Tuesday 16 April 2013

ഭരതിണ്ട


ഭരത് ലാൽ  മീണ എന്നൊരു സഹപാഠി ഉണ്ടായിരുന്നു ഒരു കാലത്ത് . ജന്മദേശം രാജസ്ഥാൻ . രൂപം വർണ്ണിക്കുകയാണെങ്കിൽ - പൂച്ചയുടെ പോലുള്ള  കണ്ണുകൾ, ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നതെങ്കിലും പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിയെക്കാൾ വലിയ ശരീര ഘടന , മുഖത്തും കയ്യിലുമെല്ലാം  അങ്ങിങ്ങായി കറുത്ത കുത്തുകൾ ,   ചെമ്പ് നിറത്തിലുള്ള കോലൻ മുടികൾ കടുകെണ്ണതേച്ച് ഇടതു ഭാഗത്തേക്ക്‌ ചീകി ഒതുക്കി വച്ചിരിക്കുന്നു . മുഷിഞ്ഞു നാറിയ വെളുത്ത യൂണിഫോമിന്റെ നിറം മാറി ബ്രൌണ്‍ കളർ  ആകാൻ തുടങ്ങിയിരിക്കുന്നു എങ്കിലും ദേഹത്ത് നിന്നും അഴിച്ചു മാറ്റിയിട്ടില്ല.  എന്നാൽ ഇദ്ദേഹത്തിന്റെ സ്വഭാവം മാത്രം ഇങ്ങനെ ആയിരുന്നില്ല . പകരം വളരെ വളരെ മോശമായിരുന്നു
 
 
              ഇങ്ങനെയുള്ള ഈ മനുഷ്യന് മലയാളി പെണ്‍കുട്ടികളെ കാണുന്നതും  വളരെ ഇക്കിളി പെടുത്തുന്ന ഒരു കാര്യമായിരുന്നു. ഒരു പെണ്ണിനെ പോലും കമന്റ് അടിക്കാതെ  ഇദ്ദേഹം വിടാറില്ല . കളി കൂടി കൂടി ക്ലാസ്സിൽ വരുന്ന ലേഡി ടീച്ചേഴ്സിനെ കൂടി കമന്റ് അടി തുടങ്ങി മഹാൻ  . ടീച്ചർമാർ ക്ലാസ് എടുക്കുമ്പോൾ "ഒയ് ചോരി .. ഒയ് ചോരി " എന്നീ  വഷളൻ കമന്റുകൾ ഇവനും കൂട്ടുകാരും കൂടി പാസ്സാക്കും . ഒരു ദിവസം ഇവന്മാരുടെ ശല്യം സഹിക്ക വയ്യാതെ ഒരു ടീച്ചർ "ഓൾ രാജസ്ഥാനി സ്റ്യൂടന്റ്സ് ഗെറ്റ് ഔട്ട്‌ ഫ്രം ദ  ക്ലാസ്സ്‌ " എന്ന് പറഞ്ഞു . ഇത് കേട്ടതും ഇവരുടെ വർഗ സ്നേഹം പുറത്തു ചാടി . കൂട്ടത്തിൽ ഉള്ള വിഷ്ണു എന്ന് പേരുള്ള ഒരു പയ്യന് അടുത്ത് ചെന്ന് ടീച്ചറിനോട് ചൂടായി 
 " ക്യോം മേഡം ക്യോം ...? സിർഫ് രാജസ്ഥാനിയോം കോ ക്യോം നികാല്തി  ഹോ ആപ്..? ഹം  നഹിം ജായേന്ഗെ..!" 
 
"നിങ്ങൾ പോയില്ലെങ്കിൽ ഞാൻ പോകും !"
 
 എന്ന് പറഞ്ഞു ടീച്ചർ  ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി  . നഷ്ടം ഞങ്ങള്ക്ക് ...ഈ പൊട്ടന്മാർ ഒമ്പതാം ക്ലാസ്സിൽ ഒരു വര്ഷത്തെ പഠനത്തിനു മാത്രം വന്നതാണ്‌ . അത് കഴിഞ്ഞാൽ  അവർ അവരുടെ നാട്ടിലേക്ക്  തിരിച്ചു പോകും .
ദിവസങ്ങൾ കഴിയുന്തോറും ഇവരുടെ ശല്യം  കൂടി കൂടി വന്നു . ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറകിൽ  നിന്നും വന്നു ഞോണ്ടി അടി ഉണ്ടാക്കാൻ വരെ തുടങ്ങി ഇവന്മാർ. വലുപ്പം കൊണ്ട് അന്നത്തെ കാലത്ത് ഞങ്ങളുടെ ഇരട്ടിയുണ്ട് ഓരോ രാജസ്ഥാനികളും .അത് കൊണ്ട് നേരിട്ട് തിരിച്ച് അടിക്കാൻ പേടി ആണ് . ആകെ രക്ഷ "പഴശ്ശിയുടെ യുദ്ധം" മാത്രം . ഇതിൽ കേമൻ എന്റെ സുഹൃത്ത് ജിനോയ് ആയിരുന്നു . ഒരിക്കൽ ദേഷ്യം വന്നപ്പോൾ ഭരതിന്റെ ഷർട്ട്‌ എടുത്തു കൊണ്ട് പോയി കക്കൂസിന്റെ ക്ലോസേറ്റ് ക്ലീൻ ചെയ്തു അവൻ . എന്നിട്ട് അത് തിരികെ ഭരതിന്റെ ബാഗിൽ കൊണ്ട് വന്നിട്ടു  .
പിറ്റേന്ന് ആ കാഴ്ച കണ്ടു ഞങ്ങൾ ഞെട്ടി . അതെ.. ആ  ഷർട്ടും ധരിച്ച് ഭരത് അതാ നടക്കുന്നു ...!
 
 
                    അങ്ങിനെ ആ കൊല്ലത്തെ ഓണം വന്നെത്തി . സാധാരണ ഓണത്തിന് കിട്ടുന്നത് ആകെ മൂന്നു ദിവസത്തെ അവധി മാത്രമാണ് . എന്നാൽ ഇതിനും പ്രിൻസിപ്പൽ ബാലൻ സാർ  ഒരു വ്യവസ്ഥ വച്ചിരുന്നു . ഒമ്പതാം ക്ലാസ്സിലെ രാജസ്ഥാനികളെ മുഴുവൻ അവരുടെ ക്ലാസ്സിലെ മലയാളി കുട്ടികൾ അതിഥികളായി വീട്ടില് കൊണ്ട് പോകണം . ഇല്ലെങ്കിൽ ഓണത്തിന് അവധി തരില്ല . ഓണത്തിനുള്ള മൂന്നു ദിവസത്തെ അവധി കളയണ്ട എന്ന് കരുതി ടീച്ചർമാർ തന്നെ മുന്നോട്ടു വന്നു ഓരോരുത്തര്ക്ക് ഓരോ രാജസ്ഥാനികളെ വീതം ഏല്പിക്കും . അങ്ങിനെ ക്ലാസ് ടീച്ചർ ചാക്കോ സർ വന്നു ഒരു ലിസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി .അപ്പോൾ ഭരതിന്റെ  അടുത്ത് ഇരുന്ന ജോമോൻ  അവനോടു പറഞ്ഞു . 
 
"തുംകോ കോയീ നഹി ലേ  ജായേഗ ! " 
 
ഭരതിന്  വിഷമം ആയെന്നു തോന്നുന്നു . അവൻ ഒന്നും മിണ്ടിയില്ല .
നല്ലവരായ രാജസ്ഥാനികളെ  എല്ലാം വളരെ പെട്ടെന്ന് ഓരോരുത്തർ എടുത്തു .  നമ്മുടെ ഭരതിനെ മാത്രം ആരും എടുത്തില്ല  . അപ്പോൾ ചാക്കോ സാർ ഭരതിനോട് ചോദിച്ചു
 
" കിസ്ക സാഥ്  ജാനാ  ഹേ  തെരെ കോ ?"
 
" സർ  മേം ഇസ്ക സാഥ് ജായേഗ "-അടുത്ത്  ഇരുന്ന ജോമോനെ ചൂണ്ടി ഭരത് പറഞ്ഞു .
 
പാവം ജോമോൻ ! അപ്രതീക്ഷിതമായ ആ ഉത്തരം കേട്ട് ഞെട്ടി . പക്ഷെ ചാക്കോ സർ തീരുമാനിച്ചു കഴിഞ്ഞു . സർ പറഞ്ഞു.
 
 "ജോമോൻ..  നീ അവനെ കൊണ്ട് പോയെ തീരൂ ... അവന്റെ ആഗ്രഹം ആണ് !"
 
മറ്റു പോം വഴി ഒന്നുമില്ലാതെ ജോമോൻ  സമ്മതിച്ചു .
 
                                                            അങ്ങനെ മൂന്നു ദിവസം ജോമോന്റെ വീട്ടിൽ പോയി ഭരത് തിരിച്ചു വന്നു. വീട്ടില് വച്ച് ഒരു പാവം ആയി അവൻ അഭിനയിച്ചുവെങ്കിലും തിരിച്ചു വന്നപ്പോൾ അവന്റെ മട്ട്  മാറി . ജോമോന്റെ വീടിനെ കുറിച്ചും നാടിനെ കുറിച്ചുമെല്ലാം കളിയാക്കാൻ തുടങ്ങി മൂപ്പർ !
ഇതോടു കൂടി ഇവൻ ഞങ്ങളുടെ ഒരു നോട്ടപുള്ളി ആയി മാറി . ഭരതിനെ ഞങ്ങളുടെ ജൂനിയേർസ്‌ വിളിച്ചിരുന്നത്‌ "ഭരതെണ്ടി" (ഭരത് + തെണ്ടി )എന്നായിരുന്നു .മലയാളം അറിയില്ലെങ്കിലും എന്തോ ഒരു ചീത്ത വാക്കാണ്‌ തന്നെ കുട്ടികൾ വിളിക്കുന്നത് എന്നവനു മനസ്സിലായി. പലരോടും ഇതിന്റെ അർഥം ചോദിച്ചു നോക്കിയെങ്കിലും ആരും പറഞ്ഞു കൊടുത്തില്ല . വീണ്ടും നമ്മുടെ നായകൻ  പഴയ ഫോമിൽ തിരിച്ചു വന്നു . ഇത്തവണ പക്ഷെ നേരിട്ട് പിള്ളേരുമായി അടി ഉണ്ടാക്കിയിട്ടായിരുന്നു വരവ് . അങ്ങനെ സഹി കെട്ടപ്പോൾ ഞങ്ങൾ തിരിച്ചു തല്ലാൻ തീരുമാനിച്ചു .
 
 
                                                           അന്നൊരു ഞായർ  ആഴ്ച ആയിരുന്നു . ഉച്ചക്ക് അസ്സെംബ്ലി ഹാളിൽ ആണ് ഭക്ഷണം . ഭക്ഷണത്തിനു ലൈനിൽ നിൽക്കാത്തതിന്റെ   പേരില്  അന്നത്തെ ഫുഡ് സെർവിംഗ്  ടീമുമായി ഭരത് ചെറിയ ഒരു കശ പിശ  ഉണ്ടാക്കി . ഒരു കാരണം കാത്ത് നില്ക്കുകയായിരുന്ന ഞങ്ങൾ എല്ലാവരും കൂടെ അവനെ എടുത്തു നല്ല ചാമ്പ് ചാമ്പി . അടി തടുക്കാൻ ഓടി വന്ന ബാക്കി രാജസ്ഥാനികൾക്കും കിട്ടി നല്ല ഇടി . അതോടെ ഞങ്ങളുടെ ഇരട്ടി വലിപ്പം ഉള്ള അവന്മാര് എല്ലാം കൂടെ വന്നു ഞങ്ങളെ തല്ലാൻ തുടങ്ങി . ആൾ ബലം കൂടുതൽ ഉള്ളത് കൊണ്ട് ഞങ്ങൾ പിടിച്ചു തിന്നു . കൂട്ടത്തിൽ  ഉള്ള രാജേന്ദർ എന്നവനെ ഞങ്ങൾ സാംബാർ ബക്കറ്റിൽ മുക്കി എടുത്തു . കുറെ എണ്ണത്തിനെ ചോറ് വച്ചിരുന്ന ചെമ്പിലും  പൂഴ്ത്തി . ഭക്ഷണ സാധനങ്ങൾ നാലു ദിശയിലും പറന്നു . അടി സഹിക്കാതായപ്പോൾ അവർ എല്ലാവരും കൂടെ പുറത്ത് ഇറങ്ങി ഓടി . അപ്പോഴാണ് പ്രിൻസിപ്പൽ അങ്ങോട്ട്‌ വന്നത്  . പൊടുന്നനെ എല്ലാവരും മുങ്ങി !. അദ്ദേഹം നോക്കുമ്പോൾ ഭക്ഷണം മുഴുവനും തറയിൽ കിടക്കുന്നു . സർ  പറഞ്ഞു -" കാൾ ദ  ഫോട്ടോഗ്രാഫർ !" . പഴയ അനലോഗ് ക്യാമറയുമായി ചിറങ്കര  സ്റ്റുഡിയോവിലെ വെളുത്ത മെലിഞ്ഞ ഫോട്ടോഗ്രാഫർ ചേട്ടൻ ഉടൻ ഹാജർ !. സംഭവ സ്ഥലത്തിന്റെ പല ആംഗിളുകളിൽ ഉള്ള ഫോട്ടോ എടുത്തു .  ഭാഗ്യത്തിന് ഡമ്മി  ഇട്ടു നോക്കിയില്ല . ഒരു അന്വേഷണത്തിന് പ്രിൻസിപ്പൽ  ഉത്തരവിട്ടു .ശിവദാസൻ സാറുടെ നേതൃത്വത്തിൽ എന്ക്വയറി കമ്മിറ്റിയും രൂപീകരിച്ചു . അവർ പഠിച്ചു റിപ്പോർട്ട്‌ സമര്പിച്ചു  .
 
ദാ പോകുന്നു അഞ്ച് ആറു കുട്ടികൾ സസ്പെൻഷനിൽ !...
 
ദേശീയ ഐക്യം തകരുന്നത് കണ്ട പ്രിൻസിപ്പൽ സർവ കക്ഷി യോഗം വിളിച്ചു . യോഗത്തിൽ ഞങ്ങളും രാജസ്ഥാനികളും പരസ്പരം പഴി ചാരാൻ തുടങ്ങി . ഇതിനിടയിൽ ആണ് ഭരതിന്റെ കമ്പ്ലയിന്റ് .! 
 
" സർ  ...യെ ചോട്ടെ ബച്ചേ ഹേ  ന ... "ഭരതിണ്ട " ബുലാതെ  ഹേ  മുഝെ ! " -എന്തോ ഒരു തെറി ആണ് താൻ പറഞ്ഞു കൊടുത്തത് എന്നാ ഭാവത്തിൽ ഭരത് നിന്നു .
 
" ഭരതിണ്ട ?.. ഓ അത് ഭരതേട്ടാ എന്ന് നീട്ടി വിളിച്ചതായിരിക്കും ...! ഭരത് + ഏട്ടാ =ഭരതേട്ടാ .... !
ദാറ്റ് മീൻസ് ഭരത് ഭൈയ്യ !"  "  പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് ഞങ്ങൾ ചിരി അടക്കി .
 
അദ്ദേഹത്തിന് അറിയില്ലല്ലോ സംഗതി "ഭരതിണ്ട"  അല്ല "ഭരതെണ്ടി" ആണെന്നത് !
 
 
 
 
 ഭരത് സൃഷ്ടിച്ച കഥ ഇവിടെ പൂർണമാകുന്നു .  അദ്ദേഹം ഇന്ന് ഇവിടെയുണ്ട് എന്ന് ഞങ്ങള്ക്കറിയില്ല പക്ഷെ എല്ലാവരും മാറിയത് പോലെ കാലം അദ്ദേഹത്തിനേയും മാറ്റി കാണുമെന്നു പ്രതീക്ഷിക്കുന്നു .
തെറ്റുകൾ ഞങ്ങള്ക്കും പറ്റിയിട്ടുണ്ട് . എത്രയോ പട്ടിണി പാവങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ അത്രയും ഭക്ഷണം നശിപ്പിച്ചു കളഞ്ഞതിന് ഞങ്ങൾ തീര്ച്ചയായും ശിക്ഷ അർഹിക്കുന്നു . എല്ലാം പ്രായത്തിന്റെ വികൃതികൾ മാത്രം  !
 
 

Thursday 4 April 2013

ഒരു കപ്പ പുഴുങ്ങിയ കഥ

വിളവെടുക്കാൻ തയ്യാറായി കിടക്കുന്ന ഒരു മരച്ചീനി തോട്ടം ഉണ്ടായിരുന്നു പണ്ട് സ്കൂളിൽ . വളർന്നു വളർന്നു  ഏകദേശം ആറടിക്ക് മുകളിലായിരുന്നു ഇതിന്റെ ഓരോ തണ്ടിന്റെയും ഉയരം. ഇതിനടുത്ത് തന്നെയാണ് ഞങ്ങളുടെ കിണറും മോട്ടോർ  പുരയും . ഹോസ്റ്റലിൽ വെള്ളം വരാത്ത ദിവസങ്ങളിൽ ഇതിനടുത്തുള്ള ചെറിയ ഒരു ടാങ്കിൽ നിന്നും വെള്ളം ബക്കറ്റിൽ കോരി എടുത്താണ്  കുട്ടികളുടെ കുളി . കുളി എന്ന് പറഞ്ഞാൽ തുറസ്സായ സ്ഥലത്ത് ജട്ടി ധരിച്ചുള്ള  കുളി . ഈ ടാങ്ക് കൂടാതെ ഒരു വാട്ടർ ടാപ്പ്‌  കൂടി ഉണ്ട് ഇവിടെ.  ഇതിനു ചുവട്ടിൽ  ഇരുന്നും കുളിക്കാം .ആകെയുള്ള പ്രശ്നം ഇതെല്ലം റോഡ്‌ സൈഡിൽ ആണ് എന്നുള്ളതാണ് . പെണ്‍കുട്ടികളും ടീച്ചർമാരും  യാത്ര ചെയ്യുന്ന വഴിയാണ്   . പക്ഷെ ആ ഒരു വിചാരം ഒന്നും ആര്ക്കും ഉണ്ടായിരുന്നില്ല .                                                                                                               
                                                                                               ഒരു ദിവസം പ്രിൻസിപ്പൽ ബാലസുബ്രമണ്യൻ സർ  ആ കാഴ്ച കാണാൻ ഇടയായി  . അദ്ദേഹം അപ്പോൾ ഒന്നും മിണ്ടിയില്ല . പക്ഷെ പിറ്റേ ദിവസം അസംബ്ലിയിൽ അദ്ദേഹം പെണ്‍കുട്ടികളോട് ചെവി പൊത്താൻ ആവശ്യപ്പെട്ടു . എന്നിട്ട് പറഞ്ഞു "പ്രായമായ ആണ്‍ കുട്ടികള് പെണ്‍കുട്ട്യോള്  നടക്കുന്ന വഴിയിൽ  ജെട്ടി ഇട്ടു കുളിക്യേ ! ദിസ്‌ ഈസ് നോട്ട് അലവ്ട് ഇൻ ദ ക്യാമ്പസ് ...! ഇനി ഇങ്ങിനെ കണ്ടാൽ നല്ല ചുട്ട പെട കൊള്ളും ..!" .ചെവി നന്നായി പൊത്തി  പിടിച്ചതു  കൊണ്ടാകണം എല്ലാ പെണ്‍കുട്ടികളും ഇത് കേട്ട് പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു  .  എന്തായാലും ആ സംഭവത്തിന്‌  ശേഷം ജട്ടി ധരിച്ചു കുളിക്കുന്നവരുടെ എണ്ണത്തിൽ  ഗണ്യമായ കുറവ് സംഭവിച്ചു . എങ്കിലും കിണറ്റിൻ കരയിലെ കുളി മുടങ്ങിയില്ല . തോർത്ത്‌ മുണ്ട് എടുത്തു കുളിക്കുന്ന പുതിയ ഫാഷൻ നിലവിൽ  വന്നു . അങ്ങിനെയുള്ള ഒരു സമയത്ത്  കുളിച്ച്  കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ  കുറച്ചു പേർ.  കുളിക്കുന്ന വെള്ളമെല്ലാം ഒഴുകി പോയി കൊണ്ടിരുന്ന മരച്ചീനികൾക്കിടയിലേക്ക് എന്റെ സുഹൃത്തിന്റെ ശ്രദ്ധ തിരിഞ്ഞു . അവൻ പറഞ്ഞു " നല്ല വളം ആണ് കൊള്ളിക്കു (കപ്പ) കിട്ടി കൊണ്ടിരിക്കുന്നത് . ഒരു ഒന്നൊന്നര വലിപ്പം ആയിരിക്കും കൊള്ളിക്ക് .. പുഴുങ്ങി അടിച്ചാലോ " . കേട്ട് കൊണ്ടിരിക്കുന്ന ബാക്കി ഉള്ളവര്ക്ക് അതോടു കൂടി മനസ്സില് ആശ  കേറി . സാധാരണ ഈ കപ്പ പറിച്ചു കഴിഞ്ഞാൽ  സ്കൂളിൽ ചായയുടെ കൂടെ സ്നാക്ക്സ് ആയിട്ട് കപ്പ പുഴുക്ക് ഉണ്ടാക്കി തരാറുണ്ട്  . നല്ല മഞ്ഞ നിറത്തിൽ  വെളിച്ചെണ്ണയിൽ കടുകും ചേർത്ത് കാച്ചിയെടുത്ത പുഴുങ്ങിയ  കപ്പ . അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ ഉള്ളതിനാൽ ഒരു പാട് കപ്പ നന്നാക്കി എടുക്കേണ്ടി വരും . മെസ്സിലെ ഉണ്ണിയേട്ടനും , ശശിയേട്ടനും , മനോഹരേട്ടനും എല്ലാം അന്ന് ഒടുക്കത്തെ പണി ആയിരിക്കും . ചില ദിവസങ്ങളിൽ ഞങ്ങളും സഹായിക്കാൻ കൂടാറുണ്ട് . അങ്ങിനെ ഈ വിഭവം ഒരുക്കി കഴിയുമ്പോളേക്കും സമയം ഒരു പാടാകും . അപ്പോൾ വൈകീട്ടത്തെ ടീ  ടൈം നാലു മണിയിൽ നിന്നും ആറ് മണിയാകും . കളിയെല്ലാം കഴിഞ്ഞു വിശന്നു പണ്ടാരമടങ്ങി ആ കപ്പ തിന്നാൻ നല്ല രുചി ആണ് . കപ്പയുടെ രുചി ആലോചിച്ചപ്പോഴേക്കും വായിൽ  വെള്ളമൂറി  . അങ്ങിനെ ഞങ്ങൾ കപ്പ ആരും കാണാതെ പറിച്ചു പുഴുങ്ങാൻ ഒരു പ്ലാനിട്ടു . പിടിക്കപ്പെട്ടാൽ കാര്യം പോക്കാണ് . പണ്ട് മൂന്നാം ബാച്ചിലെ ചേട്ടന്മാർ കപ്പ പുഴുങ്ങി ഫോട്ടോ എല്ലാം എടുത്തിട്ടുണ്ട്  . പക്ഷെ ആ ഫോട്ടോ സാറുമാർ പിടിച്ചു . ആരോ ഒറ്റി കൊടുത്തതാണ് കാരണം . ഞങ്ങളുടെ ബാച്ചിലും ഈ വക യൂദാസുകൾ ഉള്ളത് കൊണ്ട് സംഗതി വൻ രഹസ്യം ആക്കണം . അത് കൊണ്ട് വിശ്വസ്തരെ മാത്രമേ അന്ന് ടീമിൽ എടുത്തുള്ളൂ .. 




                                                                         കപ്പ പുഴുങ്ങാൻ വേണ്ടി ഉപയോഗിച്ചത് ഒരു ഗ്യാസ് ലൈറ്റ് ആയിരുന്നു .ഈ സാങ്കേതിക വിദ്യ കൂടി ഞാൻ പങ്കു വെക്കാം .മുകളിലെ  ചിത്രം ശ്രദ്ധിക്കുക . എന്നാലേ  ഈ ബ്ലോഗ്‌ പൂർണമാകൂ . ഗ്യാസ് ലൈറ്റിന്റെ മാന്റിൽ പൊട്ടിച്ചു കളയുക . എന്നിട്ട് ഗ്യാസ് വരുന്നതിനു  നേരെ താഴെ ഒരു സ്റ്റീൽ ഗ്ലാസ്‌ വക്കുക . ഇപ്പോൾ ഗ്യാസ് ലൈറ്റ് ഓണ്‍ ചെയ്താൽ കത്തുന്ന തീ ഗ്ലാസ്സിൽ  തട്ടി പ്രതിഫലിക്കും . ഇനി സംഗതി എളുപ്പമാണ് . മാന്റിലിന്  ചുറ്റുമുള്ള ചില്ല് കൂടിന്റെ കമ്പിക്കു മുകളിൽ പാചകം ചെയ്യേണ്ട പാത്രം  വയ്ക്കാവുന്നതാണ് . ഇതിൽ കപ്പ അല്ല ചോറ് വരെ വേവിക്കാം . അങ്ങിനെ കപ്പ പുഴുങ്ങാനുള്ള ഗ്യാസ് ലൈറ്റ് അന്ന്  മെസ്സ് ഹാളിൽ  നിന്നും അടിച്ചു മാറ്റി കൊണ്ട് വന്നു . ഒരാൾ പുറത്തു ചാടി കടയിൽ  പോയി കുറെ മുട്ടയും  ഉപ്പും മുളകും എല്ലാം വാങ്ങി വന്നു .കപ്പയും മുട്ടയും ആണ് അന്ന് ഉണ്ടാക്കാൻ ഉദ്ദേശിച്ച വിഭവം .  ഇനി ആകെ വേണ്ടത്  കപ്പ മാത്രം .  രാത്രി കറന്റ് പോയ സമയത്ത് ഞങ്ങൾ മരച്ചീനി തോട്ടത്തിൽ എത്തി . കപ്പ പറിച്ചു അതിന്റെ തണ്ട് മാത്രം പഴയത് പോലെ കുഴിച്ചിട്ടു . ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാകില്ല തണ്ട്  മാത്രമേ ഉള്ളൂ എന്ന് . ഇനി ശ്രദ്ധിച്ചാൽ തന്നെ അവർ കരുതിക്കോളും രാത്രി കാട്ടു പന്നി വന്നു കുത്തി മറിച്ച്‌ പോയതാണെന്ന് . അക്കാലത്ത് തൊട്ടടുത്ത മലയിൽ നിന്നും ഒരു പാട് കാട്ടു  പന്നികൾ വേസ്റ്റ് തിന്നാനായി സ്കൂളിൽ വരാറുണ്ട് അത് കൊണ്ട് ഇതൊരു സാധാരണ സംഭവം ആയെ തോന്നൂ . 

                                                                                  അങ്ങിനെ രാത്രി എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ ഞങ്ങൾ കുറച്ചു പേര് എഴുന്നേറ്റു . പുഴുങ്ങാൻ ഉദ്ദേശിച്ച സ്ഥലം ഹോസ്റെലിന്റെ വർക്ക്‌ ഏരിയ തന്നെ. അങ്ങനെ സാമഗ്രികളുമായി ഞങ്ങൾ വർക്ക്‌ ഏരിയ യിൽ കയറി കതകടച്ചു പരിപാടി തുടങ്ങി . ജിനീഷ് ആയിരുന്നു കുക്ക് . ആദ്യം ബിന്റോ യുടെ അലൂമിനിയം ബക്കറ്റ് ഗ്യാസ് ലൈറ്റിനു മുകളിൽ  വച്ച് വെള്ളമൊഴിച്ചു  . വെള്ളം തിളച്ചു തുടങ്ങി . "ഡാ ബക്കറ്റ് കേടാവുമോ ..?ബിന്റൊയോടു പറഞ്ഞിട്ടില്ല "-അനീഷ്‌ ജോണി ചോദിച്ചു ."ആറ്  വർഷമായി അവൻ ഉപയോഗിക്കുന്ന ബക്കറ്റ് ആണ് ..!കേടാവുന്നെങ്കിൽ ആകട്ടെ ... അങ്ങനെയെങ്കിലും അവൻ ബക്കറ്റ് മാറ്റുമല്ലോ " -തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് കപ്പ ഇട്ടു കൊണ്ട് കൂട്ടത്തിൽ  ഉണ്ടായിരുന്നഅരുണ്‍ പറഞ്ഞ അഭിപ്രായം എല്ലാവരും ചിരിച്ചു കൊണ്ട്  ശരി  വച്ചു . അങ്ങിനെ കപ്പ പുഴുങ്ങി വന്നപ്പോൾ എടുത്തു മാറ്റി വച്ചു . ഇനി മുട്ട പോരിക്കണം . തേച്ചു കുളിക്കാനുള്ള വെളിച്ചെണ്ണ ഇരിപ്പുണ്ട് ഹോസ്റ്റലിൽ . അത് എടുത്തു  കൊണ്ട് വന്നു ചൂടായ പാത്രത്തിലേക്ക് ഒഴിച്ചു . തിളച്ചു വന്നപ്പോൾ മുട്ട കലക്കി ഒഴിച്ച് കുത്തി പൊരിക്കാൻ തുടങ്ങി . അനീഷ്‌ ജോണി പറഞ്ഞു "ഞാൻ പൊരിക്കാം . മുട്ടയിൽ നന്നായി ഉപ്പ് ചേർക്കണം ഇല്ലെങ്കിൽ ടേസ്റ്റ് ഉണ്ടാകില്ല" . ഞങ്ങൾ എതിർത്ത് നോക്കിയിട്ടും അവൻ വഴങ്ങിയില്ല . അവൻ പറഞ്ഞു " ഞാൻ സ്ഥിരം വീട്ടിൽ  ഉണ്ടാക്കുന്ന സാധനമാണ് ..  . എനിക്കറിയാം .ആരും പഠിപ്പിക്കണ്ട .!" .എന്നിട്ട് നാലഞ്ച് സ്പൂണ്‍ ഉപ്പ് എടുത്തു മുട്ടയിൽ ചേർത്തു... രണ്ടു മൂന്നു സ്പൂണ്‍ മുളക് പൊടിയും! .  പണി പാളി എന്ന് എന്റെ മനസ്സ് പറഞ്ഞു . പക്ഷെ അവൻ സ്ഥിരം  ഉണ്ടാക്കാറുണ്ട് എന്ന് പറഞ്ഞത് കൊണ്ട് എല്ലാം ശരിയാകും  എന്ന് തന്നെ കരുതി  .അങ്ങനെ ഒരു വിധത്തിൽ  അവൻ കുത്തി പൊരി ഉണ്ടാക്കി  . അപ്പോൾ  ഇനി തീറ്റ തുടങ്ങാം . ആദ്യം കുറച്ചു മുട്ട പൊരിച്ചത് തന്നെ എടുത്തു എല്ലാവരും വായിൽ  വച്ചു  . നല്ല ഉപ്പും മുളകും ചേര്ന്ന ചവർപ്പ്  രസം . വിഴുങ്ങാനും വയ്യ എന്നാൽ  കഷ്ടപ്പെട്ടതെല്ലാം വെറുതെയാകുമല്ലോ എന്നോർത്ത് തുപ്പാനും വയ്യ . അനീഷ്‌ ജോണിയെ തല്ലി  കൊല്ലാനുള്ള ദേഷ്യം തോന്നി എല്ലാവർക്കും . പക്ഷെ അവിടെയും ഭാഗ്യം തുണച്ചു . ഞങ്ങൾ കപ്പയിൽ ഉപ്പു ചേർത്തിരുന്നില്ലഅത് കൊണ്ട് രണ്ടും കൂടി മിക്സ്‌ ചെയ്തു തിന്നു .  അപ്പോൾ നല്ല രുചി തോന്നി . 
പെട്ടെന്ന് വർക്ക്‌ ഏരിയ യുടെ കതകിൽ ആരോ മുട്ടുന്ന ശബ്ദം . "ദൈവമേ ശബ്ദം കേട്ട് സാറുമാർ ആരെങ്കിലും വന്നതാണോ "മെല്ലെ ഞങ്ങൾ കതക് പകുതി തുറന്നു നോക്കി . ഭാഗ്യം ! 
മറ്റാരുമല്ല ക്ലാസ്സിലെ വേറൊരു പയ്യനായ ഇജാസ് അലി . കക്ഷി ഉറക്കത്തിൽ നിന്നും മൂത്രം ഒഴിക്കാൻ എഴുന്നെറ്റതാണ് . വർക്ക്‌ ഏരിയ കടന്നു വേണം ബാത്ത് റൂമിൽ പോകാൻ . ഞങ്ങൾ വാതിൽ  അടച്ചിരുന്നത് കൊണ്ട് അവനു അകത്തു കയറാൻ പറ്റാതെ തട്ടിയതാണ് . അങ്ങിനെ അവൻ വാതിൽ തുറന്നു ബാത്ത് റൂമിലേക്ക് നടന്നു . ഉറക്ക പിച്ച് കാരണം അവിടെ ഇരിക്കുന്ന ഗ്യാസ് ലൈറ്റ് ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല. മൂത്രം ഒഴിച്ച് കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി കിടന്നു ഉറങ്ങി . 

                                                       പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ ഗ്യാസ് ലൈറ്റ് മെസ്സ് ഹാളിൽ തിരിച്ചു കൊണ്ട് വച്ചു . ഒന്നുമറിയാത്ത പോലെ ക്ലാസ്സിൽ പോവുകയും ചെയ്തു . ഏകദേശം ഉച്ച സമയത്താണ് ഇജാസ് അലി ക്ക് ബോധോദയം ഉണ്ടായത്  . അവൻ എന്നോട് വന്നു രഹസ്യമായി ചോദിച്ചു . "സംതിങ്ങ് അണ്‍ യൂഷ്വൽ ഹാപ്പന്റ് യെസ്റ്റെർഡേ ... എന്തായിരുന്നു നിങ്ങൾ രാത്രി വർക്ക്‌ ഏരിയയിൽ ..?" ട്യൂബ് ലൈറ്റ്" എന്ന് വിളിക്കുന്ന പ്രതിഭാസം എന്താണെന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞ നിർവൃതിയോടെ ഞാൻ ചിരിച്ചു .