Saturday 4 June 2011

കിട്ടിയ തല്ലുകളും പൊട്ടിയ എല്ലുകളും






ഒരു ആമുഖമില്ലാതെ തന്നെ ആരംഭിക്കാം.പേര് പോലെ തന്നെ എനിക്ക് സ്കൂളില്‍ നിന്നും കിട്ടിയ തല്ലുകളുടെ കഥയാണ് .







രംഗം ഒന്ന്

സ്ഥലം :-
ക്ലാസ്സ്‌ 6 A,ജവഹര്‍ നവോദയ വിദ്യാലയ മായന്നൂര്‍ ,തൃശൂര്‍ ജില്ല
സമയം :-1994 ലെ ഏതോ ഒരു ദിവസം .6A എന്ന ക്ലാസ്സില്‍ രഘു സാറുടെ മ്യൂസിക്‌ പിരിഡും തൊട്ടടുത്ത 6B യില്‍ ഫിലോമിന മാഡത്തിന്റെ ഫ്രീ പീരീഡ്‌ ഡ്യൂട്ടിയും
സന്ദര്‍ഭം :- രഘു സര്‍ ഇംഗ്ലീഷ് പാട്ട് പാടുന്നു



ഏതോ ഇംഗ്ലീഷ് ആല്‍ബത്തിലെ പ്രണയത്തിന്റെ തീവ്രതയെ കുറിച്ചുള്ള വരികള്‍ .രണ്ടു കമിതാക്കളെ കുറിച്ചുള്ളതാണ് ഈ പാട്ട് .പ്രണയ നൈരാശ്യത്തില്‍ രണ്ടു പേരും ഒരു കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതാണ്‌ ഇതിവൃത്തം .ഈ പാട്ടിന്റെ വരികള്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് മനസ്സില്‍ ചിരി വന്നു.ഞാന്‍ ചിരിക്കാന്‍ തുടങ്ങി.എന്റെ പുറകിലെ ബെഞ്ചില്‍ ഇരിക്കുന്നത് അന്നത്തെ ക്ലാസ് ലീഡര്‍ ആയിരുന്ന ഡെന്നിയും കൂട്ടാളി വിജീഷും.പാട്ടിന്റെ വരികള്‍ കേട്ട് അവരും ചിരിക്കാന്‍ തുടങ്ങി .അല്ലെങ്കിലും പ്രണയം എന്ന കാര്യമൊക്കെ ആറാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്തോ ഒരു അശ്ലീലം കേള്‍ക്കുന്ന പോലെയല്ലേ തോന്നുകയുള്ളൂ ... (ഇന്നത്തെ പിള്ളേരുടെ കാര്യമല്ല ..ഇത് 1994 ലെ കാര്യമാണ്..)പക്ഷെ എന്റെ ചിരി 'ഫ്രണ്ട്സ്' സിനിമയില്‍ ശ്രീനിവാസന്‍ ചിരിച്ച പോലെ ആയിപ്പോയി.പാട്ടിന്റെ അടുത്ത ചരണം ആരംഭിക്കുന്നതിനിടയില്‍ രഘു സര്‍ എന്റെ ചിരി കേട്ടു.പാട്ട് നിര്‍ത്തി എന്നോട് എഴുന്നേറ്റു നില്ക്കാന്‍ അദ്ദേഹം ആജ്ഞാപിച്ചു .-"എന്താടോ ചിരിക്കുന്നത് ?ഞാന്‍ പാടുന്നത് കേട്ടിട്ടാണോ..?എന്നാല്‍ താന്‍ ഇവിടെ വന്നു ഒന്ന് പാടി കാണിക്ക്‌!" എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.അടിയുടെ ഉസ്താദ്‌ ആണ് രഘു സര്‍ .അതും കൈ വച്ചാണ് അടി.ഒരെണ്ണം കിട്ടിയാല്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചിന്റെ ഗതി എന്താവും?."അടി കിട്ടുവാണെങ്കില്‍ രണ്ടു പേര്‍ക്ക് കൂടെ കിട്ടട്ടെ "ഞാന്‍ മനസ്സിലോര്‍ത്തു.എന്റെ പുറകില്‍ ഡെന്നിയും വിജീഷും ഒരു കള്ളച്ചിരിയോടെ എനിക്ക് അടി കിട്ടുന്നത് കാണാന്‍ കാത്തിരിക്കുന്നു . .രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു -"സര്‍ ഞാന്‍ പുറകിലെ ഡെന്നി ചിരിക്കുന്നത് കണ്ടിട്ട് ചിരിച്ചതാണ്"
അതോടെ ഡെന്നി യുടെ കാര്യം കട്ടപൊക."എന്താടോ ഡെന്നി എന്താ തന്റെ പ്രശ്നം ?"-സര്‍ ഡെന്നി യുടെ നേരെ തിരിഞ്ഞു..'ഒരുത്തനെങ്കിലും കൂടെ പെട്ടല്ലോ' എന്ന് കരുതി എന്റെ ഭയം പകുതി മാറി."പറയടോ"-സാറിന്റെ കോപം വര്‍ധിച്ചു.അപ്പോള്‍ ഡെന്നി പറഞ്ഞു "സര്‍ ഞങ്ങള്‍ ആ love എന്ന വാക്ക് കേട്ടപ്പോള്‍ ചിരിച്ചതാണ് ".
"ഡെന്നി യു കം വിത്ത്‌ മി " ഡെന്നിയെ വിളിച്ചു കൊണ്ട് സര്‍ 6 B യിലേക്ക് ചെന്നു.അവിടെ ഫിലോമിന മേഡം ഒരു കസേരയില്‍ ഇരിക്കുന്നു.സര്‍ പറഞ്ഞു -"ഡെന്നി നിനക്ക് എന്താ love എന്ന് കേട്ടാല്‍ പ്രശ്നം ?നിനക്ക് ആരെയെങ്കിലും പ്രേമിക്കണോ?ദാ ഇവിടെ കുറെ പെണ്‍കുട്ടികളും ഒരു ടീച്ചറും ഉണ്ട്..ആരെയാ പ്രേമിക്കണ്ടേ നിനക്ക് ? ഫിലോമിന മേഡംതിനെ പ്രേമിക്കണോ..? പറ..!"ഇത് കേട്ടതും ഫിലോമിന മേഡം ചിരി തുടങ്ങി. പാവം ഡെന്നി !എല്ലാ പരിഹാസവും സഹിച്ചു.
സര്‍ ഡെന്നിയെ കൊണ്ട് തിരിച്ചു എന്റെ ക്ലാസ്സിലേക്ക് വന്നു. എന്നിട്ട് എന്റെ കൈ പിടിച്ച് ഒരു തിരി തിരിച്ചു .എല്ല് ഒടിഞ്ഞ പോലെ തോന്നി എനിക്ക്..എങ്കിലും ഞാന്‍ കരഞ്ഞില്ല.അദ്ദേഹം എന്നോട് പറഞ്ഞു - "ഡെന്നി ചിരിച്ചത് കേട്ടിട്ടൊന്നുമല്ല നീ ചിരിച്ചത് എന്ന് എനിക്കറിയാഞ്ഞിട്ടല്ല..ഇപ്പോള്‍ വിടുന്നു ..പൊയ്ക്കോ..നിന്നെ പിന്നെ എന്റെ കയ്യില്‍ കിട്ടും"..അടി ഒഴിവായത് കൊണ്ട് മനസ്സ് നിറയെ സന്തോഷമായിരുന്നു എനിക്ക്....ഞാന്‍ ഡെന്നി യുടെ മുഖത്തേക്ക് പതുക്കെ നോക്കി..."നിന്നെ പിന്നെ എടുത്തോളാം എന്ന ഭാവമായിരുന്നു അവന്‌..!"

(തുടരും)


Wednesday 1 June 2011

ചാട്ടക്കലാശം

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും മികച്ച നടന്‍ സലിം കുമാര്‍ പറഞ്ഞത് പോലെ കഥയുടെ വിത്ത്‌ മനസ്സില്‍ പാകിയിട്ട് ഒരു പാട് നാളായി പക്ഷെ മുളച്ചിരുന്നില്ല.ഇപ്പോളാണ് മുളപ്പിച്ച ചെറുപയര്‍ പോലെ ഒന്ന് പൊട്ടി വന്നത്.എന്നാല്‍ പിന്നെ അതങ്ങ് നനച്ചു വളര്തിയേക്കാം എന്ന് കരുതി.അങ്ങനെ പിറവി എടുത്തതാണ് കഥ .

നവോദയയില്‍ ആറാം ക്ലാസ്സ് മുതല്‍ക്കാണ് അഡ്മിഷന്‍ .അഞ്ചാം ക്ലാസ് വരെ സ്വന്തം വീട്ടില്‍ നിന്നും സ്കൂളില്‍ പോയി പഠിച്ചിട്ട് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഹോസ്റ്റലില്‍ നില്‍ക്കേണ്ടി വരുമ്പോളുള്ള മനോ വിഷമം പലരിലും പല വിധത്തിലുള്ള വികാരങ്ങള്‍ ഉണര്‍ത്തി വിടാറുണ്ട് .അത്തരത്തിലുള്ള കുറച്ചു അനുഭവങ്ങളാണ് ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നത് .

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ എന്നൊരു വ്യക്തിയാണ് ഞങ്ങളുടെ ബാച്ചിലെ ചാട്ടം അഥവാ ഒളിച്ചോട്ടം ഉദ്ഘാടനം ചെയ്തത് .സംഭവം ഇങ്ങിനെ :-ഒരു സുപ്രഭാതത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന പയ്യനെ നവോദയയില്‍ നിന്നും കാണാതായി.ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരുത്തന്‍ എത്ര വലുപ്പം ഉണ്ടാവുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു.അത് കൊണ്ട് തന്നെ ടീച്ചേര്‍സ് അടക്കം എല്ലാവരും ടെന്‍ഷന്‍ ആയി.പക്ഷെ അവനെ പെട്ടെന്ന് തന്നെ പിടികൂടാന്‍ അവര്‍ക്കായി.ഇതിനു കാരണം അവന്‍ ധരിച്ചിരുന്ന നൈറ്റ്‌ ഡ്രസ്സ്‌ ആയിരുന്നു.നീല കളറിലുള്ള ജുബ്ബയും പൈജാമയും ആണ് വേഷം.ഇത് ഇട്ടു കൊണ്ട് നടക്കുന്ന ഒരുത്തന്‍ മായന്നൂര്‍ എന്ന ഗ്രാമത്തില്‍ നവോദയ വിദ്യാര്‍ഥി മാത്രമാണ്. വേഷവും ധരിച്ചു ഉണ്ണികൃഷ്ണന്‍ നവോദയ വിട്ടത് രാത്രി കൂരിരുട്ടിലും .ഏകദേശം 12 km അകലെയുള്ള കായാംപൂവം എന്ന സ്ഥലത്ത് അവന്‍ എത്തുമ്പോള്‍ നേരം വെളുത്തു തുടങ്ങി.രാവിലെ പേപ്പര്‍ കൊണ്ട് പോകുന്ന എജെന്റ്സ് നീല വസ്ത്രം കണ്ടു നവോദയ വിദ്യാര്‍ഥി യാണെന്ന് തിരിച്ചറിയുകയും പിടികൂടി സ്കൂളില്‍ കൊണ്ട് വന്നു വിടുകയും ചെയ്തു. ചാട്ടം അങ്ങിനെ പോളിഞ്ഞെങ്കിലും TC വാങ്ങി അവന്‍ നവോദയയില്‍ നിന്നും പോയി.ഇത് കണ്ട മറ്റുള്ളവന്മാര്‍ ഇത് പുറത്തു ചാടാനുള്ള ഒരു ഐഡിയ ആക്കി മാറ്റി .അങ്ങിനെ കുറെ ചാട്ടങ്ങള്‍ ഞങ്ങളുടെ ബാച്ച് ല്‍ അരങ്ങേറി .

ഇതിനു ശേഷം നടന്ന പ്രശസ്തമായ മറ്റൊരു ചാട്ടം എന്റെ സുഹൃത്തായ "കാളി" എന്നറിയപ്പെടുന്ന അരുണ്‍ രാഘവന്റെതായിരുന്നു.ഇദ്ദേഹം വളരെ പ്രശസ്തനായ ഒരു ഗായകന്‍ കൂടി ആയിരുന്നു."ഏഴാം കടലിന്നക്കരെ "എന്ന് തുടങ്ങുന്ന ഒറ്റ ഗാനം കൊണ്ട് തന്നെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന ഒരു വ്യക്തിത്വത്തിനുടമ .ക്ലാസ്സിലെ ഫ്രീ പീരീഡ്‌ ല്‍ ഏതെങ്കിലും ടീച്ചര്‍ വന്നിട്ട് "അരുണ്‍ ..നീ ഒരു പാട്ട് പാ...."എന്ന് പറഞ്ഞ് തുടങ്ങുംപോളെക്കും പാട്ട് രണ്ടാം ചരണത്തില്‍ എത്തി കാണും. എന്തൊക്കെയായാലും ഇദ്ദേഹത്തിനും ഒരിക്കല്‍ ചാടി പോകേണ്ടി വന്നു..ഇതിനു കാരണം യൂനിറ്റ് ടെസ്റ്റിലെ പരാജയം ആയിരുന്നു.ഏഴാം ക്ലാസ്സില്‍ ആണ് ഇംഗ്ലീഷ് മീഡിയം സ്റ്റാര്‍ട്ട്‌ ചെയ്യുന്നത്.അത് കൊണ്ട് മലയാളം മീഡിയം സ്കൂളില്‍ പഠിച്ചവര്‍ക്ക് അതൊരു കടമ്പ തന്നെ ആണ്.കാളിയും ഇതില്‍ പെട്ട ഒരുത്തന്‍ തന്നെ.തന്മൂലം പരാജയത്തിന്റെ രുചി ആദ്യമായി അവനും അറിഞ്ഞു.ഞാനും ഉണ്ടായിരുന്നു തോറ്റ കുട്ടികളുടെ ലിസ്റ്റില്‍ .റിസള്‍ട്ട്‌ അടുത്ത പരെന്റ്സ്‌ ഡേക്ക് വീട്ടുകാര്‍ അറിഞ്ഞാല്‍ കാര്യം പോക്കാണ്.അത് കൊണ്ട് കാളി എന്നോട് പറഞ്ഞു -"ഡാ നമുക്ക് ചാടി പോകാം".കേട്ടപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി.ഞാന്‍ സമ്മതിച്ചു.കൂടെ ഉണ്ടായിരുന്ന ജോമോന്‍ കൂടി ഇതേ അഭിപ്രായം പറഞ്ഞപ്പോള്‍ ചാടാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.പക്ഷെ സന്ധ്യ ആയപ്പോളേക്കും ഞാനും ജോമോനും ട്രാക്ക് മാറ്റി ചവിട്ടി.ചാടി പോകണ്ട എന്ന് തീരുമാനിച്ചു.പക്ഷെ നമ്മുടെ കാളി പിന്മാറാന്‍ തയ്യാറല്ലായിരുന്നു.കുറെ ഉപദേശിച്ചു നോക്കിയിട്ടും അവന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവസാനം ഗെയിംസ് സമയത്ത് ഒരു പ്ലാസ്റ്റിക്‌ കവറില്‍ രണ്ടു തുണികളും എടുത്തു സ്കൂളിന്റെ കമ്പി വേലിക്ക് സമീപം കാളി എത്തി.അവസാന വട്ട ഉപദേശത്തിന്റെ ഫലമായി കാളി ചാട്ടത്തില്‍ നിന്നും പിന്‍ വാങ്ങി ഫുട്ബോള്‍ കളിയ്ക്കാന്‍ വന്നു.
കളിയൊക്കെ കഴിഞ്ഞു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ കാളിയെ കാണ്മാനില്ല. ഉടന്‍ തന്നെ ഹൌസ് മാസ്റ്റര്‍ അനില്‍ സാറിനെ സംഭവം അറിയിച്ചു.സാറും സംഘവും ഉടന്‍ തന്നെ നവോദയയുടെ വാഹനമായ ബഹിരാകാശ "പേടകത്തില്‍ "കാളിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.ഇതിനിടക്ക് സ്കൂളില്‍ നിന്നും ചാടിപോയ അരുണ്‍ ചെന്നു പെട്ടത് എന്റെ ഒരു ചേട്ടന്റെ മുന്നിലും.ചേട്ടന് കാളിയെ നേരത്തെ പരിചയമുണ്ട്.എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യത്തിന് "കട വരെ "എന്നായിരുന്നത്രേ ഉത്തരം.അത് കൊണ്ട് തന്നെ അദ്ദേഹം അത് കാര്യമായി എടുത്തില്ല.എന്തായാലും അനില്‍ സര്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ കാളി വീട്ടില്‍ എത്തിയിരുന്നു.പിന്നീടു നടന്ന ചോദ്യോത്തര വേളയില്‍ ഞങ്ങള്‍ പറഞ്ഞിട്ടാണ് ചാടി പോയത് എന്ന് അവന്‍ പ്രിന്‍സിപ്പല്‍ സാറിനു മൊഴി കൊടുത്തു.അങ്ങിനെ പ്രിന്‍സിപ്പല്‍ എന്നെ വിളിപ്പിച്ചു കാര്യം ആരാഞ്ഞു.എനിക്കറിയില്ല എന്ന മറുപടി അദ്ദേഹം വിശ്വസിച്ചു.എന്തായാലും എനിക്കെതിരെ നടപടി ഒന്നും ഉണ്ടായില്ല.

അടുത്ത ഊഴം അറ്മോന്‍ എന്നറിയപെടുന്ന രതീഷ്‌ PR ന്റെ തന്നെയായിരുന്നു.ഇദ്ദേഹം ചാടാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല.ഒരു സുപ്രഭാതത്തില്‍ PR ചാടി പോയി.എല്ലാവരും PR നു വേണ്ടി തിരച്ചില്‍ തുടങ്ങി.അവസാനം അവന്‍ വീട്ടില്‍ എത്തിയെന്ന് ഫോണ്‍ വന്നു.സ്കൂളില്‍ തിരിച്ചെത്തിയ PR നോട് എന്താണ് ചാടാനുള്ള കാരണം എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചപ്പോള്‍ ഉടന്‍ വന്നു മറുപടി "സര്‍ ജിനോയ് എന്നെ ഒട്ടകം എന്ന് വിളിച്ചു."

ഇനി അനീഷ്‌ ജോണി എന്ന് വിളിക്കുന്ന ജാണ്ടിയുടെ കഥയാണ്....:) .ഇദ്ദേഹത്തെ ചാടാന്‍ പ്രേരിപ്പിച്ചത് വേറൊരു വ്യത്യസ്ത സംഭവം ആണ്..എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മെസ്സ് ഹാളില്‍ വച്ച് PT സര്‍ ജോസ് ജാണ്ടിയെ ടേബിള്‍ നു മുകളില്‍ കയറ്റി നിര്‍ത്തി.മെസ്സ് ഹാളില്‍ ശബ്ദം ഉണ്ടാക്കിയതാണ് കാരണം.എല്ലാവരുടെയും മുന്‍പില്‍ അങ്ങിനെ നില്‍ക്കേണ്ടി വന്നതില്‍ ജാണ്ടി അതീവ ദുഖിതനായി.അന്ന് തന്നെ ചാടി പോവുകയും ചെയ്തു.സാറുമാര്‍ തിരച്ചിലോട് തിരച്ചില്‍ .എന്നാല്‍ ഒരു രാത്രി മുഴുവന്‍ തിരഞ്ഞിട്ടും ജാണ്ടിയെ കണ്ടെത്താനായില്ല .വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും ജാണ്ടിയില്ല ..ഇതോടെ വീട്ടുകാരും വിഷമത്തിലായി .അടുത്ത ദിവസം പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ യോഗം വിളിച്ചു.എല്ലാവരെയും ഉപദേശിച്ചു.ചാടി പോയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു..അതിനിടയില്‍ ഓഫീസില്‍ നിന്നും പ്യൂണ്‍ സാജുവേട്ടന്‍ ഓടി വന്നു ജാണ്ടി വീട്ടില്‍ എത്തിയെന്ന് ഫോണ്‍ വന്ന കാര്യം അറിയിച്ചു.ഇത് കേട്ടതും പ്രിന്‍സിപ്പല്‍ "ദൈവമേ നന്ദി" എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു.

തിരിച്ചു സ്കൂളില്‍ എത്തിയ ജാണ്ടി പല വീരഗാഥകളും പറഞ്ഞു.ബോംബെയിലേക്ക് ട്രെയിന്‍ കേറി എന്നൊക്കെ..എന്തായാലും ജാണ്ടി ആയതു കൊണ്ട് ആരും വിശ്വസിച്ചില്ല.ഇതിനു ശേഷം വേറൊരു ചാട്ടവും ഞങ്ങളുടെ ബാച്ചില്‍ നടന്നില്ല..അത് തന്നെയാണ് ജാണ്ടിയെ ഞങ്ങളുടെ ഇടയില്‍ വ്യത്യസ്തനാക്കുന്ന ഘടകവും...