ഒരു ആമുഖമില്ലാതെ തന്നെ ആരംഭിക്കാം.പേര് പോലെ തന്നെ എനിക്ക് സ്കൂളില്‍ നിന്നും കിട്ടിയ തല്ലുകളുടെ കഥയാണ് .
രംഗം ഒന്ന്
സ്ഥലം :-ക്ലാസ്സ് 6 A,ജവഹര്‍ നവോദയ വിദ്യാലയ മായന്നൂര്‍ ,തൃശൂര്‍ ജില്ല
സമയം :-1994 ലെ ഏതോ ഒരു ദിവസം .6A എന്ന ക്ലാസ്സില്‍ രഘു സാറുടെ മ്യൂസിക് പിരിഡും തൊട്ടടുത്ത 6B യില്‍ ഫിലോമിന മാഡത്തിന്റെ ഫ്രീ പീരീഡ് ഡ്യൂട്ടിയും
സന്ദര്‍ഭം :- രഘു സര്‍ ഇംഗ്ലീഷ് പാട്ട് പാടുന്നു
ഏതോ ഇംഗ്ലീഷ് ആല്‍ബത്തിലെ പ്രണയത്തിന്റെ തീവ്രതയെ കുറിച്ചുള്ള വരികള്‍ .രണ്ടു കമിതാക്കളെ കുറിച്ചുള്ളതാണ് ഈ പാട്ട് .പ്രണയ നൈരാശ്യത്തില്‍ രണ്ടു പേരും ഒരു കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതാണ് ഇതിവൃത്തം .ഈ പാട്ടിന്റെ വരികള്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് മനസ്സില്‍ ചിരി വന്നു.ഞാന്‍ ചിരിക്കാന്‍ തുടങ്ങി.എന്റെ പുറകിലെ ബെഞ്ചില്‍ ഇരിക്കുന്നത് അന്നത്തെ ക്ലാസ് ലീഡര്‍ ആയിരുന്ന ഡെന്നിയും കൂട്ടാളി വിജീഷും.പാട്ടിന്റെ വരികള്‍ കേട്ട് അവരും ചിരിക്കാന്‍ തുടങ്ങി .അല്ലെങ്കിലും പ്രണയം എന്ന കാര്യമൊക്കെ ആറാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്തോ ഒരു അശ്ലീലം കേള്‍ക്കുന്ന പോലെയല്ലേ തോന്നുകയുള്ളൂ ... (ഇന്നത്തെ പിള്ളേരുടെ കാര്യമല്ല ..ഇത് 1994 ലെ കാര്യമാണ്..)പക്ഷെ എന്റെ ചിരി 'ഫ്രണ്ട്സ്' സിനിമയില്‍ ശ്രീനിവാസന്‍ ചിരിച്ച പോലെ ആയിപ്പോയി.പാട്ടിന്റെ അടുത്ത ചരണം ആരംഭിക്കുന്നതിനിടയില്‍ രഘു സര്‍ എന്റെ ചിരി കേട്ടു.പാട്ട് നിര്‍ത്തി എന്നോട് എഴുന്നേറ്റു നില്ക്കാന്‍ അദ്ദേഹം ആജ്ഞാപിച്ചു .-"എന്താടോ ചിരിക്കുന്നത് ?ഞാന്‍ പാടുന്നത് കേട്ടിട്ടാണോ..?എന്നാല്‍ താന്‍ ഇവിടെ വന്നു ഒന്ന് പാടി കാണിക്ക്!" എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.അടിയുടെ ഉസ്താദ് ആണ് രഘു സര്‍ .അതും കൈ വച്ചാണ് അടി.ഒരെണ്ണം കിട്ടിയാല്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചിന്റെ ഗതി എന്താവും?."അടി കിട്ടുവാണെങ്കില്‍ രണ്ടു പേര്‍ക്ക് കൂടെ കിട്ടട്ടെ "ഞാന്‍ മനസ്സിലോര്‍ത്തു.എന്റെ പുറകില്‍ ഡെന്നിയും വിജീഷും ഒരു കള്ളച്ചിരിയോടെ എനിക്ക് അടി കിട്ടുന്നത് കാണാന്‍ കാത്തിരിക്കുന്നു . .രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു -"സര്‍ ഞാന്‍ പുറകിലെ ഡെന്നി ചിരിക്കുന്നത് കണ്ടിട്ട് ചിരിച്ചതാണ്"
അതോടെ ഡെന്നി യുടെ കാര്യം കട്ടപൊക."എന്താടോ ഡെന്നി എന്താ തന്റെ പ്രശ്നം ?"-സര്‍ ഡെന്നി യുടെ നേരെ തിരിഞ്ഞു..'ഒരുത്തനെങ്കിലും കൂടെ പെട്ടല്ലോ' എന്ന് കരുതി എന്റെ ഭയം പകുതി മാറി."പറയടോ"-സാറിന്റെ കോപം വര്‍ധിച്ചു.അപ്പോള്‍ ഡെന്നി പറഞ്ഞു "സര്‍ ഞങ്ങള്‍ ആ love എന്ന വാക്ക് കേട്ടപ്പോള്‍ ചിരിച്ചതാണ് ".
"ഡെന്നി യു കം വിത്ത് മി " ഡെന്നിയെ വിളിച്ചു കൊണ്ട് സര്‍ 6 B യിലേക്ക് ചെന്നു.അവിടെ ഫിലോമിന മേഡം ഒരു കസേരയില്‍ ഇരിക്കുന്നു.സര്‍ പറഞ്ഞു -"ഡെന്നി നിനക്ക് എന്താ love എന്ന് കേട്ടാല്‍ പ്രശ്നം ?നിനക്ക് ആരെയെങ്കിലും പ്രേമിക്കണോ?ദാ ഇവിടെ കുറെ പെണ്‍കുട്ടികളും ഒരു ടീച്ചറും ഉണ്ട്..ആരെയാ പ്രേമിക്കണ്ടേ നിനക്ക് ? ഫിലോമിന മേഡംതിനെ പ്രേമിക്കണോ..? പറ..!"ഇത് കേട്ടതും ഫിലോമിന മേഡം ചിരി തുടങ്ങി. പാവം ഡെന്നി !എല്ലാ പരിഹാസവും സഹിച്ചു.
സര്‍ ഡെന്നിയെ കൊണ്ട് തിരിച്ചു എന്റെ ക്ലാസ്സിലേക്ക് വന്നു. എന്നിട്ട് എന്റെ കൈ പിടിച്ച് ഒരു തിരി തിരിച്ചു .എല്ല് ഒടിഞ്ഞ പോലെ തോന്നി എനിക്ക്..എങ്കിലും ഞാന്‍ കരഞ്ഞില്ല.അദ്ദേഹം എന്നോട് പറഞ്ഞു - "ഡെന്നി ചിരിച്ചത് കേട്ടിട്ടൊന്നുമല്ല നീ ചിരിച്ചത് എന്ന് എനിക്കറിയാഞ്ഞിട്ടല്ല..ഇപ്പോള്‍ വിടുന്നു ..പൊയ്ക്കോ..നിന്നെ പിന്നെ എന്റെ കയ്യില്‍ കിട്ടും"..അടി ഒഴിവായത് കൊണ്ട് മനസ്സ് നിറയെ സന്തോഷമായിരുന്നു എനിക്ക്....ഞാന്‍ ഡെന്നി യുടെ മുഖത്തേക്ക് പതുക്കെ നോക്കി..."നിന്നെ പിന്നെ എടുത്തോളാം എന്ന ഭാവമായിരുന്നു അവന്..!"
(തുടരും)
No comments:
Post a Comment
നിങ്ങൾ കമന്റ് ഇടാതെ പോയാൽ ഒന്നും സംഭവിക്കില്ല ..വേറേതു ബ്ലോഗിലും കയറി പോകുന്നത് പോലെ ഇവിടെ നിന്നും പോകും....
പക്ഷെ നിങ്ങൾ ഒരു കമന്റ് ഇട്ടാൽ അതൊരു ചരിത്രമാകും ..ഒരു പാട് ബ്ലോഗ്ഗർമാർക്ക് വളർന്നു വരാനുള്ള ചരിത്രം !!!