Wednesday 21 November 2018

വൃശ്ചിക മാസത്തിലെ കാറ്റ് !





വൃശ്ചിക മാസത്തിലെ കാറ്റിനു ഒരു പ്രത്യേക താളമാണ് . തൃശ്ശൂരിന്റെ ഗ്രാമീണ സൗന്ദര്യത്തിന്റെ പൂർണ്ണതയായ, മായന്നൂർ എന്ന ഗ്രാമത്തിൽ ഉള്ള ഞങ്ങളുടെ സ്‌കൂളിൽ ഇരുന്നു ഞാൻ പലവട്ടം അത് ആസ്വദിച്ചിട്ടുണ്ട് .പലപ്പോഴും നിശബ്ദതയുടെ അന്തരീക്ഷത്തിൽ അത് വീശുമ്പോൾഎന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിൽ അലയടിക്കും ..ഒരൊന്നൊന്നര ഫീൽ ! .ഞാൻ ഇത് ആദ്യമായി ശ്രദ്ധിക്കുന്നത് പത്താം  ക്‌ളാസിൽ പഠിക്കുമ്പോളാണ് .സാധാരണ ഗതിയിൽ നവോദയയിൽ ഡിസംബർ മാസത്തിൽ വെക്കേഷൻ ആണ് . പക്ഷെ ബോർഡ് എക്സാം ഉള്ളത് കൊണ്ട് പത്താം  ക്‌ളാസ്സുകാരെയും ,പന്ത്രണ്ടാം ക്‌ളാസ്സുകാരെയും  വീട്ടിൽ വിടാറില്ല .ആ സമയങ്ങളിൽ പ്രിൻസിപ്പൽ സ്പെഷ്യൽ ക്‌ളാസ് നടത്തും . ഡിസംബർ മാസത്തോടെ പോഷൻ  മൊത്തം തീർത്തു ബാക്കി മൂന്ന് മാസങ്ങൾ കുട്ടികളെ സ്വതന്ത്രമായി പഠിക്കാൻ വിടും .ഒരു വെക്കേഷൻ പോയി കിട്ടുമെങ്കിലും ,ക്‌ളാസ്സുകൾ തീർന്നു കിട്ടുന്നത് കൊണ്ട് എല്ലാവര്ക്കും ഈ ഏർപ്പാട് വലിയ ഇഷ്ടം ആയിരുന്നു .
ഈ സമയത്തെ പ്രഭാതങ്ങളിൽ മായന്നൂരിൽ മഞ്ഞ് പെയ്യുമായിരുന്നു .എങ്കിലും കാലത്തെ PT  ക്ക് മാറ്റമില്ല .3  മണിക്ക് ജോസ് സാറോ  ലത മാഡമോ വന്നു വിസിൽ അടിക്കും .നാലോ അഞ്ചോ റൌണ്ട് ഓട്ടം ,പിന്നെ വ്യായാമം . അതാണ് പതിവ്. എങ്കിലും മടി തലക്ക് കേറിയ ഞങ്ങൾ പലപ്പോഴും PT കട്ട് ചെയ്തു കിടന്നുറങ്ങുക പതിവാണ്.സത്യം പറഞ്ഞാൽ ,അതൊരു ഭാഗ്യ പരീക്ഷണം ആണ് .കാരണം അറ്റന്റൻസ് എടുത്താൽ മുട്ടൻപണി കിട്ടും .വരാത്തവർക്ക് വേണ്ടി പ്രിൻസിപ്പൽ അസ്സെംബ്ളിക്ക് PT  നടത്തും .പിന്നെ വിയർത്തു കുളിച്ചു ക്‌ളാസിൽ കയറേണ്ടി വരും .അത് കൊണ്ട് പിള്ളേർ കണ്ടെത്തിയ ഒരു ഐഡിയ ആണ് "സിക്ക് "അടിക്കൽ . വയ്യ എന്ന് പറഞ്ഞ് അറ്റൻഡൻസ് മാത്രം കൊടുത്ത് ഗ്രൗണ്ടിന്റെ സൈഡിൽ ഇരിക്കും .  ആദ്യമൊക്കെ വിജയിച്ചെങ്കിലും പിന്നീട് സിക്ക് അടിക്കുന്നവരുടെ കൂട്ടത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി .ഗ്രൗണ്ടിൽ ഓടുന്നവരേക്കാൾ കൂടുതൽ സിക്ക് അടിക്കുന്നവർ ആയി . സംഭവം മനസ്സിലാക്കിയ ജോസ് സാർ ഒരു വടിയുമെടുത്ത് സിക്കുകാരുടെ കൂട്ടത്തിലേക്ക് അടിക്കാൻ ഓങ്ങി വരാൻ തുടങ്ങി . ആ വരവ് കണ്ടാൽ തന്നെ കള്ള  സിക്കുകാർ എല്ലാം എണീറ്റ്  ഓടിക്കോളും .കാല ക്രമേണ ,പഠിപ്പിലേക്ക്  എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞതോടെ PT  കുറച്ചു ലിബറൽ ആയി . ഡിസംബർ മാസത്തിലെ മിക്ക ദിവസങ്ങളിലും PT നിർത്തി വെച്ചു . ഇതിനു പകരമായി കാലത്തു അഞ്ചു മണിക്ക് ഒരു പുതിയ സ്റ്റഡി ടൈം പ്രിൻസിപ്പൽ പ്രഖ്യാപിച്ചു .അത് പക്ഷെ, mandatory അല്ലായിരുന്നു .എങ്കിലും ഗേൾസ് മൊത്തം  4 മണിക്ക് എണീറ്റ്  കുളിച്ചു അഞ്ചു മണിക്ക് മെസ്സ് ഹാളിൽ വന്നിരുന്നു പഠിക്കാൻ തുടങ്ങി .ഇതിൽ ആകൃഷ്ടരായി പല ആസ്ഥാന കോഴികളും കാലത്തു എണീറ്റു മെസ് ഹാളിൽ പോയി കട്ടൻ കാപ്പി കുടിക്കുന്നത് ശീലമാക്കി . മെസ് ഹാളിൽ ഫുഡ് സെർവിങ് കൗണ്ടറിനു മുകളിൽ ആയാണ് ബ്ലാക്ക് കോഫി കലം വെയ്ക്കാറ് .ഇവിടെ നിന്നാൽ അകത്തേക്ക് നല്ല വ്യൂ ആണ് . എല്ലാവരെയും കൺ കുളിർക്കെ കാണാം . മാത്രവുമല്ല  ഈ സമയത്ത് വിളമ്പാൻ ആരുമില്ല താനും ..സെല്ഫ് സർവീസ് ആണ് .അത് കൊണ്ട് തന്നെ വളരെ അധികം സമയം എടുത്താണ്  ഈ മഹാന്മാർ കാപ്പി കപ്പിൽ നിറച്ച് കൊണ്ടിരുന്നത് . കൂട്ടത്തിൽ ,അപ്പുറത്ത് ഇരിക്കുന്ന പെൺകുട്ടികൾക്ക് മുഴുവൻ സുപ്രഭാത ആശംസകൾ  നേരുകയും ചെയ്യാമല്ലോ .അങ്ങിനെ ദിവസങ്ങൾ ചെല്ലുന്തോറും കാപ്പിയിൽ പഞ്ചാരയുടെ അളവ് കൂടി കൂടി വന്നു . മെസ് ഹാളിലും ..!  :) പക്ഷെ ഞാൻ ബ്ലാക്ക് കോഫീ കുടിക്കാറില്ലായിരുന്നു . ആ സമയം കൂടെ പുതച്ച് മൂടി കിടന്നുറങ്ങാൻ ആയിരുന്നു എനിക്കിഷ്ടം.ഉജ്ജയിനി ഹോസ്റ്റലിൽ, മുകളിലെ നിലയിലായിരുന്നു  എന്റെ കട്ടിൽ, ഗ്രൗണ്ടിലേക്ക് തുറക്കുന്ന ജനലിനോട് ചേർന്നുള്ള ,ആ രണ്ടു നില കട്ടിലിന്റെ മുകളിൽ ആയിരുന്നു ഞാൻ കിടക്കാറ് . താഴെ ഉള്ള നിലയിൽ കാളി എന്ന് വിളിക്കുന്ന അരുൺ ആയിരുന്നു താമസം .ആറാം ക്‌ളാസ് മുതൽ ഉള്ള നുമ്മടെ സ്വന്തം ചങ്ക് ..പോരാത്തതിന് ആളൊരു രസികനും ..രാത്രികളിൽ ഞങ്ങൾ ജനാലകൾ തുറന്നിടും . അടുത്തുള്ള അക്കേഷ്യ മരത്തിന്റെ പൂക്കളുടെ രൂക്ഷ  ഗന്ധം ഉണ്ടായിരുന്നെങ്കിലും , രാത്രികളിലെ കാറ്റ് ഒരു പ്രത്യേക ഫീൽ തരുമായിരുന്നു . പുറത്ത് ഉള്ള സോഡിയം വേപ്പർ വഴിവിളക്കിന്റെ മഞ്ഞ വെളിച്ചം  കൂടി ചേരുമ്പോൾ സംഭവം കിടുക്കും .അത് കൊണ്ട് കാലത്തുള്ള സ്റ്റഡി ടൈമിന് ഒന്നും  പോവാൻ നമ്മളെ കിട്ടൂല ! 


ഹോസ്റ്റലിൽ ആദ്യം എണീക്കാറുള്ളത് ശുപ്പാണ്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ശ്രീജിത്ത് ആണ് .5 മണിക്ക് എണീറ്റു  കുളി കഴിഞ്ഞ് വന്നു ജെട്ടിയും തോർത്തും അയയിൽ ഇട്ടതിനു ശേഷം അത്യുച്ചത്തിൽ അവന്റെ ഒരു വിളിച്ചുണർത്തൽ ഉണ്ട് .." ഡാ..ആറേമുക്കാൽ ആയെടാ എണീക്കെടാ ....".. ഈ പണ്ടാരം കേട്ടാണ് ഞാൻ സാധാരണ എണീക്കുന്നത് , മിക്കവാറും ഉറക്കം ബാക്കിയുണ്ടാവും ..കണ്ണ് തിരുമ്മി ഞാൻ നോക്കുമ്പോളേക്കും അതിനേക്കാൾ ഉച്ചത്തിൽ അരുണിന്റെ വക ഡയലോഗ് വന്നിട്ടുണ്ടാകും 
" കെടന്നൊറങ്ങടാ ..മൈ...*&% ..മനുഷ്യനെ മെനക്കെടുത്താൻ!  " 
അപ്പുറത്ത് കിടക്കുന്ന ജിനീഷ് ബാക്കി ഏറ്റു പിടിക്കും
 " അവന്റെ അമ്മൂമ്മേടെ ആറേമുക്കാൽ !" 
 ഹോസ്റ്റലിൽ തെളിഞ്ഞ ലൈറ്റുകൾ ഓഫ് ചെയ്യിപ്പിച്ചു കൊണ്ട് ഞങ്ങൾ ഒരു ഉറക്കം കൂടെ പാസ് ആക്കും . കൃത്യം 7  മണിക്ക് നേരെ ബാത്റൂമിലേക്ക് ..ഈ സമയത്ത് നല്ല തിരക്ക് ആയതു കൊണ്ട് ബാത്രൂം തുറന്നിട്ടിട്ട് ബക്കറ്റിൽ വെള്ളം എടുത്ത് തലയിൽ കോരി ഒഴിച്ചാണ് ഞങ്ങളുടെ കുളി .കുളി കഴിയുമ്പോളേക്കും 7 :10 ആയിട്ടുണ്ടാവും . ധൃതിയിൽ ഓടിപ്പിടഞ്ഞ്‌ വന്ന്  യൂണിഫോമും ഷൂവും തിരുകി കയറ്റി 7 :15 ന്  ഉള്ള അസ്സെംബ്ലിക്ക് കേറാൻ വേണ്ടി ഓടാൻ ഒരുങ്ങുമ്പോൾ അപ്പുറത്തെ ബെഡിൽ ഒരനക്കം കേൾക്കാം ..പുതപ്പിന്റെ ഉള്ളിൽ നിന്നും കണ്ണും തിരുമ്മി ചകിരി പോലെ മുടിയുള്ള ഒരു രൂപം എണീറ്റ് വരും . അദ്ദേഹത്തിന്റെ ചെല്ലപേരാണ് "ചേറപ്പായി".
 " ഡാ കോപ്പേ നീ വരുന്നില്ലേ ?" -എന്നും ചോദിക്കാറുള്ള ആ ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കും 
"ഉം" എന്നൊരു മൂളൽ മാത്രം  മറുപടി ആയി കിട്ടും . 

ഹോസ്റ്റലിൽ നിന്നും ഓടി പിടഞ്ഞ് ഞങ്ങൾ അസ്സെംബ്ളിക്ക് എത്തുമ്പോൾ ആണ്  ഞാൻഅമ്പരന്നു പോകാറ് ..ചിരിച്ചു കൊണ്ട് ലൈനിൽ നിൽക്കുന്നുണ്ടാകും  കുമ്പിടിയെ പോലെ നമ്മുടെ സ്വന്തം ചേറപ്പായി .  " നാലു സ്ഥലങ്ങളിൽ വരെ ഒരേ സമയത്ത് കണ്ടിരിക്കുന്നു ചിലർ " എന്ന നന്ദനത്തിലെ ഡയലോഗ് ആണ് അതോർക്കുമ്പോൾ എനിക്കിപ്പോഴും ഓര്മ വരുന്നത് . സത്യത്തിൽ അതെങ്ങിനെ സാധിക്കുന്നു എന്നത് അവന്  മാത്രേ അറിയൂ .അവനെ കുറിച്ച് പറയാൻ ഈ ബ്ലോഗ് തികയാതെ വരും അത് കൊണ്ട് അത് പിന്നീടൊരിക്കൽ ആകാം .

അപ്പൊ മെസ്സഹാളിൽ ബ്ളാക്ക് കോഫീ പോലും കുടിക്കാൻ പോകാത്ത ഞാൻ ഒരു ദിവസം മുതൽ പഠിക്കാൻ തീരുമാനിച്ചു .കാലത്തു  അഞ്ചു മണിക്ക് എണീറ്റു,  കുളിച്ചു , പഠിക്കാൻ പോകുന്ന വഴി കട്ടൻ കാപ്പി കുടിക്കാം എന്ന് കൂടെയുണ്ടായിരുന്ന ജോമോൻ പറഞ്ഞു. മെസ് ഹാളിൽ എത്തിയ ഞാൻ ആ കാഴ്ച കണ്ട്  ഞെട്ടി .ഞങ്ങൾക്ക് മുൻപേ പഠിക്കാൻ ഇറങ്ങിയ സകലവന്മാരും അവിടെ പെണ്പിള്ളേരുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്നു .അപ്പോഴാണ് ഈ പഠിപ്പിസ്റ്റുകളുടെ കളികൾ എനിക്ക് മനസ്സിലാകുന്നത് . പക്ഷെ ഈ കാപ്പികുടി അധിക കാലം തുടർന്നില്ല . "സെൻസർ ബോർഡ്" എന്ന് കുട്ടികൾ ഓമന പേര് ഇട്ടു വിളിക്കുന്ന പ്രസന്ന മാഡം  ഈ വാർത്ത അറിഞ്ഞു . അതോടെ കാപ്പി കലത്തിന്റെ സ്ഥാനം ഗേൾസ് പഠിക്കുന്ന സ്ഥലത്ത് നിന്നും മാറി .അദ്‌ഭുതമെന്നു പറയട്ടെ , ഈ സംഭവത്തിന് ശേഷം കാലത്തെ ബ്ളാക്ക് കോഫിക്ക് ഡിമാൻഡ് വളരെയധികം കുറഞ്ഞു .

ഈ കാലഘട്ടത്തിലാണ് പന്ത്രണ്ടാം ക്‌ളാസ്സുകാരായുള്ള സൗഹൃദവും മുറുകുന്നത് .പണ്ട് റാഗ്  ചെയ്ത്  വിറപ്പിച്ച പലരും ഉള്ളിൽ നന്മയുള്ളവരാണെന്നു അന്ന് ബോധ്യമായി . പിന്നെയങ്ങോട്ട് പല ഊഡായിപ്പുകളും ചെയ്യുന്നത് ഒരുമിച്ചായി .പതിനൊന്നാം ക്ലാസ്സിൽ തിരിച്ചെത്തുമ്പോൾ എന്തൊക്കെ വില്ലത്തരം കാണിക്കണം എന്ന മാസ്റ്റർ പ്ലാൻ പോലും അന്ന് തയ്യാറാക്കി .വെക്കേഷൻ ക്ലാസ്സിന്റെ സമയത്ത് സ്‌കൂൾ  സ്റ്റോർ തുറക്കുമായിരുന്നില്ല .സ്റ്റോർ കീപ്പർ അജിത് ബാബു നാട്ടിൽപോകും ..അത് കൊണ്ട് സോപ്പ് ഷൂ ,പോളിഷ് മുതലായ നിത്യോപയോഗ സാധനങ്ങളക്ക് ക്ഷാമം അനുഭവപ്പെടാൻ തുടങ്ങി . പലരുടെ കയ്യിലും കുളിക്കുന്ന സോപ്പ് കാലിയായി . കുളിക്കുന്ന സമയത്ത് സോപ്പ് ആരെങ്കിലും കൊണ്ട് വന്നാൽ തിരിച്ചു പോകുമ്പോളേക്കും അത് എല്ലാവരും കൂടെ തേച്ച് അലിയിച്ച് ഇല്ലാതാക്കും . പണ്ട് കാലത്ത് ഞങ്ങൾക്ക് കിട്ടി കൊണ്ടിരുന്നത് വിജിൽ സോപ്പ് ആയിരുന്നു .അതായിരുന്നേൽ പെട്ടെന്ന് അലിയിലായിരുന്നു . ഈ കാലഘട്ടത്തിൽ ആണെങ്കിൽ, വിജിൽ മാറ്റി ഫാമി എന്ന സോപ്പ് ആണ്  കിട്ടികൊണ്ടിരുന്നത് . ചന്ദ്രിക പോലുള്ള ഒരു ആയുർവേദിക് സോപ്പ് ആണ്  ഫാമി . തന്മൂലം അത് വളരെ പെട്ടെന്ന് അലിഞ്ഞു തീരും. അങ്ങിനെ കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ എല്ലാവരുടെ കയ്യിലും ഉള്ള ഫാമി സോപ്പിന്റെ സ്റ്റോക്ക് തീർന്നു . ഒരുത്തന്റെ കയ്യിലും പൈസയും ഇല്ല. വേറെ ഗതിയില്ലാതെ സിത്താർ എന്ന കൂട്ടുകാരൻ ബാർ സോപ്പ് തേച്ചു കുളിക്കാൻ തുടങ്ങി . ഇത് കണ്ട ബാക്കി എല്ലാരും ആ ഐഡിയ ഉപയോഗിച്ചു . ചൊറിഞ്ഞ്  ചൊറിഞ്ഞ്  മതിയായി എന്ന് പറഞ്ഞാൽ മതിയല്ലോ .എന്തായാലും അധികം താമസിയാതെ തന്നെ വെക്കേഷൻ അവസാനിച്ചു . സ്റ്റോർ തുറന്നതോടെ സോപ്പ് ക്ഷാമവും തീർന്നു .

പോഷൻ  എല്ലാം ഇതിനകം ടീച്ചർമാർ പഠിപ്പിച്ചു തീർത്തിരുന്നു .ജനുവരി മൂതൽ സ്റ്റഡി ലീവ്  ആരംഭിച്ചു . കാലത്ത് ടീച്ചേർസ് വന്നു അറ്റന്റൻസ് എടുത്തു കഴിഞ്ഞാൽ പിന്നെ ഞങ്ങൾ ഫ്രീ ആണ്. ക്യാമ്പസ്സിൽ ,എവിടെ വേണേലും പോയി ഇരുന്നു പഠിക്കാം . കുറെ പേര് ഗുൽമോഹർ മരച്ചുവട്ടിൽ അഭയം തേടി , മറ്റു ചിലർ സ്‌കൂൾ ബില്ഡിങ്ങിന്റെ മുകളിൽ കയറി പഠിക്കാൻ തുടങ്ങി . അവർ "മനുഷ്യന്മാർ" എന്ന നാമധേയത്തിൽ അറിയപ്പെട്ടു . മറ്റു ചിലർ ആകട്ടെ എംപി ഹാളിന്റെ പുറകിലുംമെസ് ഹാളിന്റെ പുറകിലും ഒക്കെ നിരന്നു ഇരുന്നു പഠിക്കാൻ തുടങ്ങി .ഈ വിഭാഗത്തിൽ ഉള്ളവർക്ക് രക്തത്തിൽ "പഞ്ചസാര" യുടെ അംശം കൂടുതൽ ആയിരുന്നു എന്ന് പറയാതെ വയ്യ.എന്തൊക്കെയായാലും അവർ കാരണം ക്യാംപസിലെ ചില മരങ്ങൾ "പഞ്ചാര മരങ്ങൾ " എന്നും , വഴിയിൽ ഉള്ള ചില ബെഞ്ചുകൾ "പഞ്ചാര ബെഞ്ചുകൾ"  എന്നും , ചില വഴി വിളക്കുകൾ "പഞ്ചാര വിളക്കുകൾ " എന്നും അറിയപ്പെട്ടു . ഇന്നും ക്യാമ്പസ്സിൽ പോകുമ്പോൾ തീരാത്ത നൊസ്റ്റാൾജിയ ആണ് അവ.

പരീക്ഷ തുടങ്ങി .. പലർക്കും പതിനൊന്നാം ക്ലാസ്സിൽ തിരിച്ചെത്തുമോ എന്ന ഭയം . എങ്കിൽ ശരി ,ഓട്ടോഗ്രാഫ് കൂടെ എഴുതി കളയാം എന്ന് കരുതി എല്ലാവരും ഓരോ ഡയറി വീതം വാങ്ങി ..പരസ്പരം എന്തൊക്കെയോ എഴുതിക്കൂട്ടി . ഇതിലെ കോമഡി എന്താണെന്നു വച്ചാൽ പത്താം ക്‌ളാസ് കഴിഞ്ഞാൽ പുറത്തു പോയി പഠിക്കും എന്ന് പറഞ്ഞവരെല്ലാം പതിനൊന്നാം ക്‌ളാസിൽ ഒരു വിഡ്ഢിച്ചിരിയോടെ തിരിച്ചെത്തി എന്നുള്ളതാണ് .വിട്ടു പോയവരാകട്ടെ ഓട്ടോഗ്രാഫ് ഒന്നും എഴുതിയില്ല താനും ,വിട്ടു പോകുകയാണെന്ന് എന്റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട ഒരുത്തിയോട്  പതിനൊന്നാം ക്ലാസ്സിൽ വെച്ച് ഞാനൊരിക്കൽ ചോദിച്ചു 
" എന്തെ പോയില്ലേ ?"
" പോകാൻ ഒക്കെ ശ്രമിച്ചതാ..പക്ഷെ എന്തോ വിട്ടു പോകാൻ മനസ്സ് വരുന്നില്ല "

അതാണ് ആ ലോകം ..ഒരിക്കൽ അനുഭവിച്ചാൽ പിന്നെ മനസ്സീന്നു മായില്ല !!
ഇത്തവണയും ആ കാറ്റ് വീശുന്നുണ്ട് ..ഒരു പിടി നഷ്ട സ്വപ്നങ്ങളുമായി ...!