Thursday 21 April 2011

തവള ഫ്രൈ ...!


സംഭവം നടക്കുന്നത് ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് .പന്ത്രണ്ടാം ക്ലാസ്സില്‍ ബയോളജി പ്രൊജക്റ്റ്‌ എന്നൊരു കടമ്പ ഉണ്ട് .
ഇതിനായി മൊത്തം വിദ്യാര്‍ത്ഥികളെ രണ്ടു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചിരുന്നു . അതില്‍ ഞങ്ങള്‍ രണ്ടു ഗ്രൂപ്പുകാര്‍ക്ക് ലഭിച്ചത് തവളയെ ഉപയോഗിച്ചുള്ള പ്രൊജക്റ്റ്‌ ആയിരുന്നു-അരുണ്‍ .വി. നായര്‍ ,വിനീത എന്നിവരടങ്ങുന്ന ഒരു ടീമും ഞാനും റെക്സിയും അടങ്ങുന്ന മറ്റൊരു ടീമും .ഇതില്‍ എന്റെ ടീമിന് ലഭിച്ചിരുന്നത് "Effect of drugs on capillary blood circulation of frogs" എന്ന സബ്ജെക്റ്റ് ആയിരുന്നു.ഇതിനായി തവളകള്‍ക്ക് glucose,ethanol തുടങ്ങിയ രാസവസ്തുക്കള്‍ കൊടുത്തതിനു ശേഷം മൈക്രോസ്കോപിലൂടെ ബ്ലഡ്‌ സെല്ല്സ് പരിശോധിച്ചു അവയുടെ വേഗത കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്ന് വിലയിരുത്തണം .ഇത് ചെയ്യേണ്ട വിധത്തിനായി ഞങ്ങള്‍ കുറെ അലഞ്ഞു.പോയ വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ records ഒന്നും പരിശോധിക്കരുത് എന്നാണ് ബയോളജി ടീച്ചറുടെ നിര്‍ദ്ദേശം .ഓരോ വര്‍ഷത്തെയും വിദ്യാര്‍ത്ഥികളുടെ records ബയോളജി ലാബില്‍ തന്നെയാണ് സൂക്ഷിക്കുക .അത് കൊണ്ട് അവരോടു records ചോദിക്കുക എന്നത് അസംഭവ്യമായ ഒരു കാര്യമായിരുന്നു. അവസാനം ബയോളജി ലാബില്‍ തന്നെ കയറി records അടിച്ചു മാറ്റി ഞങ്ങള്‍ procedures എല്ലാം പഠിച്ചു .
ഇനി അടുത്ത പ്രശ്നം എന്ന് പറഞ്ഞാല്‍ തവളകളെ സംഘടിപ്പിക്കുക എന്നതായിരുന്നു.നവോദയയില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ അനുവാദം ഇല്ലാത്തതിനാല്‍ തവളകളെ പിടി കൂടുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യം ആയിരുന്നില്ല. ക്യംപസ്സിലാണ് എങ്കില്‍ ഒരൊറ്റ തവളയെ പോലും കാണാന്‍ പോലും ഇല്ല.
അങ്ങിനെ തവളകളെ വിലയ്ക്ക് വാങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അരുണ്‍ വിയുടെ അച്ഛനോട് പറഞ്ഞ് അടുത്ത parents day (എല്ലാ മാസത്തിലെയും ആദ്യത്തെ ഞായര്‍ ആഴ്ച) ഒരു ബക്കറ്റ്‌ മുഴുവന്‍ തവളകളെ കൊണ്ട് വരുത്തിപ്പിച്ചു ബക്കറ്റിന്റെ വായ ഒരു തോര്‍ത്ത്‌ കൊണ്ട് മൂടികെട്ടി വളരെ കഷ്ടപ്പെട്ട് ബസില്‍ ആണ് അദ്ദേഹം അത് കൊണ്ട് വന്നത്. ബക്കറ്റ് ഹോസ്റ്റലില്‍ കൊണ്ട് വന്നു വച്ചപ്പോള്‍ തന്നെ ക്രോ ക്രോം എന്ന ശബ്ദം മൂലം ആര്‍ക്കും ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല.മൊത്തം പേരും ഞങ്ങളെ തെറി വിളിക്കാന്‍ തുടങ്ങി.അതുകൊണ്ട് അവസാനം തവളകളെ ബാത്‌റൂമില്‍ വച്ച് പൂട്ടി .എന്തൊക്കെയായാലും പ്രൊജെക്ടിനു ആവശ്യമുള്ള സാധനങ്ങള്‍ കിട്ടിയല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ സന്തോഷിച്ചു.അങ്ങിനെ പ്രൊജക്റ്റ്‌ തുടങ്ങി.തവളകളെ സൂക്ഷിച്ചിരുന്ന ബക്കറ്റിന്റെ മുകളിലെ തോര്‍ത്ത്‌ വെറുതെ അഴിച്ചു നോക്കിയപ്പോള്‍ തന്നെ "ക്രോം ക്രോം" എന്ന ശബ്ദത്തില്‍ രണ്ടെണ്ണം പുറത്തോട്ട് ചാടിപ്പോയി.ഒരു വിധത്തില്‍ രണ്ടാമതും ബക്കറ്റ് മൂടികെട്ടി ഞങ്ങള്‍ ലാബിലേക്ക് നടന്നു.അവിടെ വച്ച് പതുക്കെ ബക്കറ്റിന്റെ മുകളിലെ തോര്‍ത്ത്‌ നീക്കാന്‍ ഞാന്‍ അരുണിനോട് ആവശ്യപെട്ടു.നീക്കിയപ്പോള്‍ കിട്ടിയ ചെറിയ ഗ്യാപ്പിലൂടെ ഞാന്‍ കൈ കടത്തി.പതുക്കെ തവളകളെ പിടിക്കാം എന്ന് കരുതിയ എനിക്ക് തെറ്റി .രണ്ടു മൂന്നു ദിവസമായി ഒരേ വെള്ളത്തില്‍ താമസിച്ചു കൊണ്ടിരുന്ന തവളകള്‍ക്ക് നല്ല കൊഴു കൊഴുത്ത തൊലി രൂപാന്തരപെട്ടിരുന്നു .പിടിക്കുമ്പോള്‍ ബ്ലും ബ്ലും എന്ന് പറഞ്ഞ് തവളകള്‍ ചാടികൊണ്ടിരുന്നു.അവസാനം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഞാന്‍ ഒരു തവളയെ പിടികൂടി.ഇനി ഇവനെ chloroform കൊടുത്തു മയക്കണം അതിനു ശേഷമാവാം ബാക്കി എക്സ്പിരിമെന്റ് എന്ന് കരുതി ഞാന്‍ അരുണിനോട് chloroform കൊടുക്കാന്‍ ആവശ്യപ്പെട്ടു .തവളകളുടെ മൂക്കിലൂടെ വേണം chloroform കൊടുക്കാന്‍ .അവന്‍ ഒരു dropper എടുത്തു തവളയുടെ മൂക്കില്‍ രണ്ടു തുള്ളി കൊടുത്തു.രണ്ടു മിനിറ്റ് വെയിറ്റ് ചെയ്തതിനു ശേഷം തവള മയങ്ങിയോ എന്നറിയാന്‍ ഞാന്‍ എന്റെ കൈ പതുക്കെ അയച്ചു നോക്കി.അത്രയും നേരം എന്റെ കയ്യില്‍ ഒതുങ്ങി കിടന്ന തവള ബ്ലും എന്ന് പറഞ്ഞ് ഒരൊറ്റ ചാട്ടം.ചാടി ചാടി നേരെ വാതിലിനു പുറത്തേക്കു പോകാന്‍ ശ്രമിച്ച തവളയുടെ പിന്നിലൂടെ ഞാന്‍ പാഞ്ഞു ചെന്നു.ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്ന ആരോ വാതില്‍ അടച്ചു.കുറെ നേരത്തെ അധ്വാനത്തിന് ശേഷം ഞാന്‍ തവളയെ പിടി കൂടി."ചക്ഷു ശ്രവണ ഗളസ്ഥമാം ദര്ദുരo " എന്ന് പറയുന്നത് പോലെ അവന്‍ എന്റെ കയ്യില്‍ കിടന്നു പിടച്ചു.പിന്നെയും chloroform കൊടുത്തു.ഇപ്രാവശ്യമാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.മനുഷ്യരില്‍ കാണപ്പെടാത്ത അടയ്ക്കാവുന്ന ഒരു തരം വാല്‍വ് തവളകള്‍ക്ക് മൂക്കില്‍ ഉണ്ട്.ഓരോ തവണ chloroform കൊടുക്കുംബോളും തവള ഇതുപയോഗിച്ച് മൂക്ക് അടച്ചു പിടിക്കുന്നു."അത് ശരി കാണിച്ചു തരാമെടാ "ഞാന്‍ മനസ്സില്‍ പറഞ്ഞു.പിന്നെ ഒരു സിറിഞ്ച് സംഘടിപ്പിച്ചു തവളയുടെ മൂക്കില്‍ നേരിട്ട് chloroform കുത്തി വച്ചു.ഇത്തവണ സംഭവം ചെറുതായി ഫലിച്ചു.തവള ഒന്നടങ്ങി.ഞാന്‍ തവളയുടെ വിരലുകള്‍ അകത്തി പിടിച്ചു മൈക്രോസ്കോപിന്റെ അടിയില്‍ വചൂ .സൂം ചെയ്തു തവളയുടെ ഞരമ്പുകള്‍ തെളിയുംബോളെക്കും അത് കൈ അനക്കാന്‍ തുടങ്ങും.അത് കൊണ്ട് തന്നെ ബ്ലഡ്‌ സെല്ല്സ് കണ്ടു പിടിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. രണ്ടു പേര്‍ തവളയുടെ കാല്‍ വിടര്ത്താനും ഞാന്‍ തവളയെ പിടിക്കാനും വേറൊരാള്‍ മൈക്രോസ്കോപ് നോക്കാനും വേണ്ടി വന്നു.

ഇനിയാണ് ശരിക്കുള്ള പരീക്ഷണങ്ങള്‍ . കയ്യിലുള്ള രാസവസ്തുക്കള്‍ ഓരോന്നായി കുത്തി വച്ച് തവളയുടെ ബ്ലഡ്‌ സെല്ല്സിന്റെ വേഗത താരതമ്യം ചെയ്യണം .ഏതെല്ലാം രാസവസ്തുക്കള്‍ ഞങ്ങള്‍ കുത്തി വചൂ എന്നെനിക്ക് കൃത്യമായി ഓര്‍മയില്ല.ഓരോ രാസവസ്തുക്കള്‍ കുത്തി വച്ചതിനു ശേഷവും തവളയെ മാറ്റി വേറെ തവളയെ ഉപയോഗിക്കണം.ഇല്ലെങ്കില്‍ രണ്ടു രാസവസ്തുക്കള്‍ തമ്മിലുള്ള വ്യത്യാസം നമുക്ക് അറിയാന്‍ കഴിയില്ല.കുത്തി വച്ച എല്ലാ രാസവസ്തുക്കളുടെയും പേര് എനിക്കൊര്‍മയില്ലെങ്കിലും glucose ,ethanol എന്നിവയുടെ ഫലം എനിക്ക് നല്ല ഓര്‍മയുണ്ട്.ഇതു രണ്ടെണ്ണം കുത്തി വച്ചപ്പോളും ബ്ലഡ്‌ സെല്ല്സിന്റെ ഒഴുക്കിന് അസാമാന്യ വേഗത ആയിരുന്നു.ഇതില്‍ ഏറ്റവും കൂടുതല്‍ വേഗത ethanol കുത്തി വച്ചപ്പോളയിരുന്നു.ഇതില്‍ നിന്നും ഞാന്‍ ഒരു നിരീക്ഷണ ഫലം മനസ്സില്‍ കുറിച്ചിട്ടു-
"രണ്ടു പെഗ്ഗ് അടിച്ചാല്‍ ഏതൊരുത്തനും ഒരു പുലി ആയി മാറും "
അങ്ങിനെ ഒരു വിധത്തില്‍ പ്രൊജക്റ്റ്‌ അവസാനിപ്പിച്ചു.

ഇനി സംഭവത്തിന്റെ ക്ലൈമാക്സ്‌. രണ്ടു ടീമിന്റെ പ്രോജെക്റിനും കൂടി ഞങ്ങള്‍ക്ക് വേണ്ടി വന്നത് മൊത്തം 8 തവളകള്‍ ബക്കറ്റ്‌ ല്‍ ആണെങ്കില്‍ ഇനിയും ഒരു 10 - 15 തവളകള്‍ കൂടെ കിടപ്പുണ്ട് .നല്ല തുടയുള്ള മഞ്ഞ തവളകള്‍ .അരുണിന്റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന മാംസ ഭോജി സട കുടഞ്ഞെഴുന്നേറ്റു .അവന്‍ എന്നോട് പറഞ്ഞു -"ഡാ കിടിലന്‍ തവളകള്‍ ! എല്ലാത്തിനെയും കൂടി പൊരിച്ചു അടിച്ചാലോ ?"ഇത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
പക്ഷെ എങ്ങിനെ തവളകളെ പൊരിക്കും?നവോദയയിലെ അടുപ്പ് ജോലിക്കാരുടെ കയ്യില്‍ ഭദ്രമാണ്.അങ്ങോട്ടുള്ള പ്രവേശനം പോലും നിഷിദ്ധം.
പക്ഷെ എന്റെ സുഹൃത്ത്‌ അരുണ്‍ സാറന്മാരുടെ കണ്ണില്‍ ഉണ്ണിയായിരുന്നു .അവന്‍ അടിക്കാറുള്ള മണികള്‍ പള്ളി മണികളെക്കാള്‍ ശബ്ദ ഗംഭീര്യമുള്ളതായത് കൊണ്ട് ഒരു വിധം സാറ്മാരെല്ലാം അവനില്‍ സംപ്രീതനയിരുന്നു.നവോദയ അടുക്കളയുടെ തലവന്‍ അഥവാ Catering Assistant സര്‍ ഇതില്‍ പെട്ട ഒരാളായിരുന്നു.അത് കൊണ്ട് തന്നെ തവള ഫ്രൈ ക്ക് വേണ്ടി ഇദ്ദേഹത്തെ സമീപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് എനിക്കോര്‍മയില്ല പക്ഷെ ജന്മദേശം ബീഹാര്‍ ആയതിനാല്‍ "ബീഹാറി" എന്ന അപര നാമധേയത്തിലാണ് അദ്ദേഹം ഞങ്ങള്‍ക്കിടയില്‍ അറിയപ്പെടിരുന്നത്.

മുഴുത്ത തവളകളെ കൊന്നു തുടയിറച്ചി മാത്രം ഞങ്ങള്‍ വേര്‍ തിരിച്ചെടുത്തു.ഒരു ചെറിയ പാത്രം മൊത്തം വരുമായിരുന്നു അത്.അരുണ്‍ ബീഹാറി സാറിനെ സമീപിച്ചു കാര്യം ഉണര്‍ത്തിച്ചു .തവള ഇറച്ചി കണ്ട പാടെ അദ്ദേഹം ചോദിച്ചു -"whats this?".അരുണ്‍ പറഞ്ഞു -"Sir,This is Frog meat.Can u pls cook this for us?"
"Frog!? अरे यार !तुम लोग फ्रोगोम को खाते हैं क्या ?"ഇത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് അദ്ദേഹം നടന്നു പോയി.തവളകളെ പൊരിക്കാന്‍ വേറൊരു വഴിയും കാണാത്തതിനാല്‍ ഇറച്ചി മുഴുവന്‍ ഞങ്ങള്‍ നവോദയയിലെ ഒരു സിമന്റ് പണിക്കാരന് കൊടുത്തു.അയാള്‍ അത് കൊണ്ട് എന്ത് ചെയ്തോ ആവോ?

എന്തായാലും പിറ്റേ ദിവസം അരുണിനെ ആക്ടിംഗ് പ്രിന്‍സിപ്പല്‍ വെങ്കടെശ്വരന്‍ വിളിപ്പിച്ചു.സംഭവം വേറെയൊന്നുമല്ല "ബീഫ് പോലെ തന്നെ തവളയും നിഷിദ്ധം ആണത്രേ ബിഹാറിലെ ജനങ്ങള്‍ക്ക്‌ ..തവളയിറച്ചി അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ട് പോയത് മൂലം ഞങ്ങള്‍ അദ്ദേഹത്തെയും കുടുംബത്തെയും അപമാനിച്ചിരിക്കുന്നു ..അത് കൊണ്ട് അദ്ദേഹത്തോട് മാപ്പ് ചോദിക്കണം "പാവം അരുണ്‍ ..അദ്ദേഹത്തെ ചെന്ന് കണ്ടു ഒരു സോറി യില്‍ എല്ലാം ഒതുക്കി തീര്‍ത്തു.ഒരു സസ്പെന്‍ഷന്‍ ഒഴിവയതോര്‍ത്തു എനിക്കും സന്തോഷമായി.....!!