Wednesday 19 December 2012

ക്രിസ്മസ് ഓര്‍മ്മകള്‍


അതൊരു ക്രിസ്മസ് കാലമായിരുന്നു ...ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ ആഘോഷിക്കുന്ന കാലം .നക്ഷത്രങ്ങള്‍ തൂക്കിയും ക്രിസ്മസ് ട്രീ ഒരുക്കിയും പുല്ക്കൂടുകള്‍ തീര്‍ത്തും ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്ന സമയം..ഡിസംബര്‍ മാസത്തിലെ നല്ല തണുപ്പുള്ള കാലാവസ്ഥ ..ഈ സമയത്ത് മായന്നൂര്‍ നവോദയയില്‍ അനുഭവിച്ചറിയേണ്ട മറ്റൊന്ന് കൂടി ഉണ്ട്...പാലക്കാടന്‍ കാറ്റ്...തൃശൂര്‍ -പാലക്കാട്‌ ജില്ലകളില്‍ മാത്രം വീശി അടിക്കുന്ന ഈ കാറ്റ് ഇന്നും തെന്നി നീങ്ങാറുള്ള സമയത്ത് ഒരുപാടൊരുപാട് ഓര്‍മ്മകള്‍ മനസ്സിലൂടെ മിന്നി മറഞ്ഞു പോകും .അങ്ങിനെയുള്ള ഏതോ ഒരു ക്രിസ്മസ് കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുവാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ ..





അതു ക്രിസ്മസ് പുതുവത്സര ഗ്രീറ്റിങ്ങ് കാര്‍ഡുകളുടെ കൂടി കാലമായിരുന്നു .സ്വന്തം കൂട്ടുകാരുടെയും ബന്ധുക്കളുടെയും ആശംസാ കാര്‍ഡുകള്‍ക്കായി പലരും ദിവസവും കാത്തിരിക്കുമായിരുന്നു .ഉച്ച ഭക്ഷണം പോലുമുപേക്ഷിച്ചു പോസ്റ്റ്‌ മാനെ കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍ ....ഇതീന്റെ പിന്നിലെ ഉദ്ദേശം എന്താണെന്നു വച്ചാല്‍ നാട്ടിലുള്ള കാമുകിമാര്‍ അയക്കുന്ന കത്തുകള്‍ സാറന്‍മാരുടെ കയ്യിലെത്തുന്നതിനു മുന്പ് കൈക്കലാക്കുക എന്നുള്ളത് തന്നെയായിരുന്നു .സാധാരണ ഗതിയില്‍ കുട്ടികള്‍ക്ക് നേരിട്ട് കത്തുകള്‍ കൊടുക്കുവാന്‍ പോസ്റ്റ്‌ മാന് അധികാരം ഇല്ലായിരുന്നു.എങ്കിലും മുന്‍ പരിചയക്കാരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചില വിട്ടു വീഴ്ച്ചകളൊക്കെ അദ്ദേഹം ചെയ്തു തരാറുണ്ട് .ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ ബാച്ചിലെ ഒരു മഹാന്റെ നാട്ടിലെ കാമുകി അയച്ച കത്തുകള്‍ എല്ലാം നേരിട്ട് ചെന്നിരുന്നതു അദ്ദേഹത്തിന്റെ പേരിലുള്ള അഡ്മിഷന്‍ റെക്കോര്‍ഡ്‌ ഫയല്‍-ലെക്കായിരുന്നു .ഇത് അദ്ദേഹം അറിഞ്ഞതാകട്ടെ 12-അം ക്ലാസ്സിന്റെ അവസാന നിമിഷത്തിലും...അതെന്തായാലും വേറൊരു കഥ ...പിന്നൊരിക്കല്‍ പറയാം ..

കത്ത് ലഭിക്കുന്നതിനായി ഇത്രയേറെ ത്യാഗം ചെയ്തിരുന്ന ഈ കാലഘട്ടത്തില്‍ അയക്കുന്ന കത്തുകളുടെ കാര്യത്തിലും ഒരു പാട് പറയാനുണ്ട്.ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ വാങ്ങുവാനുള്ള തുക അന്നത്തെ കാലത്ത് പലരുടെ കയ്യിലും കാണില്ല മാത്രവുമല്ല അത് വാങ്ങണമെങ്കില്‍ ഒറ്റപ്പാലം വരെ പോയി വരുകയും വേണം..ഇത് കുറച്ചു അപകടം പിടിച്ച പണിയായിരുന്നു. കാരണം കാമ്പസിന് വെളിയില്‍ പോകാന്‍ അന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ അനുവാദം കൂടാതെ ചാടി പുറത്തു പോകുക എന്നുള്ളതായിരുന്നു ഏക മാര്‍ഗം..പക്ഷെ സാറന്മാര്‍ പിടിച്ചാല്‍ കാര്യം പോക്കായത് തന്നെ.എങ്കിലും ഏതു കഠിനമായ ജോലിയും ഏറ്റെടുത്തു നടത്താന്‍ കഴിവുള്ള മഹാന്മാരും ഞങ്ങളുടെ ബാച്ചില്‍ ഉണ്ടായിരുന്നു .പേരെടുത്ത് പറയുവാണെങ്കില്‍ ഉമേഷ്‌,അനീഷ്‌ ജോണി ,സുരേഷ് മുതലായവര്‍

ഇതല്ലാതെ മറ്റൊരു മാര്‍ഗത്തിലൂടെ ക്രിസ്മസ് കാര്‍ഡ്‌ വാങ്ങുന്നവരും ഉണ്ടായിരുന്നു .പുറത്തു പോകുന്ന സ്കൂള്‍ സ്റ്റാഫ്ഫു കളുടെ കയ്യില്‍ പൈസ കൊടുത്തു ഗ്രീറ്റിങ്ങ് കാര്‍ഡ്‌ വാങ്ങിക്കുന്നവരായിരുന്നു ഇതില്‍ പ്രധാനികള്‍. പക്ഷെ പലപ്പോഴും സ്റ്റാഫ്ഫ് ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നില്ല .അത് കൊണ്ട് തന്നെ വാങ്ങാന്‍ പുതിയ ആളുകളെ കണ്ടെത്തേണ്ടി വന്നു.അങ്ങിനെ കണ്ടെത്തിയതായിരുന്നു മായന്നുരില്‍ നിന്നും ഒറ്റപാലം വരെ ജോലിക്ക് പോകുന്ന നാട്ടുകാരെ.ഇതില്‍ പകുതിയില്‍ അധികവും കൌമാര പ്രായക്കാരായ യുവതികള്‍ തന്നെയായിരുന്നു.പോരെ പൂരം..പുറകു വശത്തെ ഗേറ്റിന് മുന്‍പില്‍ കാത്തു നിന്ന് ഇവരുടെ കയ്യില്‍ പൈസ കൊടുത്തു വിട്ടു കാര്‍ഡ്‌ വാങ്ങിക്കലായി പിന്നെ ഈ വിരുതന്മാരുടെ പണി...ഇങ്ങനെ വാങ്ങുന്ന കാര്‍ഡുകള്‍ ഇരട്ടി വിലക്ക് മറിച്ചു വില്‍ക്കാനും ഇവര്‍ മറന്നില്ല .

ബാക്കിയുള്ള ഒരു വിഭാഗമായിരുന്നു കലാകാരന്മാരുടെത് .ഇവര്‍ സ്വന്തമായി ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ നിര്‍മ്മിക്കുകയാണ് പതിവ്.ഇതിനായി പല അടവുകളും പ്രയോഗിച്ചു പോന്നു.പ്രസിദ്ധിയാര്‍ജിച്ച ഒന്ന് പ്രസന്ന മാഡം പഠിപ്പിച്ചു തന്ന- പെയിന്റ് കൊണ്ടുള്ള കാര്‍ഡ്‌ ആണ്.വെള്ളത്തില്‍ പെയിന്റ് ഒഴിച്ച് ഡിസൈന്‍സ് ഉണ്ടാക്കി അതില്‍ ചാര്‍ട്ട് പേപ്പര്‍ മുക്കി ഉണക്കി എടുക്കുന്ന രീതി ആയിരുന്നു അത്.മറ്റൊരു വിദ്യ ആലില ഒട്ടിച്ചു ചേര്‍ത്തുള്ള കാര്‍ഡ്‌ ആയിരുന്നു.പേരാലിന്റെ ഇല പറിച്ച് രണ്ടാഴ്ചയോളം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഇലയുടെ മാംസളമായ ഭാഗം കഴുകി കളയുന്നു.ബാക്കി അവശേഷിക്കുന്നത് ഇലയുടെ അസ്ഥി മാത്രം..ഇത് വെയിലത്ത്‌ വച്ച ഉണക്കി ചാര്‍ട്ട് പേപ്പറില്‍ ഒട്ടിക്കുന്നു.കളറുകള്‍ കൂടി ചേര്‍ത്താല്‍ സംഗതി ഉഷാര്‍ ..ഇത്തരം കാര്‍ഡുകളില്‍ ആശംസകള്‍ നല്ല കയ്യക്ഷരത്തില്‍ എഴുതി കൊടുക്കുന്നവരും ഉണ്ടായിരുന്നു..ഈ വിഭാഗത്തില്‍ പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍............ .....ഇങ്ങനെ എഴുതാനായി മഷി പേനയുടെ നിബ് നെയില്‍ കട്ടര്‍ വച്ച് കട്ട്‌ ചെയ്യുമായിരുന്നു.ഈ പേന വച്ച് എഴുതിയാല്‍ ഒരു ബാംബൂ റൈറ്റിങ്ങ് സ്റ്റൈല്‍ ഫോണ്ട് ഉണ്ടാക്കാമായിരുന്നു.. ഇപ്പോഴും വീട്ടില്‍ ഇരിക്കുന്നുണ്ട് അന്നത്തെ ആ പേന..




ഇനി നക്ഷത്രങ്ങളുടെ കഥയാണ്.നക്ഷത്രങ്ങള്‍ എന്നാല്‍ വീടുകളില്‍ തൂക്കാറുള്ള ചെറിയ നക്ഷത്രങ്ങളല്ല..ഒരു ബില്‍ഡിംഗ്‌-നോളം പോന്ന വലിയ നക്ഷത്രങ്ങള്‍.....
ഈ നക്ഷത്രങ്ങള്‍ തൂക്കുന്ന കാര്യത്തില്‍ ഹോസ്റ്റലുകള്‍ തമ്മില്‍ എന്നും മത്സരമായിരുന്നു.അന്ന് ബോയ്സ് ഹോസ്റ്റല്‍ ഉള്ളത് നാല് കെട്ടിടങ്ങളില്‍ മാത്രം.-...നളന്ദ,തക്ഷശില,വിക്രമശില ,ഉജ്ജയിനി എന്നിവയാണ് അവ.ഈ നാല് കെട്ടിടങ്ങള്‍ തമ്മിലാണ് മത്സരങ്ങള്‍ അരങ്ങേറാറുള്ളത് .മുള വടികള്‍ വച്ചാണ് നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.അവയെ പേപ്പര്‍ വച്ച് പൊതിയും.അതിനു ശേഷം വര്‍ണ്ണ ശബളമായ ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കും.ഇതില്‍ ഏതെങ്കിലും ഒരു ഹോസ്റ്റല്‍ ഒരു നക്ഷത്രം ഉണ്ടാക്കിയാല്‍ അതിലും വലുത് അടുത്ത ഹോസ്റ്റലുകാര്‍ നിര്‍മിക്കും.അതായിരുന്നു വാശി..പക്ഷെ എല്ലാ നക്ഷത്രങ്ങളും തൂക്കുന്ന സ്ഥലം എപ്പോളും പെണ്‍ പിള്ളേര്‍ നടക്കുന്ന റോഡിനു അഭിമുഖമായിട്ടായിരിക്കും.കാരണം ഇതിന്റെയെല്ലാം പ്രേക്ഷകര്‍ പാവം വിദ്യാര്‍ത്ഥിനികള്‍ മാത്രം...നക്ഷത്രങ്ങള്‍ മാത്രമല്ല സ്പിരിറ്റ്‌ തലയില്‍ കയറിയാല്‍ പിന്നെ പട് കൂറ്റന്‍ ക്രിസ്മസ് ട്രീ വരെ ഒരുക്കാറുണ്ട്..പുതുവത്സരത്തോടനുബന്ധിച്ചു ഒരു വന്‍ ക്യാമ്പ്‌ ഫയര്‍ പോലും ഒരിക്കല്‍ ബാലസുബ്രമണ്യന്‌ സര്‍ നടത്തുകയുണ്ടായി...ശരിക്കും പറഞ്ഞാല്‍ നവോദയയിലെ ക്രിസ്മസ് ദിനങ്ങള്‍ സംഭവ ബഹുലം തന്നെ ആയിരുന്നു.പലതും ഓര്‍മയില്‍ തെളിയുന്നില്ല എങ്കിലും മനസ്സിലും ശരീരത്തിലും ഒരു പാട് ഊര്‍ജം നില നിന്നിരുന്ന ആ നല്ല കാലത്തിനെ കുറിച്ച് ചുരുക്കം ചില ഓര്മകളെങ്കിലും നിങ്ങളില്‍ മിന്നി മറയ്ക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.


--------------നിഖില്‍ ------------------