Saturday 8 June 2013

ഉമ

"ഉമ " -കേട്ടാൽ  ഒരു പെണ്‍കുട്ടിയുടെ പേര് പോലെ തോന്നുമെങ്കിലും ,ഇത് ഒരു പെണ്‍കുട്ടിയുടെ കഥയല്ല .പിന്നെയോ ....?  
              പറയാം ! അതിനു മുന്പ് നമുക്ക് ഇതൊന്നു ഇംഗ്ലീഷിൽ എഴുതി നോക്കാം !. "UMA"..ഇനി ഇതിനെ ഒന്ന് വിജ്രംഭിച്ചു എഴുതാം ..! 

U.M.A എന്നാൽ " യൂണിറ്റ് ടെസ്റ്റ്‌ മക്കൽ* അസോസിയേഷൻ "! 

ഈ അസോസിയേഷന്റെ പിതാവായി ഞങ്ങൾ ആദരിക്കുന്നത് എന്റെ സ്കൂളിലെ ഒന്നാം ബാച്ചിലെ ശ്രീജോ ചേട്ടനെയാണ് .അപ്പൊ കാർന്നോന്മാർക്ക് വീതം വച്ച് കൊണ്ട് ഇനി കഥയിലേക്ക് കടക്കാം ...കുറച്ചു പുറകിലോട്ടു പോകണം ...പുറകിലോട്ടു എന്ന് പറഞ്ഞാൽ ബ്ലാക്ക് ആൻഡ്‌ വൈറ്റ് അല്ല കേട്ടോ...കളർ ആണ് ...കൊടാക്ക് വിഷൻ !!!

1995 ലെ ഒരു സായാഹ്ന സമയം..! ഏഴാം ക്ലാസ് യൂണിറ്റ് ടെസ്റ്റ്‌ കഴിഞ്ഞു ഹോസ്റ്റലില്‍ പോകാതെ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ദീപക് ..കൂടെ സാന്ത്വനിപ്പിക്കാന്‍ മണ്ണാർതൊടി ജയകൃഷ്ണനും ഉണ്ട് .പക്ഷെ ദീപക് കരച്ചില്‍ നിര്‍ത്തിയില്ല ..ആദ്യമായിട്ട് താന്‍ യൂണിറ്റ്ടെസ്റ്റില്‍ തോല്‍ക്കാൻ  പോകുന്നു ..അതും ജീവിതത്തില്‍ ആദ്യമായി ...എങ്ങനെ സഹിക്കും ?...അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് താന്‍ എങ്ങനെ നോക്കും ..?ദുഃഖം സഹിക്കാനാവാതെ ദീപക് പൊട്ടി പൊട്ടി കരഞ്ഞു .ജയകൃഷ്ണന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ദീപക് കരച്ചില്‍ നിര്‍ത്തിയില്ല ..ജയകൃഷ്ണന്‍ അവനെക്കാള്‍ മോശമായിട്ടാണ് പരീക്ഷ എഴുതിയത് എന്ന് പോലും പറഞ്ഞു നോക്കി ..ഒരു കുലുക്കവുമില്ല . .

അപ്പോളാണ് പന്ത്രണ്ടാം ക്ലാസ്സിലെ ശ്രീജോ ചേട്ടന്റെ വരവ് .

" എന്തൂട്ടാ നിന്റെ പ്രശ്നം ..? എന്തിനാ കരയുന്നെ ? " അദ്ദേഹം ചോദിച്ചു .

" ചേട്ടാ ..ഞാന്‍ ഇന്നത്തെ യൂണിറ്റ് ടെസ്റ്റില്‍ പൊട്ടും ..! ഒന്നും എഴുതിയിട്ടില്ല ..!" ദീപക് വിതുമ്പി .

" അത്രേയുള്ളൂ ..നിങ്ങള്‍ വാ...!"

ദീപകും ,ജയകൃഷ്ണനും അദ്ദേഹത്തെ അനുഗമിച്ചു .
നേരെ പോയത് സ്റ്റാഫ്‌ റൂമിലേക്ക് ..അന്നത്തെ സ്റ്റാഫ്‌ റൂം എന്ന് പറഞ്ഞാല്‍ പഴയ ലൈബ്രറി യുടെ സമീപം ഉള്ള ഒരു ക്ലാസ് ആണ് .അതായത് ഇന്നത്തെ രഘുസാറിന്റെ ക്വാര്‍ട്ടേഴ്സ് നില്‍ക്കുന്ന സ്ഥലം  !!അന്ന് സ്റ്റാഫ്‌ റൂമിന് വാതില്‍ ഒന്നും ഇല്ല ..പേരിനു ഒരു മതില്‍ മാത്രം ..!
പുറകില്‍ നില്‍ക്കുന്ന ദീപകിനോട് ശ്രീജോ ചേട്ടൻ പറഞ്ഞു 

" കേറി എടുത്തോ ...എല്ലാ ഉത്തര പുസ്തകങ്ങളും അവിടെ ഇരുപ്പുണ്ട് !"

അന്ന് യൂണിറ്റ് ടെസ്റ്റ്‌ എഴുതുന്നത് പുസ്തകത്തിലാണ്..

ദീപകിന്റെ മുട്ടുകാല്‍ വിറച്ചു ..എന്നാലും ധൈര്യം സംഭരിച്ച് ജയശ്രീ മാഡത്തിന്റെ സീറ്റില്‍ പോയി സയന്‍സ് യൂണിറ്റ് ടെസ്റ്റ്‌ ബുക്ക്‌ എടുത്തു .

" ഇനി പോയി ,പരീക്ഷ മര്യാദക്ക് എഴുതി തിരിച്ചു കൊണ്ട് വന്നു വച്ചോ ..!പക്ഷെ ഇത് റിപീറ്റ് ചെയ്യരുത് ..ചെയ്‌താല്‍ ഞാന്‍ സാറുമാരോട് പറഞ്ഞു കൊടുക്കും ..നീ കരയുന്നത് കണ്ടത് കൊണ്ട് മാത്രം സഹായിക്കുന്നതാ ..!"  ശ്രീജോ ചേട്ടന്‍ പറഞ്ഞു .

തിരിച്ചു ക്ലാസ്സില്‍ വന്നു ദീപക് വൃത്തിയായി പരീക്ഷ എഴുതി .
കണ്ടു നിന്ന ജയകൃഷ്ണന്റെ മനസ്സില്‍ സന്തോഷം അണ പൊട്ടി .
ആരും കാണാതെ അവനും തന്റെ യൂണിറ്റ് ടെസ്റ്റ്‌ ബുക്ക്‌ എടുത്തു കൊണ്ട് വന്നു ഉത്തരം മുഴുവന്‍ എഴുതി .രണ്ടു പേരും പതുങ്ങി പതുങ്ങി ചെന്ന്,  പുസ്തകങ്ങള്‍ തിരികെ ജയശ്രീ മാഡത്തിന്റെ മേശയില്‍ വച്ചു.

അങ്ങനെ പരീക്ഷ ഫലം വന്നു ..ദീപകിനുംജയകൃഷ്ണനും മാത്രം 25/25 മാര്‍ക്ക് ..അതോടെ അവർ ക്ലാസ്സിലെ പഠിപ്പിസ്റ്റുകളുടെ ലിസ്റ്റിൽ കയറി .

പതുക്കെ പതുക്കെ ഇത് കാതോടു കാതോരം പടർന്നു പിടിച്ചു ..എട്ടാം ക്ലാസ് ആവുമ്പോഴേക്കും ക്ലാസ്സിലെ ആണ്‍ കുട്ടികൾ മുഴുവൻ യൂണിറ്റ് ടെസ്റ്റ്‌ ഇങ്ങനെ എഴുതാൻ തുടങ്ങി .അങ്ങനെ ഒരു പുതിയ മാഫിയ ഉടലെടുത്തു . അവരതിന് ഇട്ട പേരാണ് "ഉമ" !! പിന്നീട് ഉമ എന്ന 'നാമം' ഒരു 'ക്രിയ 'ആയി . ഈ പരിപാടിക്ക് " ഉമ ചെയ്യുക " എന്നായി ഷോര്ട്ട് ഫോം !


കാലം  ചെല്ലുന്തോറും ഉമ ശക്തി പ്രാപിച്ചു വന്നു . ഇതിനിടയിൽ, സ്കൂൾ -പുതിയ കെട്ടിടത്തിലേക്ക് മാറ്റി . അതോടു കൂടി സ്റ്റാഫ്‌ റൂമിന് വാതിലും ഉണ്ടായി . ടീച്ചേഴ്സ് ഇല്ലാത്തപ്പോൾ വാതിൽ ഒരു പൂട്ടിട്ടു പൂട്ടും . പക്ഷെ ഇതിനകം പടര്ന്നു പന്തലിച്ച " ഉമ " ക്ക് ആ വാതിലിന്റെ കള്ള താക്കോൽ ഉണ്ടാക്കുക എന്നത് പൂ പറിക്കുന്ന പോലെ നിസ്സാരമായ കാര്യമായിരുന്നു .അങ്ങനെ പിന്നെയും ഈ പ്രസ്ഥാനം തുടർന്നു പോന്നു . 

 എന്ത് കള്ളത്തരം ചെയ്താലും പിടിക്കപെടുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു ഞങ്ങളുടെ ബാച്ചിൽ ..! അദ്ദേഹം ജനിച്ചത് " പൂയില്യം " നക്ഷത്രത്തിൽ  ആയതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .
പൂയം ,ആയില്യം എന്നീ നാളുകൾ കൂടി ചേരുന്ന ദിവസത്തിൽ ജനനം ! അത് കൊണ്ട് അദ്ദേഹത്തെ പൂയില്യം എന്നാണു വിളിച്ചു കൊണ്ടിരുന്നത് .

ഒരിക്കൽ നമ്മുടെ പൂയില്യം ചേട്ടൻ , സോഷ്യൽ സയൻസിൽ "ഉമ " ചെയ്യാം എന്ന് തീരുമാനിച്ചു . അതാകട്ടെ ബാബുരാജ് സാറുടെ സബ്ജക്റ്റ് ..സുരേഷ് ഗോപി സ്റ്റൈലിൽ കേസന്വേഷിക്കാൻ മിടുക്കനാണ് അദ്ദേഹം .! അത് കൊണ്ട് സാധാരണ ആരും ഈ സബ്ജക്റ്റിൽ "ഉമ" ചെയ്യാറില്ല . പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂയില്യം പിന്മാറിയില്ല . അദ്ദേഹം "ഉമ " ചെയ്തു !

 മൂല്യ നിര്ണയം കഴിഞ്ഞ യൂണിറ്റ് ടെസ്റ്റ്‌ പുസ്തകങ്ങൾ വിതരണം ചെയ്യാൻ വന്ന ബാബുരാജ്‌ സാർ പൂയില്യത്തെ  വിളിപ്പിച്ചു .

" രജിത്ത് ..ഇവിടെ വാ ..നീ ഉത്തരങ്ങൾ പിന്നീട് എഴുതി ചേർത്തത് അല്ലെ ?"
(പൂയില്യത്തിനെ സാർ വിളിച്ചു കൊണ്ടിരുന്നത് രജിത് എന്നാണ് ..അല്ലാതെ ശരിക്കുള്ള പേരല്ല !)

" അല്ല സർ !!" പൂയില്യം പറഞ്ഞു .

" ടാപ്പ് ! " മോന്തക്കിട്ട് ഒരെണ്ണം കിട്ടി .

" അതെ സാർ .. തല്ലല്ലേ ! "  വാക്ക് മാറി .


കണ്ടു  നിന്നവർ അമ്പരന്നു .
" ഹോ ..സാറിന്റെ ഒരു ബുദ്ധി !" ഗേൾസ്‌ ബാബുരാജൻ സാറിനെ പ്രകീര്ത്തിച്ചു .

"എന്നാലും സാർ അതെങ്ങനെ പിടിച്ചു? "സാർ പോയപ്പോൾ എല്ലാവരും രജിത്തിന്റെ ചുറ്റും കൂടി .

" അത് ..ഞാൻ പുതിയ ഉത്തരങ്ങൾ എഴുതുന്നതിനു മുന്പ് ;സാർ അത് പകുതി നോക്കി മാര്ക്ക് ഇട്ടു വച്ചിരുന്നു ..നോക്കി കഴിഞ്ഞിട്ടില്ലല്ലോ എന്ന് കരുതി ഞാൻ ബാക്കി ഉള്ള സ്ഥലത്ത് എഴുതി ചേർത്തു !"


" ആഹാ  അത്രേയുള്ളൂ  അല്ലെ .!.." 
എന്നും പറഞ്ഞു എല്ലാവരും കൂടെ പൂയില്യത്തിനെ കുനിച്ചു നിർത്തി ഇടി തുടങ്ങി .

 ഞാൻ പതിയെ അവന്റെ യൂണിറ്റ് ടെസ്റ്റ്‌ ബുക്ക്‌ വാങ്ങി നോക്കി .

"പിടിക്കപ്പെട്ടതിൽ യാതൊരു അദ്ഭുതവും ഇല്ല.....സാധാരണ പരീക്ഷ എഴുതിയിരിക്കുന്നത് നീല മഷിയിൽ ...രണ്ടാമതും പോയി എഴുതി ചേര്ത്തത് ആകട്ടെ കറുപ്പ് മഷിയിലും ,...!  പോരെ പൂരം !!  "

അങ്ങനെ ഒരു "പൂയില്യം" കാരണം "ഉമ " എന്നാ സാംസ്കാരിക സംഘടന പൂട്ടി പോയി  !!

ഈ സാങ്കേതിക വിദ്യ സ്കൂൾ മൊത്തം പാട്ടാവുകയും ചെയ്തു .
പ്രിൻസിപ്പൽ ഉടൻ തന്നെ യൂണിറ്റ് ടെസ്റ്റ്‌ ,നോട്ട് ബുക്കിൽ നിന്നും പേപ്പറിലേക്ക് ആക്കാൻ ഉത്തരവിട്ടു .അങ്ങനെയാണ് യൂണിറ്റ് ടെസ്റ്റുകൾ പേപ്പറുകളിൽ ആയത് !!!


-----------------------------------------------------------------------------------------------------------




*മക്കൽ = മോഷ്ടിക്കൽ