ്പ് ഊരി കയ്യില്‍ പിടിച്ചു കൊണ്ട് സുരേഷ് പറഞ്ഞു.പാട വരമ്പില്‍ ഇരുന്നു "ക്രോം..ക്രോം  !" എന്ന് കരഞ്ഞിരുന്ന,നല്ല തുടയുള്ള മഞ്ഞ തവളകള്‍ ഞങ്ങളുടെ കാലൊച്ച  കേട്ട് വയലിലേക്ക് "ബ്ലും..ബ്ലും " എന്ന്  ചാടി കൊണ്ടിരുന്നു."ഹോ തവളയെ പൊരിച്ച് അടിച്ചാല്‍ നല്ല സ്വാദ് ആയിരിക്കും."കൂട്ടത്തില്‍ ആരോ പറഞ്ഞത് കേട്ട് മോഹം തോന്നിയെങ്കിലും അത് അടക്കി.


                                           പാടം കഴിഞ്ഞാല്‍ പിന്നെ ഒരു ഇടവഴിയായിരുന്നു രണ്ടു വശങ്ങളിലുമായി മുളകള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു..കൊഴിഞ്ഞു വീണ് കിടന്നിരുന്ന ഉണങ്ങിയ മുള്ളുകള്‍ എന്റെ കാലില്‍  തുളഞ്ഞു കയറി.അത് പറിച്ചു കളഞ്ഞു യാത്ര തുടര്‍ന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ വെള്ളം ഒഴുകുന്ന കള കളാ ശബ്ദം കേട്ട് തുടങ്ങി . സുരേഷ് പറഞ്ഞു -
"പുഴ എത്തി ..എല്ലാവരും ഒരുമിച്ചു നടക്കണം.."പരന്നു കിടക്കുന്ന മണല്‍തിട്ട ..അതിനിടയില്‍ ഒന്നോ രണ്ടോ ചെറിയ നീര്‍ ചാലുകള്‍.. ........,,,മഴ കാലം അല്ലാത്തത് കൊണ്ട് നിള യില്‍ അന്ന് അത്രയേ  ഉണ്ടായിരുന്നുള്ളു വെള്ളം ..കാല്‍ തുട വരെ കാണും കൂടിയ ആഴം!.രണ്ടും കല്പിച്ചു ഞങ്ങള്‍ പുഴ മുറിച്ചു കടക്കാന്‍ തുടങ്ങി.നല്ല തണുപ്പുള്ള വെള്ളം..കാലുകളില്‍ അങ്ങിങ്ങായി പരല്‍ മീനുകള്‍ ഇക്കിളി കൂട്ടികൊണ്ടിരുന്നു.നിലാവെളിച്ചത്തില്‍ നിളയെ കാണാന്‍ നല്ല ചന്തമാണ്.ഏകദേശം 200-300 മീറ്റര്‌ കാണും ഈ ഭാഗത്ത് നിളയുടെ വീതി.മറുകരയില്‍ ഒരു വഴി വിളക്ക്  കാണാം..അതാണ് എത്തിച്ചേരേണ്ട സ്ഥലം.അത് ലക്ഷ്യമാക്കി നടന്നു.അവസാനം മറുകര എത്തി.കാലില്‍ ചെരുപ്പ് ധരിച്ച ശേഷം യാത്ര തുടര്‍ന്നു .ഇടതു ഭാഗത്തായി "റോട്ടറി ക്ലബ് ഓഫ് ഒറ്റപ്പാലം "എന്ന ഒരു ബോര്‍ഡും ഒരു പൊതു ശ്മശാനവും ..അത് കൊണ്ട് അങ്ങോട്ട്‌ അധികം നോക്കാന്‍ തോന്നിയില്ല.നടത്തത്തിനു വേഗം കൂടി.ആ റോഡ്‌ ചെന്നെത്തിയത് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്റെ പുറകിലും .റയില്‍പാളം മുറിച്ചു കടക്കണം ..കഷ്ട കാലത്തിനു ഏതോ ഒരു ചരക്കു തീവണ്ടി പാളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.നല്ല നീളം ഉണ്ട്.മുറിച്ചു കടക്കണമെങ്കില്‍ ഏകദേശം ട്രെയിനിന്റെ നീളത്തിന്റെ അത്രേം നടക്കണം ..സുരേഷ് പറഞ്ഞു -"ഈ ട്രെയിനിനു അടിയിലൂടെ നൂഴ്ന്നു കടക്കാം .." അപ്പോഴത്തെ ഒരു ആവേശത്തില്‍ അവന്‍ പറഞ്ഞത് ഞങ്ങള്‍ അനുസരിച്ചു .നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടിയുടെ അടിയിലൂടെ  നൂഴ്ന്ന് കടന്നു  മറു വശത്തെത്തി .ഈ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്കിന്നും പേടി തോന്നും..ആ തീവണ്ടിയെങ്ങാന്‍ അന്ന് ഞങ്ങള്‍ കടക്കുന്ന സമയത്ത് ഓടി തുടങ്ങിയിരുന്നെങ്കില്‍ എന്തായാനെ..!





                                                      റയിലിന്റെ മറുഭാഗത്ത് "അരമന" എന്ന ഒരു ബാറുണ്ട്‌ .അതിനു അടുത്ത് തന്നെ "ഇമ്പീരിയല്‍" എന്നാ ഒരു തിയ്യറ്റരും .ഇതിനോട് ചേര്‍ന്നുള്ള  ഇടവഴിയിലൂടെ  നടന്നു, ഒറ്റപ്പാലം-തൃശൂര്‍ റോഡ്‌ മുറിച്ചു കടന്നു വേണം ലക്ഷ്മി തിയറ്ററില്‍ എത്തിച്ചേരാന്‍... . .ഈ വഴിയിലുള്ള ഒരു വീട്ടില്‍ ഒരുഗ്രന്‍ നായ ഉണ്ടായിരുന്നു.ഏകദേശം ഒരു പശുകിടാവിന്റെ വലുപ്പം ഉള്ള നായ.ഞങ്ങളെ കണ്ടതും സിംഹം ഗര്ജിക്കുന്നത് പോലെ അത് കുരക്കാന്‍ തുടങ്ങി..ഭാഗ്യം കൊണ്ട് നായയെ വീട്ടുകാര്‍ ചങ്ങലക്ക് ഇട്ടിരുന്നു .ഇല്ലെങ്കില്‍ കടിച്ചു കീറിയേനെ..അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ ലക്ഷ്മി തിയറ്ററില്‍ എത്തിയപ്പോഴേക്കും സമയം 10.10 കഴിഞ്ഞിരുന്നു.ഗേറ്റ് അടച്ചിരിക്കുന്നു .സെക്യുരിറ്റിയെ വിളിച്ചു ഗേറ്റ് തുറന്നു ഞങ്ങള്‍ തിയറ്ററില്‍  കയറി.കൌണ്ടര്‍ ക്ലോസ്  ആയതു കൊണ്ട് മാനേജര്‍ ടെ  റൂമില്‍ പോയി ആണ് ടിക്കറ്റ്‌ വാങ്ങിയത്..10 രൂപയുടെ ടിക്കറ്റ്‌....(സെക്കന്റ്‌ ക്ലാസ്സ ).അകത്ത് പ്രവേശിച്ച് സീറ്റില്‍ ഇരുന്നപ്പോഴേക്കും സിനിമ ഏകദേശം ഒരു മണിക്കൂര്‍ തീര്‍ന്നിരിക്കുന്നു.എങ്കിലും ബാക്കിയുള്ള സിനിമ ഉത്സാഹത്തോടെ  കണ്ടു .
സിനിമ മുഴുവന്‍ കഴിഞ്ഞപ്പോളെക്കും 12 മണി ആയിരുന്നു.എല്ലാവരും പോയി തീരുന്നത് വരെ ഞങ്ങള്‍ ഹാളില്‍ താനെ ഇരുന്നു.പരിചയമുള്ള ആരെങ്കിലും സിനിമക്ക് വന്നിട്ടുണ്ടെങ്കില്‍ പിടിക്ക പ്പെടില്ലേ..?അവസാനം ഹാളിനു പുറത്തു കടന്നു കടവ് ലക്ഷ്യമാക്കി നീങ്ങി.മനസ്സില്‍ ചെറിയ ഭയം ഉണ്ടോ.?ഉണ്ട്..നന്നായി തന്നെ ഉണ്ട്.."ആരെങ്കിലും രാത്രി വന്നു വീണ്ടും റോള് കാള്‍ എടുത്തു കാണുമോ...?അങ്ങിനെയെങ്കില്‍ പിടിക്കപ്പെടും..ഉറപ്പ് ..അപ്പോള്‍ സസ്പെന്‍ഷന്‍ ...!കിട്ടിയാല്‍ എന്ത്..?ഒരാഴ്ച വീട്ടില്‍ പോയി ആര്‍മാദിക്കാം  അത്ര തന്നെ..!" ഞാന്‍ മനസ്സിന് സ്വയം ധൈര്യം കൊടുത്തു കൊണ്ടേ ഇരുന്നു...ഭയം കൊണ്ടായിരിക്കണം .ഞങ്ങളാരും തിരിച്ചു വരുമ്പോള്‍ ഒന്നും സംസാരിച്ചില്ല.ചിന്തകളില്‍ മുഴുകി..പുഴയും,പാടവും  കടന്നു ഇടവഴിയില്‍ എത്തിയപ്പോളാണ് ഞാന്‍ ചുറ്റുപാടും ശ്രദ്ധിച്ചു തുടങ്ങിയത്..വീടുകളില്‍ നിന്നും ഒന്നോ രണ്ടോ നായ്ക്കള്‍ കുരച്ചു കൊണ്ട് പിന്നിലൂടെ ഓടി വന്നു.അവയ്ക്ക് കൂട്ടിനെന്നോണം കുറെ തെരുവ് നായ്ക്കളും..കുര ഞങ്ങളുടെ തൊട്ട്  പുറകില്‍ എത്തി തുടങ്ങിയിരിക്കുന്നു..അതിനൊപ്പം തന്നെ നായ്ക്കളുടെ ശ്വാസവും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു ..അതെ ..അവ ഞങ്ങളുടെ തൊട്ടു പുറകില്‍ തന്നെ ഉണ്ട്..! ."പേടിക്കരുത്..ഓടാന്‍ പാടില്ല ...ഓടിയാല്‍ എന്തായാലും നായ് കടിക്കും.."-സുരേഷ് പറഞ്ഞു..എന്റെ കയ്യില്‍ ഒരു നായുടെ തല വന്നു മുട്ടിയെന്നു തോന്നുന്നു..ഭയം അങ്ങോട്ട്‌ അരിച്ചു കയറി...പെട്ടെന്ന്  രണ്ടും കല്പിച്ചു സുരേഷ് ഒരു വടിയെടുത്തു വീശി."പൈ ..പൈ ..!" എന്ന ശബ്ദത്തോടെ നായ്ക്കള്‍ ഓടി മറഞ്ഞു.."കൊള്ളാമല്ലോ...അപ്പോള്‍ നായ്ക്കള്‍ക്ക് പേടി ഉണ്ട്.".ഞാന്‍ മനസ്സില്‍ കരുതി .പക്ഷെ അധികം നേരം വേണ്ടി വന്നില്ല.പൂര്‍വാധികം ശക്തിയോടെ നായ്ക്കള്‍ തിരിച്ചു വന്നു..ഇപ്രാവശ്യം ഞങ്ങള്‍ എല്ലാവരും കൂടെ വടി എടുത്ത് നായകളെ അടിച്ചു ഓടിക്കാന്‍ തുടങ്ങി..അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ശ്വാനന്മാര്‍ പിന്മാറി ..അപ്പോളേക്കും നവോദയ ക്യാമ്പസ്‌ എത്താറായിരുന്നു.മഞ്ഞ നിറത്തിലുള്ള സോഡിയം വേപ്പര് ലാമ്പ് ആകാശമോട്ടാകെ പ്രകാശം പരത്തുന്നു.പതുങ്ങി പതുങ്ങി ജോര്‍ജ് ചേട്ടന്റെ ക്വാര്ട്ടെഴ്സിന്റെ പിന്നിലുള്ള കമ്പി വേലി ചാടി ഞങ്ങള്‍ സ്കൂളിനു അകത്തു കടന്നു..നൈറ്റ്‌ ഡ്യൂട്ടി യിലുള്ള സാജു വെട്ടന്റെ വിസില്‍ അടി കേള്‍ക്കാം..ദൂരെ എവിടെയോ ആണ്..നടന്നു ഉജ്ജയിനി ഹൊസ്റ്റെലിന്റെ മുന്നില്‍ എത്തി.ഗ്രില്‍ അടച്ചിരിക്കുന്നു.എങ്ങിനെ  അകത്തു കടക്കും..? സാരമില്ല.ഇതൊക്കെ നവോദയ സ്ടുടെന്റ്സിനു വെറും നിസാരം.."പലക വെക്കല്‍"" " എന്ന ഒരു കലാരൂപം ആറാം തരത്തിലെ അനിയന്മാര്‍ക്ക് വരെ അന്ന് ഹൃദ്യസ്ഥം ..!"സംഗതി ഞാനൊന്നു വിവരിക്കാം.. -"അടഞ്ഞു കടക്കുന്ന ഗ്രില്ലിന്റെ രണ്ടു ഗേറ്റുകള്‍ ക്ക്  നടുവില്‍ കൂടി ഒരു പലക  ചെരിച്ചു അകത്തു കടത്തുന്നു .അതിനു ശേഷം ഈ പലക അതിനുള്ളില്‍ വച്ച് തന്നെ ബലം കൊടുത്തു നിവര്‍ത്തുന്നു..കാല് കൊണ്ട് ചവിട്ടിയാല്‍ പലക പെട്ടെന്ന് നിവര്‍ന്നു വന്നു ഭൂമിക്ക് സമാന്തരമായി നില്‍ക്കും..തന്മൂലം ഗ്രില്ലിന്റെ രണ്ടു ഗേറ്റുകള്‍ പരമാവധി അകലുന്നു.ഇനി ഇതിനുള്ളിലൂടെ ഒരാള്‍ക്ക് സുഖമായി അകത്തു കടക്കാം."
അങ്ങിനെ പലക വെച്ച് ഞങ്ങള്‍ അകത്തു കേറി..ഹോസ്റ്റലില്‍ ബാക്കിയുള്ളവര്‍ എല്ലാം നല്ല ഉറക്കത്തിലാണ്..സിനിമയുടെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് ഞാന്‍ എന്റെ കിടക്കയില്‍ കിടന്നു..പുതിയൊരു പ്രഭാതത്തെ വരവേല്‍ക്കാനായി..!എന്റെ കൌമാര മനസ്സിലാകട്ടെ  എന്തോ വലിയ കാര്യം ചെയ്തു എന്നുള്ള സംതൃപ്തിയും ..!