വിക്രമശില ഹോസ്റ്റലിന്റെ മുകളിലെ നിലയിലെ വലതു ഭാഗത്തുള്ള ഹാളിൽ ,ഏറ്റവും അറ്റത്തുള്ള രണ്ടു നില കട്ടിലിന്റെ മുകളിലത്തെ തട്ടിൽ ഞാൻ കിടന്നു .ഉച്ചയൂണിനു ചിക്കനും പായസവും ഒക്കെ അകത്താക്കി വന്നതിനു ശേഷം ഉള്ള കിടപ്പാണ് . കട്ടിലിനോട് ചേർന്നുള്ള ജനാലകൾ തുറന്നിട്ടാൽ പുറത്തുള്ള ഗ്രൗണ്ടിൽ നിന്നും നല്ല കാറ്റ് വരും.ഞാൻ ഒന്നു മയങ്ങിയപ്പോളേക്കും ചുറ്റിനും നല്ല ബഹളം . കണ്ണ് തുറന്നു നോക്കുമ്പോൾ അക്വേഷ് എന്ന് വിളിക്കുന്ന ഉമേഷ് വന്നിരിക്കുന്നു .സ്കൂളിൽ നിന്നും പുറത്ത് ചാടി ഷൊർണൂർ പോയി നൂൺ ഷോ കണ്ടു വന്നുള്ള നിൽപ്പാണ് . ഒട്ടു മിക്ക ആഴ്ചകളിലും ഇത് പതിവാണ് .അത് കൊണ്ട് തന്നെ ഒരു നായക സ്ഥാനം ഞങ്ങൾ ഒമ്പതാം ക്ലാസ്സുകാർ അവനു നൽകിയിരുന്നു .
Friday 30 October 2020
ആക്ഷനും റിയാക്ഷനും
ഇത്തവണ അവൻ വന്നത് അല്പം പരിഭ്രമിച്ചു കൊണ്ടാണ്. കള്ളത്തരം പിടിക്കപ്പെടുമോ എന്ന ഭാവം ആയിരുന്നു മുഖത്ത് .
അവൻ പറഞ്ഞു
"ഞാൻ ഇന്ന് പെടാൻ ചാൻസ് ഉണ്ട് ഡാ "
"എന്ത് പറ്റി ?"
"സിനിമയുടെ ഇന്റർവെൽ സമയത്ത് കൊക്കക്കോള കുടിക്കാൻ
പോയപ്പോൾ ലൈബ്രറി സാറുടെ മുന്നിൽ പെട്ടു .ഉടുമുണ്ട് കൊണ്ട് മുഖം മറച്ചു ഞാൻ രക്ഷപ്പെട്ടു.അയാൾ എങ്ങാൻ കണ്ടിട്ടുണ്ടെങ്കിൽ പണി പാളും "
"പുള്ളിക്ക് എല്ലാ ആഴ്ചയും സിനിമ കാണൽ തന്നെ ആണ് പരിപാടി . അത് കൊണ്ട് നിന്നെ ശ്രദ്ധിക്കാൻ ഉള്ള ചാൻസ് കുറവാണ് "-അവിടെ നിന്ന ആരോ അവനെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു .
അക്വേഷ് എന്ന വിളിപ്പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട് .എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആശാൻ ഒരു വാക്ക് മാൻ കൊണ്ട് വന്നു . രാവിലെയും ,വൈകീട്ടും, രാത്രിയും ആ വാക്ക് മാനിൽ അക്വാ ഇൻ അക്വേറിയം എന്ന ആൽബത്തിലെ പാട്ടുകൾ മാത്രം .എപ്പോഴും ഒരേ പാട്ടുകൾ കേട്ട് ബോറടിച്ച കുട്ടികൾ അവനെ അക്വേഷ് എന്നു നാമകരണം ചെയ്തു .
അങ്ങനെ അക്വേഷ് പോയപ്പോൾ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു . കുറച്ച് തുണി അലക്കാൻ ഉണ്ട്. അത് ഇന്ന് ഈ ഞായർ ആഴ്ച തന്നെ ചെയ്തില്ലെങ്കിൽ ശരിയാവില്ല . കൂട്ടിയിട്ടിരുന്ന മുഷിഞ്ഞ തുണികളിൽ നിന്നും അടുത്ത ആഴ്ചയ്ക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് ബക്കറ്റിൽ ഇട്ടു .നവോദയയുടെ സ്പെഷ്യൽ 501 ബാർ സോപ്പ് രണ്ടു പീസ് എടുത്ത് മുറിച്ച് ബക്കറ്റിൽ ഇട്ടു . അപ്പുറത്തുള്ള തക്ഷശില ഹോസ്റ്റലിന്റെ മുന്നിൽ ഉള്ള അലക്കു കല്ലുകളാണ് അടുത്ത ലക് ഷ്യം . അവിടെ തിരക്കുണ്ടെങ്കിൽ പണി പാളും .സീനിയേഴ്സ് ഉണ്ടെങ്കിൽ അവന്മാർ ഞങ്ങൾ ഒമ്പതാം ക്ലാസ്സുകാരെ വിരട്ടി ഓടിക്കും . നേരെ മറിച്ച് ജൂനിയേഴ്സ് ആണെങ്കിൽ കുഴപ്പമില്ല . അവരെ ഓടിച്ച് വിട്ട് പെട്ടെന്ന് അലക്കി തീർക്കാം . ഇതെല്ലാം മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ നടന്നു . എന്റെ ഭാഗ്യത്തിന്, ഒന്ന് രണ്ട് അലക്കു കല്ലുകൾ ഫ്രീ ആയി കിടക്കുന്നുണ്ട് .കിട്ടിയ ഒന്നിൽ സ്ഥാനം പിടിച്ചു . ഉയർന്നു നിൽക്കുന്ന പ്ളാസ്റ്റിക് കൊണ്ടുള്ള ടാപ്പ് തുറന്നു .അതിശക്തിയോടെ ഷർ എന്ന ശബ്ദത്തിൽ വെള്ളം ബക്കറ്റിൽ നിറയാൻ തുടങ്ങി .തുണികൾ വെള്ളത്തിൽ മുക്കി 501 ബാര്സോപ്പ് തേച്ച് , അടുത്ത കല്ലിൽ ആരോ ഉപേക്ഷിച്ച് പോയ ഒരു വാഷിങ് ബ്രഷ് എടുത്ത് ഞാൻ ഉരക്കാൻ തുടങ്ങി .
"എടാ "
ഒരു വിളി കേട്ട് ഞാൻ ഞെട്ടി . "ചതിച്ചോ ! സീനിയേഴ്സ് ആണെങ്കിൽ പിന്നെ അവന്മാരുടെ അലക്ക് കഴിയുന്നത് വരെ മാറി കൊടുക്കേണ്ടി വരും". തിരിഞ്ഞ് നോക്കിയപ്പോൾ വടി പോലെയുള്ള ഒരു ചുവന്ന തോർത്ത്മുണ്ട് ഉടുത്ത് ഒരു രൂപം . പതിനൊന്നാം ക്ലാസ്സിലെ ഹരിലാൽ ആണ് . സീനിയർ ആണെങ്കിലും അങ്ങോർ ഒരു പാവമാണ് . മാത്രമല്ല എന്റെ കൂടെ കരാട്ടെ ക്ലാസ്സിൽ വരുന്നുമുണ്ട്.
"എന്താ ചേട്ടാ പരിപാടി " - ഞാൻ ചോദിച്ചു
" അതേയ്. ഒരു സൂപ്പർ പരിപാടി വന്നിട്ടുണ്ട് . നിനക്ക് ആക്ഷൻ ഷൂ വാങ്ങിക്കണോ ?"
നല്ല ചോദ്യം . ഇത് കൊല്ലം 1997 ആണ്. സച്ചിൻ ദൂരദർശനിൽ ആക്ഷൻറോക്കേഴ്സ് ഷൂവിന്റെ പരസ്യം കാണിക്കുന്ന കാലം. ഷൂവിന്റെ താഴെയുള്ള കണ്ണിന്റെ ആകൃതിയിൽ ഉള്ള ഒരു ദ്വാരം . അത് നടക്കുമ്പോൾ സ്പ്രിങ് പോലെ വർക്ക് ചെയ്യും . പന്ത്രണ്ടാം ക്ലാസ്സിലെ ചില ചേട്ടന്മാർ ഇട്ടു നടക്കുന്നത് കണ്ടിട്ടുണ്ട് .ഒരെണ്ണം വേണം എന്ന് ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു .
" വേണം ചേട്ടാ ... പക്ഷെ വീട്ടുകാരോട് പറയാൻ ഒരു മടി ."
"അതാണ് ഞാൻ പറയുന്നത് . ഈ ഷൂവിന് ഒക്കെ 1000 രൂപയുടെ അടുത്ത് വിലയുണ്ട് . പക്ഷെ നിനക്ക് ഞാൻ 50 രൂപക്ക് സാധനം വാങ്ങി തരാം "
"കൊള്ളാലോ പരിപാടി . അതെങ്ങനെയാ ചേട്ടാ ?"
"ഇത് പോസ്റ്റ് ഓഫീസ് വഴി ആണ് വരുന്നത് . നമ്മുടെ പന്ത്രണ്ടാം ക്ലാസ്സിലെ ഷീൻ സുരേഷ് എന്ന ചേട്ടൻ ആണ് ഇതിന്റെ മെയിൻ കണ്ണി .ഞാൻ അങ്ങോർക്ക് 50 രൂപ കൊടുത്ത് ജോയിൻ ചെയ്തു .എന്നെ പോലെ നാല് പേര് ഉണ്ട്. ഇനി ഞാൻ എന്റെ അടിയിൽ നാല് പേരെ ചേർക്കും . ഇപ്പൊ തന്നെ മൂന്നു പേരായി .ഒരാൾ പറഞ്ഞു വച്ചിട്ടുമുണ്ട് . പക്ഷെ നിനക്ക് വേണ്ടി ,ഞാൻ അയാളെ മാറ്റാം എന്നിട്ട് നിന്നെ ചേർക്കാം . അതോടു കൂടി ഷീൻ സുരേഷ് ചേട്ടന് ആക്ഷൻ ഷൂ വരും. പിന്നെ നീ നാല് പേരെ കൂടി ചേർത്താൽ എനിക്കും വരും . നീ ചേർക്കുന്നവർ നാല് പേരെ കൂടി ചേർത്താൽ നിനക്കും കിട്ടും ഷൂ ! നുക്ലീയർ ഫിഷൻ റിയാക്ഷൻ പോലെ ആളുകൾ കൂടിക്കൊണ്ടേ ഇരിക്കും." നാടോടിക്കാറ്റിലെ ഗഫൂറിക്കയെ പോലെ ഹരിലാൽ വിവരിച്ചു .
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ."അപ്പോൾ ഞാൻ ആണ് ഏറ്റവും ആദ്യം ഇത് എന്റെ ക്ലാസ്സിൽ ചെയ്യാൻ പോകുന്നത് . എന്റെ ക്ലാസ്സിലെ മറ്റുള്ളവരൊന്നും ഇത് അറിഞ്ഞിട്ടുണ്ടാവില്ല . അതു കൊണ്ട് തന്നെ എനിക്ക് പെട്ടെന്ന് ഷൂ കിട്ടാനുള്ള വകുപ്പുണ്ട് "
"എന്റെ കയ്യിൽ പക്ഷെ അമ്പത് രൂപ ഇല്ല ചേട്ടാ " ഞാൻ ദുഖഃത്തോടെ പറഞ്ഞു .
"അതിനും വഴിയുണ്ട് . നീ നമ്മുടെ സുജാത മാഡത്തിന്റെ കയ്യിൽ നിന്നും ഒരു 50 രൂപ കടം വാങ്ങിക്ക്.. തരും "
"അതിന് മാഡം എനിക്ക് പൈസ തരുമോ ?" ഞാൻ സംശയിച്ചു
"അതൊക്കെ തരും .നിനക്ക് പ്രോജക്ടിന് ആവശ്യമുണ്ട് എന്ന് പറഞ്ഞാൽ മതി .അടുത്ത മാസം വീട്ടുകാർ വരുമ്പോൾ മടക്കി കൊടുക്കാം "
"ഓക്കേ . ഞാനൊന്നു നോക്കട്ടെ "
"പെട്ടെന്ന് വേണം . വൈകിയാൽ അറിയാലോ... ഞാൻ വേറെ ആളെ ചേർക്കും . "
"ഏയ് വേണ്ട ചേട്ടാ ..ഞാൻ വാങ്ങി തരാം "
അങ്ങനെ ഞാൻ സുജാത മാഡത്തിന്റെ കയ്യിൽ നിന്നും പൈസ കടം വാങ്ങി ഹരിലാലിനു കൊടുത്തു .
ദിവസങ്ങൾ കടന്നു പോയി . ഒരു ദിവസം ഒരു ഫോമുമായി ഹരിലാൽ എന്നെ കാണാൻ വന്നു .
"എടാ നീ അറിഞ്ഞോ ഷീൻ സുരേഷേട്ടന് റോക്കേഴ്സ് ഷൂ വന്നു .ഇതാണ് നിനക്കുള്ള ഫോം. ഇതിൽ നീ നാല് പേരെ ഉടൻ ചേർക്കണം .അത് കഴിഞ്ഞാൽ എനിക്ക് ഷൂ വരും."
"ഞാൻ 4 പേരെ പറഞ്ഞു വച്ചിട്ടുണ്ട് ഉടൻ ചേർക്കാം "
അങ്ങനെ ഞാൻ എന്റെ ക്ലാസ്സില് മറ്റൊരു ഗഫൂർ ക ദോസ്ത് ക്ളാസ് എടുത്ത് ജോമോനെയും, അരുണിനെയും, ജിനീഷിനെയും ,ഇജാസ് അലിയെയും ചേർത്തു . എല്ലാവരും കിനാവ് കാണാൻ തുടങ്ങി . സൈലെന്സർ വേണോ റോക്കേഴ്സ് വേണോ എന്നായിരുന്നു ജോമോന്റെ സംശയം. അവന്റെ അഭിപ്രായത്തിൽ കപില്ദേവിന്റെ സൈലെന്സര് ഷൂ പരസ്യം ആണ് ഗംഭീരം.അത് കൊണ്ട് അവൻ സൈലെന്സര് ഷൂ സെലക്ട് ചെയ്തു . ബാക്കി എല്ലാവര്ക്കും റോക്കേഴ്സ് തന്നെ മതി. ഫോം എല്ലാം ഫിൽചെയ്ത് ഞാൻ പോസ്റ്റിൽ അയച്ചു കൊടുത്തു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉള്ള ഒരു മോർണിംഗ് അസംബ്ലി . അന്ന് ഞാൻ കാലത്ത് പി. ടി യ്ക്ക് പോയിരുന്നില്ല . പ്രിൻസിപ്പൽ ബാലൻ സാർ അന്ന് ആകെ ദേഷ്യത്തിൽ ആണ് . പ്രെയർ തുടങ്ങി "ഓം അസതോമാ സർഗമയ..തമസോമാ ജ്യോതിർഗമയ , മൃത്യോമാ അമൃതം ഗമയ .." അത് കഴിഞ്ഞു പ്രതിജ്ഞ വന്നു, ഇന്നത്തെ ചിന്താ വിഷയം വന്നു , വാർത്തകൾ വന്നു,കമ്മ്യൂണിറ്റി സോങ് വന്നു, സ്കൂൾ ലീഡർ കിറോഷ് രാജൻ സാവ്ധാനും വിശ്രമും ഒക്കെ ഇതിനിടയിൽകുറെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട് .പക്ഷെ എന്റെ ചിന്ത മുഴുവൻ വരാൻ പോകുന്ന ആക്ഷൻ ഷൂവിനെ കുറിച്ചായിരുന്നു .അങ്ങിനെ പ്രിൻസിപ്പാളിന്റെ പ്രസംഗത്തിന് സമയമായി .
"ഡിയർ ടീച്ചേഴ്സ് ആൻഡ് മൈ ഡിയർ ചിൽഡ്രൻ... "
തന്റെ സ്ഥിരം അഭിസംബോധന ശൈലിയുമായി അദ്ദേഹം പ്രസംഗിച്ചു തുടങ്ങി.
കിലുക്കത്തിലെ ഇന്നസെന്റിന്റെ ഡയലോഗ് എന്റെ മനസ്സിൽ മുഴങ്ങി - " ഉം കേട്ട്ണ്ട് ..
കേട്ട്ണ്ട് !"
പ്രിൻസിപ്പൽ തുടർന്നു
"നിങ്ങൾ ആരും പി ടി യ്ക്ക് പോകുന്നില്ല എന്ന് ഞാൻ അറിഞ്ഞു . അത് കൊണ്ട് ഇവിടെ ഈ അസ്സെംബ്ലയിൽ വച്ച് പി ടി നടത്തിയിട്ട് നിങ്ങൾ ക്ലാസ്സിൽ കയറിയാൽ മതി. ജോസ് സർ വരൂ "
ജോസ് സർ വന്നു വിസിൽ അടിച്ചു പി ടി തുടങ്ങി. "കാലത്ത് കുളി കഴിഞ്ഞ് വന്നിട്ടും വിയർത്തു കുളിക്കാൻ ആണ് വിധി "ഞാൻ മനസ്സിൽ ഓർത്തു .
പി ടി കഴിഞ്ഞപ്പോളേക്കും ഏകദേശം 8 മണി ആയി . സൂര്യന്റെ നല്ല വെയിലും ചൂടും ഉണ്ട് .
"എല്ലാവരും ഇരുന്നോളൂ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് " -പ്രിൻസിപ്പൽ പറഞ്ഞു
ഭൂരി ഭാഗം പേരും വിയർത്തു കുളിച്ച് അസഹ്യരാണ് .
"ദ വൈറ്റമിൻ ഡി ദാറ്റ് യു ആർ എൻജോയിങ് റൈറ്റ് നൗ ഈസ് ഫ്രീ ഓഫ് കോസ്റ്റ് " -അദ്ദേഹം തുടർന്നു .
"ആഹാ അത് ശരി .. പ്രിന്സിപ്പാളിനു വെയില് കൊള്ളാതെ നിൽക്കാൻ അവിടെ സ്റ്റേജ് ഉണ്ട് . നമ്മുടെ കാര്യമാ കഷ്ടം !" ജിനീഷ് ശബ്ദം താഴ്ത്തി പറഞ്ഞു .
"കുട്ടികളുടെ ഇടയിൽ പൈസയുടെ ദുരുപയോഗം നടക്കുന്നതായി ഞാൻ അറിഞ്ഞു . ക്യാമ്പസിനുള്ളിൽ ഒരു മണി ചെയിൻ ബിസിനസ് നടക്കുന്നുണ്ട്. ഷൂ വാങ്ങിക്കാനും മറ്റും ...ആൻഡ് ഐ ഹാവ് അസ്കഡ് പോസ്റ്റ് ഓഫീസ് റ്റു റിട്ടേൺ ദോസ് പാക്കേജ്സ് !..
ഇനി ഇത് തുടർന്നാൽ യു ഷുഡ് ബി റെഡി റ്റു ഫേസ് ദി സീരിയസ് കോൺസെക്യുൻസെസ് ! "
"അയ്യോ എന്റെ ആക്ഷൻ ഷൂ .." ഞാൻ തേങ്ങി .
ഇത് കേട്ട എന്റെ ഷൂ ബിസിനസ് കൂട്ടുകാർ എനിക്കിട്ട് നല്ല തെറി വിളിയും തന്നു .
എന്തായാലും ,വീട്ടുകാരോട് കുറ്റങ്ങൾ ഏറ്റു പറഞ്ഞ് അടുത്ത പാരെന്റ്സ് ഡേയ്ക്ക് സുജാത മാഡത്തിന്റെ 50 രൂപ ഞാൻ തിരിച്ചു കൊടുത്തു .
അങ്ങിനെ ആക്ഷനും വന്നില്ല ,ഫിഷൻ റിയാക്ഷനും നടന്നില്ല ..ആകെ പൈസ പോയത് മാത്രം മിച്ചം .
Subscribe to:
Post Comments (Atom)
Super :)
ReplyDeleteEe kadhakku ettavum yojikkunna title thanne kitty 👍
ReplyDelete