Wednesday 25 July 2018

ഒട്ടക രാമായണം

ഒട്ടക രാമായണം 

സുഹൃത്തുക്കൾ പല തരം  ഉണ്ടാവും .എന്നാൽ ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു വ്യത്യസ്ത കഥാപാത്രത്തെ കുറിച്ചാണ് .പേര് -രതീഷ്. പി .ആർ. ഇദ്ദേഹത്തിന്റെ ഉയരം ഉദ്ദേശം ഒരു ആറടി പത്തിഞ്ച് വരും . കറുത്ത് മെലിഞ്ഞ ശരീരം . നടക്കുമ്പോൾ മരുഭൂമിയിൽ ഒട്ടകം നടക്കുന്ന പോലെ തോന്നുന്നത് കൊണ്ട് അവനെ ഞങ്ങൾ ഒട്ടകം എന്ന് ഓമനപ്പേരിട്ട്  വിളിച്ചു പോന്നു  . ഷർട്ട് അഴിച്ചാൽ എക്സ് റേ  എടുക്കാതെ തന്നെ അസ്ഥികൂടം  കാണാം ,എങ്കിലും അദ്ദേഹം സ്വയം വിചാരിച്ചിരുന്നത് താൻ ഒരു കട്ട മസിൽമാൻ  ആണെന്നാണ് . സ്‌കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ഞാൻ ഇവനെ പരിചയപ്പെടുന്നത്. അന്ന്  അവന് ഇത്രയും  ഉയരം ഇല്ല .എങ്കിലും, ഒരു കൗമാര പ്രായക്കാരന്റെ ഒക്കെ ഉയരം ഉണ്ട് .സ്‌കൂൾ അസംബ്ലിക്ക് നിൽക്കുമ്പോൾ,  വരിയിൽ ഏറ്റവും പുറകിൽ ഇദ്ദേഹം ആയിരിക്കും .ഒരു ദിവസം പതിവ് പോലെ അദ്ദേഹം അസംബ്ലിക് നിൽക്കുകയായിരുന്നു .ദേശീയ ഗാനം പാടുന്ന സമയത്ത് അദ്ദേഹത്തിന്റെ പുറം ഭാഗത്ത് നല്ല ചൊറിച്ചിൽ . ദേശീയ ഗാനത്തെ അവഗണിച്ച് കൊണ്ട് അദ്ദേഹം തന്റെ പുറം ഭാഗം മാന്താൻ തുടങ്ങി . വിദ്യാർത്ഥികൾക്ക് പുറകിൽ അസംബ്ലിക് നിന്നിരുന്ന സംഗീതാധ്യാപകൻ രഘു സാർ  ഇത്  കണ്ടു . ദേശീയ ഗാനം കഴിഞ്ഞയുടൻ അദ്ദേഹം നമ്മുടെ നായകൻറെ അടുത്തെത്തി . "ദേശീയ ഗാനം നടക്കുമ്പോൾ ആണോടാ നിന്റെയൊക്കെ ഡാൻസ് " എന്ന് പറഞ്ഞ്  ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുത്തു . "ട്ടപ്പേ " എന്ന ശബ്ദം കേട്ട് പുറകിലേക്ക് തിരിഞ്ഞ്  നോക്കിയ കുട്ടികൾ കണ്ടത് നിലത്ത് വീണ് കിടക്കുന്ന കഥാ നായകനെയാണ് .ഉയർന്ന കൂട്ട ചിരികൾക്കിടയിൽ അപമാനിതനായി അവൻ നിന്നു  . തന്നെ പുച്ഛിച്ചവരെ കൊണ്ടെല്ലാം ഒരു നാൾ ആരാധിപ്പിക്കും എന്നവൻ മനസ്സിൽ കുറിച്ചിട്ടു .

അദ്ധ്യായം ഒന്ന് -സ്പിൻ ബൗളർ 

                       ക്ലാസ്സിന്റെ ക്രിക്കറ്റ് ടീമ്  സെലക്ഷൻ നടക്കുന്ന സമയം ആയിരുന്നു അത്. എങ്ങനെയെങ്കിലും ടീമിൽ കയറി പറ്റണമെന്നു ഒട്ടകം  ഉറപ്പിച്ചു . സെലക്ഷൻ  നടത്താൻ പ്രത്യേകിച്ച് ആരും  ഉണ്ടായിരുന്നില്ല .ബാറ്റ് വീട്ടിൽ നിന്നും കൊണ്ട് വന്ന സുവീഷ് ക്യാപ്റ്റൻ ആയി സ്വയം സത്യപ്രതിജ്ഞ ചെയ്തു . അതോടെ ടീം സെലക്ഷൻ എന്ന കടമ കൂടി സുവീഷ് ഏറ്റെടുത്തു . ബോള് കൊണ്ട് വന്ന രാമൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ആയി .പിന്നെ പതിയെ പതിയെ ഓരോ കാരണങ്ങൾ പറഞ്ഞ് ഓരോരുത്തർ ടീമിൽ കുമ്മനടിച്ചു  . എന്നെയും നമ്മുടെ കഥാ നായകനായ  ഒട്ടക ചേട്ടനെയും ഒന്നും ടീമിൽ എടുത്തില്ല .വീണ്ടും നിരാശനായ അദ്ദേഹം അയൽക്കാരനും ഉറ്റ സുഹൃത്തുമായ ചിമ്പാൻസി എന്നറിയപ്പെടുന്ന ജിനോയിയോട് പറഞ്ഞു "നമുക്കൊരു ടീമ്  ഉണ്ടാക്കണം .എന്നിട്ടവന്മാരെ തോൽപിക്കണം ". ജിനോയ് ഓക്കേ  പറഞ്ഞു .അതിന് മുന്നോടിയായി ഒട്ടകം  ഷെയിൻ വോണിന്റെ ബൗളിങ് ടി വി യിൽ കണ്ട് പഠിച്ചു . അങ്ങിനെ ഒരു വെക്കേഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അവൻ  ഒരു ടീമുണ്ടാക്കി. കൂട്ടുകാരായ ജിനോയിയും രതീഷും ജിനീഷും ഞാനും ഒക്കെ ഉണ്ടായിരുന്നു ടീമിൽ  . ഒട്ടകം ഞങ്ങളുടെ ഇടയിൽ ഒരു സ്പിന്നർ ആയി മാറി. പിച്ചിൽ ബോള് തൊണ്ണൂറ് ഡിഗ്രി കട്ട്  ചെയ്യിപ്പിച്ച് അദ്ദേഹം ക്യാംപസിലെ സംസാര വിഷയമായി .  ഓപ്പണിംഗ് ബാറ്സ്മാനും ബൗളറുമായി ചിമ്പാൻസി തിളങ്ങി  . വൈഡുകൾ എറിഞ്ഞ് കീരി എന്ന രതീഷ് കളി നശിപ്പിച്ചിരുന്നുവെങ്കിലും ജിനേഷിന്റെയും എന്റെയും അതി മ്യാരകമായ  ബാറ്റിങ് കൊണ്ട് ഞങ്ങൾ കളികൾ ജയിച്ചു പോന്നു .

                                  ഒട്ടകം സ്പിന്നർ ആയി തിളങ്ങുന്ന വാർത്ത എതിർ ടീമിന്റെ ഉറക്കം കെടുത്തി .  ഒട്ടകത്തിന്റെ ബൗളിങ് രഹസ്യങ്ങളെ കുറിച്ച് പഠിക്കാൻ  അവർ ഒരു അഞ്ചംഗ  അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.
അതിന്റെ ക്യാപ്റ്റന് തവള യെ പോലെ കൈകൾ ഉള്ള വിക്കറ്റ് കീപ്പർ വിജീഷ് ആയിരുന്നു. അദ്ദേഹത്തിന്റെ ആ വലിയ  കൈപ്പത്തികൾക്കുള്ളിൽ ബോൾ എന്നും സേഫ് ആയിരുന്നു. എങ്കിലും ഒട്ടകത്തിന്റെ സ്പിൻ ബൗളുകളുടെ രഹസ്യം കണ്ടു പിടിക്കാനായി അദ്ദേഹം രാപ്പകൽ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അഞ്ചംഗ കമ്മിറ്റിയിലെ മറ്റൊരു അംഗമായ ഡെന്നി ഒരു കാര്യം ശ്രദ്ധിച്ചത്. ഒട്ടകം ഇന്ന് വരെ കളിച്ചിട്ടുള്ള  മാച്ചുകൾ എല്ലാം ഒരേ ഒരു പിച്ചിലാണ്. അങ്ങനെ അവർ ആ പിച്ച് പരിശോധിച്ചു. ക്രീസിന്റെ സൈഡിൽ ഉള്ള ഒരു ചെറിയ കല്ല് അവരുടെ ശ്രദ്ധയിൽ പെട്ടു. "അപ്പൊ  ഇത് തന്നെ സാധനം !  വെറുതെയല്ല ഒട്ടകത്തിന്റെ  ബോള് ഇവിടെ തൊണ്ണൂറ്  ഡിഗ്രി കട്ട്  ചെയ്യുന്നത് " ഡെന്നി  പറഞ്ഞു . കല്ല് അപ്പോൾ തന്നെ അവർ ഇളക്കി മാറ്റി. അടുത്ത  ദിവസം തന്നെ അവർ  ഒട്ടകത്തിന്റെ ടീമിനെ അതേ പിച്ചിൽ വച്ചുള്ള ഒരു മാച്ചിന്  വെല്ലു വിളിച്ചു . ഒട്ടകത്തിന്റെ  മനസ്സിലെ പകയുടെ കരി മൂർഖൻ  പത്തി വിടർത്തി. "അതെ നാളെയാണ് ആ സുദിനം. ടീമിൽ എടുക്കാതെ തന്നെ അപമാനിച്ച ആ കിരാതന്മാരോട് നാളെ താൻ പകരം ചോദിക്കാൻ പോവുകയാണ്". കിടന്നിട്ട് അവന് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു....

അദ്ധ്യായം  രണ്ട് -പോരാട്ടം

സൂര്യൻ ഉദിച്ചുയർന്നു. പല്ല് പോലും തേയ്ക്കാതെ കളിക്കാർ  ക്രിക്കറ്റ് മാച്ച് ആരംഭിച്ചു. ഒട്ടകത്തിന്റെ ടീമിന്റെ ബാറ്റിങ് ആയിരുന്നു ആദ്യം. ചിമ്പാൻസി ആദ്യ ഓവറിൽ ഒരു ഫോർ അടിച്ചെങ്കിലും അടുത്ത ഓവറിൽ വല്ലഭൻ എന്ന  ജിയോ ചാടി എറിഞ്ഞ ബൗളിൽ അവന്റെ 
കുറ്റി കട പുഴകി വീണു. അതിന് ശേഷം ഇറങ്ങിയ മൂന്നു പേർ ഡക്ക്...അടുത്ത ഓവറിൽ ഒട്ടകത്തിന് ബാറ്റിംഗ് ചെയ്യാൻ ആദ്യ അവസരം വന്നു ചേർന്നു .ഒട്ടകം കളി തുടങ്ങി . എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ടുള്ള ആ ബാറ്റിങ് പക്ഷെ അധിക നേരം തുടർന്നില്ല .അരുൺ വി എറിഞ്ഞ പന്ത് ബൗണ്ടറി കടത്താൻ നോക്കിയ ഒട്ടകം ,ജോണ്ടി റോഡ്‌സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ദീപക്കിന്റെ ക്യാച്ചിന് കീഴടങ്ങിയപ്പോൾ ആകെ റണ്സ്  24. ബാക്കി ഉള്ളവരെല്ലാം കൂടി അടിച്ചു 12 ഓവർ ബാറ്റിംഗ് കഴിഞ്ഞപ്പോൾ 36 റണ്സ്  ആക്കി. " സാരമില്ലടാ എന്റെ സ്പിൻ ബൗളുകൾക്ക് മുൻപിൽ അവന്മാർ ഇന്ന് അടിയറവ് പറയും." _ ഒട്ടകം ഞങ്ങളെ സമാധാനിപ്പിച്ചു. എതിർ ടീമിന്റെ ബാറ്റിങ് തുടങ്ങി. ഒട്ടകം ആയിരുന്നു ഓപ്പണിങ് ബൗളർ .സച്ചിൻ ടെണ്ടുൽക്കറിനെ പോലെ കളിക്കുന്ന പ്രശാന്ത് പി എസ്  ഒട്ടകത്തിന്റെ ഓവറിൽ മൂന്നു സിക്സ്..അതും ഹാട്രിക് !.അതോടെ അദ്ദേഹം മാനസികമായി തളർന്നു.പിന്നീട് ബൗൾ ചെയ്ത ജിനോയിയും തന്റെ ഓവറിൽ 10 റൺസ് വിട്ടു കൊടുത്തു.ഇനി ജയിക്കാനായി അവർക്ക് വേണ്ടത് വെറും 9 റണ്. അടുത്ത ഓവർ ബൗൾ ചെയ്യാൻ റെഡി ആയി വന്ന ജിനീഷിനോട് ഒട്ടകം പറഞ്ഞു " ഈ ഓവർ ഞാൻ തന്നെ ചെയ്യാം..ആ പ്രശാന്തിന്റെ വിക്കറ്റ് ഞാൻ എടുക്കും.മനസ്സില്ലാ മനസ്സോടെ ജിനീഷ് സമ്മതിച്ചു.ഒട്ടകം വാശിയോടെ ബൗൾ ചെയ്തു. ഒരു സിക്‌സും ഒരു ഫോറും അടിച്ച് ആ ഓവറിൽ തന്നെ പി എസ് കളി അവസാനിപ്പിച്ചു.
ജയിച്ചവൻമാർ  ആഹ്ളാദ നൃത്തം ചവിട്ടി. ഒട്ടകം വീണ്ടുംഅപമാനിതനായി .

അദ്ധ്യായം  മൂന്ന് - ഫൈറ്റ് ക്ലബ്ബ് 

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ റെസ്ലിംഗ് കാരുടെ വിവരങ്ങൾ വച്ചുള്ള ട്രംപ് കാർഡ് ഗെയിം ഞങ്ങളുടെ ഇടയിൽ വളരെ പ്രചാരം നേടി .അന്ന്  WWE  ഒന്നാം റാങ്ക് ഹൾക്ക് ഹോഗൻ ആണ് . രണ്ടാം റാങ്ക് ഹിറ്റ് മാനും. പോരാതെ ഉയരം ഏഴടി പതിനൊന്നു ഇഞ്ച് ഉള്ള ജെയിന്റ് ഗോൺസാൽവസും , ഭീകര വെയിറ് ഉള്ള യോക്കോസുന യും  ,24  ഇഞ്ച് ബൈസപ്സ് ഉള്ള നാർസിസ്റ് ഉം  52 ഇഞ്ച് നെഞ്ചളവുള്ള ബ്രിട്ടീഷ് ബുൾഡോഗും ഒക്കെ ഉണ്ട്. കളി  അങ്ങനെ ഹോസ്റ്റലിൽ പൊട്ടി പൊട്ടിക്കുന്ന കാലത്ത് ഒട്ടകത്തിന്റെ ബുദ്ധി വീണ്ടും പ്രവർത്തിച്ചു ."എന്ത് കൊണ്ട് ക്‌ളാസ്സിലെ പിള്ളേരുടെ വിവരങ്ങൾ വച്ച് ഒരു ട്രംപ് ഗെയിം ഉണ്ടാക്കികൂടാ?" ആശയം മനസ്സിൽ തോന്നിയ ഒട്ടകം ട്രംപ് കാർഡുകൾ നിർമ്മിച്ചു . പഴയ ഷൂവിന്റെ കാർഡ് ബോർഡ് ബോക്സ് വെട്ടി ട്രംപ് ചീട്ടുകൾ  ഉണ്ടാക്കി .അതിൽ പേന  കൊണ്ട് ക്ലാസ്സിലെ കുട്ടികളുടെ പേരുകളും  നെഞ്ചളവും , ബൈ സെപ്‌സും , ഉയരവും തൂക്കവും ഒക്കെ എഴുതി ചേർത്തു  . ചാക്ക് നൂൽ കൊണ്ട് നെഞ്ചിനു ചുറ്റും, ബൈ സെപ്സിനു ചുറ്റുമൊക്കെ  പിടിച്ച് സാധാരണ സ്കെയിൽ ഉപയോഗിച്ച്അളന്നെടുത്തു  .കിറു ക്ര്യത്യം ഡാറ്റ  ആണ്  അദ്ദേഹം കാർഡുകളിൽ ഉപയോഗിച്ചത് .. ഒരൊറ്റ കാര്യത്തിൽ ആണ്  അദ്ദേഹത്തിന് കണ്ഫയൂഷൻ ആയത് .-റാങ്കിംഗ് ! ക്‌ളാസ്സിലെ ഭീകരനായ സുരേഷിനെ തന്നെ ഒന്നാം സ്ഥാനത്ത് അവരോധിച്ചു . രണ്ടാം സ്ഥാനം രാമനും കൊടുത്തു . ഇവർ രണ്ടു പേരും അന്ന് നല്ല വലിപ്പം ഉണ്ടായിരുന്നതിനാൽ വേറെ തർക്കം ഒന്നും ഉണ്ടായില്ല . പക്ഷെ ബാക്കി റാങ്കുകൾ ഇട്ടു വന്നപ്പോളേക്കും സംഗതി കൈ വിട്ടു പോയി തുടങ്ങി . ആത്മാഭിമാനത്തിനു വേണ്ടി പിള്ളേർ തമ്മിൽതല്ലി  തോൽപ്പിക്കാൻ തുടങ്ങി . ഇതിനു തുടക്കം കുറിച്ചത് അവസാന റാങ്കിന് അർഹനായ രവീന്ദ്രൻ ആയിരുന്നു . ക്ലാസ്സിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ആയിരുന്നു അവൻ.അവസാന റാങ്ക് തരാൻ പറ്റില്ല എന്ന് പറഞ്ഞു അവന്റെ തൊട്ടു മുകളിലെ റാങ്ക് കാരനായ രതീഷ് സിയുമായി അവൻ അടിയുണ്ടാക്കി .അടിയിൽ തോറ്റാൽ രതീഷ് സി അവസാന റാങ്കിലേക്ക് പോകുമല്ലോ . അങ്ങനെ രതീഷ് സിയും രവീന്ദ്രനും തമ്മിൽ ക്ലാസ്സിൽ വച്ച് ഘോര യുദ്ധം നടന്നു .ആ യുദ്ധത്തിന്റെ അവസാനം രതീഷ് സി പരാജയപ്പെട്ടു .വിജയശ്രീ ലാളിതനായ രവീന്ദ്രൻ അവസാനത്തെ സ്ഥാനത്തു നിന്നും മുകളിലേക്ക് കയറി . ഈ ആരോഹണം മറ്റുള്ളവരുടെ കൂടെ ശ്രദ്ധയിൽ പെട്ടു.സ്ഥാനാരോഹണത്തിനായി ഗംഭീര ദ്വന്ദ്വ യുദ്ധങ്ങൾ നടന്നു . "ഫൈറ്റ് ഫോട്ട്  " എന്നൊരു ഫീൽഡ് കൂടി ഒട്ടകം ട്രംപ് കാർഡിൽ ചേർത്ത് . അതിൽ മുന്നിട്ടു നിന്നത് ഒനിഡാ എന്ന് വിളിക്കുന്ന മിഥുൻ വാസുദേവനും.പുതിയ ട്രംപ് കാർഡിൽ ഹരം  കേറിയതോടെ  ക്ലാസ്സിലെ ക്രമസമാധാനനില താറുമാറിലായി .അവസാനം മലയാളം ടീച്ചർ ഫിലോമിന മേഡം ദ്വന്ദ്വ യുദ്ധം പൊക്കി . അങ്ങിനെ ട്രംപ് കാർഡ് കളിച്ച എട്ടാം ക്ലാസ്സുകാർ ചീട്ടു കളിക്കാരും ഗുസ്തിക്കാരുമായി  മുദ്ര കുത്തപ്പെട്ടു. തന്റെ പുതിയ ഐഡിയ കൂടി പാളി പോയ ദുഃഖത്തിൽ ഒട്ടകം അലിഞ്ഞു പോയി .

അദ്ധ്യായം നാല്  -ഗണിത ശാസ്ത്രം 

ദിവസങ്ങൾ ആഴ്ചകളായി , ആഴ്ചകൾ മാസങ്ങളായി , മാസങ്ങൾ വര്ഷങ്ങളായി  . ഓണം വന്നു, വിഷു വന്നു, ക്രിസ്‌മസ് വന്നു. നാളുകൾ ഒരു പാട്  കഴിഞ്ഞു .അവനിപ്പോൾ പത്താം ക്‌ളാസിൽ  ആണ്.ക്ലാസ്സിലെ അറിയപ്പെടുന്ന പഠിപ്പിസ്റ്റുമാണ്. മാത്‌സ് ആണ് ഇഷ്ട വിഷയം.മാത്‌സ് ടീച്ചർ ആനി മാഡത്തിന്റെ കണ്ണിലുണ്ണി. ഒരു പ്രോബ്ലം ക്ലാസ്സിൽ ചെയ്യാൻ ടീച്ചർ പറഞ്ഞാൽ  അത് ആദ്യം ചെയ്തു തീർക്കുന്നത് അവനാണ്‌.ഇക്കാര്യത്തിൽ ഒട്ടും പുറകിൽ ആയിരുന്നില്ല ഞങ്ങളുടെ ക്‌ളാസിൽ ഉണ്ടായിരുന്ന ഡിസ്‌നി എന്ന പെൺകുട്ടിയും .അവൾ ഒട്ടകത്തിന് എന്നും ഒരു വെല്ലു വിളി ആയിരുന്നു. മാത്‍സ് പ്രോബ്ലം ക്‌ളാസിൽ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആദ്യം കേൾക്കുന്നത് പാദസരത്തിന്റെ ശബ്ദമാണെങ്കിൽ  അത് ഡിസ്‌നി. നേരെ മറിച്ച് ഡെസ്ക് നീങ്ങുന്ന ശബ്ദം ആണെങ്കിൽ അത് ഒട്ടകം .അങ്ങനെ ആയിരുന്നു ആദ്യം കണക്ക് ചെയ്തവർ ആരാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നത്.എങ്കിലും ഭൂരിഭാഗം സമയവും രതീഷ് ഡിസ്നിയെ തോൽപിച്ചു കൊണ്ടേയിരുന്നു.അങ്ങിനെ ഒരു ദിവസം മാത്‍സ് ലെ  "ക്വാഡ്രറ്റിക്ഇക്വാഷൻ "ചാപ്റ്റർ എത്തി.കൂട്ടലും കുറക്കലും ഗുണിക്കലും ഹരിക്കലുമെല്ലാം ഒരു പോലെ വഴങ്ങുന്ന ഒട്ടകത്തിന് പക്ഷെ ,ഈ ഒരു സാധനം മാത്രം എന്തോ വലിയ പിടിത്തം കിട്ടിയില്ല.ആദ്യത്തെ യൂണിറ്റ്  ടെസ്റ്റിൽ തന്നെ  അവൻ എട്ടു നിലയിൽ പൊട്ടി.കണക്കിലെ ആദ്യ പരാജയം അവനെ തെല്ലൊന്നുമല്ല വലച്ചത് . അതിനു പരിഹാരം എന്നോണം പ്ലസ്ടു  വിന് സയൻസ് ഗ്രൂപ്പ് എടുക്കില്ല എന്ന്  അവൻ മനസ്സിൽ ഉറപ്പിച്ചു .

അദ്ധ്യായം നാല് - ചവിട്ടി നിർമ്മാണം

supw എന്ന വിഷയത്തിന് പത്താം ക്ലാസിൽ മാർക്ക് ഉണ്ടായിരുന്നു .എങ്ങനെയെങ്കിലും ആ വിഷയത്തിൽ സ്‌കോർ ചെയ്തു supw ടീച്ചർ പ്രസന്ന മാഡത്തിന്റെ കണ്ണിലുണ്ണി ആവാൻ ഒട്ടകം തീരുമാനിച്ചു .വീട്ടിൽ നിന്നും പഠിച്ച ചവിട്ടി നെയ്ത്ത് അവൻ മാഡത്തിന്  മുന്നിൽ അവതരിപ്പിച്ചു . ചെറിയ ചൂടി കയർ കൊണ്ട് ഉണ്ടാക്കുന്ന ചവിട്ടി കാണാൻ നല്ല ഭംഗി ആയിരുന്നു . പെയിന്റ് ഒക്കെ അടിച്ചു അത് അവൻ ഒന്ന് കൂടെ കളർഫുൾ ആക്കി .പ്രസന്ന മാഡം  ഫ്‌ളാറ്റ്‌  !സഫറോൺ കി സിന്ദഗി ജോ കഭി നഹി....
അത് പോട്ടെ, അങ്ങനെ ഒട്ടകം ചവിട്ടി ഉണ്ടാക്കിയത് സ്‌കൂളിൽ പാട്ടായി . വാർത്ത പ്രിൻസിപ്പൽ സാറിന്റെ ചെവിയിലും  എത്തി ."കോൾ  ഹിം..ലെറ്റ് അസ് ഡിപ്ലോയ് ദിസ്  ഓൾ അറൗണ്ട്  ദി  ക്യാംപസ്.   ഓരോ കുട്ടികളും ഓരോ ചവിട്ടി വച്ച് ഉണ്ടാക്കട്ടെ " പ്രിൻസിപ്പൽ കൽപ്പിച്ചു .  
കേട്ടവരെല്ലാം  തെറി വിളിച്ചു കൊണ്ട് ചവിട്ടി നിർമ്മാണത്തിൽ ഏർപ്പെട്ടു. അനന്തരം സ്‌കൂൾ മൊത്തം ചവിട്ടികൾ ചവിട്ടി നടക്കാൻ പറ്റാതായി.പ്രസന്ന മാഡം ബാക്കി വന്ന ചവിട്ടികൾ എടുത്തു സ്റ്റോർ റൂമിൽ സൂക്ഷിച്ച്. ഇപ്പോഴും ഭദ്രമായി അതവിടെ തന്നെ ഇരിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തൊക്കെയായാലും പ്രശസ്തൻ ആവാനുള്ള അവന്റെ വിദ്യ അങ്ങിനെ ഫലിച്ചു. സ്‌കൂൾ മൊത്തം മാന്യൻ ആയ ഒട്ടകത്തിന് സത്യത്തിൽ മറ്റൊരു വില്ലൻ മുഖം കൂടെ ഉണ്ടായിരുന്നു.

                                   അദ്ധ്യായം അഞ്ച്  - വില്ലൻ 

ഒരു വെള്ളിയാഴ്ച ദിവസം രാത്രി പവർ കട്ട് സമയത്തു സംസാരിച്ചിരിക്കുമ്പോൾ ആണ് കൊടുങ്ങല്ലൂർ ശൈലിയിൽ അവൻ എന്നോട് അതു ചോദിച്ചത് ._" അട മോനെ ..ഞാൻ വില്ലൻ ആണോ അതോ മാന്യൻ ആണോ ?" " നീയോ..നീയൊരു മാന്യൻ " ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അവൻ എന്നോട്  ആയി പറഞ്ഞു -"നിനക്കൊന്നും അറിയാത്ത ഒരു വില്ലൻ മുഖം എനിക്കുണ്ട്. നിനക്കറിയോ ആ പ്രിൻസിപ്പലിന്റെ ഓഫീസിനു  മുന്നിലെ ചെടിച്ചട്ടി ആരാ പൊട്ടിച്ചെന്ന് ..ഈ ഞാൻ!" ഞാൻ ഞെട്ടി തെറിച്ചു .  " ഏത് ..സുകുമാരൻ ചേട്ടൻ ഡിറ്റക്ടീവ് അന്വേഷണം നടത്തിയിട്ടും തെളിയാതെ കിടക്കുന്ന ആ കേസിലെ പ്രതി നീ ആണോ ?"  "അതെ" എന്ന ഉത്തരം വീണ്ടും  കേട്ടപ്പോൾ ആ കഥ കേൾക്കാൻ എനിക്ക് തിടുക്കമായി . അങ്ങിനെ അവൻ ആ കഥ പറഞ്ഞു തന്നു .

ഒരു പാവത്താനായി അറിയപ്പെട്ടു നടന്ന സമയത്താണ് സ്‌കൂളിലെ വില്ലൻ ആവാനുള്ള മോഹം ഒട്ടകത്തിന്റെ തലയിൽ കിളിർത്തത് . അന്നത്തെ മെയിൻ വില്ലൻ "തൊരപ്പൻ " എന്ന് വിളിക്കുന്ന ശ്രീജിത്തിന്റെ ശിക്ഷണം അദ്ദേഹം അങ്ങ് സ്വീകരിച്ചു .സ്‌കൂളിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കനായിരുന്നു തൊരപ്പൻ .അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സ്‌കൂളിൽ പുതുതായി വാങ്ങിയ ചെടിച്ചട്ടികൾ ഓരോന്നായി അദ്ദേഹം രാത്രി കാലങ്ങളിൽ എറിഞ്ഞുടച്ചു .നോക്കണേ പൂരം..അങ്ങിനെ ചെടിച്ചട്ടി എറിഞ്ഞു ഉടച്ച  കഥ ജിജ്ഞാസയോടെ കേട്ട ഞാൻ ഈ കഥ പരിഹാസരൂപത്തിൽ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിച്ചു . അതോട് കൂടി "വില്ലൻ " എന്ന ഓമനപ്പേര് കൂടി അദ്ദേഹത്തിന് സ്വന്തം .

അദ്ധ്യായം ആറ് - പ്രണയം 

 ഹിന്ദി പഠിപ്പിച്ചിരുന്ന കരുണാകരൻ സാർക്ക് ഒരു ഡയറി ഉണ്ടായിരുന്നു . കുട്ടികൾ എന്ത് തെറ്റ് ചെയ്താലും അദ്ദേഹം അത് ആ ഡയറിയിൽ നോട്ട് ചെയ്തു വെയ്ക്കും .അഞ്ചു പ്രാവശ്യം ആ ഡയറിയിൽ കയറിയാൽ പിന്നെ അവന്റെ കാര്യം പോക്കാണ്  . കുനിച്ച് നിർത്തി  പുറത്ത് നല്ല അടി കിട്ടും . പത്താം ക്ലാസ് പരീക്ഷ അടുത്തതോടെപലരും  പഠനത്തിലേക്ക് തിരിഞ്ഞു .പഠിക്കാതെ  അലഞ്ഞു തിരിഞ്ഞു നടന്നവർ  കരുണാകരൻ സാറുടെ ഡയറിയിൽ കയറി . അഞ്ചു തികച്ചവർക്ക് നല്ല പെടയും കിട്ടി.പക്ഷെ അതിൽ ഒരു തവണ പോലും കയറാതെ ഒട്ടകം മാന്യൻ ആയി മാറി  . വില്ലനി ൽ നിന്നും മാന്യനിലേക്കുള്ള ആ യാത്ര പലപ്പോഴും അവൻ ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചു. രാത്രി എല്ലാവരും ഉറങ്ങിയാലും ഹോസ്റ്റലിനു മുന്നിലെ സോഡിയം വേപ്പർ ലാംപിനു കിഴിൽ അവൻ ഇരുന്നു പഠിക്കുന്നുണ്ടാവും. അങ്ങിനെ മോഡൽ പരീക്ഷ എല്ലാം അവനു വളരെ എളുപ്പമുള്ളതായി മാറി . പത്താം  ക്ലാസ്സിൽ ഏറ്റവും  കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളുടെ പേരുകൾ സ്‌കൂളിന് മുന്നിലുള്ള ബോർഡിൽ എല്ലാ വർഷവും എഴുതിയിടുമായിരുന്നു .ഒരിക്കൽ പ്രിൻസിപ്പൽ ബാലസുബ്രഹ്മണ്യൻ  സാർ അവനോട് ചോദിച്ചു "എന്താ രതീഷ്  ? ബോർഡിലേക്ക് തന്റെ പേര് ഞാൻ പ്രതീക്ഷിച്ചോട്ടെ ?" "നോക്കാം സാർ" എന്ന അവന്റെ മറുപടി കേട്ട് പ്രിൻസിപ്പൽ അവന്റെ പുറത്ത് തട്ടി പറഞ്ഞു . "കീപ്പ് ഇറ്റ് അപ്പ് മൈ ബോയ് ! "  പത്താം  ക്‌ളാസിലെ പരീക്ഷ ആരംഭിച്ചു . അവന്  എല്ലാ പരീക്ഷയും  വളരെ ഈസി ആയിരുന്നു . കണക്ക് പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാൻ നിൽക്കുകയായിരുന്നു ഞാനും അവനും  . പെട്ടെന്നാണ് ആരോ പുറകിൽ നിന്നും വിളിച്ചത് " രതീഷ് ഒരു മിനിറ്റ് " . ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പതിനൊന്നാം ക്ലാസ്സിലെ ഒരു പെൺകുട്ടി ആണ് . സുന്ദരി ആണ് . സ്‌കൂളിൽ പലരും നോക്കിയിരുന്ന കക്ഷിയുമാണ് . പേര് പറയാൻ തല്ക്കാലം നിർവാഹമില്ല."എനിക്കൊരു കാര്യം പറയാനുണ്ട് . സ്വകാര്യമാണ് !" അവൾ പറഞ്ഞത് കേട്ട് ഞാൻഅവനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു . എന്നിട്ട് ഞാൻ  മാറി നിന്നു.  അങ്ങിനെ ആ വരാന്തയിൽ വച്ച്അവൾ  അവനോട് ആ കാര്യം തുറന്നു പറഞ്ഞു .കുറച്ച് കാലമായി അവളുടെ മനസ്സിൽ മൊട്ടിട്ടു കിടക്കുന്ന ആ പ്രണയത്തെ കുറിച്ച് ......

                                                                          (തുടരും)