Monday 28 January 2013

സിനിമാ വിശേഷങ്ങള്‍


"നിനക്ക് നാണമില്ലേ ചെക്കാ...പതിനൊന്നാം ക്ലാസ്സില്‍ ആയിട്ട് പോലും ഒരൊറ്റ സിനിമക്ക് പോലും സ്കൂളില്‍ നിന്നും ചാടി പോയിട്ടില്ല എന്ന് പറയാന്‍..?...നിന്റെ ഒക്കെ ജീവിതം കൊണ്ട് എന്ത് കാര്യം..."-ഒരു ഞായര്‍ ആഴ്ച രാവിലെ പതിവ് പോലെ സ്റ്റഡി ടൈമിന്  ക്ലാസ്സില്‍ എത്തിയ എന്നെ എതിരേറ്റ വാക്കുകളാണ് ഇവ...ഞാന്‍ ആ വാക്ക് വന്ന വായിലേക്ക് നോക്കി.മറ്റാരുമല്ല ക്ലാസ്സിലെ "അയ്യോ പാവം " പയ്യന്മാരില്‍ ഒരാളായ "ഇജാസ് അലി" ആണ്..."ഇവനോ..?ഇവന്റെ വായില്‍ നിന്ന് തന്നെ ഇത് കേള്‍ക്കേണ്ടി വന്നല്ലോ "എന്നോര്‍ത്ത് എനിക്ക് വിഷമം തോന്നി..!അപ്പോഴാണ്‌ എന്റെ ക്ലാസ്സിലെ മറ്റു സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ ഒരു കാര്യം അറിഞ്ഞത്...തലേ ദിവസം രാത്രി, സെക്കന്റ്‌ ഷോ കാണാന്‍ വേണ്ടി ഒറ്റപ്പാലം "ലക്ഷ്മി " തീയെറ്റെര്‍ വരെ അവന്‍ ചാടി പോയത്രേ..!കൂട്ടിനു ഈ പരിപാടിയില്‍ സമര്‍ത്ഥരായ മറ്റു ചിലരും..എന്റെ തലയില്‍ വാശിയുടെ ലഡ്ഡു പൊട്ടി..."ഇന്ന് രാത്രി സെക്കന്റ്‌ ഷോ കണ്ടിട്ട് തന്നെ ബാക്കി കാര്യം..!"ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.സ്കൂളില്‍ നിന്ന്  ചാടി പോയി സിനിമ കാണുന്നതില്‍ ഏറ്റവും സമര്‍ത്ഥനായ സുരേഷിനെ സമീപിച്ചു കാര്യം പറഞ്ഞു..അന്ന് ലക്ഷ്മി യില്‍ കളിച്ചു കൊണ്ടിരുന്നത് "ദേവദാസി" എന്ന സിനിമ ആയിരുന്നു.ഇതിലെ നായികയുടെ കുറെ കിടിലന്‍ രംഗങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ ഇടയില്‍ ഹിറ്റ്‌ ആയിരുന്നത് കൊണ്ട്  അവനു  രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല..അങ്ങിനെ ഞങ്ങള്‍ സെക്കന്റ്‌ ഷോക്ക് പോകാന്‍ ഒരു പ്ലാന്‍ തയ്യാറാക്കി...4 പേര്‍ അടങ്ങുന്ന ഒരു ടീം ..ഞങ്ങളെ  കൂടാതെ  ജിജോ,ജിനീഷ് എന്ന  മറ്റു രണ്ടു പേരും .

                                                  ലക്ഷ്മി യില്‍ സെക്കന്റ്‌ ഷോ തുടങ്ങുന്നത് 9.30 നു ആണ് .ഏകദേശം ഈ സമയത്താണ് ഞങ്ങളുടെ "റോള് കോള്‍ ".അത്താഴം കഴിഞ്ഞതിനു ശേഷം ഹൌസ് മാസ്റ്റര്‍ വന്നു ഹാജര്‍ എടുക്കുന്നതിനെയാണ് റോള് കോള്‍ എന്ന് പറയുന്നത്.ഇത് കഴിഞ്ഞാല്‍ പിന്നെ സാധാരണ എല്ലാവരും ഉറങ്ങാന്‍ കിടക്കുകയാണ് പതിവ്.സ്കൂളില്‍ നിന്നും തിയറ്റരിലെക്ക് ഒരു അര മണിക്കൂര്‍ യാത്ര ഉണ്ട്..വഴി മദ്ധ്യേ ഒരു പുഴയും.അത് കൊണ്ട് തന്നെ റോള് കോള്‍  എത്രയും പെട്ടെന്ന് തീരുന്നുവോ അത്രയും നല്ലത് .പതിവ് പോലെ അത്താഴം കഴിക്കാന്‍ പോയ എനിക്ക് അന്ന്  കഴിച്ചിട്ട് അങ്ങോട്ട്‌ ഇറങ്ങുന്നില്ല..ചങ്കില്‍ എന്തോ പിടുത്തം പോലെ."ഇനി രാത്രി സിനിമക്ക് പോയതിനു ശേഷം ആരെങ്കിലും വന്നു രണ്ടാമതും ഹാജര്‍ എടുക്കുമോ ദൈവമേ..!പിടിച്ചാല്‍ സസ്പെന്‍ഷന്‍  ഉറപ്പ് ."എന്റെ മനസ്സില്‍ പല തരം ചിന്തകള്‍ വന്നു പോയി കൊണ്ടിരുന്നു.എങ്കിലും ഇജാസ് അലി വരെ സുഖമായി  ചാടി പുറത്തു പോയിട്ടുണ്ടല്ലോ  എന്ന് കരുതി മനസ്സിന് ധൈര്യം കൊടുത്തു.അന്ന് ഹൌസ് മാസ്റ്റര്‍ സാക്ഷാല്‍ പങ്കജാക്ഷന്‍ സര്‍ ആണ്.കുരുട്ടു ബുദ്ധിയുടെ ആശാന്‍.1....... ...!  ..!കുട്ടികള്‍ മനസ്സില്‍ കാണുന്നത് അദ്ദേഹം മാനത്ത്  കാണും.അത് കൊണ്ട് അദ്ദേഹത്തിന് സംശയം തോന്നാത്ത രീതിയില്‍ വേണം കാര്യങ്ങള്‍ നീക്കാന്‍ ...സിനിമക്ക് പോകാന്‍ പ്ലാന്‍ ചെയ്തത് കൊണ്ട് നേരത്തെ തന്നെ റോള് കാള്‍ നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി തന്ത്രപൂര്‍വ്വം പങ്കജാക്ഷന്‍ സാറെ വിളിച്ചു വരുത്തി.റോള് കാള്‍ ആരംഭിച്ചു.പതിവിന്‌  വിപരീതമായി അന്ന് മുന്‍ നിരയില്‍ തന്നെ ചെന്ന് നിന്ന് അദ്ദേഹത്തോടു സംസാരിക്കുക കൂടി ചെയ്തു.ഞങ്ങള്‍ എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് എന്ന് ബോധ്യപെടുതലായിരുന്നു ലക്‌ഷ്യം..അതില്‍ വിജയിക്കുകയും ചെയ്തു.അങ്ങിനെ റോള് കാള്‍ കഴിഞ്ഞു പങ്കജാക്ഷന്‍ സര്‍ പോയി എന്നുറപ്പാക്കിയ ശേഷം ഞങ്ങള്‍ യാത്ര പുറപ്പെട്ടു .
                                 
                                             ഞാന്‍ വാച്ചില്‍ സമയം നോക്കി.9.20 PM. "സിനിമ തുടങ്ങാറായി കാണും..വേഗം പോകാം "-സുരേഷ് പറഞ്ഞു.ഉജ്ജൈനി ഹോസ്റെലിന്റെ മുന്നില്‍ ക്കൂടെ ഞങ്ങള്‍ ഗ്രൌണ്ട് ക്രോസ് ചെയ്തു നടന്നു.ഗ്രൌണ്ടിന്റെ അവസാനം ഒരു കമ്പി വേലിയാണ്.ഇത് ചാടി വേണം പുറത്തു കടക്കാന്‍.... ..ഗ്രൌണ്ടിന്റെ രണ്ടു വശങ്ങളിലും സ്റ്റാഫ്‌ ക്വാര്‍ ട്ടെര്സ്  ആണ്.അത് കൊണ്ട് അധികം കാലോച്ചയിലാതെ നടക്കണം.ശബ്ദം കേട്ട് ആരെങ്കിലും വന്നു നോക്കിയാലോ..?കമ്പി വേലിയുടെ അടുതെതിയപ്പോള്‍ സുരേഷ് പറഞ്ഞു-"ഞാന്‍ ആദ്യം കടക്കാം...അത് പോലെ കടന്നാല്‍ മതി.."എന്നിട്ട് കമ്പികള്‍ക്കിടയിലൂടെ അവന്‍ നൂഴ്ന്നു കടന്നു.
പുറകെ ഞാനും ജിനീഷും ജിജോയും.കൂര്‍ത്ത കമ്പി ഒരെണ്ണം എന്റെ കാലില്‍ കോറി ..നല്ല വേദന ഉണ്ടായെങ്കിലും പടം കാണാനുള്ള ആകാംക്ഷയില്‍  അതെല്ലാം അങ്ങ് സഹിച്ചു.കമ്പി വേലിക്ക് അപ്പുറത്തുള്ള റോഡിലൂടെ  ഞങ്ങള്‍ നടന്നു.ദൂരെ ഉള്ള മഞ്ഞ സ്ട്രീറ്റ് ലൈറ്റ്ന്റെ വെളിച്ചം ചെറിയ തോതില്‍ അകാശത്തെ പ്രകാശിപ്പിച്ചിരുന്നു ....റോഡിന്‍റെ വലതു ഭാഗത്തുള്ള റബ്ബര്‍ എസ്റ്റെറ്റില്‌ ചീവീടുകള്‍ മത്സരിച്ചു കരയുന്നത് കേള്‍ക്കാം .ഞാന്‍ കൂടെയുള്ളവരെ ശ്രദ്ധിച്ചു എല്ലാവരുടെയും മുഖത്ത് അപ്പോള്‍ ഏകദേശം ഒരേ ഭാവം ..മുന്നില്‍ വഴി കാട്ടിയായി സുരേഷ്.ജന്മം കൊണ്ട് ആന്ധ്ര സ്വദേശി ആണെങ്കിലും വളര്‍ന്നത്‌ കേരളത്തില്‍ .മലയാളം , പക്ഷെ ഞങ്ങളെക്കാള്‍ നന്നായി അറിയും.ഒരു ശരാശരി മനുഷ്യന്റെ ഉയരം.മായന്നൂര്‍ ഗ്രാമത്തിലെ സകല നാട്ടു വഴികളും ഇവന് മനപാഠം.എസ്റ്റേറ്റ്‌ കഴിഞ്ഞാല്‍ പിന്നെ ഒരു വിജനമായ സ്ഥലമാണ് .ഇതിന്റെ വലത്തേ അറ്റത്തായി ഒരു ഏഴിലം പാല ഉണ്ട്  .അതിന്റെ ചുവട്ടില്‍ ആരോ കത്തിച്ചു വച്ച ചിരട്ട വിളക്ക് അപ്പോഴുംജ്വലിച്ചു കൊണ്ടിരുന്നു.ഈ പാലയെ കുറിച്ച് പല കഥകളും കുട്ടികള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട് .ചിലതൊക്കെ ഭയപ്പെടുത്തിയിട്ടുമുണ്ട്.രാത്രികളില്‍ വിക്രമശില ഹോസ്റ്റലിന്റെ ജനലിലൂടെ നോക്കിയാല്‍  ഈ പാലയെ ഒരു സുന്ദരിയെ പോലെ തോന്നാറുണ്ട്.ഇന്നാണ് അതിനു തൊട്ടടുത്ത്‌ കൂടെ പോകുന്നത്.പാലപൂവിന്റെ മാസ്മരിക ഗന്ധം അവിടെ നിറഞ്ഞു നില്‍ക്കുന്നു.അതിന്റെ പുറകില്‍  കുറച്ചു കൂടി അകലേക്ക് നോക്കിയാല്‍ "അനങ്ങാമല"  കാണാം.അവിടെ ആരോ കത്തിച്ച കാട്ടുതീ, ഓറഞ്ച് നിറമുള്ള തെലുങ്ക് അക്ഷരങ്ങളായി രൂപം പ്രാപിച്ചിരിക്കുന്നു.പാലച്ചുവടും കഴിഞ്ഞു പിന്നെ ചെറിയ ഒരു ഇടവഴി തുടങ്ങുകയായി..അധികം ആള്‍ സഞ്ചാരം ഇല്ലാത്ത സ്ഥലം.നിലത്തു മുഴുവന്‍ കൂര്‍ത്ത കല്ലുകള്‍ .ചെരുപ്പ് ധരിച്ചിട്ടു പോലും കാല്‍  വയ്ക്കുമ്പോള്‍ വേദന ഉണ്ട്.കയില്‍ കരുതിയ ടോര്ച്ച് കത്തിച്ചു കൊണ്ട് സുരേഷ് പറഞ്ഞു."നോക്കി നടക്കണം .നല്ല മൂര്‍ച്ച ഉള്ള കല്ലുകളാണ്"പെട്ടെന്ന് പുറകില്‍ നിന്നും ആരോ വിളിച്ചത് പോലെ തോന്നി ഞാന്‍ തിരിഞ്ഞു നോക്കി.ആരെയും കണ്ടില്ല..ഞങ്ങള്‍  നടത്തം തുടര്‍ന്നു .

                                  "ആരാ അത്?"-ഒരു കനത്ത ശബ്ദം കേട്ട് ഞങ്ങള്‍ എല്ലാവരും നിന്നു .ശബ്ദം കേട്ട ദിക്കിലേക്ക് സുരേഷ് ടോര്‍ച്ച് അടിച്ചു.ഇടവഴിയില്‍ നിന്നും പറമ്പിലേക്ക് ചേര്‍ത്ത് ഒരു ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നു.ധൈര്യം സംഭരിച്ച്  ഞങ്ങള്‍ അതിനടുത്തേക്ക്‌ നടന്നു."എന്താ ങ്ങള്‍ക്ക് ഈ നേരത്ത് ഇവിടെ കാര്യം..?"-ജീപ്പിന് മുന്‍ സീറ്റില്‍ തന്നെ ഇരുന്നിരുന്ന ഒരു തടിയന്‍ ചോദിച്ചു.ഞാന്‍ ജീപ്പിനകത്തേക്ക് നോക്കി .നാലോ അഞ്ചോ പേര്‍ കാണും അതിനകത്ത് !.മദ്യപാനം ആണ് നടന്നു കൊണ്ടിരിക്കുന്നത്.അടുത്തെത്തിയ ഞങ്ങളെ അവര്‍ പെട്ടെന്ന് തന്നെ മനസ്സിലാക്കി -"ഓ ...ങ്ങള്‍ നവോദയേലെ പിള്ളേരാണ് ല്ലേ..?എവിടക്യാ ..?സിനിമയ്ക്കാ..?  "മുന്നിലിരുന്ന തടിയന്‍ ചോദിച്ചു."സിനിമക്ക് തന്നെയാ...ചേട്ടാ ദേ ..ദയവു ചെയ്ത് പ്രിന്സിപാളിന്റെ അടുത്ത് കൊണ്ട് പോയി പെടുത്തരുത് ട്ടാ..!"-സുരേഷ് പറഞ്ഞു.അപ്പോള്‍ തടിയന്‍ പറഞ്ഞു "അങ്ങനെ മ്മള് ചെയ്യോ...ങ്ങള് .ധൈര്യായി പൊയ്ക്കോളീ ട്ടോ..!ദാ  ബിയര്‍  വേണോ..?" "വേണ്ട ഞങ്ങള്‍ പോവാ.."-ജിനീഷ് പറഞ്ഞു.അങ്ങിനെ അവിടെ നിന്നും യാത്ര തുടര്‍ന്നു ..ഇരുട്ടിന്റെ കട്ടി കൂടി കൂടി വന്നു..റോഡിന്‍റെ രണ്ടു വശത്തും ഒരൊറ്റ വീട് പോലും ഇല്ല.കുറച്ചു കൂടെ നടന്നപ്പോള്‍ മണ്ണ് കൊണ്ടുള്ള റോഡ്‌ ആരംഭിച്ചു..രണ്ടു വശങ്ങളിലും മുളയുടെ മുള്ള് കൊണ്ടുള്ള വേലി ."ഭാഗ്യം..ആള്‍ താമസം ഉള്ള സ്ഥലം തന്നെ" ഞാന്‍ മനസ്സില്‍ സമാധാനിച്ചു.കുറച്ചു കൂടി നടന്നപ്പോള്‍ വലതു ഭാഗത്തായി കുറച്ചു വീടുകള്‍ കണ്ടു തുടങ്ങി.ഓടു മേഞ്ഞതും ,ഓല മേഞ്ഞതുമായ വീടുകള്‍ .കൊയ്ത്തു കാലമായതു കൊണ്ടാവാം..ഓല മേഞ്ഞ ഒരു വീടിന്റെ മുറ്റത്ത് ചാണകം മെഴുകിയ കളം ഒരുക്കിയിരിക്കുന്നു.വീടിന്റെ വരാന്തയില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഇരുന്നു പഠിക്കുന്ന കുട്ടികള്‍ ."കഠിന പ്രയത്നം തന്നെ ...രാത്രി ഒമ്പതരക്ക് പഠിക്കുന്നു പിള്ളേര്‍  "-ജിജോ പറഞ്ഞു..
കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോള്‍ മണ്ണിട്ട റോഡ്‌ സമാപിച്ചു."ഇനി കുറച്ചു ദൂരം പാടം ആണ് .ചെളി കാണും ..ചെരിപ്പ് അഴിച്ചോളൂ.."സ്വന്തം ചെരുപ്പ് ഊരി കയ്യില്‍ പിടിച്ചു കൊണ്ട് സുരേഷ് പറഞ്ഞു.പാട വരമ്പില്‍ ഇരുന്നു "ക്രോം..ക്രോം  !" എന്ന് കരഞ്ഞിരുന്ന,നല്ല തുടയുള്ള മഞ്ഞ തവളകള്‍ ഞങ്ങളുടെ കാലൊച്ച  കേട്ട് വയലിലേക്ക് "ബ്ലും..ബ്ലും " എന്ന്  ചാടി കൊണ്ടിരുന്നു."ഹോ തവളയെ പൊരിച്ച് അടിച്ചാല്‍ നല്ല സ്വാദ് ആയിരിക്കും."കൂട്ടത്തില്‍ ആരോ പറഞ്ഞത് കേട്ട് മോഹം തോന്നിയെങ്കിലും അത് അടക്കി.


                                           പാടം കഴിഞ്ഞാല്‍ പിന്നെ ഒരു ഇടവഴിയായിരുന്നു രണ്ടു വശങ്ങളിലുമായി മുളകള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു..കൊഴിഞ്ഞു വീണ് കിടന്നിരുന്ന ഉണങ്ങിയ മുള്ളുകള്‍ എന്റെ കാലില്‍  തുളഞ്ഞു കയറി.അത് പറിച്ചു കളഞ്ഞു യാത്ര തുടര്‍ന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ വെള്ളം ഒഴുകുന്ന കള കളാ ശബ്ദം കേട്ട് തുടങ്ങി . സുരേഷ് പറഞ്ഞു -
"പുഴ എത്തി ..എല്ലാവരും ഒരുമിച്ചു നടക്കണം.."പരന്നു കിടക്കുന്ന മണല്‍തിട്ട ..അതിനിടയില്‍ ഒന്നോ രണ്ടോ ചെറിയ നീര്‍ ചാലുകള്‍.. ........,,,മഴ കാലം അല്ലാത്തത് കൊണ്ട് നിള യില്‍ അന്ന് അത്രയേ  ഉണ്ടായിരുന്നുള്ളു വെള്ളം ..കാല്‍ തുട വരെ കാണും കൂടിയ ആഴം!.രണ്ടും കല്പിച്ചു ഞങ്ങള്‍ പുഴ മുറിച്ചു കടക്കാന്‍ തുടങ്ങി.നല്ല തണുപ്പുള്ള വെള്ളം..കാലുകളില്‍ അങ്ങിങ്ങായി പരല്‍ മീനുകള്‍ ഇക്കിളി കൂട്ടികൊണ്ടിരുന്നു.നിലാവെളിച്ചത്തില്‍ നിളയെ കാണാന്‍ നല്ല ചന്തമാണ്.ഏകദേശം 200-300 മീറ്റര്‌ കാണും ഈ ഭാഗത്ത് നിളയുടെ വീതി.മറുകരയില്‍ ഒരു വഴി വിളക്ക്  കാണാം..അതാണ് എത്തിച്ചേരേണ്ട സ്ഥലം.അത് ലക്ഷ്യമാക്കി നടന്നു.അവസാനം മറുകര എത്തി.കാലില്‍ ചെരുപ്പ് ധരിച്ച ശേഷം യാത്ര തുടര്‍ന്നു .ഇടതു ഭാഗത്തായി "റോട്ടറി ക്ലബ് ഓഫ് ഒറ്റപ്പാലം "എന്ന ഒരു ബോര്‍ഡും ഒരു പൊതു ശ്മശാനവും ..അത് കൊണ്ട് അങ്ങോട്ട്‌ അധികം നോക്കാന്‍ തോന്നിയില്ല.നടത്തത്തിനു വേഗം കൂടി.ആ റോഡ്‌ ചെന്നെത്തിയത് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്റെ പുറകിലും .റയില്‍പാളം മുറിച്ചു കടക്കണം ..കഷ്ട കാലത്തിനു ഏതോ ഒരു ചരക്കു തീവണ്ടി പാളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.നല്ല നീളം ഉണ്ട്.മുറിച്ചു കടക്കണമെങ്കില്‍ ഏകദേശം ട്രെയിനിന്റെ നീളത്തിന്റെ അത്രേം നടക്കണം ..സുരേഷ് പറഞ്ഞു -"ഈ ട്രെയിനിനു അടിയിലൂടെ നൂഴ്ന്നു കടക്കാം .." അപ്പോഴത്തെ ഒരു ആവേശത്തില്‍ അവന്‍ പറഞ്ഞത് ഞങ്ങള്‍ അനുസരിച്ചു .നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടിയുടെ അടിയിലൂടെ  നൂഴ്ന്ന് കടന്നു  മറു വശത്തെത്തി .ഈ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്കിന്നും പേടി തോന്നും..ആ തീവണ്ടിയെങ്ങാന്‍ അന്ന് ഞങ്ങള്‍ കടക്കുന്ന സമയത്ത് ഓടി തുടങ്ങിയിരുന്നെങ്കില്‍ എന്തായാനെ..!





                                                      റയിലിന്റെ മറുഭാഗത്ത് "അരമന" എന്ന ഒരു ബാറുണ്ട്‌ .അതിനു അടുത്ത് തന്നെ "ഇമ്പീരിയല്‍" എന്നാ ഒരു തിയ്യറ്റരും .ഇതിനോട് ചേര്‍ന്നുള്ള  ഇടവഴിയിലൂടെ  നടന്നു, ഒറ്റപ്പാലം-തൃശൂര്‍ റോഡ്‌ മുറിച്ചു കടന്നു വേണം ലക്ഷ്മി തിയറ്ററില്‍ എത്തിച്ചേരാന്‍... . .ഈ വഴിയിലുള്ള ഒരു വീട്ടില്‍ ഒരുഗ്രന്‍ നായ ഉണ്ടായിരുന്നു.ഏകദേശം ഒരു പശുകിടാവിന്റെ വലുപ്പം ഉള്ള നായ.ഞങ്ങളെ കണ്ടതും സിംഹം ഗര്ജിക്കുന്നത് പോലെ അത് കുരക്കാന്‍ തുടങ്ങി..ഭാഗ്യം കൊണ്ട് നായയെ വീട്ടുകാര്‍ ചങ്ങലക്ക് ഇട്ടിരുന്നു .ഇല്ലെങ്കില്‍ കടിച്ചു കീറിയേനെ..അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ ലക്ഷ്മി തിയറ്ററില്‍ എത്തിയപ്പോഴേക്കും സമയം 10.10 കഴിഞ്ഞിരുന്നു.ഗേറ്റ് അടച്ചിരിക്കുന്നു .സെക്യുരിറ്റിയെ വിളിച്ചു ഗേറ്റ് തുറന്നു ഞങ്ങള്‍ തിയറ്ററില്‍  കയറി.കൌണ്ടര്‍ ക്ലോസ്  ആയതു കൊണ്ട് മാനേജര്‍ ടെ  റൂമില്‍ പോയി ആണ് ടിക്കറ്റ്‌ വാങ്ങിയത്..10 രൂപയുടെ ടിക്കറ്റ്‌....(സെക്കന്റ്‌ ക്ലാസ്സ ).അകത്ത് പ്രവേശിച്ച് സീറ്റില്‍ ഇരുന്നപ്പോഴേക്കും സിനിമ ഏകദേശം ഒരു മണിക്കൂര്‍ തീര്‍ന്നിരിക്കുന്നു.എങ്കിലും ബാക്കിയുള്ള സിനിമ ഉത്സാഹത്തോടെ  കണ്ടു .
സിനിമ മുഴുവന്‍ കഴിഞ്ഞപ്പോളെക്കും 12 മണി ആയിരുന്നു.എല്ലാവരും പോയി തീരുന്നത് വരെ ഞങ്ങള്‍ ഹാളില്‍ താനെ ഇരുന്നു.പരിചയമുള്ള ആരെങ്കിലും സിനിമക്ക് വന്നിട്ടുണ്ടെങ്കില്‍ പിടിക്ക പ്പെടില്ലേ..?അവസാനം ഹാളിനു പുറത്തു കടന്നു കടവ് ലക്ഷ്യമാക്കി നീങ്ങി.മനസ്സില്‍ ചെറിയ ഭയം ഉണ്ടോ.?ഉണ്ട്..നന്നായി തന്നെ ഉണ്ട്.."ആരെങ്കിലും രാത്രി വന്നു വീണ്ടും റോള് കാള്‍ എടുത്തു കാണുമോ...?അങ്ങിനെയെങ്കില്‍ പിടിക്കപ്പെടും..ഉറപ്പ് ..അപ്പോള്‍ സസ്പെന്‍ഷന്‍ ...!കിട്ടിയാല്‍ എന്ത്..?ഒരാഴ്ച വീട്ടില്‍ പോയി ആര്‍മാദിക്കാം  അത്ര തന്നെ..!" ഞാന്‍ മനസ്സിന് സ്വയം ധൈര്യം കൊടുത്തു കൊണ്ടേ ഇരുന്നു...ഭയം കൊണ്ടായിരിക്കണം .ഞങ്ങളാരും തിരിച്ചു വരുമ്പോള്‍ ഒന്നും സംസാരിച്ചില്ല.ചിന്തകളില്‍ മുഴുകി..പുഴയും,പാടവും  കടന്നു ഇടവഴിയില്‍ എത്തിയപ്പോളാണ് ഞാന്‍ ചുറ്റുപാടും ശ്രദ്ധിച്ചു തുടങ്ങിയത്..വീടുകളില്‍ നിന്നും ഒന്നോ രണ്ടോ നായ്ക്കള്‍ കുരച്ചു കൊണ്ട് പിന്നിലൂടെ ഓടി വന്നു.അവയ്ക്ക് കൂട്ടിനെന്നോണം കുറെ തെരുവ് നായ്ക്കളും..കുര ഞങ്ങളുടെ തൊട്ട്  പുറകില്‍ എത്തി തുടങ്ങിയിരിക്കുന്നു..അതിനൊപ്പം തന്നെ നായ്ക്കളുടെ ശ്വാസവും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു ..അതെ ..അവ ഞങ്ങളുടെ തൊട്ടു പുറകില്‍ തന്നെ ഉണ്ട്..! ."പേടിക്കരുത്..ഓടാന്‍ പാടില്ല ...ഓടിയാല്‍ എന്തായാലും നായ് കടിക്കും.."-സുരേഷ് പറഞ്ഞു..എന്റെ കയ്യില്‍ ഒരു നായുടെ തല വന്നു മുട്ടിയെന്നു തോന്നുന്നു..ഭയം അങ്ങോട്ട്‌ അരിച്ചു കയറി...പെട്ടെന്ന്  രണ്ടും കല്പിച്ചു സുരേഷ് ഒരു വടിയെടുത്തു വീശി."പൈ ..പൈ ..!" എന്ന ശബ്ദത്തോടെ നായ്ക്കള്‍ ഓടി മറഞ്ഞു.."കൊള്ളാമല്ലോ...അപ്പോള്‍ നായ്ക്കള്‍ക്ക് പേടി ഉണ്ട്.".ഞാന്‍ മനസ്സില്‍ കരുതി .പക്ഷെ അധികം നേരം വേണ്ടി വന്നില്ല.പൂര്‍വാധികം ശക്തിയോടെ നായ്ക്കള്‍ തിരിച്ചു വന്നു..ഇപ്രാവശ്യം ഞങ്ങള്‍ എല്ലാവരും കൂടെ വടി എടുത്ത് നായകളെ അടിച്ചു ഓടിക്കാന്‍ തുടങ്ങി..അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ശ്വാനന്മാര്‍ പിന്മാറി ..അപ്പോളേക്കും നവോദയ ക്യാമ്പസ്‌ എത്താറായിരുന്നു.മഞ്ഞ നിറത്തിലുള്ള സോഡിയം വേപ്പര് ലാമ്പ് ആകാശമോട്ടാകെ പ്രകാശം പരത്തുന്നു.പതുങ്ങി പതുങ്ങി ജോര്‍ജ് ചേട്ടന്റെ ക്വാര്ട്ടെഴ്സിന്റെ പിന്നിലുള്ള കമ്പി വേലി ചാടി ഞങ്ങള്‍ സ്കൂളിനു അകത്തു കടന്നു..നൈറ്റ്‌ ഡ്യൂട്ടി യിലുള്ള സാജു വെട്ടന്റെ വിസില്‍ അടി കേള്‍ക്കാം..ദൂരെ എവിടെയോ ആണ്..നടന്നു ഉജ്ജയിനി ഹൊസ്റ്റെലിന്റെ മുന്നില്‍ എത്തി.ഗ്രില്‍ അടച്ചിരിക്കുന്നു.എങ്ങിനെ  അകത്തു കടക്കും..? സാരമില്ല.ഇതൊക്കെ നവോദയ സ്ടുടെന്റ്സിനു വെറും നിസാരം.."പലക വെക്കല്‍"" " എന്ന ഒരു കലാരൂപം ആറാം തരത്തിലെ അനിയന്മാര്‍ക്ക് വരെ അന്ന് ഹൃദ്യസ്ഥം ..!"സംഗതി ഞാനൊന്നു വിവരിക്കാം.. -"അടഞ്ഞു കടക്കുന്ന ഗ്രില്ലിന്റെ രണ്ടു ഗേറ്റുകള്‍ ക്ക്  നടുവില്‍ കൂടി ഒരു പലക  ചെരിച്ചു അകത്തു കടത്തുന്നു .അതിനു ശേഷം ഈ പലക അതിനുള്ളില്‍ വച്ച് തന്നെ ബലം കൊടുത്തു നിവര്‍ത്തുന്നു..കാല് കൊണ്ട് ചവിട്ടിയാല്‍ പലക പെട്ടെന്ന് നിവര്‍ന്നു വന്നു ഭൂമിക്ക് സമാന്തരമായി നില്‍ക്കും..തന്മൂലം ഗ്രില്ലിന്റെ രണ്ടു ഗേറ്റുകള്‍ പരമാവധി അകലുന്നു.ഇനി ഇതിനുള്ളിലൂടെ ഒരാള്‍ക്ക് സുഖമായി അകത്തു കടക്കാം."
അങ്ങിനെ പലക വെച്ച് ഞങ്ങള്‍ അകത്തു കേറി..ഹോസ്റ്റലില്‍ ബാക്കിയുള്ളവര്‍ എല്ലാം നല്ല ഉറക്കത്തിലാണ്..സിനിമയുടെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ട് ഞാന്‍ എന്റെ കിടക്കയില്‍ കിടന്നു..പുതിയൊരു പ്രഭാതത്തെ വരവേല്‍ക്കാനായി..!എന്റെ കൌമാര മനസ്സിലാകട്ടെ  എന്തോ വലിയ കാര്യം ചെയ്തു എന്നുള്ള സംതൃപ്തിയും ..!