വിളവെടുക്കാൻ തയ്യാറായി കിടക്കുന്ന ഒരു മരച്ചീനി തോട്ടം ഉണ്ടായിരുന്നു പണ്ട് സ്കൂളിൽ . വളർന്നു വളർന്നു ഏകദേശം ആറടിക്ക് മുകളിലായിരുന്നു ഇതിന്റെ ഓരോ തണ്ടിന്റെയും ഉയരം. ഇതിനടുത്ത് തന്നെയാണ് ഞങ്ങളുടെ കിണറും മോട്ടോർ പുരയും . ഹോസ്റ്റലിൽ വെള്ളം വരാത്ത ദിവസങ്ങളിൽ ഇതിനടുത്തുള്ള ചെറിയ ഒരു ടാങ്കിൽ നിന്നും വെള്ളം ബക്കറ്റിൽ കോരി എടുത്താണ് കുട്ടികളുടെ കുളി . കുളി എന്ന് പറഞ്ഞാൽ തുറസ്സായ സ്ഥലത്ത് ജട്ടി ധരിച്ചുള്ള കുളി . ഈ ടാങ്ക് കൂടാതെ ഒരു വാട്ടർ ടാപ്പ് കൂടി ഉണ്ട് ഇവിടെ. ഇതിനു ചുവട്ടിൽ ഇരുന്നും കുളിക്കാം .ആകെയുള്ള പ്രശ്നം ഇതെല്ലം റോഡ് സൈഡിൽ ആണ് എന്നുള്ളതാണ് . പെണ്‍കുട്ടികളും ടീച്ചർമാരും യാത്ര ചെയ്യുന്ന വഴിയാണ് . പക്ഷെ ആ ഒരു വിചാരം ഒന്നും ആര്ക്കും ഉണ്ടായിരുന്നില്ല .
ഒരു ദിവസം പ്രിൻസിപ്പൽ ബാലസുബ്രമണ്യൻ സർ ആ കാഴ്ച കാണാൻ ഇടയായി . അദ്ദേഹം അപ്പോൾ ഒന്നും മിണ്ടിയില്ല . പക്ഷെ പിറ്റേ ദിവസം അസംബ്ലിയിൽ അദ്ദേഹം പെണ്‍കുട്ടികളോട് ചെവി പൊത്താൻ ആവശ്യപ്പെട്ടു . എന്നിട്ട് പറഞ്ഞു "പ്രായമായ ആണ്‍ കുട്ടികള് പെണ്‍കുട്ട്യോള് നടക്കുന്ന വഴിയിൽ ജെട്ടി ഇട്ടു കുളിക്യേ ! ദിസ് ഈസ് നോട്ട് അലവ്ട് ഇൻ ദ ക്യാമ്പസ് ...! ഇനി ഇങ്ങിനെ കണ്ടാൽ നല്ല ചുട്ട പെട കൊള്ളും ..!" .ചെവി നന്നായി പൊത്തി പിടിച്ചതു കൊണ്ടാകണം എല്ലാ പെണ്‍കുട്ടികളും ഇത് കേട്ട് പൊട്ടി ചിരിക്കുന്നുണ്ടായിരുന് നു . എന്തായാലും ആ സംഭവത്തിന് ശേഷം ജട്ടി ധരിച്ചു കുളിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു . എങ്കിലും കിണറ്റിൻ കരയിലെ കുളി മുടങ്ങിയില്ല . തോർത്ത് മുണ്ട് എടുത്തു കുളിക്കുന്ന പുതിയ ഫാഷൻ നിലവിൽ വന്നു . അങ്ങിനെയുള്ള ഒരു സമയത്ത് കുളിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ കുറച്ചു പേർ. കുളിക്കുന്ന വെള്ളമെല്ലാം ഒഴുകി പോയി കൊണ്ടിരുന്ന മരച്ചീനികൾക്കിടയിലേക്ക് എന്റെ സുഹൃത്തിന്റെ ശ്രദ്ധ തിരിഞ്ഞു . അവൻ പറഞ്ഞു " നല്ല വളം ആണ് കൊള്ളിക്കു (കപ്പ) കിട്ടി കൊണ്ടിരിക്കുന്നത് . ഒരു ഒന്നൊന്നര വലിപ്പം ആയിരിക്കും കൊള്ളിക്ക് .. പുഴുങ്ങി അടിച്ചാലോ " . കേട്ട് കൊണ്ടിരിക്കുന്ന ബാക്കി ഉള്ളവര്ക്ക് അതോടു കൂടി മനസ്സില് ആശ കേറി . സാധാരണ ഈ കപ്പ പറിച്ചു കഴിഞ്ഞാൽ സ്കൂളിൽ ചായയുടെ കൂടെ സ്നാക്ക്സ് ആയിട്ട് കപ്പ പുഴുക്ക് ഉണ്ടാക്കി തരാറുണ്ട് . നല്ല മഞ്ഞ നിറത്തിൽ വെളിച്ചെണ്ണയിൽ കടുകും ചേർത്ത് കാച്ചിയെടുത്ത പുഴുങ്ങിയ കപ്പ . അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ ഉള്ളതിനാൽ ഒരു പാട് കപ്പ നന്നാക്കി എടുക്കേണ്ടി വരും . മെസ്സിലെ ഉണ്ണിയേട്ടനും , ശശിയേട്ടനും , മനോഹരേട്ടനും എല്ലാം അന്ന് ഒടുക്കത്തെ പണി ആയിരിക്കും . ചില ദിവസങ്ങളിൽ ഞങ്ങളും സഹായിക്കാൻ കൂടാറുണ്ട് . അങ്ങിനെ ഈ വിഭവം ഒരുക്കി കഴിയുമ്പോളേക്കും സമയം ഒരു പാടാകും . അപ്പോൾ വൈകീട്ടത്തെ ടീ ടൈം നാലു മണിയിൽ നിന്നും ആറ് മണിയാകും . കളിയെല്ലാം കഴിഞ്ഞു വിശന്നു പണ്ടാരമടങ്ങി ആ കപ്പ തിന്നാൻ നല്ല രുചി ആണ് . കപ്പയുടെ രുചി ആലോചിച്ചപ്പോഴേക്കും വായിൽ വെള്ളമൂറി . അങ്ങിനെ ഞങ്ങൾ കപ്പ ആരും കാണാതെ പറിച്ചു പുഴുങ്ങാൻ ഒരു പ്ലാനിട്ടു . പിടിക്കപ്പെട്ടാൽ കാര്യം പോക്കാണ് . പണ്ട് മൂന്നാം ബാച്ചിലെ ചേട്ടന്മാർ കപ്പ പുഴുങ്ങി ഫോട്ടോ എല്ലാം എടുത്തിട്ടുണ്ട് . പക്ഷെ ആ ഫോട്ടോ സാറുമാർ പിടിച്ചു . ആരോ ഒറ്റി കൊടുത്തതാണ് കാരണം . ഞങ്ങളുടെ ബാച്ചിലും ഈ വക യൂദാസുകൾ ഉള്ളത് കൊണ്ട് സംഗതി വൻ രഹസ്യം ആക്കണം . അത് കൊണ്ട് വിശ്വസ്തരെ മാത്രമേ അന്ന് ടീമിൽ എടുത്തുള്ളൂ ..
കപ്പ പുഴുങ്ങാൻ വേണ്ടി ഉപയോഗിച്ചത് ഒരു ഗ്യാസ് ലൈറ്റ് ആയിരുന്നു .ഈ സാങ്കേതിക വിദ്യ കൂടി ഞാൻ പങ്കു വെക്കാം .മുകളിലെ ചിത്രം ശ്രദ്ധിക്കുക . എന്നാലേ ഈ ബ്ലോഗ് പൂർണമാകൂ . ഗ്യാസ് ലൈറ്റിന്റെ മാന്റിൽ പൊട്ടിച്ചു കളയുക . എന്നിട്ട് ഗ്യാസ് വരുന്നതിനു നേരെ താഴെ ഒരു സ്റ്റീൽ ഗ്ലാസ് വക്കുക . ഇപ്പോൾ ഗ്യാസ് ലൈറ്റ് ഓണ്‍ ചെയ്താൽ കത്തുന്ന തീ ഗ്ലാസ്സിൽ തട്ടി പ്രതിഫലിക്കും . ഇനി സംഗതി എളുപ്പമാണ് . മാന്റിലിന് ചുറ്റുമുള്ള ചില്ല് കൂടിന്റെ കമ്പിക്കു മുകളിൽ പാചകം ചെയ്യേണ്ട പാത്രം വയ്ക്കാവുന്നതാണ് . ഇതിൽ കപ്പ അല്ല ചോറ് വരെ വേവിക്കാം . അങ്ങിനെ കപ്പ പുഴുങ്ങാനുള്ള ഗ്യാസ് ലൈറ്റ് അന്ന് മെസ്സ് ഹാളിൽ നിന്നും അടിച്ചു മാറ്റി കൊണ്ട് വന്നു . ഒരാൾ പുറത്തു ചാടി കടയിൽ പോയി കുറെ മുട്ടയും ഉപ്പും മുളകും എല്ലാം വാങ്ങി വന്നു .കപ്പയും മുട്ടയും ആണ് അന്ന് ഉണ്ടാക്കാൻ ഉദ്ദേശിച്ച വിഭവം . ഇനി ആകെ വേണ്ടത് കപ്പ മാത്രം . രാത്രി കറന്റ് പോയ സമയത്ത് ഞങ്ങൾ മരച്ചീനി തോട്ടത്തിൽ എത്തി . കപ്പ പറിച്ചു അതിന്റെ തണ്ട് മാത്രം പഴയത് പോലെ കുഴിച്ചിട്ടു . ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാകില്ല തണ്ട് മാത്രമേ ഉള്ളൂ എന്ന് . ഇനി ശ്രദ്ധിച്ചാൽ തന്നെ അവർ കരുതിക്കോളും രാത്രി കാട്ടു പന്നി വന്നു കുത്തി മറിച്ച് പോയതാണെന്ന് . അക്കാലത്ത് തൊട്ടടുത്ത മലയിൽ നിന്നും ഒരു പാട് കാട്ടു പന്നികൾ വേസ്റ്റ് തിന്നാനായി സ്കൂളിൽ വരാറുണ്ട് അത് കൊണ്ട് ഇതൊരു സാധാരണ സംഭവം ആയെ തോന്നൂ .
അങ്ങിനെ രാത്രി എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോൾ ഞങ്ങൾ കുറച്ചു പേര് എഴുന്നേറ്റു . പുഴുങ്ങാൻ ഉദ്ദേശിച്ച സ്ഥലം ഹോസ്റെലിന്റെ വർക്ക് ഏരിയ തന്നെ. അങ്ങനെ സാമഗ്രികളുമായി ഞങ്ങൾ വർക്ക് ഏരിയ യിൽ കയറി കതകടച്ചു പരിപാടി തുടങ്ങി . ജിനീഷ് ആയിരുന്നു കുക്ക് . ആദ്യം ബിന്റോ യുടെ അലൂമിനിയം ബക്കറ്റ് ഗ്യാസ് ലൈറ്റിനു മുകളിൽ വച്ച് വെള്ളമൊഴിച്ചു . വെള്ളം തിളച്ചു തുടങ്ങി . "ഡാ ബക്കറ്റ് കേടാവുമോ ..?ബിന്റൊയോടു പറഞ്ഞിട്ടില്ല "-അനീഷ് ജോണി ചോദിച്ചു ."ആറ് വർഷമായി അവൻ ഉപയോഗിക്കുന്ന ബക്കറ്റ് ആണ് ..!കേടാവുന്നെങ്കിൽ ആകട്ടെ ... അങ്ങനെയെങ്കിലും അവൻ ബക്കറ്റ് മാറ്റുമല്ലോ " -തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് കപ്പ ഇട്ടു കൊണ്ട് കൂട്ടത്തിൽ ഉണ്ടായിരുന്നഅരുണ്‍ പറഞ്ഞ അഭിപ്രായം എല്ലാവരും ചിരിച്ചു കൊണ്ട് ശരി വച്ചു . അങ്ങിനെ കപ്പ പുഴുങ്ങി വന്നപ്പോൾ എടുത്തു മാറ്റി വച്ചു . ഇനി മുട്ട പോരിക്കണം . തേച്ചു കുളിക്കാനുള്ള വെളിച്ചെണ്ണ ഇരിപ്പുണ്ട് ഹോസ്റ്റലിൽ . അത് എടുത്തു കൊണ്ട് വന്നു ചൂടായ പാത്രത്തിലേക്ക് ഒഴിച്ചു . തിളച്ചു വന്നപ്പോൾ മുട്ട കലക്കി ഒഴിച്ച് കുത്തി പൊരിക്കാൻ തുടങ്ങി . അനീഷ് ജോണി പറഞ്ഞു "ഞാൻ പൊരിക്കാം . മുട്ടയിൽ നന്നായി ഉപ്പ് ചേർക്കണം ഇല്ലെങ്കിൽ ടേസ്റ്റ് ഉണ്ടാകില്ല" . ഞങ്ങൾ എതിർത്ത് നോക്കിയിട്ടും അവൻ വഴങ്ങിയില്ല . അവൻ പറഞ്ഞു " ഞാൻ സ്ഥിരം വീട്ടിൽ ഉണ്ടാക്കുന്ന സാധനമാണ് .. . എനിക്കറിയാം .ആരും പഠിപ്പിക്കണ്ട .!" .എന്നിട്ട് നാലഞ്ച് സ്പൂണ്‍ ഉപ്പ് എടുത്തു മുട്ടയിൽ ചേർത്തു... രണ്ടു മൂന്നു സ്പൂണ്‍ മുളക് പൊടിയും! . പണി പാളി എന്ന് എന്റെ മനസ്സ് പറഞ്ഞു . പക്ഷെ അവൻ സ്ഥിരം ഉണ്ടാക്കാറുണ്ട് എന്ന് പറഞ്ഞത് കൊണ്ട് എല്ലാം ശരിയാകും എന്ന് തന്നെ കരുതി .അങ്ങനെ ഒരു വിധത്തിൽ അവൻ കുത്തി പൊരി ഉണ്ടാക്കി . അപ്പോൾ ഇനി തീറ്റ തുടങ്ങാം . ആദ്യം കുറച്ചു മുട്ട പൊരിച്ചത് തന്നെ എടുത്തു എല്ലാവരും വായിൽ വച്ചു . നല്ല ഉപ്പും മുളകും ചേര്ന്ന ചവർപ്പ് രസം . വിഴുങ്ങാനും വയ്യ എന്നാൽ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകുമല്ലോ എന്നോർത്ത് തുപ്പാനും വയ്യ . അനീഷ് ജോണിയെ തല്ലി കൊല്ലാനുള്ള ദേഷ്യം തോന്നി എല്ലാവർക്കും . പക്ഷെ അവിടെയും ഭാഗ്യം തുണച്ചു . ഞങ്ങൾ കപ്പയിൽ ഉപ്പു ചേർത്തിരുന്നില്ലഅത് കൊണ്ട് രണ്ടും കൂടി മിക്സ് ചെയ്തു തിന്നു . അപ്പോൾ നല്ല രുചി തോന്നി .
പെട്ടെന്ന് വർക്ക് ഏരിയ യുടെ കതകിൽ ആരോ മുട്ടുന്ന ശബ്ദം . "ദൈവമേ ശബ്ദം കേട്ട് സാറുമാർ ആരെങ്കിലും വന്നതാണോ "മെല്ലെ ഞങ്ങൾ കതക് പകുതി തുറന്നു നോക്കി . ഭാഗ്യം !
മറ്റാരുമല്ല ക്ലാസ്സിലെ വേറൊരു പയ്യനായ ഇജാസ് അലി . കക്ഷി ഉറക്കത്തിൽ നിന്നും മൂത്രം ഒഴിക്കാൻ എഴുന്നെറ്റതാണ് . വർക്ക് ഏരിയ കടന്നു വേണം ബാത്ത് റൂമിൽ പോകാൻ . ഞങ്ങൾ വാതിൽ അടച്ചിരുന്നത് കൊണ്ട് അവനു അകത്തു കയറാൻ പറ്റാതെ തട്ടിയതാണ് . അങ്ങിനെ അവൻ വാതിൽ തുറന്നു ബാത്ത് റൂമിലേക്ക് നടന്നു . ഉറക്ക പിച്ച് കാരണം അവിടെ ഇരിക്കുന്ന ഗ്യാസ് ലൈറ്റ് ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല. മൂത്രം ഒഴിച്ച് കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി കിടന്നു ഉറങ്ങി .
പിറ്റേ ദിവസം രാവിലെ തന്നെ ഞങ്ങൾ ഗ്യാസ് ലൈറ്റ് മെസ്സ് ഹാളിൽ തിരിച്ചു കൊണ്ട് വച്ചു . ഒന്നുമറിയാത്ത പോലെ ക്ലാസ്സിൽ പോവുകയും ചെയ്തു . ഏകദേശം ഉച്ച സമയത്താണ് ഇജാസ് അലി ക്ക് ബോധോദയം ഉണ്ടായത് . അവൻ എന്നോട് വന്നു രഹസ്യമായി ചോദിച്ചു . "സംതിങ്ങ് അണ്‍ യൂഷ്വൽ ഹാപ്പന്റ് യെസ്റ്റെർഡേ ... എന്തായിരുന്നു നിങ്ങൾ രാത്രി വർക്ക് ഏരിയയിൽ ..?" ട്യൂബ് ലൈറ്റ്" എന്ന് വിളിക്കുന്ന പ്രതിഭാസം എന്താണെന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞ നിർവൃതിയോടെ ഞാൻ ചിരിച്ചു .
Nee aanedaa blogan...
ReplyDeleteഓംലൈറ്റ് & ന്യുഡില്‍സ് ആയിരുന്നു ഞങ്ങള്‍ ഉണ്ടാക്കിയത്. ഞങ്ങള്‍ ന്യു ജനെറേഷന്‍ പിള്ളേരല്ലേ.. ഹഹഹ...
ReplyDeleteശരിക്കും തിരിച്ചു പോവാൻ തോന്നുന്നു... ^_^
ReplyDelete