Friday 30 October 2020

ആക്ഷനും റിയാക്ഷനും

 വിക്രമശില ഹോസ്റ്റലിന്റെ മുകളിലെ നിലയിലെ  വലതു ഭാഗത്തുള്ള ഹാളിൽ ,ഏറ്റവും അറ്റത്തുള്ള രണ്ടു നില കട്ടിലിന്റെ മുകളിലത്തെ തട്ടിൽ ഞാൻ കിടന്നു .ഉച്ചയൂണിനു ചിക്കനും പായസവും ഒക്കെ അകത്താക്കി വന്നതിനു ശേഷം ഉള്ള കിടപ്പാണ് . കട്ടിലിനോട് ചേർന്നുള്ള ജനാലകൾ തുറന്നിട്ടാൽ പുറത്തുള്ള ഗ്രൗണ്ടിൽ നിന്നും നല്ല കാറ്റ് വരും.ഞാൻ ഒന്നു മയങ്ങിയപ്പോളേക്കും ചുറ്റിനും നല്ല ബഹളം . കണ്ണ് തുറന്നു നോക്കുമ്പോൾ അക്വേഷ്  എന്ന് വിളിക്കുന്ന ഉമേഷ് വന്നിരിക്കുന്നു .സ്‌കൂളിൽ നിന്നും പുറത്ത് ചാടി ഷൊർണൂർ പോയി നൂൺ ഷോ കണ്ടു വന്നുള്ള നിൽപ്പാണ് . ഒട്ടു മിക്ക ആഴ്ചകളിലും ഇത് പതിവാണ് .അത് കൊണ്ട് തന്നെ ഒരു നായക സ്ഥാനം ഞങ്ങൾ ഒമ്പതാം ക്ലാസ്സുകാർ അവനു നൽകിയിരുന്നു .

ഇത്തവണ അവൻ വന്നത് അല്പം പരിഭ്രമിച്ചു കൊണ്ടാണ്. കള്ളത്തരം പിടിക്കപ്പെടുമോ എന്ന ഭാവം ആയിരുന്നു മുഖത്ത് .

അവൻ പറഞ്ഞു 

"ഞാൻ ഇന്ന് പെടാൻ ചാൻസ് ഉണ്ട് ഡാ "

"എന്ത് പറ്റി ?"

"സിനിമയുടെ ഇന്റർവെൽ സമയത്ത് കൊക്കക്കോള കുടിക്കാൻ 
പോയപ്പോൾ ലൈബ്രറി സാറുടെ മുന്നിൽ പെട്ടു .ഉടുമുണ്ട് കൊണ്ട് മുഖം മറച്ചു ഞാൻ രക്ഷപ്പെട്ടു.അയാൾ എങ്ങാൻ കണ്ടിട്ടുണ്ടെങ്കിൽ  പണി പാളും "

"പുള്ളിക്ക് എല്ലാ ആഴ്ചയും സിനിമ കാണൽ തന്നെ ആണ് പരിപാടി . അത് കൊണ്ട് നിന്നെ ശ്രദ്ധിക്കാൻ ഉള്ള ചാൻസ് കുറവാണ് "-അവിടെ നിന്ന ആരോ അവനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു .

അക്വേഷ്  എന്ന വിളിപ്പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട് .എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആശാൻ ഒരു വാക്ക് മാൻ കൊണ്ട് വന്നു . രാവിലെയും ,വൈകീട്ടും, രാത്രിയും ആ വാക്ക് മാനിൽ അക്വാ ഇൻ അക്വേറിയം എന്ന ആൽബത്തിലെ പാട്ടുകൾ മാത്രം .എപ്പോഴും  ഒരേ പാട്ടുകൾ കേട്ട് ബോറടിച്ച കുട്ടികൾ അവനെ  അക്വേഷ് എന്നു നാമകരണം ചെയ്തു .

അങ്ങനെ അക്വേഷ്  പോയപ്പോൾ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു . കുറച്ച് തുണി അലക്കാൻ  ഉണ്ട്. അത് ഇന്ന് ഈ ഞായർ ആഴ്ച തന്നെ ചെയ്തില്ലെങ്കിൽ ശരിയാവില്ല . കൂട്ടിയിട്ടിരുന്ന മുഷിഞ്ഞ തുണികളിൽ നിന്നും അടുത്ത ആഴ്ചയ്ക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് ബക്കറ്റിൽ ഇട്ടു .നവോദയയുടെ സ്‌പെഷ്യൽ 501  ബാർ സോപ്പ് രണ്ടു പീസ് എടുത്ത് മുറിച്ച്  ബക്കറ്റിൽ ഇട്ടു . അപ്പുറത്തുള്ള തക്ഷശില ഹോസ്റ്റലിന്റെ മുന്നിൽ ഉള്ള അലക്കു കല്ലുകളാണ് അടുത്ത ലക്‌ഷ്യം . അവിടെ തിരക്കുണ്ടെങ്കിൽ പണി പാളും .സീനിയേഴ്സ് ഉണ്ടെങ്കിൽ അവന്മാർ ഞങ്ങൾ ഒമ്പതാം ക്ലാസ്സുകാരെ വിരട്ടി ഓടിക്കും . നേരെ മറിച്ച് ജൂനിയേഴ്‌സ് ആണെങ്കിൽ കുഴപ്പമില്ല . അവരെ ഓടിച്ച് വിട്ട് പെട്ടെന്ന് അലക്കി തീർക്കാം . ഇതെല്ലാം മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ നടന്നു . എന്റെ ഭാഗ്യത്തിന്, ഒന്ന് രണ്ട് അലക്കു കല്ലുകൾ ഫ്രീ ആയി കിടക്കുന്നുണ്ട് .കിട്ടിയ ഒന്നിൽ സ്ഥാനം പിടിച്ചു . ഉയർന്നു നിൽക്കുന്ന പ്ളാസ്റ്റിക് കൊണ്ടുള്ള ടാപ്പ് തുറന്നു .അതിശക്തിയോടെ ഷർ എന്ന ശബ്ദത്തിൽ  വെള്ളം ബക്കറ്റിൽ നിറയാൻ തുടങ്ങി  .തുണികൾ വെള്ളത്തിൽ മുക്കി 501 ബാര്സോപ്പ് തേച്ച് , അടുത്ത കല്ലിൽ ആരോ ഉപേക്ഷിച്ച് പോയ ഒരു വാഷിങ് ബ്രഷ്  എടുത്ത് ഞാൻ ഉരക്കാൻ തുടങ്ങി . 

"എടാ "

ഒരു വിളി കേട്ട് ഞാൻ ഞെട്ടി . "ചതിച്ചോ ! സീനിയേഴ്സ് ആണെങ്കിൽ പിന്നെ അവന്മാരുടെ അലക്ക് കഴിയുന്നത്  വരെ മാറി കൊടുക്കേണ്ടി വരും". തിരിഞ്ഞ് നോക്കിയപ്പോൾ വടി  പോലെയുള്ള ഒരു ചുവന്ന തോർത്ത്മുണ്ട്  ഉടുത്ത് ഒരു രൂപം . പതിനൊന്നാം ക്ലാസ്സിലെ ഹരിലാൽ ആണ് . സീനിയർ ആണെങ്കിലും അങ്ങോർ ഒരു പാവമാണ് . മാത്രമല്ല എന്റെ കൂടെ  കരാട്ടെ ക്ലാസ്സിൽ വരുന്നുമുണ്ട്. 

"എന്താ ചേട്ടാ പരിപാടി " - ഞാൻ ചോദിച്ചു 

" അതേയ്. ഒരു സൂപ്പർ പരിപാടി വന്നിട്ടുണ്ട് . നിനക്ക് ആക്ഷൻ ഷൂ വാങ്ങിക്കണോ  ?"

നല്ല ചോദ്യം . ഇത് കൊല്ലം 1997 ആണ്. സച്ചിൻ ദൂരദർശനിൽ ആക്ഷൻറോക്കേഴ്സ് ഷൂവിന്റെ പരസ്യം കാണിക്കുന്ന കാലം. ഷൂവിന്റെ താഴെയുള്ള കണ്ണിന്റെ ആകൃതിയിൽ ഉള്ള ഒരു ദ്വാരം . അത് നടക്കുമ്പോൾ സ്പ്രിങ് പോലെ വർക്ക് ചെയ്യും . പന്ത്രണ്ടാം ക്ലാസ്സിലെ ചില ചേട്ടന്മാർ ഇട്ടു നടക്കുന്നത് കണ്ടിട്ടുണ്ട് .ഒരെണ്ണം വേണം എന്ന് ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു .

" വേണം ചേട്ടാ ... പക്ഷെ വീട്ടുകാരോട് പറയാൻ ഒരു മടി ."

"അതാണ് ഞാൻ പറയുന്നത് . ഈ ഷൂവിന് ഒക്കെ 1000 രൂപയുടെ അടുത്ത് വിലയുണ്ട് . പക്ഷെ നിനക്ക് ഞാൻ 50 രൂപക്ക് സാധനം വാങ്ങി തരാം "

"കൊള്ളാലോ പരിപാടി . അതെങ്ങനെയാ ചേട്ടാ ?"

"ഇത് പോസ്റ്റ് ഓഫീസ്  വഴി ആണ് വരുന്നത്  . നമ്മുടെ പന്ത്രണ്ടാം ക്ലാസ്സിലെ ഷീൻ  സുരേഷ് എന്ന ചേട്ടൻ ആണ് ഇതിന്റെ മെയിൻ കണ്ണി  .ഞാൻ അങ്ങോർക്ക് 50 രൂപ കൊടുത്ത് ജോയിൻ ചെയ്തു .എന്നെ പോലെ നാല് പേര് ഉണ്ട്. ഇനി ഞാൻ എന്റെ അടിയിൽ നാല് പേരെ ചേർക്കും . ഇപ്പൊ തന്നെ മൂന്നു പേരായി .ഒരാൾ പറഞ്ഞു വച്ചിട്ടുമുണ്ട് . പക്ഷെ നിനക്ക് വേണ്ടി ,ഞാൻ അയാളെ മാറ്റാം എന്നിട്ട് നിന്നെ ചേർക്കാം . അതോടു കൂടി ഷീൻ  സുരേഷ് ചേട്ടന് ആക്ഷൻ ഷൂ വരും. പിന്നെ നീ നാല് പേരെ കൂടി ചേർത്താൽ എനിക്കും വരും . നീ ചേർക്കുന്നവർ നാല് പേരെ കൂടി ചേർത്താൽ നിനക്കും കിട്ടും ഷൂ  ! നുക്ലീയർ ഫിഷൻ റിയാക്ഷൻ പോലെ ആളുകൾ കൂടിക്കൊണ്ടേ ഇരിക്കും."  നാടോടിക്കാറ്റിലെ ഗഫൂറിക്കയെ പോലെ ഹരിലാൽ വിവരിച്ചു .

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ."അപ്പോൾ ഞാൻ ആണ് ഏറ്റവും ആദ്യം ഇത് എന്റെ ക്ലാസ്സിൽ ചെയ്യാൻ പോകുന്നത് . എന്റെ ക്ലാസ്സിലെ മറ്റുള്ളവരൊന്നും ഇത് അറിഞ്ഞിട്ടുണ്ടാവില്ല . അതു കൊണ്ട് തന്നെ എനിക്ക് പെട്ടെന്ന് ഷൂ കിട്ടാനുള്ള വകുപ്പുണ്ട് "

"എന്റെ കയ്യിൽ പക്ഷെ അമ്പത് രൂപ ഇല്ല ചേട്ടാ " ഞാൻ ദുഖഃത്തോടെ പറഞ്ഞു .

"അതിനും  വഴിയുണ്ട് . നീ നമ്മുടെ സുജാത മാഡത്തിന്റെ  കയ്യിൽ നിന്നും ഒരു 50 രൂപ കടം വാങ്ങിക്ക്.. തരും "

"അതിന് മാഡം എനിക്ക് പൈസ തരുമോ ?" ഞാൻ സംശയിച്ചു 

"അതൊക്കെ തരും .നിനക്ക് പ്രോജക്ടിന് ആവശ്യമുണ്ട് എന്ന് പറഞ്ഞാൽ മതി .അടുത്ത മാസം വീട്ടുകാർ വരുമ്പോൾ മടക്കി കൊടുക്കാം "

"ഓക്കേ  . ഞാനൊന്നു നോക്കട്ടെ "

"പെട്ടെന്ന് വേണം . വൈകിയാൽ അറിയാലോ... ഞാൻ വേറെ ആളെ ചേർക്കും . "

"ഏയ് വേണ്ട ചേട്ടാ ..ഞാൻ വാങ്ങി തരാം "

അങ്ങനെ ഞാൻ സുജാത മാഡത്തിന്റെ കയ്യിൽ നിന്നും പൈസ കടം വാങ്ങി ഹരിലാലിനു കൊടുത്തു .
ദിവസങ്ങൾ കടന്നു പോയി . ഒരു ദിവസം ഒരു ഫോമുമായി ഹരിലാൽ എന്നെ കാണാൻ വന്നു .

"എടാ നീ അറിഞ്ഞോ ഷീൻ  സുരേഷേട്ടന് റോക്കേഴ്സ് ഷൂ വന്നു .ഇതാണ് നിനക്കുള്ള ഫോം. ഇതിൽ നീ നാല് പേരെ ഉടൻ ചേർക്കണം .അത് കഴിഞ്ഞാൽ എനിക്ക് ഷൂ വരും."

"ഞാൻ 4  പേരെ പറഞ്ഞു വച്ചിട്ടുണ്ട് ഉടൻ ചേർക്കാം "

അങ്ങനെ ഞാൻ എന്റെ ക്ലാസ്സില് മറ്റൊരു ഗഫൂർ ക ദോസ്ത് ‌ക്‌ളാസ് എടുത്ത് ജോമോനെയും, അരുണിനെയും, ജിനീഷിനെയും ,ഇജാസ് അലിയെയും ചേർത്തു . എല്ലാവരും കിനാവ് കാണാൻ തുടങ്ങി . സൈലെന്സർ വേണോ റോക്കേഴ്സ് വേണോ എന്നായിരുന്നു ജോമോന്റെ സംശയം. അവന്റെ അഭിപ്രായത്തിൽ കപില്ദേവിന്റെ  സൈലെന്സര് ഷൂ പരസ്യം  ആണ് ഗംഭീരം.അത് കൊണ്ട് അവൻ  സൈലെന്സര് ഷൂ സെലക്ട് ചെയ്തു . ബാക്കി എല്ലാവര്ക്കും റോക്കേഴ്സ് തന്നെ മതി. ഫോം എല്ലാം ഫിൽചെയ്ത് ഞാൻ പോസ്റ്റിൽ അയച്ചു കൊടുത്തു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉള്ള  ഒരു മോർണിംഗ് അസംബ്ലി . അന്ന് ഞാൻ കാലത്ത് പി. ടി യ്ക്ക് പോയിരുന്നില്ല . പ്രിൻസിപ്പൽ ബാലൻ സാർ അന്ന് ആകെ ദേഷ്യത്തിൽ ആണ് . പ്രെയർ തുടങ്ങി "ഓം അസതോമാ സർഗമയ..തമസോമാ ജ്യോതിർഗമയ , മൃത്യോമാ അമൃതം ഗമയ .." അത് കഴിഞ്ഞു പ്രതിജ്ഞ വന്നു, ഇന്നത്തെ ചിന്താ വിഷയം വന്നു , വാർത്തകൾ വന്നു,കമ്മ്യൂണിറ്റി സോങ് വന്നു, സ്‌കൂൾ ലീഡർ കിറോഷ് രാജൻ സാവ്‌ധാനും വിശ്രമും  ഒക്കെ ഇതിനിടയിൽകുറെ  പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട് .പക്ഷെ എന്റെ ചിന്ത മുഴുവൻ വരാൻ പോകുന്ന ആക്ഷൻ ഷൂവിനെ കുറിച്ചായിരുന്നു .അങ്ങിനെ പ്രിൻസിപ്പാളിന്റെ പ്രസംഗത്തിന് സമയമായി .

"ഡിയർ ടീച്ചേഴ്സ് ആൻഡ് മൈ ഡിയർ ചിൽഡ്രൻ... " 

തന്റെ സ്ഥിരം അഭിസംബോധന ശൈലിയുമായി അദ്ദേഹം പ്രസംഗിച്ചു തുടങ്ങി.

കിലുക്കത്തിലെ ഇന്നസെന്റിന്റെ ഡയലോഗ് എന്റെ മനസ്സിൽ മുഴങ്ങി - " ഉം കേട്ട്ണ്ട് .. കേട്ട്ണ്ട് !"

പ്രിൻസിപ്പൽ തുടർന്നു 

"നിങ്ങൾ ആരും പി ടി യ്ക്ക് പോകുന്നില്ല എന്ന് ഞാൻ അറിഞ്ഞു . അത് കൊണ്ട് ഇവിടെ ഈ അസ്സെംബ്ലയിൽ വച്ച് പി ടി നടത്തിയിട്ട് നിങ്ങൾ ക്ലാസ്സിൽ കയറിയാൽ മതി. ജോസ് സർ  വരൂ  "

ജോസ് സർ വന്നു വിസിൽ അടിച്ചു പി ടി തുടങ്ങി. "കാലത്ത് കുളി കഴിഞ്ഞ് വന്നിട്ടും വിയർത്തു കുളിക്കാൻ ആണ് വിധി  "ഞാൻ മനസ്സിൽ ഓർത്തു .

പി ടി കഴിഞ്ഞപ്പോളേക്കും ഏകദേശം 8 മണി ആയി . സൂര്യന്റെ നല്ല വെയിലും ചൂടും  ഉണ്ട് .

"എല്ലാവരും ഇരുന്നോളൂ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് " -പ്രിൻസിപ്പൽ പറഞ്ഞു 

ഭൂരി ഭാഗം പേരും വിയർത്തു കുളിച്ച് അസഹ്യരാണ് .

"ദ  വൈറ്റമിൻ ഡി ദാറ്റ്  യു ആർ എൻജോയിങ്  റൈറ്റ് നൗ ഈസ്  ഫ്രീ ഓഫ് കോസ്റ്റ് " -അദ്ദേഹം തുടർന്നു .

"ആഹാ അത് ശരി .. പ്രിന്സിപ്പാളിനു  വെയില് കൊള്ളാതെ നിൽക്കാൻ അവിടെ സ്റ്റേജ് ഉണ്ട് . നമ്മുടെ കാര്യമാ കഷ്ടം !" ജിനീഷ് ശബ്ദം താഴ്ത്തി പറഞ്ഞു .

"കുട്ടികളുടെ ഇടയിൽ പൈസയുടെ ദുരുപയോഗം നടക്കുന്നതായി ഞാൻ അറിഞ്ഞു . ക്യാമ്പസിനുള്ളിൽ ഒരു മണി  ചെയിൻ ബിസിനസ് നടക്കുന്നുണ്ട്. ഷൂ വാങ്ങിക്കാനും  മറ്റും ...ആൻഡ് ഐ ഹാവ് അസ്കഡ് പോസ്റ്റ് ഓഫീസ് റ്റു റിട്ടേൺ ദോസ് പാക്കേജ്‌സ് !..
ഇനി ഇത് തുടർന്നാൽ യു ഷുഡ്  ബി റെഡി റ്റു ഫേസ് ദി സീരിയസ് കോൺസെക്യുൻസെസ് ! "

"അയ്യോ എന്റെ ആക്ഷൻ ഷൂ .."  ഞാൻ തേങ്ങി .
ഇത് കേട്ട എന്റെ ഷൂ ബിസിനസ് കൂട്ടുകാർ എനിക്കിട്ട് നല്ല തെറി വിളിയും തന്നു .
എന്തായാലും ,വീട്ടുകാരോട് കുറ്റങ്ങൾ ഏറ്റു പറഞ്ഞ് അടുത്ത പാരെന്റ്സ് ഡേയ്ക്ക്  സുജാത മാഡത്തിന്റെ 50 രൂപ ഞാൻ തിരിച്ചു കൊടുത്തു .

അങ്ങിനെ ആക്ഷനും വന്നില്ല ,ഫിഷൻ റിയാക്ഷനും നടന്നില്ല ..ആകെ പൈസ പോയത്  മാത്രം മിച്ചം .