Tuesday 21 May 2013

മാമ്പഴക്കാലം

 
തെക്കേ തൊടിയിലെ മൂവാണ്ടൻ  മാവ് കഴിഞ്ഞ കൊല്ലം മുറിച്ചു .
മാവിന്റെ ഒരു വേര് നീണ്ടു നീണ്ടു വീടിന്റെ തറ വരെ എത്തിയതായിരുന്നു കാരണം .
എന്തൊരു തണൽ ആയിരുന്നു ആ  മാവിനെന്ന് അത് മുറിച്ചപ്പോൾ ആണ് എല്ലാവര്ക്കും മനസ്സിലായത് .
ഈ മാവ് മുറിച്ചതിനു ശേഷം ആണ് എന്റെ വീട്ടിലെ തെക്കേ മുറിയിൽ എ സി ഘടിപ്പിക്കേണ്ടി വന്നതും .
പണ്ട് വേനലവധിക്ക് സ്കൂളിൽ നിന്നും നാട്ടിൽ  വരുമ്പോൾ ഇതിലെ  മാമ്പഴങ്ങൾ പഴുക്കാൻ തുടങ്ങിയിരിക്കും . 
അന്നൊക്കെ വേനല്‍മഴ എന്ന ഒരു സാധനം ഉണ്ടായിരുന്നു . ഇന്ന് നമുക്ക് അന്യമായ ഒന്ന് !
നല്ല കാറ്റ് വീശി പെയ്യുന്ന ആ മഴയിൽ "ബധോം ...ബുധോം " എന്ന ശബ്ധത്തിൽ പഴുത്ത  മാങ്ങകൾ നിലത്തു വീഴും .അന്തരീക്ഷത്തിലെങ്ങും പുതു മണ്ണിന്റെയും മാമ്പഴത്തിന്റെയും മാസ്മരിക  ഗന്ധം പരക്കും .
മഴ മാറിയാൽ മാവിന്റെ ചുവട്ടിലേക്ക് ഒരു പോക്കുണ്ട് .നിലത്തു വീണു കിടക്കുന്ന മാമ്പഴങ്ങൾ പെറുക്കാൻ !
മണ്ണ് പറ്റി കിടക്കുന്ന മാങ്ങകൾ എടുത്തു കഴുകി കത്തി കൊണ്ട് പൂളി തിന്നും .

 
അണ്ടിയോടാടുക്കുമ്പോൾ പുളി വരും . എങ്കിലും വിടാറില്ല.. നന്നായി ചപ്പി നീര് മൊത്തം കുടിച്ചിട്ടേ അണ്ടി കളയൂ..!
ആ മാവിന്റെ ചില്ലയില്‍ ഊഞ്ഞാല്‍ കെട്ടി എത്ര ആടിയിരിക്കുന്നു..ഒരിക്കല്‍ ആടി കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കയറു പൊട്ടി നിലത്തു വീണു .
മുട്ടിന്റെ പെയിന്റ് പോയി .അന്ന് കമ്മ്യുണിസ്റ്റ് പച്ചയുടെ നീര് പിഴിഞ്ഞെടുത്ത് എന്റെ കൂട്ടുകാരന്‍ മുട്ടില്‍ ഒഴിച്ച് തന്നപ്പോള്‍ ഉണ്ടായ നീറ്റല്‍ ഇന്നും മനസ്സിലുണ്ട്.

എന്റെ സ്കൂളിലുള്ള മാവുകള്‍ ഒന്നും അന്ന് കായ്ക്കാന്‍ പ്രായമായിട്ടില്ലായിരുന്നു .
മാവിനേക്കാള്‍ കൂടുതല്‍ പറങ്കി മാവുകള്‍ ആ ക്യാംപസില്‍ ഉണ്ടായിരുന്നു .
പലതും വിദ്യാര്‍ഥികള്‍ തന്നെ നട്ടവ. എനിക്കും ഉണ്ടായിരുന്നു ഒരു പറങ്കി മാവ് സ്കൂളില്‍ !.
പ്രസന്ന മേഡം എന്റെ പേരില്‍ എഴുതി തന്ന ഒരു കശുമാവ് .പേരെഴുതി തരുക എന്ന് പറഞ്ഞാല്‍ മാവിന്‍ തൈയുടെ ചുവട്ടില്‍ സ്വന്തം പേരെഴുതി വക്കണം .
മാവ് ഉണങ്ങി പോവുകയാണെങ്കില്‍ അതിനര്‍ത്ഥം ,അതിന്റെ ഉടമ S.U.P.W എന്ന സബ്ജെകറ്റില്‍ തോറ്റു എന്നാണ് .
എന്തായാലും എന്റെ മാവ് ഉണങ്ങിയില്ല . അത് പടര്‍ന്നു പന്തലിച്ചു . ഈ അടുത്ത കാലത്ത് സ്കൂളില്‍ പോയപ്പോള്‍ കണ്‍ കുളിര്‍ക്കെ കണ്ടു- എന്റെ ആ കശുമാവിനെ!
നല്ല ചുവന്നു തുടുത്ത് ആപ്പിള്‍ പോലെയുള്ള കശുമാങ്ങകള്‍ ശിഖരങ്ങളില്‍ നിറയെ ഉണ്ട് .
പണ്ട് പ്രിന്‍സിപ്പല്‍ ബാലന്‍ സര്‍ ഇടയ്ക്കിടയ്ക്ക് അസ്സെംബ്ലിയില്‍ ഈ പറങ്കിമാവുകളില്‍ ഉണ്ടാകാന്‍ പോകുന്ന ഫലങ്ങളെ പറ്റി പ്രസംഗിക്കുമായിരുന്നു
സാറിന് , മണ്ണുത്തി അഗ്രികള്‍ച്ചര്‍ യൂനിവേര്സിറ്റിയില്‍ നിന്നും കൊടുത്തവ ആയിരുന്നു ഈ സ്പെഷ്യല്‍ കശുമാവിന്‍ തൈകള്‍ .
അന്ന് അതൊരു വെറും വാക്കായെ തോന്നിയുള്ളൂ ...പക്ഷെ കാലം സത്യം തെളിയിച്ചു .
ഇന്ന് , ചുവന്നു തുടുത്ത ആ കശുമാങ്ങകള്‍ കണ്ടാല്‍ ആര്‍ക്കായാലും ഒന്ന് കടിച്ചു നോക്കാന്‍ തോന്നും .


അതവിടെ നില്‍ക്കട്ടെ ,അപ്പോള്‍ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നത് മാമ്പഴങ്ങളെ പറ്റി ആയിരുന്നു ..
സ്കൂളില്‍ നിന്നും മാങ്ങാ തിന്നാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാര്‍ഗ്ഗം സീരിയല്‍ നടി മായയുടെ വീടായിരുന്നു .
മായയുടെ അച്ഛന്‍ ഷാരടി സാറിനു രണ്ടു, മൂന്നു വലിയ മാവുകള്‍ ഉണ്ടായിരുന്നു .
മെസ്സ് ഹാളിന് തൊട്ടു പുറകില്‍ നിന്നിരുന്ന ,ഈ മാവിലെ മാങ്ങകള്‍ വീണു കൊണ്ടിരുന്നത് നേരിട്ട്സ്കൂള്‍ പിള്ളാരുടെ വയറ്റിലേക്ക് തന്നെ ..!
ആദ്യം പഴുത്തവ മാത്രമായിരിക്കും ലക്ഷ്യമെങ്കിലും ,പയ്യെ പയ്യെ അത് പച്ച മാങ്ങയിലെക്കും വഴി മാറും .
മെസ്സില്‍ നിന്നും അടിച്ചു മാറ്റിയ ഉപ്പും ,മുളകും പിന്നെ മായയുടെ മാങ്ങയും ചേര്‍ന്നാലുണ്ടല്ലോ...
"ന്റെ സാറെ!  പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല !"
അവസാനം പച്ച മാങ്ങയും തീര്‍ന്നു കഴിയുമ്പോള്‍ കണ്ണി മാങ്ങയിലെക്ക് തിരിയുന്ന ഒരു സമയമുണ്ട് .
അങ്ങനെ ഉള്ള സമയത്താണ് ഒരിക്കൽ  പണി പാളിയത് . മാവില്‍ കല്ലെറിഞ്ഞു കൊണ്ടിരുന്നപ്പോള്‍
"ആരാടാ അത് ?" എന്ന് ചോദിച്ചു കൊണ്ട് മായയുടെ അച്ഛന്‍ രംഗ പ്രവേശം ചെയ്തു .
നിര്‍ഭാഗ്യം കൊണ്ട് അടുത്ത കല്ല് വീണത്‌ അദ്ദേഹത്തിന്റെ ദേഹത്ത് തന്നെ .
ക്ഷുഭിതനായ അദ്ദേഹം പ്രിന്‍സിപ്പലിനോട്‌ കംപ്ലൈന്റ്റ്‌ ചെയ്തു .
ഇതിനു ശേഷം  പ്രിന്‍സിപ്പല്‍ ചെക്കിംഗ് തുടങ്ങി .മാങ്ങാ പറിക്കുന്നവരെ പിടി കൂടുക ആയിരുന്നു ലക്‌ഷ്യം .
പച്ച നിറമുള്ള തന്റെ പഴയ ലാമ്പി സ്കൂട്ടറില്‍  (വണ്ടി നമ്പര്‍ :KCE 336),അദ്ദേഹം നാട്ടിലെ മാവിന്‍ തോപ്പുകളിലെല്ലാം പട്രോളിംഗ് തുടങ്ങി .
ഒരിക്കല്‍ ഞങ്ങള്‍ നാല് പേര്‍ ചേര്‍ന്ന് കുറച്ചു അച്ചാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു .ഇതിനായി കുറച്ചു  മാങ്ങ അടിച്ചു മാറ്റെണ്ടതായി വന്നു .
ഷാരടി യുടെ വീട്ടിലെ മാങ്ങാ തീര്‍ന്നു പോയത് കൊണ്ട് സ്കൂളിനു പുറകിലുള്ള മാന്തോപ്പില്‍ നിന്നും മാങ്ങാ പറിക്കാന്‍  ലക്‌ഷ്യമിട്ടു.
പുറകിലെ കമ്പി വേലി ചാടി കടന്നു ഞങ്ങള്‍ തോട്ടത്തില്‍ പ്രവേശിച്ചു .
മാങ്ങാ പറി തുടങ്ങി .
അങ്ങനെ കുറെ നേരം മാങ്ങ പറിയും ചെളിക്കുത്തുമായി കഴിഞ്ഞു .
കൈ നിറയെ പച്ച മാങ്ങയുമായി ഞങ്ങള്‍ തിരിച്ചു നടക്കുമ്പോള്‍ പൊടുന്നനെ ഒരു സ്കൂട്ടര്‍ വന്നു നിന്നു .
എന്റെ സുഹൃത്ത് പെട്ടെന്ന് മാങ്ങാ മുഴുവന്‍ അടുത്ത് കണ്ട ചെടികൾക്കിടയില്‍ ഒളിപ്പിച്ചു .
ചിരിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ സര്‍ പറഞ്ഞു .

" നിങ്ങള്‍ ഇവിടെ തന്നെ കാണും എന്ന് എനിക്കറിയാം ..അതാണ്  ഞാന്‍ ഇവിടെ കുറച്ചു ദിവസമായി ചുറ്റി അടിക്കുന്നത്..!  എത്ര മാങ്ങ കിട്ടി ..?"

" ഒന്നും കിട്ടിയില്ല സര്‍ ..!ഒന്നും പഴുത്തിട്ടില്ല ..അത് കൊണ്ട് പൊട്ടിച്ചില്ല "

"ഓക്കേ ഗുഡ് ..നെവെര്‍ ഡു  ദാറ്റ്‌  ..പൊയ്ക്കൊളൂ! "

തിരിച്ചു വരുമ്പോള്‍ ഒരു സസ്പെന്‍ഷന്‍ ഒഴിവായതിന്റെ ആശ്വാസം ആയിരുന്നു ഞങ്ങള്‍ക്ക് .
പ്രിന്‍സിപ്പല്‍ തിരിച്ചു പോയപ്പോള്‍ ഒളിപ്പിച്ച്  വച്ച മാങ്ങകൾ എടുത്തു കൊണ്ട് വന്നു  ഒരുഗ്രൻ അച്ചാർ ഉണ്ടാക്കി .  അതിനു ഒരു ഒന്നൊന്നര ടേസ്റ്റ് ആയിരുന്നു .ഏകദേശം ഒരു ആഴ്ചയോളം വിക്രമശില ഹോസ്റ്റലിൽ ഒരു ഹോർലിക്ക്സ് കുപ്പിയിൽ അത് സ്ഥാനം പിടിച്ചു .


പിറ്റേ ദിവസം അസ്സംബ്ലിയില്‍ പ്രിന്‍സിപ്പല്‍ പ്രസംഗിച്ചത് ഞാന്‍ ഇന്നുമോർക്കുന്നു .


" ഒരു മാങ്ങാ നില്‍ക്കുന്നത് കണ്ടാല്‍ നിങ്ങള്‍ അത് എറിഞ്ഞിരിക്കും ..ഈ പ്രായത്തില്‍ നിങ്ങള്‍ അത് ചെയ്തിട്ടില്ലെങ്കില്‍ അതിനർത്ഥം നിങ്ങള്ക്കെന്തോ പ്രശ്നം ഉണ്ടെന്നതാണ് .!
പക്ഷെ ഒരു കൈ കൊണ്ട് നിങ്ങള്‍ക്ക് എറിയാന്‍ തോന്നുന്നുവെങ്കില്‍ മറു കൈ കൊണ്ട് അത് തടഞ്ഞു നിര്‍ത്താനും സാധിക്കണം ..അതാണ് കഴിവും .സഹന ശക്തിയും ! "

ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി യിൽ ഉണ്ടായിരുന്ന ഒരു ഉന്തുവണ്ടിക്കാരന്റെ കയ്യിൽ  നിന്നും ഒരു കിലോ പഴുത്ത അൽഫോൻസ മാമ്പഴം വാങ്ങി ഫ്ലാറ്റ് ലക്ഷ്യമാക്കി നടക്കുമ്പോൾ എന്റെ കാതിൽ പ്രിൻസിപ്പൽ ബാലൻ സാറിന്റെ ആ പഴയ വാക്കുകൾ  അപ്പോഴും മുഴങ്ങുന്നത് പോലെ തോന്നി !!
 















 
 
 
 
 
 
 

11 comments:

  1. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍ ഒളിഞ്ഞു കിടക്കുന്ന എത്രയെത്ര മാമ്പഴക്കാലങ്ങള്‍, അല്ലെ?

    ReplyDelete
    Replies
    1. അതെ നിഷ ...എത്രയെത്ര മധുരിക്കും ഓര്‍മ്മകള്‍!

      Delete
  2. ഞങ്ങൾക്ക് ഒരു അധ്യാപകൻ ഉണ്ടായിരുന്നു, അദ്ധേഹം പറയം എന്റെ വീട്ടിൽ A/c ഉണ്ട് അത് പ്രകൃതിദത്ത ശീതീകരണ യന്ത്രമാണ്,
    അതെ മരം, അതാണ് ഈ ഭൂമിയുടെ ഏസിയും കൂളറുമെല്ലാം..............

    ഇന്ന് മരങ്ങൾ ഇല്ലാ, ഒന്ന് എറിയാൻ പോലും മാങ്ങയൊ ചക്കയോ ഇല്ലാ...............

    ReplyDelete
  3. കുറേ മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ച എഴുത്ത് പോയ കാലത്തിന്‍റെ മധുര മാമ്പഴ സ്മരണക്ക് പ്പോലും എന്തൊരു മാധുര്യം. പ്രിസിയുടെ വാക്ക് പോലെ ഒരു കൈ കൊണ്ട് വെട്ടി മാറ്റുമ്പോള്‍ മറു കൈകൊണ്ടു നട്ട് നനക്കാന്‍ ശ്രമിക്കതിരിക്കുന്നത് നാളെത്തെ തലമുറയോട് നാം ചെയ്യുന്ന പാപം
    -------------------------------------------------
    ഈ ബ്ലോഗിലെ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരം വായനാ സുഖം കുറക്കുന്നു വെളുപ്പില്‍ കറുത്ത അക്ഷരങ്ങള്‍ ആണ്,വായിക്കുന്നവര്‍ക്ക് എളുപ്പം

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ക്ക് നന്ദി മൂസാക്ക !ബ്ലോഗ്‌ ലെ ഔട്ട്‌ ഉടന്‍ മാറ്റാം

      Delete
  4. എന്റെ വീട്ടിലും ഉണ്ടായിരുന്നു തേനൂറും മാമ്പഴം തന്നിരുന്ന ഒരു മാവ്.. വീടിന്റെ മുറ്റത്ത്‌ മതിൽ കെട്ടിയപ്പോ മുറിച്ചു മാറ്റി.. അതൊരു വൻ നഷ്ട്ടം തന്നെയായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു..

    ReplyDelete
    Replies
    1. മുറിക്കുന്നതിനു മുന്‍പേ ഇതെല്ലാം നാം മനസ്സിലാകിയിരുന്നെങ്കില്‍ ...!

      Delete
  5. santhosham Nikhil...nalla ormmakal...!

    ReplyDelete
    Replies
    1. വളരെ നന്ദി അനില്‍ സാര്‍

      Delete
  6. പേരുകൾ പറഞ്ഞു വിടിഷ്ട്ടാ

    ReplyDelete

നിങ്ങൾ കമന്റ് ഇടാതെ പോയാൽ ഒന്നും സംഭവിക്കില്ല ..വേറേതു ബ്ലോഗിലും കയറി പോകുന്നത് പോലെ ഇവിടെ നിന്നും പോകും....
പക്ഷെ നിങ്ങൾ ഒരു കമന്റ് ഇട്ടാൽ അതൊരു ചരിത്രമാകും ..ഒരു പാട് ബ്ലോഗ്ഗർമാർക്ക് വളർന്നു വരാനുള്ള ചരിത്രം !!!