Wednesday 21 November 2018

വൃശ്ചിക മാസത്തിലെ കാറ്റ് !





വൃശ്ചിക മാസത്തിലെ കാറ്റിനു ഒരു പ്രത്യേക താളമാണ് . തൃശ്ശൂരിന്റെ ഗ്രാമീണ സൗന്ദര്യത്തിന്റെ പൂർണ്ണതയായ, മായന്നൂർ എന്ന ഗ്രാമത്തിൽ ഉള്ള ഞങ്ങളുടെ സ്‌കൂളിൽ ഇരുന്നു ഞാൻ പലവട്ടം അത് ആസ്വദിച്ചിട്ടുണ്ട് .പലപ്പോഴും നിശബ്ദതയുടെ അന്തരീക്ഷത്തിൽ അത് വീശുമ്പോൾഎന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിൽ അലയടിക്കും ..ഒരൊന്നൊന്നര ഫീൽ ! .ഞാൻ ഇത് ആദ്യമായി ശ്രദ്ധിക്കുന്നത് പത്താം  ക്‌ളാസിൽ പഠിക്കുമ്പോളാണ് .സാധാരണ ഗതിയിൽ നവോദയയിൽ ഡിസംബർ മാസത്തിൽ വെക്കേഷൻ ആണ് . പക്ഷെ ബോർഡ് എക്സാം ഉള്ളത് കൊണ്ട് പത്താം  ക്‌ളാസ്സുകാരെയും ,പന്ത്രണ്ടാം ക്‌ളാസ്സുകാരെയും  വീട്ടിൽ വിടാറില്ല .ആ സമയങ്ങളിൽ പ്രിൻസിപ്പൽ സ്പെഷ്യൽ ക്‌ളാസ് നടത്തും . ഡിസംബർ മാസത്തോടെ പോഷൻ  മൊത്തം തീർത്തു ബാക്കി മൂന്ന് മാസങ്ങൾ കുട്ടികളെ സ്വതന്ത്രമായി പഠിക്കാൻ വിടും .ഒരു വെക്കേഷൻ പോയി കിട്ടുമെങ്കിലും ,ക്‌ളാസ്സുകൾ തീർന്നു കിട്ടുന്നത് കൊണ്ട് എല്ലാവര്ക്കും ഈ ഏർപ്പാട് വലിയ ഇഷ്ടം ആയിരുന്നു .
ഈ സമയത്തെ പ്രഭാതങ്ങളിൽ മായന്നൂരിൽ മഞ്ഞ് പെയ്യുമായിരുന്നു .എങ്കിലും കാലത്തെ PT  ക്ക് മാറ്റമില്ല .3  മണിക്ക് ജോസ് സാറോ  ലത മാഡമോ വന്നു വിസിൽ അടിക്കും .നാലോ അഞ്ചോ റൌണ്ട് ഓട്ടം ,പിന്നെ വ്യായാമം . അതാണ് പതിവ്. എങ്കിലും മടി തലക്ക് കേറിയ ഞങ്ങൾ പലപ്പോഴും PT കട്ട് ചെയ്തു കിടന്നുറങ്ങുക പതിവാണ്.സത്യം പറഞ്ഞാൽ ,അതൊരു ഭാഗ്യ പരീക്ഷണം ആണ് .കാരണം അറ്റന്റൻസ് എടുത്താൽ മുട്ടൻപണി കിട്ടും .വരാത്തവർക്ക് വേണ്ടി പ്രിൻസിപ്പൽ അസ്സെംബ്ളിക്ക് PT  നടത്തും .പിന്നെ വിയർത്തു കുളിച്ചു ക്‌ളാസിൽ കയറേണ്ടി വരും .അത് കൊണ്ട് പിള്ളേർ കണ്ടെത്തിയ ഒരു ഐഡിയ ആണ് "സിക്ക് "അടിക്കൽ . വയ്യ എന്ന് പറഞ്ഞ് അറ്റൻഡൻസ് മാത്രം കൊടുത്ത് ഗ്രൗണ്ടിന്റെ സൈഡിൽ ഇരിക്കും .  ആദ്യമൊക്കെ വിജയിച്ചെങ്കിലും പിന്നീട് സിക്ക് അടിക്കുന്നവരുടെ കൂട്ടത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി .ഗ്രൗണ്ടിൽ ഓടുന്നവരേക്കാൾ കൂടുതൽ സിക്ക് അടിക്കുന്നവർ ആയി . സംഭവം മനസ്സിലാക്കിയ ജോസ് സാർ ഒരു വടിയുമെടുത്ത് സിക്കുകാരുടെ കൂട്ടത്തിലേക്ക് അടിക്കാൻ ഓങ്ങി വരാൻ തുടങ്ങി . ആ വരവ് കണ്ടാൽ തന്നെ കള്ള  സിക്കുകാർ എല്ലാം എണീറ്റ്  ഓടിക്കോളും .കാല ക്രമേണ ,പഠിപ്പിലേക്ക്  എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞതോടെ PT  കുറച്ചു ലിബറൽ ആയി . ഡിസംബർ മാസത്തിലെ മിക്ക ദിവസങ്ങളിലും PT നിർത്തി വെച്ചു . ഇതിനു പകരമായി കാലത്തു അഞ്ചു മണിക്ക് ഒരു പുതിയ സ്റ്റഡി ടൈം പ്രിൻസിപ്പൽ പ്രഖ്യാപിച്ചു .അത് പക്ഷെ, mandatory അല്ലായിരുന്നു .എങ്കിലും ഗേൾസ് മൊത്തം  4 മണിക്ക് എണീറ്റ്  കുളിച്ചു അഞ്ചു മണിക്ക് മെസ്സ് ഹാളിൽ വന്നിരുന്നു പഠിക്കാൻ തുടങ്ങി .ഇതിൽ ആകൃഷ്ടരായി പല ആസ്ഥാന കോഴികളും കാലത്തു എണീറ്റു മെസ് ഹാളിൽ പോയി കട്ടൻ കാപ്പി കുടിക്കുന്നത് ശീലമാക്കി . മെസ് ഹാളിൽ ഫുഡ് സെർവിങ് കൗണ്ടറിനു മുകളിൽ ആയാണ് ബ്ലാക്ക് കോഫി കലം വെയ്ക്കാറ് .ഇവിടെ നിന്നാൽ അകത്തേക്ക് നല്ല വ്യൂ ആണ് . എല്ലാവരെയും കൺ കുളിർക്കെ കാണാം . മാത്രവുമല്ല  ഈ സമയത്ത് വിളമ്പാൻ ആരുമില്ല താനും ..സെല്ഫ് സർവീസ് ആണ് .അത് കൊണ്ട് തന്നെ വളരെ അധികം സമയം എടുത്താണ്  ഈ മഹാന്മാർ കാപ്പി കപ്പിൽ നിറച്ച് കൊണ്ടിരുന്നത് . കൂട്ടത്തിൽ ,അപ്പുറത്ത് ഇരിക്കുന്ന പെൺകുട്ടികൾക്ക് മുഴുവൻ സുപ്രഭാത ആശംസകൾ  നേരുകയും ചെയ്യാമല്ലോ .അങ്ങിനെ ദിവസങ്ങൾ ചെല്ലുന്തോറും കാപ്പിയിൽ പഞ്ചാരയുടെ അളവ് കൂടി കൂടി വന്നു . മെസ് ഹാളിലും ..!  :) പക്ഷെ ഞാൻ ബ്ലാക്ക് കോഫീ കുടിക്കാറില്ലായിരുന്നു . ആ സമയം കൂടെ പുതച്ച് മൂടി കിടന്നുറങ്ങാൻ ആയിരുന്നു എനിക്കിഷ്ടം.ഉജ്ജയിനി ഹോസ്റ്റലിൽ, മുകളിലെ നിലയിലായിരുന്നു  എന്റെ കട്ടിൽ, ഗ്രൗണ്ടിലേക്ക് തുറക്കുന്ന ജനലിനോട് ചേർന്നുള്ള ,ആ രണ്ടു നില കട്ടിലിന്റെ മുകളിൽ ആയിരുന്നു ഞാൻ കിടക്കാറ് . താഴെ ഉള്ള നിലയിൽ കാളി എന്ന് വിളിക്കുന്ന അരുൺ ആയിരുന്നു താമസം .ആറാം ക്‌ളാസ് മുതൽ ഉള്ള നുമ്മടെ സ്വന്തം ചങ്ക് ..പോരാത്തതിന് ആളൊരു രസികനും ..രാത്രികളിൽ ഞങ്ങൾ ജനാലകൾ തുറന്നിടും . അടുത്തുള്ള അക്കേഷ്യ മരത്തിന്റെ പൂക്കളുടെ രൂക്ഷ  ഗന്ധം ഉണ്ടായിരുന്നെങ്കിലും , രാത്രികളിലെ കാറ്റ് ഒരു പ്രത്യേക ഫീൽ തരുമായിരുന്നു . പുറത്ത് ഉള്ള സോഡിയം വേപ്പർ വഴിവിളക്കിന്റെ മഞ്ഞ വെളിച്ചം  കൂടി ചേരുമ്പോൾ സംഭവം കിടുക്കും .അത് കൊണ്ട് കാലത്തുള്ള സ്റ്റഡി ടൈമിന് ഒന്നും  പോവാൻ നമ്മളെ കിട്ടൂല ! 


ഹോസ്റ്റലിൽ ആദ്യം എണീക്കാറുള്ളത് ശുപ്പാണ്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ശ്രീജിത്ത് ആണ് .5 മണിക്ക് എണീറ്റു  കുളി കഴിഞ്ഞ് വന്നു ജെട്ടിയും തോർത്തും അയയിൽ ഇട്ടതിനു ശേഷം അത്യുച്ചത്തിൽ അവന്റെ ഒരു വിളിച്ചുണർത്തൽ ഉണ്ട് .." ഡാ..ആറേമുക്കാൽ ആയെടാ എണീക്കെടാ ....".. ഈ പണ്ടാരം കേട്ടാണ് ഞാൻ സാധാരണ എണീക്കുന്നത് , മിക്കവാറും ഉറക്കം ബാക്കിയുണ്ടാവും ..കണ്ണ് തിരുമ്മി ഞാൻ നോക്കുമ്പോളേക്കും അതിനേക്കാൾ ഉച്ചത്തിൽ അരുണിന്റെ വക ഡയലോഗ് വന്നിട്ടുണ്ടാകും 
" കെടന്നൊറങ്ങടാ ..മൈ...*&% ..മനുഷ്യനെ മെനക്കെടുത്താൻ!  " 
അപ്പുറത്ത് കിടക്കുന്ന ജിനീഷ് ബാക്കി ഏറ്റു പിടിക്കും
 " അവന്റെ അമ്മൂമ്മേടെ ആറേമുക്കാൽ !" 
 ഹോസ്റ്റലിൽ തെളിഞ്ഞ ലൈറ്റുകൾ ഓഫ് ചെയ്യിപ്പിച്ചു കൊണ്ട് ഞങ്ങൾ ഒരു ഉറക്കം കൂടെ പാസ് ആക്കും . കൃത്യം 7  മണിക്ക് നേരെ ബാത്റൂമിലേക്ക് ..ഈ സമയത്ത് നല്ല തിരക്ക് ആയതു കൊണ്ട് ബാത്രൂം തുറന്നിട്ടിട്ട് ബക്കറ്റിൽ വെള്ളം എടുത്ത് തലയിൽ കോരി ഒഴിച്ചാണ് ഞങ്ങളുടെ കുളി .കുളി കഴിയുമ്പോളേക്കും 7 :10 ആയിട്ടുണ്ടാവും . ധൃതിയിൽ ഓടിപ്പിടഞ്ഞ്‌ വന്ന്  യൂണിഫോമും ഷൂവും തിരുകി കയറ്റി 7 :15 ന്  ഉള്ള അസ്സെംബ്ലിക്ക് കേറാൻ വേണ്ടി ഓടാൻ ഒരുങ്ങുമ്പോൾ അപ്പുറത്തെ ബെഡിൽ ഒരനക്കം കേൾക്കാം ..പുതപ്പിന്റെ ഉള്ളിൽ നിന്നും കണ്ണും തിരുമ്മി ചകിരി പോലെ മുടിയുള്ള ഒരു രൂപം എണീറ്റ് വരും . അദ്ദേഹത്തിന്റെ ചെല്ലപേരാണ് "ചേറപ്പായി".
 " ഡാ കോപ്പേ നീ വരുന്നില്ലേ ?" -എന്നും ചോദിക്കാറുള്ള ആ ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കും 
"ഉം" എന്നൊരു മൂളൽ മാത്രം  മറുപടി ആയി കിട്ടും . 

ഹോസ്റ്റലിൽ നിന്നും ഓടി പിടഞ്ഞ് ഞങ്ങൾ അസ്സെംബ്ളിക്ക് എത്തുമ്പോൾ ആണ്  ഞാൻഅമ്പരന്നു പോകാറ് ..ചിരിച്ചു കൊണ്ട് ലൈനിൽ നിൽക്കുന്നുണ്ടാകും  കുമ്പിടിയെ പോലെ നമ്മുടെ സ്വന്തം ചേറപ്പായി .  " നാലു സ്ഥലങ്ങളിൽ വരെ ഒരേ സമയത്ത് കണ്ടിരിക്കുന്നു ചിലർ " എന്ന നന്ദനത്തിലെ ഡയലോഗ് ആണ് അതോർക്കുമ്പോൾ എനിക്കിപ്പോഴും ഓര്മ വരുന്നത് . സത്യത്തിൽ അതെങ്ങിനെ സാധിക്കുന്നു എന്നത് അവന്  മാത്രേ അറിയൂ .അവനെ കുറിച്ച് പറയാൻ ഈ ബ്ലോഗ് തികയാതെ വരും അത് കൊണ്ട് അത് പിന്നീടൊരിക്കൽ ആകാം .

അപ്പൊ മെസ്സഹാളിൽ ബ്ളാക്ക് കോഫീ പോലും കുടിക്കാൻ പോകാത്ത ഞാൻ ഒരു ദിവസം മുതൽ പഠിക്കാൻ തീരുമാനിച്ചു .കാലത്തു  അഞ്ചു മണിക്ക് എണീറ്റു,  കുളിച്ചു , പഠിക്കാൻ പോകുന്ന വഴി കട്ടൻ കാപ്പി കുടിക്കാം എന്ന് കൂടെയുണ്ടായിരുന്ന ജോമോൻ പറഞ്ഞു. മെസ് ഹാളിൽ എത്തിയ ഞാൻ ആ കാഴ്ച കണ്ട്  ഞെട്ടി .ഞങ്ങൾക്ക് മുൻപേ പഠിക്കാൻ ഇറങ്ങിയ സകലവന്മാരും അവിടെ പെണ്പിള്ളേരുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്നു .അപ്പോഴാണ് ഈ പഠിപ്പിസ്റ്റുകളുടെ കളികൾ എനിക്ക് മനസ്സിലാകുന്നത് . പക്ഷെ ഈ കാപ്പികുടി അധിക കാലം തുടർന്നില്ല . "സെൻസർ ബോർഡ്" എന്ന് കുട്ടികൾ ഓമന പേര് ഇട്ടു വിളിക്കുന്ന പ്രസന്ന മാഡം  ഈ വാർത്ത അറിഞ്ഞു . അതോടെ കാപ്പി കലത്തിന്റെ സ്ഥാനം ഗേൾസ് പഠിക്കുന്ന സ്ഥലത്ത് നിന്നും മാറി .അദ്‌ഭുതമെന്നു പറയട്ടെ , ഈ സംഭവത്തിന് ശേഷം കാലത്തെ ബ്ളാക്ക് കോഫിക്ക് ഡിമാൻഡ് വളരെയധികം കുറഞ്ഞു .

ഈ കാലഘട്ടത്തിലാണ് പന്ത്രണ്ടാം ക്‌ളാസ്സുകാരായുള്ള സൗഹൃദവും മുറുകുന്നത് .പണ്ട് റാഗ്  ചെയ്ത്  വിറപ്പിച്ച പലരും ഉള്ളിൽ നന്മയുള്ളവരാണെന്നു അന്ന് ബോധ്യമായി . പിന്നെയങ്ങോട്ട് പല ഊഡായിപ്പുകളും ചെയ്യുന്നത് ഒരുമിച്ചായി .പതിനൊന്നാം ക്ലാസ്സിൽ തിരിച്ചെത്തുമ്പോൾ എന്തൊക്കെ വില്ലത്തരം കാണിക്കണം എന്ന മാസ്റ്റർ പ്ലാൻ പോലും അന്ന് തയ്യാറാക്കി .വെക്കേഷൻ ക്ലാസ്സിന്റെ സമയത്ത് സ്‌കൂൾ  സ്റ്റോർ തുറക്കുമായിരുന്നില്ല .സ്റ്റോർ കീപ്പർ അജിത് ബാബു നാട്ടിൽപോകും ..അത് കൊണ്ട് സോപ്പ് ഷൂ ,പോളിഷ് മുതലായ നിത്യോപയോഗ സാധനങ്ങളക്ക് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങി . പലരുടെ കയ്യിലും കുളിക്കുന്ന സോപ്പ് കാലിയായി . കുളിക്കുന്ന സമയത്ത് സോപ്പ് ആരെങ്കിലും കൊണ്ട് വന്നാൽ തിരിച്ചു പോകുമ്പോളേക്കും അത് എല്ലാവരും കൂടെ തേച്ച് അലിയിച്ച് ഇല്ലാതാക്കും . പണ്ട് കാലത്ത് ഞങ്ങൾക്ക് കിട്ടി കൊണ്ടിരുന്നത് വിജിൽ സോപ്പ് ആയിരുന്നു .അതായിരുന്നേൽ പെട്ടെന്ന് അലിയിലായിരുന്നു . ഈ കാലഘട്ടത്തിൽ ആണെങ്കിൽ, വിജിൽ മാറ്റി ഫാമി എന്ന സോപ്പ് ആണ്  കിട്ടികൊണ്ടിരുന്നത് . ചന്ദ്രിക പോലുള്ള ഒരു ആയുർവേദിക് സോപ്പ് ആണ്  ഫാമി . തന്മൂലം അത് വളരെ പെട്ടെന്ന് അലിഞ്ഞു തീരും. അങ്ങിനെ കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ എല്ലാവരുടെ കയ്യിലും ഉള്ള ഫാമി സോപ്പിന്റെ സ്റ്റോക്ക് തീർന്നു . ഒരുത്തന്റെ കയ്യിലും പൈസയും ഇല്ല. വേറെ ഗതിയില്ലാതെ സിത്താർ എന്ന കൂട്ടുകാരൻ ബാർ സോപ്പ് തേച്ചു കുളിക്കാൻ തുടങ്ങി . ഇത് കണ്ട ബാക്കി എല്ലാരും ആ ഐഡിയ ഉപയോഗിച്ചു . ചൊറിഞ്ഞ്  ചൊറിഞ്ഞ്  മതിയായി എന്ന് പറഞ്ഞാൽ മതിയല്ലോ .എന്തായാലും അധികം താമസിയാതെ തന്നെ വെക്കേഷൻ അവസാനിച്ചു . സ്റ്റോർ തുറന്നതോടെ സോപ്പ് ക്ഷാമവും തീർന്നു .

പോഷൻ  എല്ലാം ഇതിനകം ടീച്ചർമാർ പഠിപ്പിച്ചു തീർത്തിരുന്നു .ജനുവരി മൂതൽ സ്റ്റഡി ലീവ്  ആരംഭിച്ചു . കാലത്ത് ടീച്ചേർസ് വന്നു അറ്റന്റൻസ് എടുത്തു കഴിഞ്ഞാൽ പിന്നെ ഞങ്ങൾ ഫ്രീ ആണ്. ക്യാമ്പസ്സിൽ ,എവിടെ വേണേലും പോയി ഇരുന്നു പഠിക്കാം . കുറെ പേര് ഗുൽമോഹർ മരച്ചുവട്ടിൽ അഭയം തേടി , മറ്റു ചിലർ സ്‌കൂൾ ബില്ഡിങ്ങിന്റെ മുകളിൽ കയറി പഠിക്കാൻ തുടങ്ങി . അവർ "മനുഷ്യന്മാർ" എന്ന നാമധേയത്തിൽ അറിയപ്പെട്ടു . മറ്റു ചിലർ ആകട്ടെ എംപി ഹാളിന്റെ പുറകിലുംമെസ് ഹാളിന്റെ പുറകിലും ഒക്കെ നിരന്നു ഇരുന്നു പഠിക്കാൻ തുടങ്ങി .ഈ വിഭാഗത്തിൽ ഉള്ളവർക്ക് രക്തത്തിൽ "പഞ്ചസാര" യുടെ അംശം കൂടുതൽ ആയിരുന്നു എന്ന് പറയാതെ വയ്യ.എന്തൊക്കെയായാലും അവർ കാരണം ക്യാംപസിലെ ചില മരങ്ങൾ "പഞ്ചാര മരങ്ങൾ " എന്നും , വഴിയിൽ ഉള്ള ചില ബെഞ്ചുകൾ "പഞ്ചാര ബെഞ്ചുകൾ"  എന്നും , ചില വഴി വിളക്കുകൾ "പഞ്ചാര വിളക്കുകൾ " എന്നും അറിയപ്പെട്ടു . ഇന്നും ക്യാമ്പസ്സിൽ പോകുമ്പോൾ തീരാത്ത നൊസ്റ്റാൾജിയ ആണ് അവ.

പരീക്ഷ തുടങ്ങി .. പലർക്കും പതിനൊന്നാം ക്ലാസ്സിൽ തിരിച്ചെത്തുമോ എന്ന ഭയം . എങ്കിൽ ശരി ,ഓട്ടോഗ്രാഫ് കൂടെ എഴുതി കളയാം എന്ന് കരുതി എല്ലാവരും ഓരോ ഡയറി വീതം വാങ്ങി ..പരസ്പരം എന്തൊക്കെയോ എഴുതിക്കൂട്ടി . ഇതിലെ കോമഡി എന്താണെന്നു വച്ചാൽ പത്താം ക്‌ളാസ് കഴിഞ്ഞാൽ പുറത്തു പോയി പഠിക്കും എന്ന് പറഞ്ഞവരെല്ലാം പതിനൊന്നാം ക്‌ളാസിൽ ഒരു വിഡ്ഢിച്ചിരിയോടെ തിരിച്ചെത്തി എന്നുള്ളതാണ് .വിട്ടു പോയവരാകട്ടെ ഓട്ടോഗ്രാഫ് ഒന്നും എഴുതിയില്ല താനും ,വിട്ടു പോകുകയാണെന്ന് എന്റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട ഒരുത്തിയോട്  പതിനൊന്നാം ക്ലാസ്സിൽ വെച്ച് ഞാനൊരിക്കൽ ചോദിച്ചു 
" എന്തെ പോയില്ലേ ?"
" പോകാൻ ഒക്കെ ശ്രമിച്ചതാ..പക്ഷെ എന്തോ വിട്ടു പോകാൻ മനസ്സ് വരുന്നില്ല "

അതാണ് ആ ലോകം ..ഒരിക്കൽ അനുഭവിച്ചാൽ പിന്നെ മനസ്സീന്നു മായില്ല !!
ഇത്തവണയും ആ കാറ്റ് വീശുന്നുണ്ട് ..ഒരു പിടി നഷ്ട സ്വപ്നങ്ങളുമായി ...!




Wednesday 19 September 2018

പൂയില്യം തിരുനാൾ ജൂനിയർ മാൻഡ്രേക് !

പൂയില്യം നക്ഷത്രത്തിൽ ജനിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു .എന്ന് വച്ചാൽ, പൂയം, ആയില്യം എന്നീ നാളുകളുടെ ഇടയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം .ഈ നക്ഷത്രത്തിന്റെ പ്രത്യേകത എന്താണെ ന്ന്  വച്ചാൽ , ഇതിൽ ജനിച്ചവർ ചെയ്യുന്ന കള്ളത്തരങ്ങൾ എല്ലാം പുല്ലു പോലെ വെളിച്ചത്താകും എന്നതാണ് .അവരുടെ സാമീപ്യം ഉണ്ടെങ്കിൽ ,കൂടെ ഉള്ള ആളുകൾക്ക് കൂടി എന്തെങ്കിലും അപകടം സംഭവിക്കും എന്നതാണ് ഇതിന്റെ മറ്റൊരു വശം. ജൂനിയർ മാൻഡ്രേക് എന്ന സിനിമ തന്നെ പിടിച്ചത് എന്റെ ഈ കൂട്ടുകാരന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എന്നാണ് എന്റെ ഭാഷ്യം .ഈ ബാധ ഒഴിഞ്ഞു പോണെങ്കിൽ വേറെ ആരെങ്കിലും നമ്മുടെ അടുത്ത് നിന്നും സന്തോഷത്തോടെ അതിനെ എടുത്തു കൊണ്ട് പോകണം.അത് കൊണ്ട് തന്നെ "ജൂനിയർ മാൻഡ്രേക് " "പൂയില്യം തിരുന്നാൾ " എന്നൊക്കെ അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു പോന്നു . .ആദ്യമൊന്നും എനിക്ക് ഇതിൽ ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല .പക്ഷെ സ്‌കൂളിൽ നടന്ന ചില സംഭവങ്ങൾ എന്നെ ഒരു "പൂയില്യം ഭക്തൻ "ആക്കി തീർത്തു .

എട്ടാം ക്‌ളാസിൽ വച്ചാണ് എനിക്ക് ഈ മഹാശക്തി പ്രഭാവം ആദ്യമായി അനുഭവിച്ചറിയാൻ സാധിച്ചത് . പരീക്ഷ കഴിഞ്ഞ് മാർക്കിടാൻ വച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ സ്റ്റാഫ്‌ റൂമിൽ കേറി അടിച്ചു മാറ്റി ശരിയുത്തരം എഴുതി തിരികെ വയ്ക്കുന്ന സാങ്കേതിക വിദ്യ അരങ്ങു തകർത്തു വാഴുന്ന കാലം .ഇത് ചെയ്തവരുടെ കൂട്ടത്തിൽ ഒരു ദിവസം  മാന്ഡ്രേക്കും ഉണ്ടായിരുന്നു . പക്ഷെ അദ്ദേഹം അടിച്ചു മാറ്റി പൂരിപ്പിച്ച ഉത്തര കടലാസ് ബാബുരാജ് സാർ പകുതി നോക്കി വച്ചതായിരുന്നു . പരീക്ഷക്ക് നീല മഷി ഉപയോഗിച്ച പൂയില്യം , പുതിയതായി എഴുതിയ ഭാഗങ്ങൾ കറുപ്പ് മഷി കൊണ്ട് എഴുതി ചേർത്ത് വളരെ പെട്ടെന്ന് ബാബുരാജൻ സാറിനെ കൊണ്ട് പിടിപ്പിച്ചു . കൂട്ടത്തിൽ , അന്ന്  അടിച്ചു മാറ്റി എഴുതിയ എല്ലാവരുടെയും പേരും വിലാസവും കിറു കൃത്യമായി കൈമാറുകയും ചെയ്തു . അങ്ങിനെ ആ മഹാ സാങ്കേതിക വിദ്യ പൂയില്യ  പ്രഭാവം മൂലം തകർന്നടിഞ്ഞു .

പത്താം ക്ലാസ്സിൽ ഞങ്ങളുടെ ക്ലാസ്സിൽ ഒരു തട്ടത്തിൻ മറയത്തെ പെൺകുട്ടി ഉണ്ടായിരുന്നു ഇവളെ എന്റെ മറ്റൊരു സുഹൃത്തിന് ഭയങ്കര ഇഷ്ടമായിരുന്നു .  തത്കാലം നമുക്കവനെ വിനോദ് എന്നും അവളെ ആയിഷ എന്നും വിളിക്കാം . ശരിക്കുള്ള പേരല്ല കേട്ടോ .ആയിഷയെ വീഴ്ത്താൻ നമ്മുടെ വിനോദ് പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും നടന്നില്ല .അങ്ങനെ ടെൻഷൻ ആയി അവൻ താടി വളർത്തി നടക്കുന്ന കാലം .ആ സമയത്താണ് പൂയില്യം തിരുമേനിക്ക് ആയിഷയിൽ അനുരാഗം ജനിക്കുന്നത് .പക്ഷെ വിനോദ് സിക്സ് പാക്ക് ആയിരുന്നത് കൊണ്ട് പൂയില്യത്തിന്റെ അനുരാഗം ഒന്നും അവന്റെ ടെൻഷൻ കൂട്ടിയില്ല .ആയിഷയുമായി സൗഹൃദത്തിൽ ആയിരുന്ന പൂയില്യം ,ഒട്ടും മടിക്കാതെ അവൾക്ക് അപ്ളി വച്ചു . അദ്‌ഭുതമെന്നു പറയട്ടെ , അടുത്ത ദിവസം തന്നെ ആയിഷ വിനോദുമായി പ്രണയത്തിൽ ആയി. വിനോദ് ,പൂയില്യം ഭഗവാന് നന്ദി പറഞ്ഞു .


പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ ,  ഞങ്ങൾ ഞായർ ആഴ്ച ദിവസങ്ങളിൽ നവോദയയിൽ നിന്നും ചാടി ഒറ്റപ്പാലം പോയി മാറ്റിനി കാണാറുണ്ട് .ഞായറാഴ്ച ദിവസങ്ങളിൽ ഉച്ച ഭക്ഷണം കഴിഞ്ഞാൽ പിന്നെ ഫ്രീ ടൈം ആണ് .അത് കൊണ്ട് സാറന്മാർ ആരും ആ സമയത്തു  ചെക്കിംഗിന് വരാറില്ല .ഒരു ദിവസം പൂയില്യം തിരുമേനിക്ക് സിനിമ കാണാൻ അതിയായ മോഹം ജനിച്ചു . ലഞ്ച് ഭക്ഷണം കഴിഞ്ഞ് നേരെ അദ്ദേഹം സിനിമയ്ക്ക് പോകാൻ തയ്യാറായി .  മെയിൻ ഗേറ്റിൽ സെക്യൂരിറ്റി ഉണ്ട് . അത് കൊണ്ട് , കമ്പി വേലിചാടി കടന്നു വേണം പുറത്തു പോകാൻ . പോകുന്ന വഴി ,ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്ത് ഒരു പ്യൂൺ ചേട്ടൻ ഇരിക്കണത് പൂയില്യം കണ്ടു .പതിനൊന്നാം ക്ലാസ്സുകാർ സ്‌കൂളിലെ ദാദമാർ ആയതു കൊണ്ട് തന്നെ ഷോ ഓഫ് കാണിക്കാൻ പൂയില്യം ഉറക്കെ വിളിച്ച് പറഞ്ഞു ."ചേട്ടാ ഞങ്ങൾ "സിനി" ക്ക് പോവാ..പ്രശ്നം ഒന്നും ഉണ്ടാക്കരുത് ട്ടാ " .
ഇത്തവണ അദ്‌ഭുതം സംഭവിച്ചത് ഹൌസ് മാസ്റ്റർ പങ്കജാക്ഷൻ സാറുടെ രൂപത്തിൽ ആണ് .സാധാരണ ഗതിയിൽ ഗ്രൗണ്ടിൽ കാലെടുത്തു കുത്താത്ത പങ്കജാക്ഷൻ സാർ അന്ന് ഗ്രൗണ്ടിന് സമീപമുള്ള പി ടി ടീച്ചർ ലത മാഡത്തിന്റെ ക്വർട്ടേഴ്‌സിന് അടുത്ത് നില്പുണ്ടായിരുന്നു . പൂയില്യത്തിന്റെ ഡയലോഗ് സാറിന്റെ ചെവിയിൽ കേട്ടു . എല്ലാവരും സിനിമയ്ക്ക് പോയി കഴിഞ്ഞപ്പോൾ അദ്ദേഹം ഹോസ്റ്റലിൽ വന്നു അറ്റന്റൻസ് എടുത്തു . അങ്ങിനെ പൂയില്യ  അനുഗ്രഹം മൂലം  സിനിമക്ക് ചാടി പോയ അഞ്ചു പേർക്കും സസ്‌പെൻഷൻ അടിച്ചു .പിള്ളേർ പൂയില്യത്തിനെ  പിന്നെയും ,വാഴ്ത്തി .

പന്ത്രണ്ടാം ക്ലാസിന്റെ ആരംഭത്തിൽ ഹോസ്റ്റലിൽ അന്യായ ചീട്ട് കളി ആരംഭിച്ചു .  എല്ലാവരും കൂടെ വട്ടം ഇട്ടിരുന്നു കഴുതയും റമ്മിയും ഒക്കെ കളിക്കും . മലയാളിയുടെ ദേശീയ കളി  ആയ 28 കളിക്കാനൊന്നും അന്ന് പഠിച്ചിട്ടില്ല .സാധാരണ ഗതിയിൽ രാത്രിയിൽ ഹോസ്റ്റൽ അടച്ചു കഴിഞ്ഞാൽ ആണ്  ഞങ്ങൾ ചീട്ടു കളിക്കാറ്‌. ഈ സമയങ്ങളിൽ ടീച്ചേഴ്സ് എല്ലാം ഉറങ്ങാൻ പോകുന്നത് കൊണ്ട് പ്രത്യേകം ശല്യം ഒന്നും ഉണ്ടാകാറില്ല . ഒരു ദിവസം പൂയില്യം , കഴുത കളിക്കാൻ പഠിച്ചു . അത് പക്ഷെ കുറെ പേരുടെ സസ്‌പെൻഷനിൽ കലാശിക്കും എന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല . ഒരു ദിവസം രാത്രി പതിവ് പോലെ ഹൌസ് മാസ്റ്റർ പങ്കജാക്ഷൻ സാർ വന്നു റോൾ കോൾ  നടത്തി പിരിഞ്ഞു . ഞങ്ങൾ എല്ലാവരും കൂടി കഴുത കളിയും ആരംഭിച്ചു . അന്നായിരുന്നു പൂയില്യത്തിന്റെ കഴുത കളി  അരങ്ങേറ്റം .കളി  തകർത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പുറകീന്നു ആരോ നമ്മുടെ വിനോദിനെ തോണ്ടി വിളിച്ചു .
" കയ്യെടുക്കടാ  മ*&@  , കോൺസെൻട്രേഷൻ കളയല്ലേ !"- വിനോദ് പറഞ്ഞു .

" എന്ത് ഭാഷയാണ് വിനോദെ , രാത്രി ഇത്ര നേരം ആയിട്ടും നിങ്ങൾ ഉറങ്ങിയില്ലേ ? "

പരിചയമുള്ള ആ ശബ്ദം കേട്ട് കളിച്ചു കൊണ്ടിരുന്നവർ ഞെട്ടി . സാക്ഷാൽ പങ്കജാക്ഷൻ സാർ . സാർ പറഞ്ഞു." ആരും ഓടേണ്ട ..ഞാൻ എല്ലാവരെയും കണ്ടു "

പെട്ടെന്ന് ആരോ മെയിൻ സ്വിച്ച് ഓഫ്‌  ചെയ്തു .പങ്കജാക്ഷൻ സാർ തന്റെ ടോർച്ചു  തെളിച്ചു കൊണ്ട് മെയിൻ സ്വിച്ച് ഓണാക്കാൻ പോയി. ലൈറ്റ്  ഓൺ  ആക്കി സാർ തിരിച്ച് വന്ന്  നോക്കിയപ്പോൾ കളിക്കാരുടെ പുല്ലു പോലും കാണാനില്ല.

"എല്ലാവരും ഉറങ്ങിക്കോ ..ബാക്കി നാളെ !" ഇത്രയും പറഞ്ഞ് കൊണ്ട് സാർ തൊണ്ടി  മുതൽ ആയ ചീട്ട് കെട്ട് എടുത്ത് കൊണ്ട് പുറത്ത് പോയി .
പിറ്റേ ദിവസത്തെ ചോദ്യം ചെയ്യലിൽ ചീട്ട് കളിച്ച സകലരും പിടിക്കപ്പെട്ടു .
പത്ത് പേർക്ക് നിരത്തി സസ്‌പെൻഷൻ !
വീണ്ടും പൂയില്യ  ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി .ആ തവണ ഞാനും ഒരു  ഭക്തനായി  മാറി .

സ്‌കൂൾ ഒക്കെ കഴിഞ്ഞു കോളേജിൽ പഠിക്കുന്ന കാലം . 2001 ഡിസംബറിൽ ഞങ്ങളുടെ ആദ്യത്തെ അലുമിനി ഡേ വന്നെത്തി . പൂയില്യത്തിന്  ഭയങ്കര ആഗ്രഹം -പഠിച്ച സ്‌കൂളിൽ ഒരു ബൈക്ക് ഓടിച്ചു പോകാൻ !. ബൈക്കോടിക്കൽ കമ്പം ഉള്ള 'മുതല' എന്ന സുഹൃത്തിനെ  കൂട്ടി ഒരു പഴയ യമഹ rx 100 കൊണ്ട് പൂയില്ല്യം സ്‌കൂളിൽ പോകാൻ തീരുമാനിച്ചു . മായന്നൂർ ബസിൽ  സ്‌കൂളിലേക്ക് പോകാൻ അന്ന്  തൃശ്ശൂർ  വടക്കേ സ്റ്റാൻഡിൽ ഒരു പാട്  പേരുണ്ടായിരുന്നു .ജൂനിയർ സീനിയർ ഭേദമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും ഒരു പാടുണ്ട് .അത് കൊണ്ട് നൊസ്റ്റാൾജിക് ഫീലിംഗ് വടക്കേ സ്റ്റാൻഡിൽ നിന്നെ ആരംഭിച്ചു .ഞാൻ ഇങ്ങനെ വിപിൻ കെകെ യുമൊക്കെ ആയി സംസാരിച്ചു കൊണ്ടിരിക്കെയാണ്  ഒരു rx  100 ചീറിപ്പാഞ്ഞു വന്നത്.ഓടിക്കുന്നത് സാക്ഷാൽ പൂയില്യം , പുറകിൽ കൂളിങ് ഗ്ലാസ് വച്ച്  , ടെയ്റ്റ് ടീ ഷർട്ട് ധരിച്ച് മുതലയും .
"ഈ ബസ് പോകുമ്പോൾ ഞങ്ങൾ പുറകെ വരാം" പൂയില്യം പറഞ്ഞു .
ബസ് സ്റ്റാർട്ട് ചെയ്തു , ഇടക്കിടക്ക് ബസിനെ ഓവർ ടേക്ക്  ചെയ്ത അന്യായ ഷോ ഓഫ് ആയിരുന്നു പൂയില്യം . ഓരോ ഓവർ ട്ടേക്കും ഞങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു . അങ്ങനെ എല്ലാവരും സ്‌കൂളിൽ എത്തി . എന്നിട്ടും പൂയില്യം നിർത്തിയില്ല ആക്സിലേറ്റർ കൊടുത്തു ക്യാമ്പസ്സിനുള്ളിൽ വണ്ടി തലങ്ങും വിലങ്ങും ഓടിക്കാൻ തുടങ്ങി .കാതടിപ്പിക്കുന്ന ശബ്ദം കേട്ട് പിള്ളേർ തരിച്ചു നിന്നു . പെട്ടെന്നാണ് ഒരു വലിയ ശബ്ദം ഞങ്ങൾ കേട്ടത് . ഓടിച്ചെന്നു നോക്കുമ്പോൾ പൂയില്യവും  ബൈക്കും ഒരു ഗുൽമോഹർ മരത്തിന്റെ കൊമ്പിൽ കയറി നിൽക്കുന്നു .ആക്സിലേറ്റർ കൊടുത്ത സമയത്ത് ക്ലച്ച് കേബിൾ പൊട്ടിയപ്പോൾ കൺട്രോൾ പോയതാണ് . ഭാഗ്യം കൊണ്ട് ചെറിയ പൊട്ടലും പോറലും മാത്രമേ അവനും ബൈക്കിനും സംഭവിച്ചുള്ളു .എന്റെ കൂടെ ഉണ്ടായിരുന്ന അരുൺ പൂയില്യത്തിനോട് ചോദിച്ചു " ഇവിടെ നിന്നും പോയിട്ടും നിന്റെ ആ മഹാശക്തിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല അല്ലെ ?" അത് കേട്ട് അവൻ ആർത്തു ചിരിച്ചു . ആ സമയത്ത് പുറകിൽ ഇരിക്കാൻ തോന്നാത്തതിൽ സന്തോഷിച്ചു കൊണ്ട് മുതലയും കൂടെ ചിരിച്ചു .

പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞു . ഇൻലന്റുകൾ , മൊബൈൽ ഫോണിന് ഡ്യുട്ടി കൈമാറി . ആ സമയത്ത് പൂയില്യത്തിന്  ഞങ്ങളുമായി ഉള്ള ബന്ധം അറ്റ് പോയിരുന്നു  . ഇന്റർനെറ്റ് ഞങ്ങളുടെ ഇടയിൽ പ്രചാരം ആയി വരുന്ന കാലം . ഓർകുട്ടും ഫേസ്ബുക്കും ഒക്കെ വരുന്നതിനു മുൻപുള്ള യാഹൂ ഗ്രൂപ്പുകളുടെ കാലം .സുഹൃത്തുക്കൾ എല്ലാം ചേർന്ന് "കൂൾ  നവോദയ " എന്ന യാഹൂ ഗ്രൂപ്പുണ്ടാക്കി,ഓരോരുത്തരെ ആയി ആഡ് ചെയ്തു വരികയായിരുന്നു .മെയിൽ ഐ ഡി കിട്ടാൻ വേണ്ടി പൂയില്യത്തിന്റെ വീട്ടിലേക്കു വിജീഷ്  വിളിച്ചു .അവൻ കുവൈറ്റിൽ ആണെന്ന് അറിഞ്ഞപ്പോൾ സ്വന്തം നമ്പർ കൊടുത്ത് അവനോട്  തിരിച്ചു വിളിക്കാൻ പറയാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു . പക്ഷെ പൂയില്യം വിളിച്ചില്ല ..അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞു . ഒരു ദിവസം വിജീഷിന് അവന്റെ ഒരു കോൾ  കുവൈറ്റിൽ നിന്നും വന്നു . താൻ കുവൈറ്റിൽ ഒരു ധനകാര്യ പ്രശ്നവുമായി ബന്ധപ്പെട്ട്  ജയിലിൽ ആണെന്നും , വീട്ടുകാർക്ക് അറിയില്ല എന്നും , മോചിപ്പിക്കാനായി പൈസ ആവശ്യമുണ്ടെന്നും പറഞ്ഞു . പാവം വിജീഷ് വികാരഭരിതനായി , ഞങ്ങളെ ഓരോരുത്തരെയും വിളിച്ചു പറഞ്ഞു . പൂയില്യത്തിനെ  എന്ത് വില  കൊടുത്തും പുറത്തിറക്കണം എന്ന്  ഗ്രൂപ്പിൽ തീരുമാനം ആയി . ദുബായിൽ ഉള്ള അരുൺ ,കുവൈറ്റിലെ ഇന്ത്യൻ എംബസി യുമായി ബന്ധപ്പെടാൻ ഉള്ള നടപടികൾ വരെ തുടങ്ങി . വീട്ടിൽ അറിയിക്കേണ്ട എന്ന്  പൂയില്യം പറഞ്ഞത് കൊണ്ട് അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ . അങ്ങിനെ എല്ലാം ഓക്കേ ആയി വരുന്ന സമയത്ത് പൂയില്യം പിന്നെയും വിജീഷിനെ വിളിച്ചു .
"എടാ ഞാൻ നിങ്ങളെ പറ്റിച്ചതാ..ഞാൻ ജയിലിൽ ഒന്നുമല്ല ..കുവൈറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ് .നിങ്ങൾ ചമ്മിയില്ലേ ? "

കോപം കൊണ്ട് വിറച്ച വിജീഷിന്റെ വായിൽ നിന്നും പിന്നെ വന്ന ഭരണിപ്പാട്ട്  പൂയില്യം ഈ ജന്മത്തിൽ ഇനി മറക്കാൻ ചാൻസ് ഇല്ല .ഈ വാർത്ത കാട്ട്  തീ പോലെ പടർന്നു . കേട്ടവർ കേട്ടവർ ആവശ്യപ്പെട്ടത് ഒന്ന് മാത്രം . പൂയില്യത്തിന്റെ  മൊബൈൽ നമ്പർ . പിന്നീടങ്ങോട്ട് ഒരാഴ്ച മൊബൈൽ ഫോൺ നിലത്ത് വയ്ക്കാൻ പൂയില്യത്തിന്  സമയം കിട്ടിയിട്ടുണ്ടാവില്ല .എല്ലാവരും കൊടുങ്ങല്ലൂർ ഭരണിക്കാരായി മാറിയിരുന്നു ആ സമയത്ത് . സഹി കെട്ട  പൂയില്യം അവസാനം ഗ്രൂപ്പിലേക്ക് ഒരു അപ്പോളജി ലെറ്റർ അയച്ചു . ഞങ്ങൾ എല്ലാവരും അവനെ മറന്നത് കൊണ്ട് , എല്ലാവര്ക്കും കൂടെ ചെറിയ പണി തന്നതാണത്രേ .. ! എന്ത് ചെറിയ പണി അല്ലെ ! ..അതാണ് ഞങ്ങടെ പൂയില്യം ..ജൂനിയർ മാൻഡ്രേക് ..കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും തന്റെ ശക്തി പ്രഭാവം ഇന്നും പുറത്തെടുക്കാൻ അവന്  യാതൊരു മടിയുമില്ല .പക്ഷെ ചങ്കിനകത്ത് ശുദ്ധൻ ! ഒരു അത്യാവശ്യം  വന്നാൽ ഇന്നും കട്ടക്ക് കൂടെ നില്കും !
















Wednesday 1 August 2018

ഒട്ടകരാമായണം - രണ്ടാം ഭാഗം





ഒട്ടകരാമായണം ആദ്യത്തെ എപ്പിസോഡ് പൂർത്തിയാക്കി പബ്ലിഷ് ചെയ്തു ഞാൻ കിടന്നു.. പാതിരാ കഴിഞ്ഞിരിക്കുന്നു . എങ്ങും നിശബ്ദത മാത്രം . "ലൈക്കും കമന്റ്സും വന്നിട്ടുണ്ടാവുമോ ? ഒന്ന് നോക്കിയാലോ ?" മനസ്സിൽ വന്ന ഇമ്മാതിരി ജിജ്ഞാസകളെ വകഞ്ഞു മാറ്റി സുഖകരമായ ഉറക്കത്തിലേക്ക് ഞാൻ ചാഞ്ഞു . വൈകി കിടന്നതിനാൽ അലാറം വച്ചത് കാലത്തു 9മണിക്ക് വേണ്ടിയാണ് ..
ഫോണിന്റെ ശബ്ടം കേട്ടപ്പോളാണ് പിന്നീട് ഞാൻ ഉണർന്നത് . "നാശം ഇത്ര പെട്ടെന്നു അലാറം അടിച്ചോ ?" മനസ്സാ ശപിച്ചു  കൊണ്ട് ഞാൻ ഭിത്തിയിലുള്ള  ക്ളോക്കിലേക്ക് ദൃഷ്ടി പായിച്ചു . നേരം 7 മണി .അപ്പോൾ അലാറം അടിച്ചതല്ല " ആരാണാവോ ഈ വെളുപ്പാൻ കാലത്ത്   മനുഷ്യനെ മെനക്കെടുത്താൻ !" മനസ്സിൽ പിറു പിറുത്ത് കൊണ്ട്, കൺ കോണുകളിലെ  പീള കൈ കൊണ്ട് തുടച്ചു ഞാൻ ഫോണിലെ നമ്പർ നോക്കി .പരിചയമില്ലാത്ത ഏതോ നമ്പർ ആണ്. ഞാൻ ഫോൺ എടുത്തു .
"ഹലോ " 
അങ്ങേ തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം- . "നിഖിൽ അല്ലെ?".
 "അതെ " ഞാൻ പറഞ്ഞു . 
"ബ്ലോഗ് വായിച്ചു .. നന്നായിട്ടുണ്ട് നിഖിൽ . പഴയ കാലത്തേക്ക് ഞാൻ കുറച്ച് സഞ്ചരിച്ചു   "  അവൾ മൊഴിഞ്ഞു 
 "ആരാണെന്ന് എനിക്ക് മനസ്സിലായില്ല  " -ഞാൻ പറഞ്ഞു .
 " എടാ  ഞാൻ XXXX  ആണ് .മനസ്സിലായില്ലേ ?"  
ഒട്ടകരാമായണം ആദ്യ എപ്പിസോഡിന്റെ  അവസാന ഭാഗത്തു ഒട്ടകത്തിനെ പ്രൊപ്പോസ് ചെയ്ത 5th  ബാച്ചിലെ സുന്ദരി ആണ്  അവളെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല . 

" ആ ..ശബ്ദം കേട്ടിട്ട് മനസിലായില്ല ..കാലം കുറെ ആയില്ലേ ? പറ എന്തുണ്ട് വിശേഷങ്ങൾ "

 " ഒന്നുമില്ല ..ജീവിക്കാൻ സമ്മതിക്കരുത് കേട്ടോ !"

 " ഏയ് അങ്ങനൊന്നുമില്ല ..ചുമ്മാ രസത്തിനു വേണ്ടി ചെയ്തതല്ലേ ..നിന്റെ പേരൊന്നും ഞാൻ ഇത് വരെ പറഞ്ഞില്ലല്ലോ ?" 

" ഉവ്വുവ്വ് ..ഇനി അതും കൂടെയേ  പറയാൻ ബാക്കിയുള്ളു ..ആ ജീബേച്ചി ഒക്കെ കേട്ടാൽ മതി ..ലോകം മുഴുവൻ ഫ്‌ളാഷ് ആകും..അതിലും ഭേദം വല്ല മറുനാടൻ മലയാളി വെബ്‌സൈറ്റിലും കൊടുക്കുവാ !"

അവൾ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു .

" എടീ നീ പേടിക്കണ്ട ..ഈ രഹസ്യം അറിയാവുന്നത് നിനക്കും എനിക്കും ഒട്ടകത്തിനും മാത്രം ആണ്  . നിങ്ങൾ രണ്ട് പേരുടെ വായിൽ നിന്നും എന്തായാലൂം ഇത് പുറത്തു പോകില്ല .പിന്നെ ഞാൻ !.. ഈ രഹസ്യം എന്നോട് കൂടി മൺമറഞ്ഞു പോകും !" 

 - ഇത്രയും പറഞ്ഞപ്പോളേക്കും എന്റെ ശബ്ദം മോഹൻലാലിന്റെ പോലെയായി.

"നീ ആരാടാ ..ദൃശ്യത്തിലെ മോഹൻ ലാലോ ?"

" തൽക്കാലം  ആണെന്ന് തന്നെ കൂട്ടിക്കോ .. എന്തായാലും ഞാൻ കാരണം ഇത് മറ്റൊരാൾ അറിയാനിട വരില്ല ..ഉറപ്പ് !   "

 "ഉറപ്പാണല്ലൊ അല്ലെ ?  ഒരു കൈയബദ്ധം പറ്റിപ്പോയി ..ഉപദ്രവിക്കരുത് ! ഞാൻ  പിന്നെ വിളിക്കാം "

ഫോൺ കട്ട്  ചെയ്ത് വീണ്ടും ഉറങ്ങാൻ തുനിയുമ്പോഴേക്കും അത് ഒന്ന് കൂടെ ശബ്ദിച്ചു .
 ഫോണിന്റെ  സ്‌ക്രീനിൽ ഒട്ടകം എന്ന് തെളിഞ്ഞു കാണുന്നുണ്ട് .ഞാൻ ഫോൺ എടുത്തു .

" എടാ @@^%% നീ അന്യായ പണി  തന്നല്ലോ " ചിരി കലർന്ന ശബ്ദത്തിൽ അവൻ തുടങ്ങി. 
"എന്തായാലും സംഭവം കലക്കി . പിന്നേയ്  ആ  പെങ്കൊച്ചിന്റെ പേര്   എഴുതണ്ട ട്ടാ ..പാവം !"  
ഞാൻ പറഞ്ഞു -" അതിപ്പോ നീ  പറഞ്ഞിട്ട് വേണോ ? എനിക്കറിഞ്ഞൂടെ ?  അതൊന്നും പറയുന്ന പ്രശ്നമില്ല ."

ഞാൻ അവന്  വാക്ക് കൊടുത്തു രണ്ടാമതും ഉറങ്ങാൻ കിടന്നു .


അദ്ധ്യായം 7 - സിനാറ്റിയോ

 1994 ലെ ഒരു വെക്കേഷൻ കഴിഞ്ഞ് കുട്ടികളെല്ലാം സ്‌കൂളിൽ തിരിച്ചെത്തി . വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്ന സമയം ആയിരുന്നു അത്. ഇന്നേ വരെ ഒരൊറ്റ ഫുട്‍ബോൾ കളി  കാണാത്തവർ പോലും കളിക്കാരുടെ പേരും പറഞ്ഞ് ഓരോ ടീമിനെ  സപ്പോർട്ട് ചെയ്യുന്നത് ഒട്ടകത്തിന്റെ ശ്രദ്ധയിൽ പെട്ടു. അവനാണെങ്കിൽ ;ആകെ അറിയാവുന്ന ടീമുകൾ ബ്രസീലും അർജന്റീനയും മാത്രം !. അതും നാട്ടിൽ ,കൊടികൾ  കുത്തിയത് കണ്ടുള്ള പരിചയം മാത്രം .ഫുട്‍ബോളിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത രതീഷ് സി വരെ 'റോബർട്ടോ ബാജിയോ -ദിനോ ബാജിയോ' എന്നൊക്കെ വിളിച്ച് പറഞ്ഞ് നടക്കുന്നു .."ഇവന്മാരൊക്കെ വൻ അഭിനയം ആണല്ലോ ? ഒരു പണി കൊടുത്തു കളയാം " ഒട്ടകം മനസ്സിൽ ഒരു പ്ലാൻ മെനഞ്ഞു . "സിനാറ്റിയോ " എന്നൊരു കളിക്കാരൻ ബൾഗേറിയ ടീമിൽ ഉണ്ടെന്നും .അയാളുടെ ഗംഭീര കളി  കാരണം ബൾഗേറിയ ഇപ്രാവശ്യം കപ്പ് എടുക്കുമെന്നും അവൻ പറഞ്ഞു നടക്കാൻ തുടങ്ങി. ആ വലയിൽ ആദ്യം വീണത് ഞങ്ങളുടെ ക്ലാസ്സിലെ തന്നെ ,കൊതുക് എന്ന് വിളിക്കുന്ന രവീന്ദ്രൻ ആയിരുന്നു .ഒട്ടകം സിനാറ്റിയോ യുടെ കാര്യം അവതരിപ്പിച്ച ഉടൻ രവീന്ദ്രൻ പറഞ്ഞു- "ശരിയാ ഞാൻ ഇയാളുടെ ഒരു കളി  കണ്ടിട്ടുണ്ട് . ഏത് ലീഗ് ആണെന്ന് ഓർമയില്ല ..പക്ഷെ ആ കളിയിൽ ഇയാൾ 2 ഗോൾ നേടി.ഭയങ്കര കളി ആണ്  ." അടുത്തിരുന്ന രതീഷ് സി താനും മോശക്കാരൻ ആവരുതല്ലോ എന്ന് കരുതി ഏറ്റു പിടിച്ചു
 -" ആ ..സിനാറ്റിയോ അല്ലെ ..ഗംഭീര കളി തന്നെ  ! മിക്കവാറും ബൾഗേറിയ തന്നെ കപ്പ് എടുക്കും ". ബൾഗേറിയയും സിനാറ്റിയോയും  അങ്ങനെ സ്‌കൂൾ മൊത്തം ഫേമസ് ആയി . സെമി ഫൈനൽ വന്നെത്തി .ബൾഗേറിയയുടെ കളി കാണാൻ പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങി പിള്ളേർ എല്ലാവരും, ഒരു ബുധനാഴ്ച കാലത്ത് തന്നെ മെസ് ഹാളിൽ വന്നു .സ്‌കൂളിൽ അന്ന്  പഴയ ഒരു "സോളിഡേയർ " കമ്പനിയുടെ ടി വി ആണ് . സ്ക്രൂ ഇട്ടു തിരിപ്പിച്ചു  ചാനൽ ട്യൂൺ ചെയ്യുന്ന സാധനം .മാത്രവുമല്ല മായന്നൂർ എന്ന സ്ഥലത്തു ദൂരദർശൻ സിഗ്നൽ റിസ്പഷൻ കുറവുള്ളതിനാൽ പുറത്തു വച്ചിട്ടുള്ള മീൻ മുള്ളു പോലെയുള്ള യാഗി  യൂദാ ആന്റിന തിരിപ്പിച്ചു വേണം ദൂരദർശൻ പിടിക്കാൻ .പലപ്പോഴും ടി വി  ട്യൂൺ ചെയ്തു ശരിയാവുമ്പോളേക്കും പുറത്തുള്ള ആന്റിന തിരിഞ്ഞ് വേറൊരു ദിശയിൽ ആയിട്ടുണ്ടാവും .എങ്കിലും പതിനൊന്നാം ക്ലാസ്സിലെ  രണ്ട് മൂന്ന് ചേട്ടന്മാരുടെ പരിശ്രമ ഫലമായി എങ്ങനെയെങ്കിലുമൊക്കെ കാണാവുന്ന രൂപത്തിൽ ഇമേജ് തെളിഞ്ഞ് വരും . തെളിഞ്ഞ് വന്നാൽ ഉടൻ ടിവി ശരിയാക്കിയ വ്യക്തിക്ക് അന്യായ കയ്യടി കിട്ടും .മിക്കവാറും മൈക്ക് ഓപ്പറേറ്റർ മനീഷ് ഏട്ടൻ ഒക്കെയായിരിക്കും അതിനു അര്ഹനാകുക .അങ്ങനെ വേൾഡ് കപ്പ് ഏകദേശം കാണാവുന്ന രൂപത്തിൽ ,പകുതി ഗ്രെയിൻസോട് കൂടി ദൃശ്യങ്ങൾ തെളിഞ്ഞു . സെമി ഫൈനലിൽ ബൾഗേറിയ- ഇറ്റലിയെ ആണ്  നേരിടുന്നത് . സിനാറ്റിയോയെ കാണാനുള്ള ആകാംക്ഷയിൽ ഇരുന്ന രവീന്ദ്രനും രതീഷ് സിയും  പക്ഷെ നിരാശരായി . കളിക്കാരുടെ മുഴുവൻ പേരിൽ തപ്പി തിരഞ്ഞിട്ടും അവർക്ക് സിനാറ്റിയോയെ കണ്ടു പിടിക്കാനായില്ല . തങ്ങൾ പറ്റിക്കപ്പെട്ട വിവരം ചമ്മലോടെ അവർ മനസ്സിലാക്കി .ആ കളിയുടെ അവസാനം 1 -2 ന് ഇറ്റലിയോട് ബൾഗേറിയ പൊട്ടി . ചമ്മലോടെ പുറകിലോട്ട് തിരിഞ്ഞ് നോക്കിയ രതീഷ് സി ,ആൾക്കൂട്ടത്തിനു പുറകിൽ മുകളിലായി നീട്ടി പിടിച്ച ഒരു തല കണ്ടു .ആറടി ഉയരമുള്ള ഒട്ടകം ജനക്കൂട്ടത്തിനു മുകളിലൂടെ  ഏറ്റവും പുറകിൽ നിന്ന് കളി  കാണുന്നുണ്ടായിരുന്നു -ഒരു കള്ള ചിരിയോടെ .കളി  കണ്ട്  കഴിഞ്ഞ് ക്ലാസ്സിലേക്ക് കയറി വന്ന രതീഷ് സിയോടും രവീന്ദ്രനോടും ആയി ഒട്ടകം ചോദിച്ചു - "സിനാറ്റിയോയുടെ കളി  എങ്ങനുണ്ട് മക്കളെ ?" ചമ്മിയ ചിരിയോടെ രണ്ടു പേരും അവരവരുടെ സീറ്റിലേക്ക് നടന്നപ്പോൾ ക്‌ളാസ് മൊത്തം ഒരു കൂട്ടച്ചിരി പടർന്നു .

അദ്ധ്യായം 8 - വോളിബോൾ 

പതിനൊന്നാം ക്ലാസ്സ് തൊട്ട് മാത്രമേ ഞങ്ങളുടെ സ്‌കൂളിൽ വോളിബോൾ പരിശീലിപ്പിച്ചിരുന്നുള്ളൂ .ഇതിനായി പതിനൊന്നാം ക്ലാസ്സിന്റെ തുടക്കത്തിൽ ഒരു സെലക്ഷൻ നടത്തും . ഉയരം  കൂടിയവർക്കാണ്  മുൻഗണന .അത്യാവശ്യം ഉയരമുള്ള വിഭാഗത്തിൽ പെടുന്നവരായതു കൊണ്ട് എന്നെയും ഒട്ടകത്തിനെയും ഒക്കെ സെലക്ഷന് വിളിച്ചിരുന്നു . സാറുമാരുടെ കൂടെ വോളിബോൾ കളിപ്പിക്കും .എന്നിട്ട് നല്ല കളിക്കാരെ തിരഞ്ഞ് പിടിക്കും . പക്ഷെ ചാടി വോളിബോൾ സ്മാഷ് അടിക്കാൻ എനിക്കും ഒട്ടകത്തിനും സാധിക്കുമായിരുന്നില്ല .അങ്ങിനെ പുറത്താക്കിയവരുടെ കൂട്ടത്തിൽ ഞാനും ഒട്ടകവും ഉൾപ്പെട്ടു . വോളിബോൾ കളിയ്ക്കാൻ കഴിയാതെ വന്നപ്പോളുള്ള  നിരാശയിൽ ഒട്ടകം പുതിയ ഒരു പ്ലാൻ ഉണ്ടാക്കി . ഗ്രൗണ്ടിലേക്ക് പോകാതെ ഹോസ്റ്റലിൽ നിന്നും എക്സർസൈസ് ചെയ്തു കട്ട ആയി മാറുക എന്നതായിരുന്നു അത് . ഞങ്ങളുടെ ഹോസ്റ്റലിൽ   തലമുറകളായി സീനിയേഴ്‌സിൽ നിന്നും കൈമാറി വന്ന ഒരു ഡംപെല്‍ ഉണ്ടായിരുന്നു . നടുവിൽ ഒരു ഇരുമ്പു കമ്പിയും രണ്ടറ്റത്ത്  കോൺക്രീറ്റ് വെയിറ്റും ഉള്ള ഒരു ഐറ്റം  . ഈ സാധനം ഉപയോഗിച്ച് ഞങ്ങൾ ദിവസവും ,വെയിറ്റ്  അടി തുടങ്ങി . ചെറിയ ഫലം ഞങ്ങളുടെ ശരീരത്തിൽ കണ്ടു തുടങ്ങി എന്ന് പറഞ്ഞു കൂടുതൽ പേർ  ഈ പരിപാടിയിൽ ചേർന്നു.അങ്ങനെ പി ടി ടൈമിൽ കുറെ പേര് ഗ്രൗണ്ടിൽ പോകാതെ ഹോസ്റ്റലിൽ തന്നെഇരുന്നു വെയിറ്റ്  അടി തുടങ്ങി . ഒരു ദിവസം പി ടി സാർ എമേഴ്‌സൻ  ഈ പരിപാടി കാണാൻ ഇടയായി . ഒന്നും മിണ്ടാതെ, കാണാത്ത പോലെ നടിച്ച് അദ്ദേഹം പോവുകയും ചെയ്തു . കുറെ കാലം കഴിഞ്ഞപ്പോൾ ഒട്ടകത്തിന് മനസ്സിൽ ഒരാഗ്രഹം ."നമുക്ക് ഇനി മുതൽ ഗ്രൗണ്ടിൽ പോയി എന്തെങ്കിലുമൊക്കെ കളിച്ച് കുറച്ച് ഷോ ഓഫ് കാണിക്കാം " ഒട്ടകം പറഞ്ഞു .അങ്ങിനെ ഞങ്ങൾ ഗ്രൗണ്ടിൽ കയറി ഫുട്ബോള് കളിയ്ക്കാൻ തുടങ്ങി .ഈ സമയത്താണ്  എമേഴ്‌സണ് സാർ അങ്ങോട്ട് വന്നത് . അദ്ദേഹം ഞങ്ങളെ വിളിച്ചിട്ട് സ്വതസിദ്ധമായ തമിഴ് ചുവയിൽ പറഞ്ഞു ." യാരൊക്കെയാടാ ഇവിടെ ?എന്താടാ പി ആറേ, നിഖിലേ    ഈ വഴി ഒക്കെ ? നീ എല്ലാം വര വേണ്ട ..പോയി ബോഡി ബിൽഡ് ചെയ്യ്..! ഇത് കളിച്ചാൽ ബോഡി ഒടഞ്ച് പോകും ..പൊക്കോ !"  അങ്ങിനെ ഞങ്ങളെ ഗ്രൗണ്ടിൽ നിന്നും അദ്ദേഹം ഓടിച്ചു  . ഒരു പരിപാടി കൂടി പൊളിഞ്ഞ ദുഃഖത്തിൽ ഒട്ടകം തളർന്നു പോയി .


അദ്ധ്യായം 9 -ഗൃഹാതുരത്വം 

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒട്ടകത്തിന് അതിയായ ഹോം സിക്ക് നെസ് അനുഭവപ്പെട്ടു തുടങ്ങി. ഒരു പക്ഷെ ,  4  വർഷത്തെ ഹോസ്റ്റൽ ജീവിതം ആയിരിക്കാം കാരണം . അത് കൊണ്ട് തന്നെ കുറച്ചു കാലം വീട്ടിൽ പോയി നിൽക്കാൻ ഉള്ള പ്ലാനുകൾ അദ്ദേഹം മെനഞ്ഞ്  തുടങ്ങി . ഒരിക്കൽ സ്‌കൂളിൽ കണ്ണിക്കേട് പടർന്നുപിടിച്ചു  .ഇത് തടയുവാനായി കണ്ണിക്കേട്  വന്നവരെയെല്ലാം പ്രിൻസിപ്പൽ വീട്ടിലേക്ക് അയക്കാൻ തുടങ്ങി .  ഈ വാർത്ത ഒട്ടകത്തിന്റെ ചെവിയിൽ എത്തി . "വീട്ടിൽ പോകാൻ പറ്റിയ അവസരം തന്നെ .എങ്ങനെയെങ്കിലും ആ കണ്ണിക്കേട് വരുത്തിയിട്ട് തന്നെ ബാക്കി കാര്യം" ഒട്ടകം മനസ്സിൽ ഉറപ്പിച്ചു .  . പുതിയതായി  കണ്ണിക്കേട് വന്ന ജോമോനെ പിടിച്ച് കൊണ്ട് പോയി അവന്റെ കണ്ണ് നീര് എടുത്ത് സ്വന്തം കണ്ണിൽ തേച്ചു പിടിപ്പിച്ചു  . എന്തായാലും സംഭവം സക്സസ് ! പിറ്റേ ദിവസം ഒട്ടകത്തിന്  കണ്ണിക്കേട് വന്നു .പക്ഷെ;  ഇതിനകം കണ്ണിക്കേട്  ബാധിച്ച ഇരുപതോളം കുട്ടികളെ പ്രിൻസിപ്പൽ വീട്ടിലേക്ക്  അയച്ചു കഴിഞ്ഞിരുന്നു. ഇനിയും ഇത് തുടരുന്നത് പന്തിയല്ല എന്ന് തോന്നിയ പിൻസിപ്പൽ ബാലസുബ്രഹ്മണ്യൻ സാർ , സ്റ്റാഫ്‌ നഴ്‌സിനെ വിളിപ്പിച്ചു ." മാഡം  . ഐ തിങ്ക് വി ക്യാനോട്ട് കണ്ടിന്യു ലൈക് ദിസ് ! വൈ കാണ്ട് വി ട്രീറ്റ് ദെം  സം വേർ  ഹിയർ ഇറ്റ്സെൽഫ് ?" പുതിയതായി  കണ്ണിക്കേട് ബാധിച്ച എല്ലാവരേയും ഗ്രൗണ്ടിന് അടുത്തുള്ള ഒരു പഴയ കെട്ടിടത്തിൽ പുനരധിവസിപ്പിക്കാൻ  പ്രിൻസിപ്പൽ കൽപ്പിച്ചു . ഒട്ടകത്തിന്റെ  പ്ലാൻ എട്ടു നിലയിൽ പൊട്ടി എന്ന് പ്രത്യേകം പറയണ്ടല്ലോ ..?  ആ ആളൊഴിഞ്ഞ കെട്ടിടത്തിൽ  നമ്മുടെ കഥാനായകന് ഒരാഴ്ച കഴിയേണ്ടി വന്നു  .പക്ഷെ  ,കണ്ണിക്കേട് വരാൻ ഒട്ടകം പ്രയോഗിച്ച സാങ്കേതിക വിദ്യ ,"തോണ്ടിക്കുറി" എന്ന പേരിൽ പ്രശസ്തമായി . 
രണ്ടാമതൊരു ചാൻസിനു വേണ്ടി ഒട്ടകം തപസ്സിരിക്കുന്ന സമയത്താണ് ചിക്കൻ പോക്സ് പടർന്നു പിടിച്ചത് . കുറച്ച് കൂടി മാരകമായ അസുഖമായിരുന്നതിനാൽ വീട്ടുകാർ കൊണ്ട് പോകാൻ എത്തുന്നത് വരെയേ പുനരധിവാസ ക്യാംപിൽ കുട്ടികളെ താമസിപ്പിച്ചിരുന്നുള്ളൂ . ഒട്ടകം "തോണ്ടിക്കുറി " ഇത്തവണയും നടത്തി . പക്ഷെ ഇപ്രാവശ്യം അദ്ദേഹത്തിന് അസുഖം വന്നില്ല . പകരം  തോണ്ടിക്കുറി നടത്താത്തവർ അസുഖം ബാധിച്ച് വീട്ടിൽ പോയി .ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു . ആ അസുഖം എത്ര മാരകമായിരുന്നെന്ന് , അത് ബാധിച്ച് വീട്ടിൽ കിടന്നപ്പോളാണ് എനിക്ക് ബോധ്യമായത് . രോഗമൊക്കെ മാറി സ്‌കൂളിലെത്തിയ ഞാൻ, അനുഭവങ്ങൾ എല്ലാം ഒട്ടകത്തിനോട് പങ്കു വെച്ചു . അങ്ങിനെ ,അവനെ  തോണ്ടിക്കുറി പരിപാടിയിൽ നിന്നും താൽക്കാലികമായി പിന്തിരിപ്പിക്കാൻ എനിക്കായി . എങ്കിലും വീട്ടിലേക്ക് ചാടി പോകണം എന്ന ആഗ്രഹം അവന്റെ മനസ്സിൽ ഉറച്ച് കഴിഞ്ഞിരുന്നു .പത്താം ക്ലാസ്സിലെ യൂണിറ്റ് ടെസ്റ്റിൽ മാത്സിന് പരാജയപ്പെട്ടപ്പോൾ ആ ആഗ്രഹം വീണ്ടും സട  കുടഞ്ഞെഴുന്നേറ്റു .ഒരു വൈകുന്നേരം ഒട്ടകം സ്‌കൂളിൽ നിന്നും ചാടി പോയി . മായന്നൂർ നിന്നും ഭാരതപ്പുഴ മുറിച്ച് കടന്നാൽ ഒറ്റപ്പാലം ആയി . അവിടെ നിന്നാണെങ്കിൽ ധാരാളം തൃശൂർ ബസ് കിട്ടും . പുഴ കടക്കാൻ കടത്തുവള്ളം ഉണ്ട്. ഒട്ടകം അതിൽ കയറിയപ്പോൾ അങ്ങേയറ്റത്തായി പരിചയമുള്ള ഒരു മുഖം . മറ്റാരുമല്ല സാക്ഷാൽ പ്രിൻസിപ്പൽ സാർ ! അദ്ദേഹം ഒറ്റപ്പാലത്തേക്ക് പോകാൻ ആയി  ആ വള്ളത്തിൽ ഉണ്ടായിരുന്നു . മുഖം താഴ്ത്തി പിടിച്ച് അവിടെ നീന്നും രക്ഷപെട്ട ഒട്ടകം ഒറ്റപ്പാലത്ത് നിന്നും ത്യശ്ശൂർ ബസ് കയറി . അവിടെ നിന്നും ഇരിങ്ങാലക്കുട വഴി ജന്മദേശമായ പുല്ലൂറ്റിലേക്ക്   ബസുകൾ കയറി ഇറങ്ങി എത്തി ചേർന്നു . സമയം രാത്രി പതിനൊന്നര .ഭക്ഷണം കഴിച്ച് ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്താണ് മുറ്റത്ത് നിന്നും ഒരു ഹോൺ കേട്ടത്. നവോദയയുടെ ഒഫിഷ്യൽ  വാഹനമായ , "പേടകം" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന- നിസാന്റ മിനി ലോറി ആയിരുന്നു അത് .അങ്ങിനെ ഒന്ന് രണ്ട ആഴ്ച്ച വീട്ടിൽ തങ്ങാമെന്ന മോഹവുമായി പോയ അവനെ ,അതേ വണ്ടിയിൽ തന്നെ തിരിച്ച് സ്‌കൂളിലേക്ക് കൊണ്ട് വന്നു .തിരിച്ചെത്തിയ ഒട്ടകത്തിനോട് പ്രിൻസിപ്പൽ സാർ -ചാടി പോയത് എന്തിനാണെന്ന് ചോദിച്ചു .- " സാർ ജിനോയ് എന്നെ  ഒട്ടകം എന്ന് വിളിച്ചു "  അവന്റെ മറുപടി കേട്ട അദ്ദേഹത്തിന് ചിരി പൊട്ടി .


അദ്ധ്യായം 10  - ഷെർലക്ക് ഹോംസ് 

സ്‌കൂളിലെ ലൈബ്രറിയിൽ പുസ്തകങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെ ഉണ്ടായിരുന്നു . എങ്കിലും പല വിലപിടിപ്പുള്ള പുസ്തകങ്ങളും സീനിയേഴ്‌സിന് മാത്രമേ വായിക്കാൻ കിട്ടിയിരുന്നുള്ളു -അതും ലൈബ്രെറിയൻ രമേഷ്  സാറുടെ സ്വന്തം ശിങ്കിടികളായ ജീബ ചേച്ചിക്കും മറ്റും മാത്രം  . വായനാശീലനായ ഒട്ടകത്തിന് ആ അമൂല്യ പുസ്തകങ്ങളിൽ കണ്ണുണ്ടായിരുന്നു . ഒരു ദിവസം അദ്ദേഹം രമേശ് സാറിനോട് നേരിട്ട് ചോദിച്ച് ആ പുസ്തകങ്ങളിൽ ഒന്നായ "ഷെർലക്ക് ഹോംസ് " കരസ്ഥമാക്കി . അത് വായിച്ച് തീർത്തതോടെ  അവനിലെ ഡിറ്റക്ടീവ്  പുറത്ത് വന്നു . ഒരു കേസ് അന്വേഷിക്കാനായി അവന്റെ മനസ്സ് ദാഹിച്ചു .സ്‌കൂളിൽ ,ഞായറാഴ്ചകളിൽ ബ്രെക്ക്ഫാസ്റ്റിന് ചപ്പാത്തി ആണ് . ഇത് പരത്തണ്ട ചുമതല ഏതെങ്കിലുംക്ലാസ്സിലെ കുട്ടികൾക്കും ആയിരിക്കും . ചപ്പാത്തി പരത്തൽ ഒരു ആഘോഷം തന്നെ ആണ്. മെസ് ഹാളിൽ പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തിന്റെ അറ്റത്തുള്ള മേശകളിന്മേൽ ആണ് സാധരണ ചപ്പാത്തി പരത്താറ് .ഒരു പാട്  ചപ്പാത്തികൾ ആവശ്യമുള്ളതിനാൽ പെൺകുട്ടികൾ ഭക്ഷണം കഴിച്ച് തുടങ്ങിയാലും ചപ്പാത്തി പരത്തൽ തീർന്നിട്ടുണ്ടാവില്ല . ഈ സമയത്താണ് പിള്ളേരുടെ  ഷോ ഓഫ്  കൂടുക ! . ഒന്നിനു മുകളിൽ ഒന്നായി മാവ് അടക്കി വച്ച് പന്ത്രണ്ട് ചപ്പാത്തി വരെ  ഒരുമിച്ച് പരത്തി  ഒട്ടകം റെക്കോഡ് ഇട്ട് ഷൈൻ ചെയ്യുമായിരുന്നു  . ചൂടുള്ള ചപ്പാത്തിയിൽ ഗ്രീൻപീസ് ഒഴിച്ചുള്ള ആ ബ്രെക്‌  ഫാസ്റ്റിന്റെ രുചി പെട്ടെന്നൊന്നും അവിടെ പഠിച്ച ആരും മറക്കാൻ ഇടയില്ല .ഞായർ ഒഴികെയുള്ള ദിവസങ്ങളിലെ ചപ്പാത്തി രാജസ്ഥാനിൽ നിന്നും വന്ന കുട്ടികൾക്ക് മാത്രം ഉള്ളതാണ് . ബാക്കിയുള്ളവർക്കെല്ലാം ചോറും കറികളും മാത്രം . മെസ്സിലെ ചേട്ടന്മാരാണ് ആ ദിവസങ്ങളിലെ ചപ്പാത്തികൾ  ഒക്കെ ഉണ്ടാക്കി കൊണ്ടിരുന്നത് . അങ്ങിനെയിരിക്കെ ചില ദിവസങ്ങളിൽ ചപ്പാത്തി തികയാതെ വരാൻ തുടങ്ങി . ക്ര്യത്യമായ എണ്ണം ഉണ്ടാക്കിയിട്ടുണ്ടെന്ന് കുക്ക് ഉണ്ണിയേട്ടൻ അവകാശപ്പെട്ടു .എല്ലാവര്ക്കും കിട്ടിയില്ല എന്ന് രാജസ്ഥാനികളും! . അങ്ങനെ കുറെ കാലം ചപ്പാത്തി തികയാതെ വന്നപ്പോൾ രാജസ്ഥാനികൾ പ്രശ്‍നം ഉണ്ടാക്കി .സംഗതി പ്രിൻസിപ്പലിന് മുന്നിൽ എത്തി . കേസന്വേഷണം തുടങ്ങി . അപ്പോഴാണ് ഒട്ടകത്തിന്റെ മനസ്സിലെ ഷെർലക്ക് ഹോംസ് വീണ്ടും പുറത്ത് ചാടിയത് .രാജസ്ഥാനികൾക്ക് ചപ്പാത്തി കിട്ടാത്തത് ബുധനാഴ്ചകളിൽ മാത്രമാണ് . അത് കൊണ്ട് ആ ദിവസത്തിന്റെ പ്രത്യേകതകളിലേക്കായി ഒട്ടകത്തിന്റെ ചിന്തകൾ . . വ്യാഴം ദിവസങ്ങളിലെ ബ്രെക്ഫാസ്റ് കഞ്ഞി ആയിരുന്നു .  സ്‌കൂളിൽ ഇതിഷ്ടമില്ലാത്ത നിരവധി പേര് ഉണ്ടായിരുന്നു .അത് കൊണ്ട് ചപ്പാത്തി അടിച്ചു മാറ്റുന്നത് അവരാകാം എന്ന അനുമാനത്തിൽ അവൻ എത്തി . പ്രിൻസിപ്പൽ സാറിനോട് ഒട്ടകം ഈ കാര്യം അവതരിപ്പിച്ചു .പ്രിൻസിപ്പൽ കഞ്ഞി കുടിക്കാത്തവരുടെ ലിസ്റ്റ് എടുത്തു .അഞ്ച് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു .ബുധനാഴ്ച്ച രാത്രി തന്നെ ഈ അഞ്ചു പേരുടെ ഹോസ്റ്റലുകളിൽ ഒരു സീക്രട്ട് ചെക്കിംഗ് അദ്ദേഹം നടത്തി .പ്രതിയെ പുല്ലുപോലെ പിടിക്കുകയും ചെയ്തു . പക്ഷെ പണി പാളി !. പ്രതി ഒട്ടകത്തിന്റെ സ്വന്തം സുഹൃത്ത് ആയിരുന്നു . അവനെ പെടുത്തിയത് ഒട്ടകം ആണെന്നറിഞ്ഞ പിള്ളേർ ഒട്ടകത്തെ കുനിച്ച് നിർത്തിഇടിച്ചു . ഇതോടെ ഷെർലക്ക് ഹോംസ് എന്ന ഒരു സീക്രട്ട് പേര് കൂടി അദ്ദേഹത്തിന് വീണു .. 

                                                     (തുടരും)








Wednesday 25 July 2018

ഒട്ടക രാമായണം

ഒട്ടക രാമായണം 

സുഹൃത്തുക്കൾ പല തരം  ഉണ്ടാവും .എന്നാൽ ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു വ്യത്യസ്ത കഥാപാത്രത്തെ കുറിച്ചാണ് .പേര് -രതീഷ്. പി .ആർ. ഇദ്ദേഹത്തിന്റെ ഉയരം ഉദ്ദേശം ഒരു ആറടി പത്തിഞ്ച് വരും . കറുത്ത് മെലിഞ്ഞ ശരീരം . നടക്കുമ്പോൾ മരുഭൂമിയിൽ ഒട്ടകം നടക്കുന്ന പോലെ തോന്നുന്നത് കൊണ്ട് അവനെ ഞങ്ങൾ ഒട്ടകം എന്ന് ഓമനപ്പേരിട്ട്  വിളിച്ചു പോന്നു  . ഷർട്ട് അഴിച്ചാൽ എക്സ് റേ  എടുക്കാതെ തന്നെ അസ്ഥികൂടം  കാണാം ,എങ്കിലും അദ്ദേഹം സ്വയം വിചാരിച്ചിരുന്നത് താൻ ഒരു കട്ട മസിൽമാൻ  ആണെന്നാണ് . സ്‌കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഇവനെ പരിചയപ്പെടുന്നത്. അന്ന്  അവന് ഇത്രയും  ഉയരം ഇല്ല .എങ്കിലും, ഒരു കൗമാര പ്രായക്കാരന്റെ ഒക്കെ ഉയരം ഉണ്ട് .സ്‌കൂൾ അസംബ്ലിക്ക് നിൽക്കുമ്പോൾ,  വരിയിൽ ഏറ്റവും പുറകിൽ ഇദ്ദേഹം ആയിരിക്കും .ഒരു ദിവസം പതിവ് പോലെ അദ്ദേഹം അസംബ്ലിക് നിൽക്കുകയായിരുന്നു .ദേശീയ ഗാനം പാടുന്ന സമയത്ത് അദ്ദേഹത്തിന്റെ പുറം ഭാഗത്ത് നല്ല ചൊറിച്ചിൽ . ദേശീയ ഗാനത്തെ അവഗണിച്ച് കൊണ്ട് അദ്ദേഹം തന്റെ പുറം ഭാഗം മാന്താൻ തുടങ്ങി . വിദ്യാർത്ഥികൾക്ക് പുറകിൽ അസംബ്ലിക് നിന്നിരുന്ന സംഗീതാധ്യാപകൻ രഘു സാർ  ഇത്  കണ്ടു . ദേശീയ ഗാനം കഴിഞ്ഞയുടൻ അദ്ദേഹം നമ്മുടെ നായകൻറെ അടുത്തെത്തി . "ദേശീയ ഗാനം നടക്കുമ്പോൾ ആണോടാ നിന്റെയൊക്കെ ഡാൻസ് " എന്ന് പറഞ്ഞ്  ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുത്തു . "ട്ടപ്പേ " എന്ന ശബ്ദം കേട്ട് പുറകിലേക്ക് തിരിഞ്ഞ്  നോക്കിയ കുട്ടികൾ കണ്ടത് നിലത്ത് വീണ് കിടക്കുന്ന കഥാ നായകനെയാണ് .ഉയർന്ന കൂട്ട ചിരികൾക്കിടയിൽ അപമാനിതനായി അവൻ നിന്നു  . തന്നെ പുച്ഛിച്ചവരെ കൊണ്ടെല്ലാം ഒരു നാൾ ആരാധിപ്പിക്കും എന്നവൻ മനസ്സിൽ കുറിച്ചിട്ടു .

അദ്ധ്യായം ഒന്ന് -സ്പിൻ ബൗളർ 

                       ക്ലാസ്സിന്റെ ക്രിക്കറ്റ് ടീമ്  സെലക്ഷൻ നടക്കുന്ന സമയം ആയിരുന്നു അത്. എങ്ങനെയെങ്കിലും ടീമിൽ കയറി പറ്റണമെന്നു ഒട്ടകം  ഉറപ്പിച്ചു . സെലക്ഷൻ  നടത്താൻ പ്രത്യേകിച്ച് ആരും  ഉണ്ടായിരുന്നില്ല .ബാറ്റ് വീട്ടിൽ നിന്നും കൊണ്ട് വന്ന സുവീഷ് ക്യാപ്റ്റൻ ആയി സ്വയം സത്യപ്രതിജ്ഞ ചെയ്തു . അതോടെ ടീം സെലക്ഷൻ എന്ന കടമ കൂടി സുവീഷ് ഏറ്റെടുത്തു . ബോള് കൊണ്ട് വന്ന രാമൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ആയി .പിന്നെ പതിയെ പതിയെ ഓരോ കാരണങ്ങൾ പറഞ്ഞ് ഓരോരുത്തർ ടീമിൽ കുമ്മനടിച്ചു  . എന്നെയും നമ്മുടെ കഥാ നായകനായ  ഒട്ടക ചേട്ടനെയും ഒന്നും ടീമിൽ എടുത്തില്ല .വീണ്ടും നിരാശനായ അദ്ദേഹം അയൽക്കാരനും ഉറ്റ സുഹൃത്തുമായ ചിമ്പാൻസി എന്നറിയപ്പെടുന്ന ജിനോയിയോട് പറഞ്ഞു "നമുക്കൊരു ടീമ്  ഉണ്ടാക്കണം .എന്നിട്ടവന്മാരെ തോൽപിക്കണം ". ജിനോയ് ഓക്കേ  പറഞ്ഞു .അതിന് മുന്നോടിയായി ഒട്ടകം  ഷെയിൻ വോണിന്റെ ബൗളിങ് ടി വി യിൽ കണ്ട് പഠിച്ചു . അങ്ങിനെ ഒരു വെക്കേഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അവൻ  ഒരു ടീമുണ്ടാക്കി. കൂട്ടുകാരായ ജിനോയിയും രതീഷും ജിനീഷും ഞാനും ഒക്കെ ഉണ്ടായിരുന്നു ടീമിൽ  . ഒട്ടകം ഞങ്ങളുടെ ഇടയിൽ ഒരു സ്പിന്നർ ആയി മാറി. പിച്ചിൽ ബോള് തൊണ്ണൂറ് ഡിഗ്രി കട്ട്  ചെയ്യിപ്പിച്ച് അദ്ദേഹം ക്യാംപസിലെ സംസാര വിഷയമായി .  ഓപ്പണിംഗ് ബാറ്സ്മാനും ബൗളറുമായി ചിമ്പാൻസി തിളങ്ങി  . വൈഡുകൾ എറിഞ്ഞ് കീരി എന്ന രതീഷ് കളി നശിപ്പിച്ചിരുന്നുവെങ്കിലും ജിനേഷിന്റെയും എന്റെയും അതി മ്യാരകമായ  ബാറ്റിങ് കൊണ്ട് ഞങ്ങൾ കളികൾ ജയിച്ചു പോന്നു .

                                  ഒട്ടകം സ്പിന്നർ ആയി തിളങ്ങുന്ന വാർത്ത എതിർ ടീമിന്റെ ഉറക്കം കെടുത്തി .  ഒട്ടകത്തിന്റെ ബൗളിങ് രഹസ്യങ്ങളെ കുറിച്ച് പഠിക്കാൻ  അവർ ഒരു അഞ്ചംഗ  അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.
അതിന്റെ ക്യാപ്റ്റന് തവള യെ പോലെ കൈകൾ ഉള്ള വിക്കറ്റ് കീപ്പർ വിജീഷ് ആയിരുന്നു. അദ്ദേഹത്തിന്റെ ആ വലിയ  കൈപ്പത്തികൾക്കുള്ളിൽ ബോൾ എന്നും സേഫ് ആയിരുന്നു. എങ്കിലും ഒട്ടകത്തിന്റെ സ്പിൻ ബൗളുകളുടെ രഹസ്യം കണ്ടു പിടിക്കാനായി അദ്ദേഹം രാപ്പകൽ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അഞ്ചംഗ കമ്മിറ്റിയിലെ മറ്റൊരു അംഗമായ ഡെന്നി ഒരു കാര്യം ശ്രദ്ധിച്ചത്. ഒട്ടകം ഇന്ന് വരെ കളിച്ചിട്ടുള്ള  മാച്ചുകൾ എല്ലാം ഒരേ ഒരു പിച്ചിലാണ്. അങ്ങനെ അവർ ആ പിച്ച് പരിശോധിച്ചു. ക്രീസിന്റെ സൈഡിൽ ഉള്ള ഒരു ചെറിയ കല്ല് അവരുടെ ശ്രദ്ധയിൽ പെട്ടു. "അപ്പൊ  ഇത് തന്നെ സാധനം !  വെറുതെയല്ല ഒട്ടകത്തിന്റെ  ബോള് ഇവിടെ തൊണ്ണൂറ്  ഡിഗ്രി കട്ട്  ചെയ്യുന്നത് " ഡെന്നി  പറഞ്ഞു . കല്ല് അപ്പോൾ തന്നെ അവർ ഇളക്കി മാറ്റി. അടുത്ത  ദിവസം തന്നെ അവർ  ഒട്ടകത്തിന്റെ ടീമിനെ അതേ പിച്ചിൽ വച്ചുള്ള ഒരു മാച്ചിന്  വെല്ലു വിളിച്ചു . ഒട്ടകത്തിന്റെ  മനസ്സിലെ പകയുടെ കരി മൂർഖൻ  പത്തി വിടർത്തി. "അതെ നാളെയാണ് ആ സുദിനം. ടീമിൽ എടുക്കാതെ തന്നെ അപമാനിച്ച ആ കിരാതന്മാരോട് നാളെ താൻ പകരം ചോദിക്കാൻ പോവുകയാണ്". കിടന്നിട്ട് അവന് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു....

അദ്ധ്യായം  രണ്ട് -പോരാട്ടം

സൂര്യൻ ഉദിച്ചുയർന്നു. പല്ല് പോലും തേയ്ക്കാതെ കളിക്കാർ  ക്രിക്കറ്റ് മാച്ച് ആരംഭിച്ചു. ഒട്ടകത്തിന്റെ ടീമിന്റെ ബാറ്റിങ് ആയിരുന്നു ആദ്യം. ചിമ്പാൻസി ആദ്യ ഓവറിൽ ഒരു ഫോർ അടിച്ചെങ്കിലും അടുത്ത ഓവറിൽ വല്ലഭൻ എന്ന  ജിയോ ചാടി എറിഞ്ഞ ബൗളിൽ അവന്റെ 
കുറ്റി കട പുഴകി വീണു. അതിന് ശേഷം ഇറങ്ങിയ മൂന്നു പേർ ഡക്ക്...അടുത്ത ഓവറിൽ ഒട്ടകത്തിന് ബാറ്റിംഗ് ചെയ്യാൻ ആദ്യ അവസരം വന്നു ചേർന്നു .ഒട്ടകം കളി തുടങ്ങി . എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ടുള്ള ആ ബാറ്റിങ് പക്ഷെ അധിക നേരം തുടർന്നില്ല .അരുൺ വി എറിഞ്ഞ പന്ത് ബൗണ്ടറി കടത്താൻ നോക്കിയ ഒട്ടകം ,ജോണ്ടി റോഡ്‌സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ദീപക്കിന്റെ ക്യാച്ചിന് കീഴടങ്ങിയപ്പോൾ ആകെ റണ്സ്  24. ബാക്കി ഉള്ളവരെല്ലാം കൂടി അടിച്ചു 12 ഓവർ ബാറ്റിംഗ് കഴിഞ്ഞപ്പോൾ 36 റണ്സ്  ആക്കി. " സാരമില്ലടാ എന്റെ സ്പിൻ ബൗളുകൾക്ക് മുൻപിൽ അവന്മാർ ഇന്ന് അടിയറവ് പറയും." _ ഒട്ടകം ഞങ്ങളെ സമാധാനിപ്പിച്ചു. എതിർ ടീമിന്റെ ബാറ്റിങ് തുടങ്ങി. ഒട്ടകം ആയിരുന്നു ഓപ്പണിങ് ബൗളർ .സച്ചിൻ ടെണ്ടുൽക്കറിനെ പോലെ കളിക്കുന്ന പ്രശാന്ത് പി എസ്  ഒട്ടകത്തിന്റെ ഓവറിൽ മൂന്നു സിക്സ്..അതും ഹാട്രിക് !.അതോടെ അദ്ദേഹം മാനസികമായി തളർന്നു.പിന്നീട് ബൗൾ ചെയ്ത ജിനോയിയും തന്റെ ഓവറിൽ 10 റൺസ് വിട്ടു കൊടുത്തു.ഇനി ജയിക്കാനായി അവർക്ക് വേണ്ടത് വെറും 9 റണ്. അടുത്ത ഓവർ ബൗൾ ചെയ്യാൻ റെഡി ആയി വന്ന ജിനീഷിനോട് ഒട്ടകം പറഞ്ഞു " ഈ ഓവർ ഞാൻ തന്നെ ചെയ്യാം..ആ പ്രശാന്തിന്റെ വിക്കറ്റ് ഞാൻ എടുക്കും.മനസ്സില്ലാ മനസ്സോടെ ജിനീഷ് സമ്മതിച്ചു.ഒട്ടകം വാശിയോടെ ബൗൾ ചെയ്തു. ഒരു സിക്‌സും ഒരു ഫോറും അടിച്ച് ആ ഓവറിൽ തന്നെ പി എസ് കളി അവസാനിപ്പിച്ചു.
ജയിച്ചവൻമാർ  ആഹ്ളാദ നൃത്തം ചവിട്ടി. ഒട്ടകം വീണ്ടുംഅപമാനിതനായി .

അദ്ധ്യായം  മൂന്ന് - ഫൈറ്റ് ക്ലബ്ബ് 

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ റെസ്ലിംഗ് കാരുടെ വിവരങ്ങൾ വച്ചുള്ള ട്രംപ് കാർഡ് ഗെയിം ഞങ്ങളുടെ ഇടയിൽ വളരെ പ്രചാരം നേടി .അന്ന്  WWE  ഒന്നാം റാങ്ക് ഹൾക്ക് ഹോഗൻ ആണ് . രണ്ടാം റാങ്ക് ഹിറ്റ് മാനും. പോരാതെ ഉയരം ഏഴടി പതിനൊന്നു ഇഞ്ച് ഉള്ള ജെയിന്റ് ഗോൺസാൽവസും , ഭീകര വെയിറ് ഉള്ള യോക്കോസുന യും  ,24  ഇഞ്ച് ബൈസപ്സ് ഉള്ള നാർസിസ്റ് ഉം  52 ഇഞ്ച് നെഞ്ചളവുള്ള ബ്രിട്ടീഷ് ബുൾഡോഗും ഒക്കെ ഉണ്ട്. കളി  അങ്ങനെ ഹോസ്റ്റലിൽ പൊട്ടി പൊട്ടിക്കുന്ന കാലത്ത് ഒട്ടകത്തിന്റെ ബുദ്ധി വീണ്ടും പ്രവർത്തിച്ചു ."എന്ത് കൊണ്ട് ക്‌ളാസ്സിലെ പിള്ളേരുടെ വിവരങ്ങൾ വച്ച് ഒരു ട്രംപ് ഗെയിം ഉണ്ടാക്കികൂടാ?" ആശയം മനസ്സിൽ തോന്നിയ ഒട്ടകം ട്രംപ് കാർഡുകൾ നിർമ്മിച്ചു . പഴയ ഷൂവിന്റെ കാർഡ് ബോർഡ് ബോക്സ് വെട്ടി ട്രംപ് ചീട്ടുകൾ  ഉണ്ടാക്കി .അതിൽ പേന  കൊണ്ട് ക്ലാസ്സിലെ കുട്ടികളുടെ പേരുകളും  നെഞ്ചളവും , ബൈ സെപ്‌സും , ഉയരവും തൂക്കവും ഒക്കെ എഴുതി ചേർത്തു  . ചാക്ക് നൂൽ കൊണ്ട് നെഞ്ചിനു ചുറ്റും, ബൈ സെപ്സിനു ചുറ്റുമൊക്കെ  പിടിച്ച് സാധാരണ സ്കെയിൽ ഉപയോഗിച്ച്അളന്നെടുത്തു  .കിറു ക്ര്യത്യം ഡാറ്റ  ആണ്  അദ്ദേഹം കാർഡുകളിൽ ഉപയോഗിച്ചത് .. ഒരൊറ്റ കാര്യത്തിൽ ആണ്  അദ്ദേഹത്തിന് കണ്ഫയൂഷൻ ആയത് .-റാങ്കിംഗ് ! ക്‌ളാസ്സിലെ ഭീകരനായ സുരേഷിനെ തന്നെ ഒന്നാം സ്ഥാനത്ത് അവരോധിച്ചു . രണ്ടാം സ്ഥാനം രാമനും കൊടുത്തു . ഇവർ രണ്ടു പേരും അന്ന് നല്ല വലിപ്പം ഉണ്ടായിരുന്നതിനാൽ വേറെ തർക്കം ഒന്നും ഉണ്ടായില്ല . പക്ഷെ ബാക്കി റാങ്കുകൾ ഇട്ടു വന്നപ്പോളേക്കും സംഗതി കൈ വിട്ടു പോയി തുടങ്ങി . ആത്മാഭിമാനത്തിനു വേണ്ടി പിള്ളേർ തമ്മിൽതല്ലി  തോൽപ്പിക്കാൻ തുടങ്ങി . ഇതിനു തുടക്കം കുറിച്ചത് അവസാന റാങ്കിന് അർഹനായ രവീന്ദ്രൻ ആയിരുന്നു . ക്ലാസ്സിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ആയിരുന്നു അവൻ.അവസാന റാങ്ക് തരാൻ പറ്റില്ല എന്ന് പറഞ്ഞു അവന്റെ തൊട്ടു മുകളിലെ റാങ്ക് കാരനായ രതീഷ് സിയുമായി അവൻ അടിയുണ്ടാക്കി .അടിയിൽ തോറ്റാൽ രതീഷ് സി അവസാന റാങ്കിലേക്ക് പോകുമല്ലോ . അങ്ങനെ രതീഷ് സിയും രവീന്ദ്രനും തമ്മിൽ ക്ലാസ്സിൽ വച്ച് ഘോര യുദ്ധം നടന്നു .ആ യുദ്ധത്തിന്റെ അവസാനം രതീഷ് സി പരാജയപ്പെട്ടു .വിജയശ്രീ ലാളിതനായ രവീന്ദ്രൻ അവസാനത്തെ സ്ഥാനത്തു നിന്നും മുകളിലേക്ക് കയറി . ഈ ആരോഹണം മറ്റുള്ളവരുടെ കൂടെ ശ്രദ്ധയിൽ പെട്ടു.സ്ഥാനാരോഹണത്തിനായി ഗംഭീര ദ്വന്ദ്വ യുദ്ധങ്ങൾ നടന്നു . "ഫൈറ്റ് ഫോട്ട്  " എന്നൊരു ഫീൽഡ് കൂടി ഒട്ടകം ട്രംപ് കാർഡിൽ ചേർത്ത് . അതിൽ മുന്നിട്ടു നിന്നത് ഒനിഡാ എന്ന് വിളിക്കുന്ന മിഥുൻ വാസുദേവനും.പുതിയ ട്രംപ് കാർഡിൽ ഹരം  കേറിയതോടെ  ക്ലാസ്സിലെ ക്രമസമാധാനനില താറുമാറിലായി .അവസാനം മലയാളം ടീച്ചർ ഫിലോമിന മേഡം ദ്വന്ദ്വ യുദ്ധം പൊക്കി . അങ്ങിനെ ട്രംപ് കാർഡ് കളിച്ച എട്ടാം ക്ലാസ്സുകാർ ചീട്ടു കളിക്കാരും ഗുസ്തിക്കാരുമായി  മുദ്ര കുത്തപ്പെട്ടു. തന്റെ പുതിയ ഐഡിയ കൂടി പാളി പോയ ദുഃഖത്തിൽ ഒട്ടകം അലിഞ്ഞു പോയി .

അദ്ധ്യായം നാല്  -ഗണിത ശാസ്ത്രം 

ദിവസങ്ങൾ ആഴ്ചകളായി , ആഴ്ചകൾ മാസങ്ങളായി , മാസങ്ങൾ വര്ഷങ്ങളായി  . ഓണം വന്നു, വിഷു വന്നു, ക്രിസ്‌മസ് വന്നു. നാളുകൾ ഒരു പാട്  കഴിഞ്ഞു .അവനിപ്പോൾ പത്താം ക്‌ളാസിൽ  ആണ്.ക്ലാസ്സിലെ അറിയപ്പെടുന്ന പഠിപ്പിസ്റ്റുമാണ്. മാത്‌സ് ആണ് ഇഷ്ട വിഷയം.മാത്‌സ് ടീച്ചർ ആനി മാഡത്തിന്റെ കണ്ണിലുണ്ണി. ഒരു പ്രോബ്ലം ക്ലാസ്സിൽ ചെയ്യാൻ ടീച്ചർ പറഞ്ഞാൽ  അത് ആദ്യം ചെയ്തു തീർക്കുന്നത് അവനാണ്‌.ഇക്കാര്യത്തിൽ ഒട്ടും പുറകിൽ ആയിരുന്നില്ല ഞങ്ങളുടെ ക്‌ളാസിൽ ഉണ്ടായിരുന്ന ഡിസ്‌നി എന്ന പെൺകുട്ടിയും .അവൾ ഒട്ടകത്തിന് എന്നും ഒരു വെല്ലു വിളി ആയിരുന്നു. മാത്‍സ് പ്രോബ്ലം ക്‌ളാസിൽ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആദ്യം കേൾക്കുന്നത് പാദസരത്തിന്റെ ശബ്ദമാണെങ്കിൽ  അത് ഡിസ്‌നി. നേരെ മറിച്ച് ഡെസ്ക് നീങ്ങുന്ന ശബ്ദം ആണെങ്കിൽ അത് ഒട്ടകം .അങ്ങനെ ആയിരുന്നു ആദ്യം കണക്ക് ചെയ്തവർ ആരാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നത്.എങ്കിലും ഭൂരിഭാഗം സമയവും രതീഷ് ഡിസ്നിയെ തോൽപിച്ചു കൊണ്ടേയിരുന്നു.അങ്ങിനെ ഒരു ദിവസം മാത്‍സ് ലെ  "ക്വാഡ്രറ്റിക്ഇക്വാഷൻ "ചാപ്റ്റർ എത്തി.കൂട്ടലും കുറക്കലും ഗുണിക്കലും ഹരിക്കലുമെല്ലാം ഒരു പോലെ വഴങ്ങുന്ന ഒട്ടകത്തിന് പക്ഷെ ,ഈ ഒരു സാധനം മാത്രം എന്തോ വലിയ പിടിത്തം കിട്ടിയില്ല.ആദ്യത്തെ യൂണിറ്റ്  ടെസ്റ്റിൽ തന്നെ  അവൻ എട്ടു നിലയിൽ പൊട്ടി.കണക്കിലെ ആദ്യ പരാജയം അവനെ തെല്ലൊന്നുമല്ല വലച്ചത് . അതിനു പരിഹാരം എന്നോണം പ്ലസ്ടു  വിന് സയൻസ് ഗ്രൂപ്പ് എടുക്കില്ല എന്ന്  അവൻ മനസ്സിൽ ഉറപ്പിച്ചു .

അദ്ധ്യായം നാല് - ചവിട്ടി നിർമ്മാണം

supw എന്ന വിഷയത്തിന് പത്താം ക്ലാസിൽ മാർക്ക് ഉണ്ടായിരുന്നു .എങ്ങനെയെങ്കിലും ആ വിഷയത്തിൽ സ്‌കോർ ചെയ്തു supw ടീച്ചർ പ്രസന്ന മാഡത്തിന്റെ കണ്ണിലുണ്ണി ആവാൻ ഒട്ടകം തീരുമാനിച്ചു .വീട്ടിൽ നിന്നും പഠിച്ച ചവിട്ടി നെയ്ത്ത് അവൻ മാഡത്തിന്  മുന്നിൽ അവതരിപ്പിച്ചു . ചെറിയ ചൂടി കയർ കൊണ്ട് ഉണ്ടാക്കുന്ന ചവിട്ടി കാണാൻ നല്ല ഭംഗി ആയിരുന്നു . പെയിന്റ് ഒക്കെ അടിച്ചു അത് അവൻ ഒന്ന് കൂടെ കളർഫുൾ ആക്കി .പ്രസന്ന മാഡം  ഫ്‌ളാറ്റ്‌  !സഫറോൺ കി സിന്ദഗി ജോ കഭി നഹി....
അത് പോട്ടെ, അങ്ങനെ ഒട്ടകം ചവിട്ടി ഉണ്ടാക്കിയത് സ്‌കൂളിൽ പാട്ടായി . വാർത്ത പ്രിൻസിപ്പൽ സാറിന്റെ ചെവിയിലും  എത്തി ."കോൾ  ഹിം..ലെറ്റ് അസ് ഡിപ്ലോയ് ദിസ്  ഓൾ അറൗണ്ട്  ദി  ക്യാംപസ്.   ഓരോ കുട്ടികളും ഓരോ ചവിട്ടി വച്ച് ഉണ്ടാക്കട്ടെ " പ്രിൻസിപ്പൽ കൽപ്പിച്ചു .  
കേട്ടവരെല്ലാം  തെറി വിളിച്ചു കൊണ്ട് ചവിട്ടി നിർമ്മാണത്തിൽ ഏർപ്പെട്ടു. അനന്തരം സ്‌കൂൾ മൊത്തം ചവിട്ടികൾ ചവിട്ടി നടക്കാൻ പറ്റാതായി.പ്രസന്ന മാഡം ബാക്കി വന്ന ചവിട്ടികൾ എടുത്തു സ്റ്റോർ റൂമിൽ സൂക്ഷിച്ച്. ഇപ്പോഴും ഭദ്രമായി അതവിടെ തന്നെ ഇരിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തൊക്കെയായാലും പ്രശസ്തൻ ആവാനുള്ള അവന്റെ വിദ്യ അങ്ങിനെ ഫലിച്ചു. സ്‌കൂൾ മൊത്തം മാന്യൻ ആയ ഒട്ടകത്തിന് സത്യത്തിൽ മറ്റൊരു വില്ലൻ മുഖം കൂടെ ഉണ്ടായിരുന്നു.

                                   അദ്ധ്യായം അഞ്ച്  - വില്ലൻ 

ഒരു വെള്ളിയാഴ്ച ദിവസം രാത്രി പവർ കട്ട് സമയത്തു സംസാരിച്ചിരിക്കുമ്പോൾ ആണ് കൊടുങ്ങല്ലൂർ ശൈലിയിൽ അവൻ എന്നോട് അതു ചോദിച്ചത് ._" അട മോനെ ..ഞാൻ വില്ലൻ ആണോ അതോ മാന്യൻ ആണോ ?" " നീയോ..നീയൊരു മാന്യൻ " ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അവൻ എന്നോട്  ആയി പറഞ്ഞു -"നിനക്കൊന്നും അറിയാത്ത ഒരു വില്ലൻ മുഖം എനിക്കുണ്ട്. നിനക്കറിയോ ആ പ്രിൻസിപ്പലിന്റെ ഓഫീസിനു  മുന്നിലെ ചെടിച്ചട്ടി ആരാ പൊട്ടിച്ചെന്ന് ..ഈ ഞാൻ!" ഞാൻ ഞെട്ടി തെറിച്ചു .  " ഏത് ..സുകുമാരൻ ചേട്ടൻ ഡിറ്റക്ടീവ് അന്വേഷണം നടത്തിയിട്ടും തെളിയാതെ കിടക്കുന്ന ആ കേസിലെ പ്രതി നീ ആണോ ?"  "അതെ" എന്ന ഉത്തരം വീണ്ടും  കേട്ടപ്പോൾ ആ കഥ കേൾക്കാൻ എനിക്ക് തിടുക്കമായി . അങ്ങിനെ അവൻ ആ കഥ പറഞ്ഞു തന്നു .

ഒരു പാവത്താനായി അറിയപ്പെട്ടു നടന്ന സമയത്താണ് സ്‌കൂളിലെ വില്ലൻ ആവാനുള്ള മോഹം ഒട്ടകത്തിന്റെ തലയിൽ കിളിർത്തത് . അന്നത്തെ മെയിൻ വില്ലൻ "തൊരപ്പൻ " എന്ന് വിളിക്കുന്ന ശ്രീജിത്തിന്റെ ശിക്ഷണം അദ്ദേഹം അങ്ങ് സ്വീകരിച്ചു .സ്‌കൂളിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കനായിരുന്നു തൊരപ്പൻ .അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സ്‌കൂളിൽ പുതുതായി വാങ്ങിയ ചെടിച്ചട്ടികൾ ഓരോന്നായി അദ്ദേഹം രാത്രി കാലങ്ങളിൽ എറിഞ്ഞുടച്ചു .നോക്കണേ പൂരം..അങ്ങിനെ ചെടിച്ചട്ടി എറിഞ്ഞു ഉടച്ച  കഥ ജിജ്ഞാസയോടെ കേട്ട ഞാൻ ഈ കഥ പരിഹാസരൂപത്തിൽ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിച്ചു . അതോട് കൂടി "വില്ലൻ " എന്ന ഓമനപ്പേര് കൂടി അദ്ദേഹത്തിന് സ്വന്തം .

അദ്ധ്യായം ആറ് - പ്രണയം 

 ഹിന്ദി പഠിപ്പിച്ചിരുന്ന കരുണാകരൻ സാർക്ക് ഒരു ഡയറി ഉണ്ടായിരുന്നു . കുട്ടികൾ എന്ത് തെറ്റ് ചെയ്താലും അദ്ദേഹം അത് ആ ഡയറിയിൽ നോട്ട് ചെയ്തു വെയ്ക്കും .അഞ്ചു പ്രാവശ്യം ആ ഡയറിയിൽ കയറിയാൽ പിന്നെ അവന്റെ കാര്യം പോക്കാണ്  . കുനിച്ച് നിർത്തി  പുറത്ത് നല്ല അടി കിട്ടും . പത്താം ക്ലാസ് പരീക്ഷ അടുത്തതോടെപലരും  പഠനത്തിലേക്ക് തിരിഞ്ഞു .പഠിക്കാതെ  അലഞ്ഞു തിരിഞ്ഞു നടന്നവർ  കരുണാകരൻ സാറുടെ ഡയറിയിൽ കയറി . അഞ്ചു തികച്ചവർക്ക് നല്ല പെടയും കിട്ടി.പക്ഷെ അതിൽ ഒരു തവണ പോലും കയറാതെ ഒട്ടകം മാന്യൻ ആയി മാറി  . വില്ലനി ൽ നിന്നും മാന്യനിലേക്കുള്ള ആ യാത്ര പലപ്പോഴും അവൻ ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചു. രാത്രി എല്ലാവരും ഉറങ്ങിയാലും ഹോസ്റ്റലിനു മുന്നിലെ സോഡിയം വേപ്പർ ലാംപിനു കിഴിൽ അവൻ ഇരുന്നു പഠിക്കുന്നുണ്ടാവും. അങ്ങിനെ മോഡൽ പരീക്ഷ എല്ലാം അവനു വളരെ എളുപ്പമുള്ളതായി മാറി . പത്താം  ക്ലാസ്സിൽ ഏറ്റവും  കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളുടെ പേരുകൾ സ്‌കൂളിന് മുന്നിലുള്ള ബോർഡിൽ എല്ലാ വർഷവും എഴുതിയിടുമായിരുന്നു .ഒരിക്കൽ പ്രിൻസിപ്പൽ ബാലസുബ്രഹ്മണ്യൻ  സാർ അവനോട് ചോദിച്ചു "എന്താ രതീഷ്  ? ബോർഡിലേക്ക് തന്റെ പേര് ഞാൻ പ്രതീക്ഷിച്ചോട്ടെ ?" "നോക്കാം സാർ" എന്ന അവന്റെ മറുപടി കേട്ട് പ്രിൻസിപ്പൽ അവന്റെ പുറത്ത് തട്ടി പറഞ്ഞു . "കീപ്പ് ഇറ്റ് അപ്പ് മൈ ബോയ് ! "  പത്താം  ക്‌ളാസിലെ പരീക്ഷ ആരംഭിച്ചു . അവന്  എല്ലാ പരീക്ഷയും  വളരെ ഈസി ആയിരുന്നു . കണക്ക് പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാൻ നിൽക്കുകയായിരുന്നു ഞാനും അവനും  . പെട്ടെന്നാണ് ആരോ പുറകിൽ നിന്നും വിളിച്ചത് " രതീഷ് ഒരു മിനിറ്റ് " . ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പതിനൊന്നാം ക്ലാസ്സിലെ ഒരു പെൺകുട്ടി ആണ് . സുന്ദരി ആണ് . സ്‌കൂളിൽ പലരും നോക്കിയിരുന്ന കക്ഷിയുമാണ് . പേര് പറയാൻ തല്ക്കാലം നിർവാഹമില്ല."എനിക്കൊരു കാര്യം പറയാനുണ്ട് . സ്വകാര്യമാണ് !" അവൾ പറഞ്ഞത് കേട്ട് ഞാൻഅവനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു . എന്നിട്ട് ഞാൻ  മാറി നിന്നു.  അങ്ങിനെ ആ വരാന്തയിൽ വച്ച്അവൾ  അവനോട് ആ കാര്യം തുറന്നു പറഞ്ഞു .കുറച്ച് കാലമായി അവളുടെ മനസ്സിൽ മൊട്ടിട്ടു കിടക്കുന്ന ആ പ്രണയത്തെ കുറിച്ച് ......

                                                                          (തുടരും)