ഒട്ടകരാമായണം ആദ്യത്തെ എപ്പിസോഡ് പൂർത്തിയാക്കി പബ്ലിഷ് ചെയ്തു ഞാൻ കിടന്നു.. പാതിരാ കഴിഞ്ഞിരിക്കുന്നു . എങ്ങും നിശബ്ദത മാത്രം . "ലൈക്കും കമന്റ്സും വന്നിട്ടുണ്ടാവുമോ ? ഒന്ന് നോക്കിയാലോ ?" മനസ്സിൽ വന്ന ഇമ്മാതിരി ജിജ്ഞാസകളെ വകഞ്ഞു മാറ്റി സുഖകരമായ ഉറക്കത്തിലേക്ക് ഞാൻ ചാഞ്ഞു . വൈകി കിടന്നതിനാൽ അലാറം വച്ചത് കാലത്തു 9മണിക്ക് വേണ്ടിയാണ് ..
ഫോണിന്റെ ശബ്ടം കേട്ടപ്പോളാണ് പിന്നീട് ഞാൻ ഉണർന്നത് . "നാശം ഇത്ര പെട്ടെന്നു അലാറം അടിച്ചോ ?" മനസ്സാ ശപിച്ചു കൊണ്ട് ഞാൻ ഭിത്തിയിലുള്ള ക്ളോക്കിലേക്ക് ദൃഷ്ടി പായിച്ചു . നേരം 7 മണി .അപ്പോൾ അലാറം അടിച്ചതല്ല " ആരാണാവോ ഈ വെളുപ്പാൻ കാലത്ത് മനുഷ്യനെ മെനക്കെടുത്താൻ !" മനസ്സിൽ പിറു പിറുത്ത് കൊണ്ട്, കൺ കോണുകളിലെ പീള കൈ കൊണ്ട് തുടച്ചു ഞാൻ ഫോണിലെ നമ്പർ നോക്കി .പരിചയമില്ലാത്ത ഏതോ നമ്പർ ആണ്. ഞാൻ ഫോൺ എടുത്തു .
"ഹലോ "
അങ്ങേ തലയ്ക്കൽ ഒരു സ്ത്രീ ശബ്ദം- . "നിഖിൽ അല്ലെ?".
"അതെ " ഞാൻ പറഞ്ഞു .
"ബ്ലോഗ് വായിച്ചു .. നന്നായിട്ടുണ്ട് നിഖിൽ . പഴയ കാലത്തേക്ക് ഞാൻ കുറച്ച് സഞ്ചരിച്ചു " അവൾ മൊഴിഞ്ഞു
"ആരാണെന്ന് എനിക്ക് മനസ്സിലായില്ല " -ഞാൻ പറഞ്ഞു .
" എടാ ഞാൻ XXXX ആണ് .മനസ്സിലായില്ലേ ?"
ഒട്ടകരാമായണം ആദ്യ എപ്പിസോഡിന്റെ അവസാന ഭാഗത്തു ഒട്ടകത്തിനെ പ്രൊപ്പോസ് ചെയ്ത 5th ബാച്ചിലെ സുന്ദരി ആണ് അവളെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല .
" ആ ..ശബ്ദം കേട്ടിട്ട് മനസിലായില്ല ..കാലം കുറെ ആയില്ലേ ? പറ എന്തുണ്ട് വിശേഷങ്ങൾ "
" ഒന്നുമില്ല ..ജീവിക്കാൻ സമ്മതിക്കരുത് കേട്ടോ !"
" ഏയ് അങ്ങനൊന്നുമില്ല ..ചുമ്മാ രസത്തിനു വേണ്ടി ചെയ്തതല്ലേ ..നിന്റെ പേരൊന്നും ഞാൻ ഇത് വരെ പറഞ്ഞില്ലല്ലോ ?"
" ഉവ്വുവ്വ് ..ഇനി അതും കൂടെയേ പറയാൻ ബാക്കിയുള്ളു ..ആ ജീബേച്ചി ഒക്കെ കേട്ടാൽ മതി ..ലോകം മുഴുവൻ ഫ്‌ളാഷ് ആകും..അതിലും ഭേദം വല്ല മറുനാടൻ മലയാളി വെബ്‌സൈറ്റിലും കൊടുക്കുവാ !"
അവൾ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു .
" എടീ നീ പേടിക്കണ്ട ..ഈ രഹസ്യം അറിയാവുന്നത് നിനക്കും എനിക്കും ഒട്ടകത്തിനും മാത്രം ആണ് . നിങ്ങൾ രണ്ട് പേരുടെ വായിൽ നിന്നും എന്തായാലൂം ഇത് പുറത്തു പോകില്ല .പിന്നെ ഞാൻ !.. ഈ രഹസ്യം എന്നോട് കൂടി മൺമറഞ്ഞു പോകും !"
- ഇത്രയും പറഞ്ഞപ്പോളേക്കും എന്റെ ശബ്ദം മോഹൻലാലിന്റെ പോലെയായി.
"നീ ആരാടാ ..ദൃശ്യത്തിലെ മോഹൻ ലാലോ ?"
" തൽക്കാലം ആണെന്ന് തന്നെ കൂട്ടിക്കോ .. എന്തായാലും ഞാൻ കാരണം ഇത് മറ്റൊരാൾ അറിയാനിട വരില്ല ..ഉറപ്പ് ! "
"ഉറപ്പാണല്ലൊ അല്ലെ ? ഒരു കൈയബദ്ധം പറ്റിപ്പോയി ..ഉപദ്രവിക്കരുത് ! ഞാൻ പിന്നെ വിളിക്കാം "
ഫോൺ കട്ട് ചെയ്ത് വീണ്ടും ഉറങ്ങാൻ തുനിയുമ്പോഴേക്കും അത് ഒന്ന് കൂടെ ശബ്ദിച്ചു .
ഫോണിന്റെ സ്‌ക്രീനിൽ ഒട്ടകം എന്ന് തെളിഞ്ഞു കാണുന്നുണ്ട് .ഞാൻ ഫോൺ എടുത്തു .
" എടാ @@^%% നീ അന്യായ പണി തന്നല്ലോ " ചിരി കലർന്ന ശബ്ദത്തിൽ അവൻ തുടങ്ങി.
"എന്തായാലും സംഭവം കലക്കി . പിന്നേയ് ആ പെങ്കൊച്ചിന്റെ പേര് എഴുതണ്ട ട്ടാ ..പാവം !"
ഞാൻ പറഞ്ഞു -" അതിപ്പോ നീ പറഞ്ഞിട്ട് വേണോ ? എനിക്കറിഞ്ഞൂടെ ? അതൊന്നും പറയുന്ന പ്രശ്നമില്ല ."
ഞാൻ അവന് വാക്ക് കൊടുത്തു രണ്ടാമതും ഉറങ്ങാൻ കിടന്നു .
അദ്ധ്യായം 7 - സിനാറ്റിയോ
1994 ലെ ഒരു വെക്കേഷൻ കഴിഞ്ഞ് കുട്ടികളെല്ലാം സ്‌കൂളിൽ തിരിച്ചെത്തി . വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്ന സമയം ആയിരുന്നു അത്. ഇന്നേ വരെ ഒരൊറ്റ ഫുട്‍ബോൾ കളി കാണാത്തവർ പോലും കളിക്കാരുടെ പേരും പറഞ്ഞ് ഓരോ ടീമിനെ സപ്പോർട്ട് ചെയ്യുന്നത് ഒട്ടകത്തിന്റെ ശ്രദ്ധയിൽ പെട്ടു. അവനാണെങ്കിൽ ;ആകെ അറിയാവുന്ന ടീമുകൾ ബ്രസീലും അർജന്റീനയും മാത്രം !. അതും നാട്ടിൽ ,കൊടികൾ കുത്തിയത് കണ്ടുള്ള പരിചയം മാത്രം .ഫുട്‍ബോളിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത രതീഷ് സി വരെ 'റോബർട്ടോ ബാജിയോ -ദിനോ ബാജിയോ' എന്നൊക്കെ വിളിച്ച് പറഞ്ഞ് നടക്കുന്നു .."ഇവന്മാരൊക്കെ വൻ അഭിനയം ആണല്ലോ ? ഒരു പണി കൊടുത്തു കളയാം " ഒട്ടകം മനസ്സിൽ ഒരു പ്ലാൻ മെനഞ്ഞു . "സിനാറ്റിയോ " എന്നൊരു കളിക്കാരൻ ബൾഗേറിയ ടീമിൽ ഉണ്ടെന്നും .അയാളുടെ ഗംഭീര കളി കാരണം ബൾഗേറിയ ഇപ്രാവശ്യം കപ്പ് എടുക്കുമെന്നും അവൻ പറഞ്ഞു നടക്കാൻ തുടങ്ങി. ആ വലയിൽ ആദ്യം വീണത് ഞങ്ങളുടെ ക്ലാസ്സിലെ തന്നെ ,കൊതുക് എന്ന് വിളിക്കുന്ന രവീന്ദ്രൻ ആയിരുന്നു .ഒട്ടകം സിനാറ്റിയോ യുടെ കാര്യം അവതരിപ്പിച്ച ഉടൻ രവീന്ദ്രൻ പറഞ്ഞു- "ശരിയാ ഞാൻ ഇയാളുടെ ഒരു കളി കണ്ടിട്ടുണ്ട് . ഏത് ലീഗ് ആണെന്ന് ഓർമയില്ല ..പക്ഷെ ആ കളിയിൽ ഇയാൾ 2 ഗോൾ നേടി.ഭയങ്കര കളി ആണ് ." അടുത്തിരുന്ന രതീഷ് സി താനും മോശക്കാരൻ ആവരുതല്ലോ എന്ന് കരുതി ഏറ്റു പിടിച്ചു
-" ആ ..സിനാറ്റിയോ അല്ലെ ..ഗംഭീര കളി തന്നെ ! മിക്കവാറും ബൾഗേറിയ തന്നെ കപ്പ് എടുക്കും ". ബൾഗേറിയയും സിനാറ്റിയോയും അങ്ങനെ സ്‌കൂൾ മൊത്തം ഫേമസ് ആയി . സെമി ഫൈനൽ വന്നെത്തി .ബൾഗേറിയയുടെ കളി കാണാൻ പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങി പിള്ളേർ എല്ലാവരും, ഒരു ബുധനാഴ്ച കാലത്ത് തന്നെ മെസ് ഹാളിൽ വന്നു .സ്‌കൂളിൽ അന്ന് പഴയ ഒരു "സോളിഡേയർ " കമ്പനിയുടെ ടി വി ആണ് . സ്ക്രൂ ഇട്ടു തിരിപ്പിച്ചു ചാനൽ ട്യൂൺ ചെയ്യുന്ന സാധനം .മാത്രവുമല്ല മായന്നൂർ എന്ന സ്ഥലത്തു ദൂരദർശൻ സിഗ്നൽ റിസ്പഷൻ കുറവുള്ളതിനാൽ പുറത്തു വച്ചിട്ടുള്ള മീൻ മുള്ളു പോലെയുള്ള യാഗി യൂദാ ആന്റിന തിരിപ്പിച്ചു വേണം ദൂരദർശൻ പിടിക്കാൻ .പലപ്പോഴും ടി വി ട്യൂൺ ചെയ്തു ശരിയാവുമ്പോളേക്കും പുറത്തുള്ള ആന്റിന തിരിഞ്ഞ് വേറൊരു ദിശയിൽ ആയിട്ടുണ്ടാവും .എങ്കിലും പതിനൊന്നാം ക്ലാസ്സിലെ രണ്ട് മൂന്ന് ചേട്ടന്മാരുടെ പരിശ്രമ ഫലമായി എങ്ങനെയെങ്കിലുമൊക്കെ കാണാവുന്ന രൂപത്തിൽ ഇമേജ് തെളിഞ്ഞ് വരും . തെളിഞ്ഞ് വന്നാൽ ഉടൻ ടിവി ശരിയാക്കിയ വ്യക്തിക്ക് അന്യായ കയ്യടി കിട്ടും .മിക്കവാറും മൈക്ക് ഓപ്പറേറ്റർ മനീഷ് ഏട്ടൻ ഒക്കെയായിരിക്കും അതിനു അര്ഹനാകുക .അങ്ങനെ വേൾഡ് കപ്പ് ഏകദേശം കാണാവുന്ന രൂപത്തിൽ ,പകുതി ഗ്രെയിൻസോട് കൂടി ദൃശ്യങ്ങൾ തെളിഞ്ഞു . സെമി ഫൈനലിൽ ബൾഗേറിയ- ഇറ്റലിയെ ആണ് നേരിടുന്നത് . സിനാറ്റിയോയെ കാണാനുള്ള ആകാംക്ഷയിൽ ഇരുന്ന രവീന്ദ്രനും രതീഷ് സിയും പക്ഷെ നിരാശരായി . കളിക്കാരുടെ മുഴുവൻ പേരിൽ തപ്പി തിരഞ്ഞിട്ടും അവർക്ക് സിനാറ്റിയോയെ കണ്ടു പിടിക്കാനായില്ല . തങ്ങൾ പറ്റിക്കപ്പെട്ട വിവരം ചമ്മലോടെ അവർ മനസ്സിലാക്കി .ആ കളിയുടെ അവസാനം 1 -2 ന് ഇറ്റലിയോട് ബൾഗേറിയ പൊട്ടി . ചമ്മലോടെ പുറകിലോട്ട് തിരിഞ്ഞ് നോക്കിയ രതീഷ് സി ,ആൾക്കൂട്ടത്തിനു പുറകിൽ മുകളിലായി നീട്ടി പിടിച്ച ഒരു തല കണ്ടു .ആറടി ഉയരമുള്ള ഒട്ടകം ജനക്കൂട്ടത്തിനു മുകളിലൂടെ ഏറ്റവും പുറകിൽ നിന്ന് കളി കാണുന്നുണ്ടായിരുന്നു -ഒരു കള്ള ചിരിയോടെ .കളി കണ്ട് കഴിഞ്ഞ് ക്ലാസ്സിലേക്ക് കയറി വന്ന രതീഷ് സിയോടും രവീന്ദ്രനോടും ആയി ഒട്ടകം ചോദിച്ചു - "സിനാറ്റിയോയുടെ കളി എങ്ങനുണ്ട് മക്കളെ ?" ചമ്മിയ ചിരിയോടെ രണ്ടു പേരും അവരവരുടെ സീറ്റിലേക്ക് നടന്നപ്പോൾ ക്‌ളാസ് മൊത്തം ഒരു കൂട്ടച്ചിരി പടർന്നു .
അദ്ധ്യായം 8 - വോളിബോൾ
പതിനൊന്നാം ക്ലാസ്സ് തൊട്ട് മാത്രമേ ഞങ്ങളുടെ സ്‌കൂളിൽ വോളിബോൾ പരിശീലിപ്പിച്ചിരുന്നുള്ളൂ .ഇതിനായി പതിനൊന്നാം ക്ലാസ്സിന്റെ തുടക്കത്തിൽ ഒരു സെലക്ഷൻ നടത്തും . ഉയരം കൂടിയവർക്കാണ് മുൻഗണന .അത്യാവശ്യം ഉയരമുള്ള വിഭാഗത്തിൽ പെടുന്നവരായതു കൊണ്ട് എന്നെയും ഒട്ടകത്തിനെയും ഒക്കെ സെലക്ഷന് വിളിച്ചിരുന്നു . സാറുമാരുടെ കൂടെ വോളിബോൾ കളിപ്പിക്കും .എന്നിട്ട് നല്ല കളിക്കാരെ തിരഞ്ഞ് പിടിക്കും . പക്ഷെ ചാടി വോളിബോൾ സ്മാഷ് അടിക്കാൻ എനിക്കും ഒട്ടകത്തിനും സാധിക്കുമായിരുന്നില്ല .അങ്ങിനെ പുറത്താക്കിയവരുടെ കൂട്ടത്തിൽ ഞാനും ഒട്ടകവും ഉൾപ്പെട്ടു . വോളിബോൾ കളിയ്ക്കാൻ കഴിയാതെ വന്നപ്പോളുള്ള നിരാശയിൽ ഒട്ടകം പുതിയ ഒരു പ്ലാൻ ഉണ്ടാക്കി . ഗ്രൗണ്ടിലേക്ക് പോകാതെ ഹോസ്റ്റലിൽ നിന്നും എക്സർസൈസ് ചെയ്തു കട്ട ആയി മാറുക എന്നതായിരുന്നു അത് . ഞങ്ങളുടെ ഹോസ്റ്റലിൽ തലമുറകളായി സീനിയേഴ്‌സിൽ നിന്നും കൈമാറി വന്ന ഒരു ഡംപെല്‍ ഉണ്ടായിരുന്നു . നടുവിൽ ഒരു ഇരുമ്പു കമ്പിയും രണ്ടറ്റത്ത് കോൺക്രീറ്റ് വെയിറ്റും ഉള്ള ഒരു ഐറ്റം . ഈ സാധനം ഉപയോഗിച്ച് ഞങ്ങൾ ദിവസവും ,വെയിറ്റ് അടി തുടങ്ങി . ചെറിയ ഫലം ഞങ്ങളുടെ ശരീരത്തിൽ കണ്ടു തുടങ്ങി എന്ന് പറഞ്ഞു കൂടുതൽ പേർ ഈ പരിപാടിയിൽ ചേർന്നു.അങ്ങനെ പി ടി ടൈമിൽ കുറെ പേര് ഗ്രൗണ്ടിൽ പോകാതെ ഹോസ്റ്റലിൽ തന്നെഇരുന്നു വെയിറ്റ് അടി തുടങ്ങി . ഒരു ദിവസം പി ടി സാർ എമേഴ്‌സൻ ഈ പരിപാടി കാണാൻ ഇടയായി . ഒന്നും മിണ്ടാതെ, കാണാത്ത പോലെ നടിച്ച് അദ്ദേഹം പോവുകയും ചെയ്തു . കുറെ കാലം കഴിഞ്ഞപ്പോൾ ഒട്ടകത്തിന് മനസ്സിൽ ഒരാഗ്രഹം ."നമുക്ക് ഇനി മുതൽ ഗ്രൗണ്ടിൽ പോയി എന്തെങ്കിലുമൊക്കെ കളിച്ച് കുറച്ച് ഷോ ഓഫ് കാണിക്കാം " ഒട്ടകം പറഞ്ഞു .അങ്ങിനെ ഞങ്ങൾ ഗ്രൗണ്ടിൽ കയറി ഫുട്ബോള് കളിയ്ക്കാൻ തുടങ്ങി .ഈ സമയത്താണ് എമേഴ്‌സണ് സാർ അങ്ങോട്ട് വന്നത് . അദ്ദേഹം ഞങ്ങളെ വിളിച്ചിട്ട് സ്വതസിദ്ധമായ തമിഴ് ചുവയിൽ പറഞ്ഞു ." യാരൊക്കെയാടാ ഇവിടെ ?എന്താടാ പി ആറേ, നിഖിലേ ഈ വഴി ഒക്കെ ? നീ എല്ലാം വര വേണ്ട ..പോയി ബോഡി ബിൽഡ് ചെയ്യ്..! ഇത് കളിച്ചാൽ ബോഡി ഒടഞ്ച് പോകും ..പൊക്കോ !" അങ്ങിനെ ഞങ്ങളെ ഗ്രൗണ്ടിൽ നിന്നും അദ്ദേഹം ഓടിച്ചു . ഒരു പരിപാടി കൂടി പൊളിഞ്ഞ ദുഃഖത്തിൽ ഒട്ടകം തളർന്നു പോയി .
അദ്ധ്യായം 9 -ഗൃഹാതുരത്വം
ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒട്ടകത്തിന് അതിയായ ഹോം സിക്ക് നെസ് അനുഭവപ്പെട്ടു തുടങ്ങി. ഒരു പക്ഷെ , 4 വർഷത്തെ ഹോസ്റ്റൽ ജീവിതം ആയിരിക്കാം കാരണം . അത് കൊണ്ട് തന്നെ കുറച്ചു കാലം വീട്ടിൽ പോയി നിൽക്കാൻ ഉള്ള പ്ലാനുകൾ അദ്ദേഹം മെനഞ്ഞ് തുടങ്ങി . ഒരിക്കൽ സ്‌കൂളിൽ കണ്ണിക്കേട് പടർന്നുപിടിച്ചു .ഇത് തടയുവാനായി കണ്ണിക്കേട് വന്നവരെയെല്ലാം പ്രിൻസിപ്പൽ വീട്ടിലേക്ക് അയക്കാൻ തുടങ്ങി . ഈ വാർത്ത ഒട്ടകത്തിന്റെ ചെവിയിൽ എത്തി . "വീട്ടിൽ പോകാൻ പറ്റിയ അവസരം തന്നെ .എങ്ങനെയെങ്കിലും ആ കണ്ണിക്കേട് വരുത്തിയിട്ട് തന്നെ ബാക്കി കാര്യം" ഒട്ടകം മനസ്സിൽ ഉറപ്പിച്ചു . . പുതിയതായി കണ്ണിക്കേട് വന്ന ജോമോനെ പിടിച്ച് കൊണ്ട് പോയി അവന്റെ കണ്ണ് നീര് എടുത്ത് സ്വന്തം കണ്ണിൽ തേച്ചു പിടിപ്പിച്ചു . എന്തായാലും സംഭവം സക്സസ് ! പിറ്റേ ദിവസം ഒട്ടകത്തിന് കണ്ണിക്കേട് വന്നു .പക്ഷെ; ഇതിനകം കണ്ണിക്കേട് ബാധിച്ച ഇരുപതോളം കുട്ടികളെ പ്രിൻസിപ്പൽ വീട്ടിലേക്ക് അയച്ചു കഴിഞ്ഞിരുന്നു. ഇനിയും ഇത് തുടരുന്നത് പന്തിയല്ല എന്ന് തോന്നിയ പിൻസിപ്പൽ ബാലസുബ്രഹ്മണ്യൻ സാർ , സ്റ്റാഫ് നഴ്‌സിനെ വിളിപ്പിച്ചു ." മാഡം . ഐ തിങ്ക് വി ക്യാനോട്ട് കണ്ടിന്യു ലൈക് ദിസ് ! വൈ കാണ്ട് വി ട്രീറ്റ് ദെം സം വേർ ഹിയർ ഇറ്റ്സെൽഫ് ?" പുതിയതായി കണ്ണിക്കേട് ബാധിച്ച എല്ലാവരേയും ഗ്രൗണ്ടിന് അടുത്തുള്ള ഒരു പഴയ കെട്ടിടത്തിൽ പുനരധിവസിപ്പിക്കാൻ പ്രിൻസിപ്പൽ കൽപ്പിച്ചു . ഒട്ടകത്തിന്റെ പ്ലാൻ എട്ടു നിലയിൽ പൊട്ടി എന്ന് പ്രത്യേകം പറയണ്ടല്ലോ ..? ആ ആളൊഴിഞ്ഞ കെട്ടിടത്തിൽ നമ്മുടെ കഥാനായകന് ഒരാഴ്ച കഴിയേണ്ടി വന്നു .പക്ഷെ ,കണ്ണിക്കേട് വരാൻ ഒട്ടകം പ്രയോഗിച്ച സാങ്കേതിക വിദ്യ ,"തോണ്ടിക്കുറി" എന്ന പേരിൽ പ്രശസ്തമായി .
രണ്ടാമതൊരു ചാൻസിനു വേണ്ടി ഒട്ടകം തപസ്സിരിക്കുന്ന സമയത്താണ് ചിക്കൻ പോക്സ് പടർന്നു പിടിച്ചത് . കുറച്ച് കൂടി മാരകമായ അസുഖമായിരുന്നതിനാൽ വീട്ടുകാർ കൊണ്ട് പോകാൻ എത്തുന്നത് വരെയേ പുനരധിവാസ ക്യാംപിൽ കുട്ടികളെ താമസിപ്പിച്ചിരുന്നുള്ളൂ . ഒട്ടകം "തോണ്ടിക്കുറി " ഇത്തവണയും നടത്തി . പക്ഷെ ഇപ്രാവശ്യം അദ്ദേഹത്തിന് അസുഖം വന്നില്ല . പകരം തോണ്ടിക്കുറി നടത്താത്തവർ അസുഖം ബാധിച്ച് വീട്ടിൽ പോയി .ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു . ആ അസുഖം എത്ര മാരകമായിരുന്നെന്ന് , അത് ബാധിച്ച് വീട്ടിൽ കിടന്നപ്പോളാണ് എനിക്ക് ബോധ്യമായത് . രോഗമൊക്കെ മാറി സ്‌കൂളിലെത്തിയ ഞാൻ, അനുഭവങ്ങൾ എല്ലാം ഒട്ടകത്തിനോട് പങ്കു വെച്ചു . അങ്ങിനെ ,അവനെ തോണ്ടിക്കുറി പരിപാടിയിൽ നിന്നും താൽക്കാലികമായി പിന്തിരിപ്പിക് കാൻ എനിക്കായി . എങ്കിലും വീട്ടിലേക്ക് ചാടി പോകണം എന്ന ആഗ്രഹം അവന്റെ മനസ്സിൽ ഉറച്ച് കഴിഞ്ഞിരുന്നു .പത്താം ക്ലാസ്സിലെ യൂണിറ്റ് ടെസ്റ്റിൽ മാത്സിന് പരാജയപ്പെട്ടപ്പോൾ ആ ആഗ്രഹം വീണ്ടും സട കുടഞ്ഞെഴുന്നേറ്റു .ഒരു വൈകുന്നേരം ഒട്ടകം സ്‌കൂളിൽ നിന്നും ചാടി പോയി . മായന്നൂർ നിന്നും ഭാരതപ്പുഴ മുറിച്ച് കടന്നാൽ ഒറ്റപ്പാലം ആയി . അവിടെ നിന്നാണെങ്കിൽ ധാരാളം തൃശൂർ ബസ് കിട്ടും . പുഴ കടക്കാൻ കടത്തുവള്ളം ഉണ്ട്. ഒട്ടകം അതിൽ കയറിയപ്പോൾ അങ്ങേയറ്റത്തായി പരിചയമുള്ള ഒരു മുഖം . മറ്റാരുമല്ല സാക്ഷാൽ പ്രിൻസിപ്പൽ സാർ ! അദ്ദേഹം ഒറ്റപ്പാലത്തേക്ക് പോകാൻ ആയി ആ വള്ളത്തിൽ ഉണ്ടായിരുന്നു . മുഖം താഴ്ത്തി പിടിച്ച് അവിടെ നീന്നും രക്ഷപെട്ട ഒട്ടകം ഒറ്റപ്പാലത്ത് നിന്നും ത്യശ്ശൂർ ബസ് കയറി . അവിടെ നിന്നും ഇരിങ്ങാലക്കുട വഴി ജന്മദേശമായ പുല്ലൂറ്റിലേക്ക് ബസുകൾ കയറി ഇറങ്ങി എത്തി ചേർന്നു . സമയം രാത്രി പതിനൊന്നര .ഭക്ഷണം കഴിച്ച് ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്താണ് മുറ്റത്ത് നിന്നും ഒരു ഹോൺ കേട്ടത്. നവോദയയുടെ ഒഫിഷ്യൽ വാഹനമായ , "പേടകം" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന- നിസാന്റ മിനി ലോറി ആയിരുന്നു അത് .അങ്ങിനെ ഒന്ന് രണ്ട ആഴ്ച്ച വീട്ടിൽ തങ്ങാമെന്ന മോഹവുമായി പോയ അവനെ ,അതേ വണ്ടിയിൽ തന്നെ തിരിച്ച് സ്‌കൂളിലേക്ക് കൊണ്ട് വന്നു .തിരിച്ചെത്തിയ ഒട്ടകത്തിനോട് പ്രിൻസിപ്പൽ സാർ -ചാടി പോയത് എന്തിനാണെന്ന് ചോദിച്ചു .- " സാർ ജിനോയ് എന്നെ ഒട്ടകം എന്ന് വിളിച്ചു " അവന്റെ മറുപടി കേട്ട അദ്ദേഹത്തിന് ചിരി പൊട്ടി .
അദ്ധ്യായം 10 - ഷെർലക്ക് ഹോംസ്
സ്‌കൂളിലെ ലൈബ്രറിയിൽ പുസ്തകങ്ങളുടെ ഒരു വലിയ കളക്ഷൻ തന്നെ ഉണ്ടായിരുന്നു . എങ്കിലും പല വിലപിടിപ്പുള്ള പുസ്തകങ്ങളും സീനിയേഴ്‌സിന് മാത്രമേ വായിക്കാൻ കിട്ടിയിരുന്നുള്ളു -അതും ലൈബ്രെറിയൻ രമേഷ് സാറുടെ സ്വന്തം ശിങ്കിടികളായ ജീബ ചേച്ചിക്കും മറ്റും മാത്രം . വായനാശീലനായ ഒട്ടകത്തിന് ആ അമൂല്യ പുസ്തകങ്ങളിൽ കണ്ണുണ്ടായിരുന്നു . ഒരു ദിവസം അദ്ദേഹം രമേശ് സാറിനോട് നേരിട്ട് ചോദിച്ച് ആ പുസ്തകങ്ങളിൽ ഒന്നായ "ഷെർലക്ക് ഹോംസ് " കരസ്ഥമാക്കി . അത് വായിച്ച് തീർത്തതോടെ അവനിലെ ഡിറ്റക്ടീവ് പുറത്ത് വന്നു . ഒരു കേസ് അന്വേഷിക്കാനായി അവന്റെ മനസ്സ് ദാഹിച്ചു .സ്‌കൂളിൽ ,ഞായറാഴ്ചകളിൽ ബ്രെക്ക്ഫാസ്റ്റിന് ചപ്പാത്തി ആണ് . ഇത് പരത്തണ്ട ചുമതല ഏതെങ്കിലുംക്ലാസ്സിലെ കുട്ടികൾക്കും ആയിരിക്കും . ചപ്പാത്തി പരത്തൽ ഒരു ആഘോഷം തന്നെ ആണ്. മെസ് ഹാളിൽ പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തിന്റെ അറ്റത്തുള്ള മേശകളിന്മേൽ ആണ് സാധരണ ചപ്പാത്തി പരത്താറ് .ഒരു പാട് ചപ്പാത്തികൾ ആവശ്യമുള്ളതിനാൽ പെൺകുട്ടികൾ ഭക്ഷണം കഴിച്ച് തുടങ്ങിയാലും ചപ്പാത്തി പരത്തൽ തീർന്നിട്ടുണ്ടാവില്ല . ഈ സമയത്താണ് പിള്ളേരുടെ ഷോ ഓഫ് കൂടുക ! . ഒന്നിനു മുകളിൽ ഒന്നായി മാവ് അടക്കി വച്ച് പന്ത്രണ്ട് ചപ്പാത്തി വരെ ഒരുമിച്ച് പരത്തി ഒട്ടകം റെക്കോഡ് ഇട്ട് ഷൈൻ ചെയ്യുമായിരുന്നു . ചൂടുള്ള ചപ്പാത്തിയിൽ ഗ്രീൻപീസ് ഒഴിച്ചുള്ള ആ ബ്രെക് ഫാസ്റ്റിന്റെ രുചി പെട്ടെന്നൊന്നും അവിടെ പഠിച്ച ആരും മറക്കാൻ ഇടയില്ല .ഞായർ ഒഴികെയുള്ള ദിവസങ്ങളിലെ ചപ്പാത്തി രാജസ്ഥാനിൽ നിന്നും വന്ന കുട്ടികൾക്ക് മാത്രം ഉള്ളതാണ് . ബാക്കിയുള്ളവർക്കെല്ലാം ചോറും കറികളും മാത്രം . മെസ്സിലെ ചേട്ടന്മാരാണ് ആ ദിവസങ്ങളിലെ ചപ്പാത്തികൾ ഒക്കെ ഉണ്ടാക്കി കൊണ്ടിരുന്നത് . അങ്ങിനെയിരിക്കെ ചില ദിവസങ്ങളിൽ ചപ്പാത്തി തികയാതെ വരാൻ തുടങ്ങി . ക്ര്യത്യമായ എണ്ണം ഉണ്ടാക്കിയിട്ടുണ്ടെന്ന് കുക്ക് ഉണ്ണിയേട്ടൻ അവകാശപ്പെട്ടു .എല്ലാവര്ക്കും കിട്ടിയില്ല എന്ന് രാജസ്ഥാനികളും! . അങ്ങനെ കുറെ കാലം ചപ്പാത്തി തികയാതെ വന്നപ്പോൾ രാജസ്ഥാനികൾ പ്രശ്‍നം ഉണ്ടാക്കി .സംഗതി പ്രിൻസിപ്പലിന് മുന്നിൽ എത്തി . കേസന്വേഷണം തുടങ്ങി . അപ്പോഴാണ് ഒട്ടകത്തിന്റെ മനസ്സിലെ ഷെർലക്ക് ഹോംസ് വീണ്ടും പുറത്ത് ചാടിയത് .രാജസ്ഥാനികൾക്ക് ചപ്പാത്തി കിട്ടാത്തത് ബുധനാഴ്ചകളിൽ മാത്രമാണ് . അത് കൊണ്ട് ആ ദിവസത്തിന്റെ പ്രത്യേകതകളിലേക്കായി ഒട്ടകത്തിന്റെ ചിന്തകൾ . . വ്യാഴം ദിവസങ്ങളിലെ ബ്രെക്ഫാസ്റ് കഞ്ഞി ആയിരുന്നു . സ്‌കൂളിൽ ഇതിഷ്ടമില്ലാത്ത നിരവധി പേര് ഉണ്ടായിരുന്നു .അത് കൊണ്ട് ചപ്പാത്തി അടിച്ചു മാറ്റുന്നത് അവരാകാം എന്ന അനുമാനത്തിൽ അവൻ എത്തി . പ്രിൻസിപ്പൽ സാറിനോട് ഒട്ടകം ഈ കാര്യം അവതരിപ്പിച്ചു .പ്രിൻസിപ്പൽ കഞ്ഞി കുടിക്കാത്തവരുടെ ലിസ്റ്റ് എടുത്തു .അഞ്ച് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു .ബുധനാഴ്ച്ച രാത്രി തന്നെ ഈ അഞ്ചു പേരുടെ ഹോസ്റ്റലുകളിൽ ഒരു സീക്രട്ട് ചെക്കിംഗ് അദ്ദേഹം നടത്തി .പ്രതിയെ പുല്ലുപോലെ പിടിക്കുകയും ചെയ്തു . പക്ഷെ പണി പാളി !. പ്രതി ഒട്ടകത്തിന്റെ സ്വന്തം സുഹൃത്ത് ആയിരുന്നു . അവനെ പെടുത്തിയത് ഒട്ടകം ആണെന്നറിഞ്ഞ പിള്ളേർ ഒട്ടകത്തെ കുനിച്ച് നിർത്തിഇടിച്ചു . ഇതോടെ ഷെർലക്ക് ഹോംസ് എന്ന ഒരു സീക്രട്ട് പേര് കൂടി അദ്ദേഹത്തിന് വീണു ..
(തുടരും)
Eppol Enikkum aa Swapna Sundari aranennariyan akamshayayi. Ottakanthinte ee mukham enikkormayilla. Paranjum kettittilla. Arayirikkum?
ReplyDelete😂😂😂😂😂😂 അടിപൊളി
ReplyDelete