Friday 17 May 2013

അനിയത്തി പ്രാവ്

 

അനിയത്തി പ്രാവ് എന്ന ചിത്രം ഇറങ്ങിയ കാലഘട്ടം ...!
ക്ലാസ്സിലെ ഒരു മഹാന്  കുഞ്ചാക്കോ ബോബന്റെ പ്രേതം കയറി .
അദ്ദേഹം തന്റെ ലുക്കിൽ ആകെ മൊത്തം ഒരു മാറ്റം വരുത്താൻ തീരുമാനിച്ചു .
വെക്കേഷന് വീട്ടിൽ പോയി വന്നപ്പോൾ ഫുൾ കൈ ഉള്ള കുറെ ഷർട്ടുകൾ കൊണ്ട് വന്നു .വെള്ളയും ,വൈലറ്റും ,നീലയും പച്ചയും എല്ലാം ഇതിൽ പെടും .ചെക്കും ,ലൈനും ഡിസൈൻ ഉള്ളവ വേറെയും .
അടുത്ത ദിവസം മുതൽ ഇത് ധരിച്ചായി മൂപ്പരുടെ നടത്തം .
സ്കൂളിൽ നിന്നും ലഭിക്കുന്ന യൂണിഫോറം ആയ ഹാഫ് കൈ ഷർട്ടിനോട് അദ്ദേഹത്തിന് പുച്ഛമായിരുന്നു .
അതിന്റെ സ്ഥാനത്ത് വീട്ടിൽ നിന്നും  കൊണ്ട് വന്ന ഫുൾ കൈ ഷർട്ട്‌ ധരിക്കാൻ കക്ഷി തീരുമാനിച്ചു .
കയ്യിലെ രണ്ടു ബട്ടണും ഇടാൻ മറന്നില്ല . അങ്ങനെ നമ്മുടെ കുഞ്ചാക്കൊ ഒരു ദിവസം കാലത്ത് അസംബ്ലിക്ക്  എത്തി .
പക്ഷെ പുറകിൽ  നില്ക്കുന്നുണ്ടായിരുന്ന ഒരു ടീച്ചർ  ഇത് കയ്യോടെ പിടി കൂടി .
 
"വൈ ആർ യൂ വെയറിന്ഗ് ഫുൾ സ്ലീവ്സ് ..? ദിസ് ഈസ് നോട്ട് സ്കൂൾ യൂണിഫോം...ഗോ ആൻഡ്‌ ചേഞ്ച് ദി ഷർട്ട് ..!"
 
കുഞ്ചാക്കൊയുടെ നെഞ്ച് പഞ്ചറായി .  അസ്സെംബ്ലിക്ക് വരിയിൽ മുന്നിൽ തന്നെ നില്ക്കാറുള്ള "വലിയ പൊട്ടു" തൊട്ട  ശാലിനി ഇത് കേട്ടോ ആവോ..?കേട്ടാൽ പണി പാളി ..!
എങ്ങനെയെങ്കിലും അവളെ വളക്കാൻ വേണ്ടിയാണു ഈ പെടാപാട് പെടുന്നത് ...!

"അവൾ കേൾക്കരുതെ ദൈവമേ ! "

മനസ്സില് പ്രാർഥിച്ചു  കൊണ്ട് അദ്ദേഹം ഹോസ്റ്റലിൽ പോയി പഴയ ഹാഫ് കൈ ഷർട്ടും ഇട്ടു തിരിച്ചു ക്ലാസ്സിൽ വന്നു .
 
പതുക്കെ തന്റെ ആത്മാർത്ഥ സുഹൃത്തായ ഹരിശ്രീ അശോകന്റെ അടുത്ത് വന്നിരുന്നു .
 
"ശാലിനിയെ വളക്കാൻ വല്ല വിദ്യയും ഉണ്ടോ  അളിയാ..? "
 
"ഒരു വിദ്യ ഉണ്ട്..നീ ക്ലാസ്സിൽ വളരെ ഫേമസ് ആവണം ..!"
 
" അതിപ്പോൾ എങ്ങനെയാ ?പുലികൾ കുറെ ശാലിനിയുടെ പുറകെ ഉള്ളപ്പോൾ ..?"
 
" അതൊന്നും ഒരു വിഷയമല്ല ...നീ നിന്ന് തന്നാൽ മതി.എല്ലാം ഞാൻ ചെയ്യാം "
 
" ശരി "
 
ഒരാഴ്ച കഴിഞ്ഞു .ഉച്ചക്കുള്ള സ്റ്റഡി  ടൈമിൽ ആണ് അത് സംഭവിച്ചത് .
ക്ലാസ്സിലേക്കുള്ള ഒരു കൂട്ടം കത്തുകളുമായി ഒരു ടീച്ചർ  വന്നു .കത്തുകളുടെ കൂട്ടം മേശക്കു മുകളിൽ  വച്ചിട്ട് അദ്ദേഹം പോയി .
 
കാക്കകൂട്ടത്തിൽ കല്ലിട്ട പോലെ കുട്ടികൾ മേശ വളഞ്ഞു .
തങ്ങള്ക്കായി  കത്തുകൾ വല്ലതും ഉണ്ടോ എന്ന് അവർ ആകാംക്ഷയോടെ പരതി  നോക്കി . കത്ത് ലഭിച്ചവരുടെ മുഖത്ത് സന്തോഷം ലഭിക്കാത്തവരുടെ മുഖത്താകട്ടെ നിരാശയും .!
ഈ തിരക്കിൽ പോയി തിരയാൻ പക്ഷെ കുഞ്ചാക്കോ ബോബന് താത്പര്യമില്ലായിരുന്നു . തന്റെ പ്രാണസഖി ശാലിനിയെ നോക്കി അയവിറക്കി അദ്ദേഹം ബാക്ക് ബെഞ്ചിന്റെ മൂലയിൽ ഒതുങ്ങി കൂടി .


 മേശക്കു ചുറ്റും കൂടി നിന്നവരിൽ ഒരാൾ  വിളിച്ചു പറഞ്ഞതു കേട്ടാണ് ബോബൻ  അങ്ങോട്ട്‌   ചെന്നത് .


" ഡാ നിനക്ക് എഴുത്തുണ്ട് "

"ആരാ ..?"  ആകാംക്ഷയോടെ കുഞ്ചാക്കോ തിരക്കി .

നല്ല ഭംഗിയുള്ള ആ കവർ മറിച്ച് നോക്കി അവൻ പറഞ്ഞു 

"പുറകിൽ  ഒപ്പ് മാത്രമേ ഉള്ളു "

"ഇങ്ങു താ ..." കുഞ്ചാക്കോ കവർ പിടിച്ചു വാങ്ങി . കവർ തുറന്നതും അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി .

" ഡാ എനിക്ക് മറുപടി വന്നു ...കുഞ്ചാക്കോ ബോബന്റെ മറുപടി വന്നു! ."

അവൻ കത്തെടുത്തു പിള്ളേരെ കാണിച്ചു . സ്വന്തം കൈപ്പടയിൽ ഒറിജിനൽ കുഞ്ചാക്കോ ഒരു ഫോട്ടോ അയച്ചു കൊടുത്തിരിക്കുന്നു .

"നോക്കട്ടെ "  പെണ്‍കുട്ടികൾ അവന്റെ കയിൽ നിന്നും ഫോട്ടോ വാങ്ങി നോക്കാൻ തുടങ്ങി .
പക്ഷെ ശാലിനി മാത്രം നോക്കിയില്ല .

അവസാനം തിരക്കൊഴിഞ്ഞപ്പോൾ അവൾ അവന്റെ അടുത്ത് വന്നു 

"എനിക്കും കാണിച്ചു തരുമോ ആ ഫോട്ടോ ?"

അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ." ഒരു രാജമല്ലി വിടരുന്ന പോലെ " എന്നാ ഗാനം ബാക്ക്ഗ്രൌണ്ടിൽ ആരോ പ്ലേ ചെയ്യുന്നത് പോലെ അവനു തോന്നി .

"ഇതാ ..വേണെങ്കിൽ എടുത്തോളൂ..?"

"വേണ്ട ...കണ്ടാൽ മതി ..നീ തന്നെ വച്ചോ..."

ഫോട്ടോ നോക്കിയിട്ട് ശാലിനി അവളുടെ പാട്ടിനു പോയി .

ശാലിനിയുടെ മുൻപിൽ ഫേമസ് ആകാൻ കഴിഞ്ഞത്തിൽ അവൻ വികാരഭരിതനായി .

പെട്ടെന്നാണ് പുറകിൽ നിന്നും ഹരിശ്രീ അശോകാൻ രംഗ പ്രവേശം ചെയ്തത് 

"എങ്ങനെ ഉണ്ട് എന്റെ ഐഡിയ ? ചിറങ്കര സ്റ്റുഡിയോ യിൽ നിന്നും ആ ഫോട്ടോ കിട്ടാൻ ഞാൻ കുറച്ചു പാട് പെട്ടു !"         അശോകൻ പറഞ്ഞു .

"വാട്ട്‌ ആൻ ഐഡിയ സർ ജീ? "-അവൻ സന്തോഷത്തോടെ അശോകനെ കെട്ടി പിടിച്ചു ...


ഒരു സിനിമാതാരത്തിന്റെ എഴുത്ത് വന്നത് സ്കൂൾ മൊത്തം പാട്ടായി .
തൊട്ടപ്പുറത്തെ ക്ലാസ്സിലെ ചില കോപ്പന്മാര്ക്ക് ഇത് കേട്ട കലി  കയറി .ഇതിൽ പ്രമുഖനായിരുന്നു മിസ്റ്റർ പെരേര !

"അവന്മാർ വെറുതെ പറ്റിക്കുന്നതാ .." മിസ്റ്റർ പെരേര പറഞ്ഞു .
 
" നമുക്കും ഇത് പോലെ ഒന്ന് എല്ലാരേം പറ്റിക്കണം .അവൻ നടന്മാരുടെ ഫോട്ടോ വരുത്തിയെങ്കിൽ നമ്മൾ നടിമാരുടെ ഫോട്ടോ വരുത്തും " കൂട്ടുകാരൻ റോബർട്ട്‌ ,പെരേരയെ പിൻ താങ്ങി .
 
" നമുക്ക് മഞ്ജു വാര്യർക്ക് കത്തെഴുതി നോക്കാം ..ചിലപ്പോൾ  ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ?"
 
" ശരി അങ്ങനെ തന്നെ ചെയ്യാം "

അങ്ങനെ പെരേരയും റോബർട്ടും  കൂടെ 75 പൈസയുടെ ഇൻലന്റിൽ മഞ്ജൂ വാര്യർക്ക് കത്ത് എഴുതി .


"
 പ്രിയപ്പെട്ട ചേച്ചിക്ക് ,

ഞാൻ ചേച്ചിയുടെ ഒരു വലിയ ആരാധകൻ ആണ്  .
ചേച്ചിയുടെ എല്ലാ പടവും ഞാൻ മുടങ്ങാതെ കാണാറുണ്ട് .
ചേച്ചിയുടെ അഭിനയം ഗംഭീരം .
ഇനിയും ഒരു പാട് നല്ല റോളുകൾ ചെയ്യാൻ കഴിയട്ടെ എന്ന്  ആശംസിക്കുന്നു .
പറ്റുമെങ്കിൽ ചേച്ചിയുടെ കയ്യൊപ്പോടു കൂടിയ ഒരു ഫോട്ടോ എനിക്ക് അയച്ചു തരണം (പറ്റുമെങ്കിൽ മാത്രം !)


വിനീതപുർവ്വം ,

മിസ്റ്റർ പെരേര (ഒപ്പ്)
ക്ലാസ്സ്‌ 10 എ 
ജവഹർ നവോദയ വിദ്യാലയം, 
മായന്നൂർ പി ഒ ,
തൃശൂർ ജില്ല 
പിൻ  679105


"

റോബർട്ടിന് തന്റെ പേര് വക്കുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല . അത് കൊണ്ടാണ് പെരേര സ്വന്തം പേര് വച്ചത്.
എന്തായാലും കത്ത് പോസ്റ്റ്‌ ചെയ്യേണ്ട ചുമതല റോബര്ട്ടിനായിരുന്നു .
അദ്ദേഹം അത് ഭംഗിയായി നിർവഹിച്ചു .

ആഴ്ചകൾ കടന്നു പോയി . ഒരു വെള്ളിയാഴ്ച ദിവസം, ഉച്ചയ്ക്ക്  ,ചാക്കോ സർ ഇംഗ്ലീഷ് ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു .
"ക്ലാസ് 10 എ" - ഒരു പാട് മഹാന്മാര് പഠിച്ചിരുന്ന ഈ ക്ളാസ്സിനോട് സാറിന് ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു .അത് കൊണ്ട് തന്നെ എഴാം ക്ലാസ് മുതൽ ഇന്ന് വരെ ഇതേ ബാച്ചിന്റെ ക്ലാസ് ടീച്ചർ  ആയി അദ്ദേഹം തുടർന്നു പോന്നു  . ക്ലാസ് എടുത്തു കഴിഞ്ഞപ്പോൾ അദ്ദേഹം കുട്ടികളോട് ബുക്ക്‌ വായിച്ചു ഇരുന്നോളാൻ ആവശ്യപ്പെട്ടു  .
എന്നിട്ട് ഏതോ ഉത്തരക്കടലാസ് നോക്കാൻ ആരംഭിച്ചു .
ഈ സമയത്താണ് പ്യുണ്‍ സാജുവേട്ടന്റെ വരവ് !.കയ്യിൽ  കുറച്ചു കത്തുകളുമായി വന്ന സാജുവേട്ടൻ അത് ചാക്കോ സാറിനു നല്കി.
കുട്ടികൾക്കുള്ള എഴുത്തുകൾ ആണ് .
ചാക്കോ സർ അത് മേശയുടെ മേൽ എടുത്തു വച്ച് , ചെയത്  കൊണ്ടിരുന്ന ജോലി തുടർന്നു .
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഉത്തരക്കടലാസ് മൂല്യ നിർണയം സമാപിച്ചു .
മിസ്റ്റർ പെരേരയും സംഘവും ആകട്ടെ, ക്ലാസ്സിൽ ബുക്ക്‌ വായനയുടെ തിരക്കിൽ ആണ് .
ഇരുന്നു ബോർ അടിച്ച ചാക്കോ സർ കത്തുകൾ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി.

പെട്ടെന്നാണ് ഒരു വെള്ള കടലാസ്സ്‌ മുകളിൽ  ഒട്ടിച്ച നീല ഇൻലന്റ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത് .
മിസ്റ്റർ പെരേരയുടെ അഡ്രസ്‌ ആയിരുന്നു അതിൽ ഉണ്ടായിരുന്നത് .
വെള്ളകടലാസിൽ ഒരു സീൽ കൂടെ ഉണ്ടായിരുന്നു " പോസ്റ്റ്‌ മാസ്റ്റർ ജനറൽ ,തിരുവനന്തപുരം ."

ആകാംക്ഷയോടെ അദ്ദേഹം ഇൻലന്റ് തിരിച്ചു നോക്കി .
ഫ്രം അഡ്രസിന്റെ സ്ഥാനത്ത്  " റെഫ്യൂസ്ട് " എന്നെഴുതിയിരിക്കുന്നു .
അദ്ദേഹം ഇൻലന്റ് തുറന്നു വായിച്ചു .നോക്കുമ്പോൾ പെരേരയുടെ എഴുത്താണ് ! .

ഉടൻ അദ്ദേഹം പെരേരയെ അടുത്ത് വിളിച്ചു എന്നിട്ട്‌ കത്ത് മുഴുവൻ വായിച്ചു കേള്പ്പിച്ചതിന് ശേഷം ചോദിച്ചു . 

" ശെ ..എന്താടോ...എന്താ കുട്ടി  ഇങ്ങനെ ഒക്കെ ചെയ്യുന്നത് ?"
 
പെരേര ഒന്ന് ചമ്മി . സന്ദർഭം വിശദീകരിച്ചു കൊടുത്തെങ്കിലും അദ്ദേഹം വിശ്വസിക്കുന്നില്ല.

" എന്താടോ ഇങ്ങനെ ഒക്കെ ..മോശം അല്ലെ?
അവരാണെങ്കിൽ കത്ത് റെഫ്യൂസും ചെയ്തു ..!" 


എന്തായാലും ആ സംഭവം അദ്ദേഹം സ്കൂൾ മുഴുവൻ പാട്ടാക്കി .
അങ്ങനെ പെരേരക്ക് എട്ടിന്റെ പണി തന്നെ കിട്ടി .

സത്യത്തിൽ അന്ന് കുറ്റം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആയിരുന്നു .
പെരേര കത്ത് അയച്ചു ഒരാഴ്ചക്കുള്ളിൽ ഇന്ലന്റിന്റെ വില 75 പൈസയിൽ നിന്നും ഒരു രൂപയായി അവർ ഉയർത്തി .
കത്ത് മഞ്ജു വാര്യർക്ക് കിട്ടുന്നതിനു മുന്പ് അതിന്റെ വില ഒരു രൂപയായി എന്ന് സാരം .
പരിചയമില്ലാത്ത ഒരാൾ കൂലിക്കത്ത് അയച്ചാൽ ആരെങ്കിലും സ്വീകരിക്കുമോ ?
അങ്ങനെ മഞ്ജു ,പെരേരയുടെ കത്ത് തഴഞ്ഞു .മനസ്സില്ലാ മനസ്സോടെ..!
ഫ്രം അഡ്രസ്‌ എഴുതാത്തത് കൊണ്ട് കത്ത് നേരെ പോസ്റ്റ്‌ മാസ്റ്റർ ജനറൽ സാറിനു പോയി .
അദ്ദേഹം കത്ത് പൊട്ടിച്ചു  വായിച്ചു നോക്കി. അതിനകത്ത് എഴുതിയ മേൽ വിലാസത്തിലേക്ക് തിരിച്ചയച്ചു .
കത്തിന്റെ കൂലി സ്കൂൾ ഓഫീസിൽ നിന്നും കൊടുത്തു കാണണം.എന്തായാലും അത് പെരേരക്ക്  കൊടുക്കേണ്ടി വന്നില്ല !




പതിനഞ്ചു വർഷങ്ങൾ കടന്നു പോയി .....!

റോബർട്ട്‌ ഇന്ന് ജീവിച്ചിരിപ്പില്ല .വിധി അദ്ദേഹത്തെ നേരത്തെ വിളിച്ചു .
ശാലിനി ഏതോ അജിത്തിനെ കല്യാണം കഴിച്ചു .
മിസ്റ്റർ പെരേരയും വിവാഹിതനാണ് .ഒരു കുഞ്ഞിന്റെ അച്ഛനുമാണ് .
ഹരിശ്രീ അശോകൻ പുതിയ വീട് പണിയുടെ തിരക്കിലാണ് !ബിസിനസ്സും ,ഫോണ്‍  വിളിയും ,ഫേസ്ബുക്കും ഒരുമിച്ചു കൊണ്ട് പോകാൻ പാട് പെടുന്നു അയാൾ !
+2 കഴിയുന്നത്‌ വരെ നിശബ്ദ പ്രണയം കാത്തു സൂക്ഷിച്ച കുഞ്ചാക്കോ ബോബന് ഇന്ന് പേര് ജയകൃഷ്ണൻ എന്നാണ് ! "മണ്ണാർതൊടിയിലെ ജയകൃഷ്ണൻ !"
പുതിയ ഒരു പ്രണയ കഥയിലെ നായകനായി അദ്ദേഹം കടലിന്നക്കരെ ജീവിക്കുന്നു .

പത്താം ക്ലാസ്സിൽ " എ ലെറ്റർ റ്റു ഗോഡ് " എന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ ഇപ്പോളും ചാക്കോ സർ പെരേരയുടെ കഥ പറയാറുണ്ട് എന്നാണ് കേട്ടത്.
അത് സത്യമാണോ എന്നറിയില്ല, എങ്കിലും  കഴിഞ്ഞ ആഴ്ച, പഴയ സ്കൂൾ സന്ദര്ശിക്കാൻ പോയ പെരെരയോടു ചാക്കോ സർ ചോദിച്ചത്രേ!...

" എന്താടോ ..ഇപ്പോളും മഞ്ജു വാര്യർക്ക്  കത്ത് എഴുതാറുണ്ടോ..?"

പഴയ ഒരു ചമ്മലോടെ വീണ്ടും ചിരിച്ചു നമ്മുടെ സ്വന്തം പെരേര !





----------------------------------------------------------------------------------------------------------------------------------------------------------------------------



നോട്ട്: ഈ ബ്ലോഗിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികം മാത്രമാണ് .
നിത്യജീവിതത്തിലെ ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് വെറും തോന്നൽ മാത്രമാണ് ..!
എന്തായാലും അഭിപ്രായങ്ങൾ ലൈക്കിൽ ഒതുക്കാതെ അറിയിക്കുക !














 



 
 

12 comments:

  1. ഈ ബ്ലോഗിലെ കഥയും കഥാപാത്രങ്ങളും ഈ ബ്ലോഗുകാരനെപ്പോലെ തികച്ചും സങ്കല്പ്പികം മാത്രമാണ് !! :)


    സൂപ്പര്‍ ......

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനു നന്ദി സുകേഷ് ജി

      Delete
  2. ചുരുണ്ട മുടിയും , പിന്നെ ടൈ ഇടാതെ ഒരു കോട്ടും, മൊബൈലും പിടിച്ചൊരു മൂലക്കിരിക്കുന്നു പാവം കുഞ്ചാക്കോ ബോബന്‍.. , ഏതു ശാലിനി ആണാവോ കുടുങ്ങിയത്‌.....---

    ReplyDelete
    Replies
    1. ശാലിനി രക്ഷപെട്ടു...കുടുങ്ങിയില്ല

      Delete
  3. Replies
    1. താങ്ക്സ് ഡാ മച്ചു

      Delete
  4. എന്നെ കുഞ്ചാക്കോ ബോബൻ നേരിട്ട് വിളിച്ചിരുന്നു .ഒരു പതിനഞ്ചു വര്ഷം പുറകിലോട്ട് അദ്ദേഹം സഞ്ചരിച്ചത്രെ !..നന്ദി സുഹൃത്തേ !

    ഇതിൽ ഞാൻ എഴുതാത്ത ഒരു കഥ കൂടി പറഞ്ഞു തന്നു അദ്ദേഹം ...!

    അന്ന് കുഞ്ചാക്കോ ബോബന്റെ കത്ത് എഴുതാൻ ,ഇംഗ്ലീഷ് അറിയാത്ത ഹരിശ്രീ അശോകനെ ഒരു സിംഹം സഹായിച്ചിരുന്നു . ബ്രേക്ക് ഡാൻസ് കളിക്കുന്ന സിംഹം ! :)

    ReplyDelete
  5. asokan aalu kollaam enthaayaalum..! :)

    ReplyDelete
  6. hambada kunjakko boba! :-).. Ithokke eppo oppichu!

    ReplyDelete
  7. Ithepo nadannu?? Chachan arinhillallo ;)

    ReplyDelete

നിങ്ങൾ കമന്റ് ഇടാതെ പോയാൽ ഒന്നും സംഭവിക്കില്ല ..വേറേതു ബ്ലോഗിലും കയറി പോകുന്നത് പോലെ ഇവിടെ നിന്നും പോകും....
പക്ഷെ നിങ്ങൾ ഒരു കമന്റ് ഇട്ടാൽ അതൊരു ചരിത്രമാകും ..ഒരു പാട് ബ്ലോഗ്ഗർമാർക്ക് വളർന്നു വരാനുള്ള ചരിത്രം !!!